ഒ.ബി.സിയെ എണ്ണാത്ത ദേശീയ സെൻസസ്
text_fieldsരാജ്യത്തെ ദേശീയ സെൻസസ് നടപടികൾക്ക് ഏറെ വൈകി തുടക്കമായിരിക്കുകയാണ്. ജാതി സെൻസസ് എന്ന ആവശ്യത്തോട് ആവുന്നത്ര മുഖംതിരിച്ചുനിന്ന ബി.ജെ.പി. ഭരണകൂടം, ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ സെൻസസിനൊപ്പം ജാതിക്കണക്കെടുപ്പ് കൂടി നടത്താമെന്ന് പ്രഖ്യാപിച്ചിരുന്നു. ജാതി കൂടി എണ്ണുന്ന സെൻസസിലൂടെ പിന്നാക്ക ജനതയുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ അവസ്ഥയും അവസരനിഷേധവും സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കുമെന്ന വലിയ പ്രതീക്ഷയാണ് ഇതോടെ ഉയർന്നുവന്നത്. എന്നാൽ, ആ പ്രതീക്ഷകളെയാകെ തകിടംമറിക്കുന്ന വിധത്തിലാണ് കേന്ദ്ര സർക്കാർ സെൻസസ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
വിജ്ഞാപനപ്രകാരമുള്ള പ്രാഥമിക ഘട്ട ഗാർഹിക കണെക്കെടുപ്പുകൾക്ക് പിന്നാലെ, രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കുമെന്നും 2027 മാർച്ച് ഒന്നാണ് റഫറൻസ് തീയതിയെന്നുമാണ് അറിയിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിനായി 40 ചോദ്യങ്ങളുള്ള ചോദ്യാവലിയാണ് തയാറാക്കിയിരിക്കുന്നത്. അതിൽ പത്താമത്തെ ചോദ്യം ഇങ്ങനെയാണ്: ‘‘പട്ടികജാതി (എസ്.സി.) / പട്ടികവർഗം (എസ്.ടി.) / ജാതി’’.
അതായത്, എസ്.സി., എസ്.ടി. വിഭാഗക്കാർക്കായി തയാറാക്കിയ പ്രത്യേക പട്ടികയിൽനിന്ന് അവരുടെ വിഭാഗം നേരിട്ട് തിരഞ്ഞെടുക്കാം. മറ്റുള്ളവർക്ക് സ്വന്തം ജാതിയുടെ പേര് പറയാം; എന്യൂമറേറ്റർമാർ അത് രേഖപ്പെടുത്തും. എന്നാൽ, നിങ്ങൾ ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട ആളാണോ എന്ന് ചോദിക്കില്ല. ഒ.ബി.സി. എന്നൊരു കോളം തന്നെ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ചുരുക്കത്തിൽ, ഒ.ബി.സി. എന്ന വിശാലമായ ഭരണഘടനാപരമായ സാമൂഹികവിഭാഗത്തെത്തന്നെ കണക്കെടുപ്പിൽനിന്ന് പൂർണമായി മാറ്റിനിർത്തി നടത്തുന്ന ഒരു അഭ്യാസത്തെ എങ്ങനെയാണ് ‘ജാതി സെൻസസ്’ എന്ന് വിശേഷിപ്പിക്കാനാവുക?
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് മുതൽ ബിഹാർ, തെലങ്കാന സംസ്ഥാന സർവേകൾ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികവും-ഏകദേശം 52 മുതൽ 60 ശതമാനം വരെയും ഒ.ബി.സി. വിഭാഗത്തിൽപ്പെടുന്നവരാണ്. ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദങ്ങൾ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് പ്രത്യേക സംരക്ഷണവും വിദ്യാഭ്യാസത്തിലും പൊതുതൊഴിലുകളിലും മതിയായ പ്രാതിനിധ്യവും ഉറപ്പുനൽകുന്നുണ്ട്. ആ ഭരണഘടനാപരമായ അവകാശങ്ങൾ കൃത്യമായി ഉറപ്പാക്കണമെങ്കിൽ ആദ്യം വേണ്ടത് ഈ സമൂഹത്തിന്റെ യഥാർഥ സംഖ്യ എത്രയെന്ന ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കാണ്.
എന്നാൽ, നിലവിലെ ചോദ്യരീതി അനുസരിച്ച് വ്യക്തികളുടെ ജാതിപ്പേര് വെറുതെ രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുക. പിന്നീട് ഡാറ്റാ പ്രോസസ്സിങ് വേളയിൽ ഉദ്യോഗസ്ഥർ ഈ പേരുകൾ കേന്ദ്ര-സംസ്ഥാന ഒ.ബി.സി. പട്ടികകളുമായി ഒത്തുനോക്കി തരംതിരിക്കുമെന്നാണ് വിശദീകരണം. ഇതിൽ വലിയൊരുഅപകടം പതിയിരിപ്പുണ്ട്. ഒരേ ജാതിക്ക് പ്രാദേശികമായി വ്യത്യസ്ത പേരുകളുണ്ട്; ഉച്ചാരണത്തിലും എഴുത്തിലും വൻ വ്യത്യാസങ്ങളുണ്ടാകും. ഇവ പിന്നീട് സ്വമേധയാ ഒത്തുനോക്കുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ പട്ടികക്ക് പുറത്താകാനും തെറ്റായി രേഖപ്പെടുത്തപ്പെടാനും ഇടയാക്കും.
രണ്ടാം ഘട്ട സെൻസസ് ആരംഭിക്കുന്നതിനുമുമ്പ് ചോദ്യാവലി പരിഷ്കരിക്കണമെന്ന് മെക്ക ഉൾപ്പെടെയുള്ള പിന്നാക്കവിഭാഗ സംഘടനകൾ ശക്തമായി ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. 40 ചോദ്യങ്ങൾക്ക് പുറമെ 41-ാമത്തെ ചോദ്യമായി ‘ഒ.ബി.സി’ എന്നത് നേരിട്ട് ഉൾപ്പെടുത്തണം. കേന്ദ്ര സർക്കാരിന്റെയും അതാത് സംസ്ഥാന സർക്കാരുകളുടെയും അംഗീകൃത ഒ.ബി.സി. പട്ടികകളുടെ അടിസ്ഥാനത്തിലുള്ള ഡിജിറ്റൽ ഡ്രോപ്പ് ഡൗൺ മെനു (Drop-down Menu) ചോദ്യാവലിയിൽ ഉൾപ്പെടുത്തിയാൽ, കണക്കെടുക്കുന്ന വേളയിൽത്തന്നെ പൗരർക്ക് തങ്ങളുടെ വിഭാഗം കൃത്യമായി രേഖപ്പെടുത്താനാകും. കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ലിസ്റ്റുകൾ വെവ്വേറെ പരിഗണിക്കാനും ഇതിലൂടെ സാധിക്കും.
ഇതൊരു പുതിയ ആശയമൊന്നുമല്ല. ബിഹാറും തെലങ്കാനയും തങ്ങളുടെ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ആധികാരികമായി കണക്കെടുപ്പ് പൂർത്തിയാക്കിയതാണ്. സംസ്ഥാനപട്ടിക മുൻനിർത്തി എണ്ണിയപ്പോൾ ബിഹാറിൽ ഒ.ബി.സി.യും അതിപിന്നാക്കവിഭാഗവും ചേർന്ന് 63 ശതമാനം വരുമെന്ന് കണ്ടെത്തി. തെലങ്കാനയിലാകട്ടെ പിന്നാക്കവിഭാഗങ്ങൾ 56.33 ശതമാനമാണെന്നും വ്യക്തമായി. ഇത്രയേറെ ബൃഹത്തായ ഒരു ജനവിഭാഗത്തെ ദേശീയ സെൻസസിൽ നേരിട്ട് എണ്ണാതെ അവ്യക്തമാക്കാൻ ശ്രമിക്കുന്നതിനുപിന്നിൽ ഭരണകൂടത്തിന് കൃത്യമായ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒ.ബി.സി. എന്ന് നേരിട്ട് രേഖപ്പെടുത്തിയില്ലെങ്കിൽ, ഇവരുടെ ആകെ ജനസംഖ്യ എത്രയെന്നത് സെൻസസിന്റെ പ്രാഥമിക റിപ്പോർട്ടുകളിൽപ്പോലും ലഭ്യമാകില്ല. പിന്നീട് തരംതിരിച്ചെടുക്കാം എന്ന് പറയുന്നത് അനിശ്ചിതമായി നടപടികൾ നീട്ടിക്കൊണ്ടുപോകാനും നിയമ-സാമൂഹിക തർക്കങ്ങൾ സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂ. സംവരണം ജനസംഖ്യാനുപാതികമാക്കണമെന്ന ആവശ്യം, ഒ.ബി.സി. വിഭാഗങ്ങൾക്കുള്ളിലെ നീതിയുക്തമായ ഉപവർഗീകരണം, ക്രീമിലെയർ പരിധി പുനർനിർണയം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റ് വിഭജനം, സർക്കാർ സർവീസിലെ പ്രാതിനിധ്യം എന്നിവയെല്ലാം കൃത്യമായ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധിക്കേണ്ടത്. കണക്കുകളില്ലെങ്കിൽ ഭരണഘടനാപരമായ അവകാശങ്ങൾ ചോദിച്ചുവാങ്ങാനുള്ള രാഷ്ട്രീയവും നിയമപരവുമായ അടിത്തറ തന്നെ ഇല്ലാതാകും.
ഏതൊക്കെ സമുദായങ്ങൾക്കാണ് പ്രത്യേക ക്ഷേമപദ്ധതികൾ ആവശ്യമെന്നും ഏത് മേഖലകളിലാണ് പിന്നാക്കാവസ്ഥ രൂക്ഷമെന്നും സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം എന്നിവയിൽ എവിടെയൊക്കെയാണ് വിടവുകളുള്ളതെന്നും തിരിച്ചറിയാൻ ജാതിക്കൊപ്പം അതിന്റെ സാമൂഹിക പദവിയും വ്യക്തമാക്കുന്ന സമഗ്ര വിവരങ്ങൾ അനിവാര്യമാണ്. കേവല ജാതിപ്പേരുകൾ മാത്രമായി ശേഖരിക്കുന്ന വിവരങ്ങളിൽനിന്ന് ഇത്തരം നയരൂപീകരണങ്ങൾ സാധ്യമല്ല. ഭാവിയിൽ നടക്കാനിരിക്കുന്ന മണ്ഡല പുനർനിർണയം (ഡീലിമിറ്റേഷൻ), തദ്ദേശസ്ഥാപനങ്ങൾ മുതൽ പാർലമെന്റ് വരെയുള്ള പ്രാതിനിധ്യം, കേന്ദ്ര-സംസ്ഥാന ബജറ്റ് വിഹിതങ്ങൾ എന്നിവയെല്ലാം തന്നെ ജനസംഖ്യാക്കണക്കുകളെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ, ഒ.ബി.സി.യെ വ്യക്തമായി അടയാളപ്പെടുത്താത്ത സെൻസസ് ഈ ജനവിഭാഗത്തെ രാജ്യത്തിന്റെ മുഖ്യധാരാ നയരൂപീകരണങ്ങളിൽനിന്നുതന്നെ പൂർണമായി പുറന്തള്ളും.
2011-ലെ സാമൂഹിക-സാമ്പത്തിക ജാതി സെൻസസിൽ ജാതിയുടെ കോളം തുറന്നിട്ട് എഴുതിയെടുത്തതുകൊണ്ട് സംഭവിച്ച ദുരന്തം നമ്മുടെ മുന്നിലുണ്ട്. തെറ്റായ എഴുത്തുകളും പൊരുത്തക്കേടുകളും വന്നുവെന്ന കാരണം പറഞ്ഞ് ആ കണക്കുകൾ ഇന്നുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേ തെറ്റായ മാതൃക 2027-ലും ആവർത്തിക്കപ്പെട്ടാൽ ഒ.ബി.സി. വിഭാഗങ്ങൾ വീണ്ടും സ്ഥിതിവിവരക്കണക്കുകളിൽപ്പോലും ഇടമില്ലാത്ത അദൃശ്യ സമൂഹമായി മാറും.
ഒ.ബി.സി. എന്നത് കേവലമൊരു ജാതിപ്പേരല്ല; ചരിത്രപരമായ കാരണങ്ങളാൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു വലിയ സാമൂഹികവിഭാഗമാണ്. ഒ.ബി.സി. കണക്കെടുപ്പ് നടത്തുമ്പോൾ മതത്തിനും ജാതിക്കുമതീതമായി, സാമൂഹിക നീതിക്ക് അർഹരായ കോടിക്കണക്കിന് മനുഷ്യരുടെ പൊതുവായ അവകാശമാണ് ഉയർത്തിപ്പിടിക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് സമഗ്രമായ സെൻസസ് നടക്കുമ്പോൾ, രാജ്യത്തെ ഏറ്റവും വലിയ ജനവിഭാഗത്തെ എന്തുകൊണ്ട് നേരിട്ട് എണ്ണുന്നില്ല എന്ന ചോദ്യം ചർച്ച ചെയ്യപ്പെടുകതന്നെ വേണം.


