യുവജനങ്ങളും വരുമാനത്തിന്റെ വൻമലകയറ്റവും
text_fields

‘വാടകക്ക് ഒരു ഹൃദയം’ എന്ന പത്മരാജൻ നോവലും സിനിമയും മലയാളിക്ക് പരിചിതം. ഏതാണ്ട് ഒരു ദശകം മുമ്പ് ഈ പുസ്തകവും സിനിമയും പൊടുന്നനെ മനസ്സിലേക്കെത്തിച്ചത് കൂട്ടുകാരിയും സഹപ്രവർത്തകയുമായ സാസ ആയിരുന്നു. ഒരു നാൾ അവൾ വന്നത് വിചിത്രമായ വർത്തമാനവും കൊണ്ടാണ്- വാടകക്ക് കാമുകരെ ലഭിക്കുമെന്ന പരസ്യത്താൽ ചൈനയിലെ ഓൺലൈൻ മാധ്യമങ്ങൾ നിറഞ്ഞിരിക്കുന്നു. പ്രായപൂർത്തിയായ മകൾക്ക് കാമുകനില്ലെന്നത് പണ്ടുമുതലേ ചൈനീസ് മാതാപിതാക്കൾക്ക് അപമാനം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘വാടകക്ക് ഒരു ഹൃദയം’ എന്ന പത്മരാജൻ നോവലും സിനിമയും മലയാളിക്ക് പരിചിതം. ഏതാണ്ട് ഒരു ദശകം മുമ്പ് ഈ പുസ്തകവും സിനിമയും പൊടുന്നനെ മനസ്സിലേക്കെത്തിച്ചത് കൂട്ടുകാരിയും സഹപ്രവർത്തകയുമായ സാസ ആയിരുന്നു. ഒരു നാൾ അവൾ വന്നത് വിചിത്രമായ വർത്തമാനവും കൊണ്ടാണ്- വാടകക്ക് കാമുകരെ ലഭിക്കുമെന്ന പരസ്യത്താൽ ചൈനയിലെ ഓൺലൈൻ മാധ്യമങ്ങൾ നിറഞ്ഞിരിക്കുന്നു.
പ്രായപൂർത്തിയായ മകൾക്ക് കാമുകനില്ലെന്നത് പണ്ടുമുതലേ ചൈനീസ് മാതാപിതാക്കൾക്ക് അപമാനം പോലെയാണ്. വർഷത്തിലൊരിക്കൽ പുതുവർഷക്കാലത്ത് ഗ്രാമത്തിലേക്കു ചെല്ലുന്ന പെൺമക്കൾ കാമുകന്മാരെ കൂടെ കൂട്ടണമെന്നാണ്. പോകെപ്പോകെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും മുന്നിൽ ചൈനീസ് യുവതികളുടെ സ്റ്റാറ്റസ് സിംബലായി ഇതു മാറി.
ആഗ്രഹം മാത്രം പോരാ, തരത്തിനൊന്ന് വീണുകിട്ടുകയും വേണമല്ലോ. അങ്ങനെ വീണുകിട്ടാത്തവരെ ലക്ഷ്യംവെച്ചാണ് വാടകക്കൊരു കാമുകൻ എന്ന ബിസിനസ് ചൈനയിൽ ഉയർന്നത്. മാസക്കണക്കിനോ ദിവസക്കണക്കിനോ ആണ് പണം നൽകേണ്ടത്. ഗ്രാമത്തിലേക്ക് പെൺകുട്ടിയോടൊപ്പം ചെല്ലാം, കുടുംബക്കാർക്കുമുന്നിൽ സംശയമില്ലാത്തവണ്ണം കാമുകനായി അഭിനയിക്കും. യാത്രാ ചെലവടക്കം സകലതും പെൺകുട്ടി വഹിക്കണം. കരാർ തീയതി കഴിഞ്ഞാൽ പിന്നെ ഇരുവർക്കുമിടയിൽ ഒരു ബന്ധവും ഉണ്ടാവില്ല. ഏതാണ്ട് പ്രിയദർശന്റെ ‘ചിത്രം’ സിനിമാ സ്റ്റൈൽ.
ഇതുപോലെ യുവതികളെ ലക്ഷ്യം വെച്ചല്ലെങ്കിലും യുവജനങ്ങൾക്കിടയിൽ പോയവർഷം ചൈനയിൽ ട്രെൻഡിങ് ആയ ജോലിയാണ് ക്ലൈമ്പിങ് ബഡ്ഡി. 2024ൽ ചൈനയിലെ പ്രമുഖ സമൂഹ മാധ്യമങ്ങളായ ‘തോയിൻ’, ‘ഷ്യൗഹൊങ്ഷൂ’ എന്നിവയിൽ Pei Pa എന്ന ഹാഷ് ടാഗോടെ ഇത് വൻ പ്രചാരം നേടി. നൂറു മില്യൺ ആയിരുന്നു കാഴ്ചക്കാരുടെ എണ്ണം. വലിയ പർവതാരോഹണ യാത്രകളിൽ ആരോഗ്യവാന്മാരായ ചൈനീസ് യുവാക്കൾ അപരിചിതർക്ക് കൂട്ടുപോവുക എന്നതാണ് ആശയം.
അത്ലറ്റുകൾ, സൈനികർ, യൂനിവേഴ്സിറ്റി വിദ്യാർഥികൾ തുടങ്ങിയവരെല്ലാം ഉയരം, ഭാരം, ഫിറ്റ്നസ് ലെവൽ, ഹൈക്കിങ് പരിചയം എന്നിവ കാണിച്ചു സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്യും. ഓരോരുത്തരും ഈടാക്കുന്ന പണം വ്യത്യസ്തമാണ്. എങ്കിലും, ഓരോ യാത്രക്കും 200 മുതൽ 600 വരെ യുവാൻ വരും. സിച്ചുവാൻ പ്രവിശ്യയിലെ മൗണ്ട് എമൈ, ഷാന്ദോങ് പ്രവിശ്യയിലെ മൗണ്ട് തായ് എന്നിവയാണ് പ്രസിദ്ധങ്ങളായ ഹൈക്കിങ് പോയൻറുകൾ. 1545 മീറ്റർ ഉയരമുള്ള മൗണ്ട് തായ് കയറുക അത്ര എളുപ്പമല്ല. ഏകദേശം മൂന്നര മണിക്കൂറെടുക്കും ഉച്ചിയിലെത്താൻ. മിക്ക പർവതങ്ങളും ആധുനികവത്കരിച്ചിട്ടുണ്ട്. 6500ലധികം പടവുകളുണ്ട് മൗണ്ട് തായിയുടെ മുകളിലേക്ക്.
ക്ലൈമ്പിങ് ബഡ്ഡീസിന്റെ സേവനമെത്തിയതിൽ പിന്നെ സന്ദർശകർ ഏറി. മൂന്നു വയസ്സുള്ള മകളുമായി ഒരമ്മ മൗണ്ട് തായ് കയറിയത് ജൂൺ മാസത്തിൽ വാർത്തയായിരുന്നു. ഒരു യൂനിവേഴ്സിറ്റി വിദ്യാർഥിയുടെ സേവനമാണ് ആ സ്ത്രീ ഉപയോഗിച്ചത്. കുഞ്ഞിനെ ചുമലിലേറ്റി നിൽക്കുന്ന ചെറുപ്പക്കാരന്റെ ചിത്രം അന്നു വൈറലായിരുന്നു. മുന്നൂറിലേറെ യൂനിവേഴ്സിറ്റി വിദ്യാർഥികൾ പാർട്ട് ടൈമായി മൗണ്ട് തായിയിൽ ഈ ജോലി ചെയ്യുന്നുവെന്നാണ് കണക്ക്. പർവതാരോഹണത്തിന് ബഡ്ഡികൾ വെറുതെ കൂടുകയല്ല, കസ്റ്റമർ ക്ഷീണിച്ചെന്നു തോന്നിയാൽ ഉടൻ പാട്ടുപാടി, തമാശ പറഞ്ഞ് യാത്രയെ അവർ മുന്നോട്ടുനയിക്കും. ഹൈക്കിങ് പോൾസും തൊപ്പിയും സൺഗ്ലാസസും മാസ്കും അവർ യാത്രികർക്കായി കരുതാറുണ്ട്. ഭക്ഷണസാമഗ്രികൾ ഒപ്പം കരുതുന്നവരും കുറവല്ല.
ലോകത്തെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയുള്ള ചൈനയിൽ വളർന്നുവരുന്ന ഈ ട്രെൻഡ് ആഗോള തലത്തിലുള്ള ‘കംപാനിയൻഷിപ് ഇക്കോണമി’യുടെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ടെന്നുവേണം കരുതാൻ. ഗെയ്മിങ്, ഷോപ്പിങ് എന്നിവയിൽ ആളുകൾ പണം ചെലവഴിക്കുന്നതുപോലെ ഭാവിയിൽ ഇതിലേക്കുമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ക്ലൈമ്പിങ് ബഡ്ഡീസിന്റെ ഈ സ്വീകാര്യത ജനങ്ങളിൽ അൽപം ആശയക്കുഴപ്പവുമുണ്ടാക്കുന്നുണ്ട്. നിലവിൽ നിയമമോ നിയന്ത്രണമോ ഇല്ലാതെയാണ് ഈ വ്യവസായത്തിന്റെ നിലനിൽപ്. അവിവാഹിതരായ സ്ത്രീകൾക്കും ചെറിയ കുട്ടികളെ കൂടെ കൂട്ടുന്നവർക്കുമുള്ള സുരക്ഷ, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ട്. പണം മാത്രം ഉന്നംവെച്ച് പ്രാപ്തിയില്ലാത്ത ചെറുപ്പക്കാരെ ചില ഗൈഡുകൾ ഉപയോഗിക്കുന്നതിനാൽ അപകടസാധ്യതയുമുണ്ട്. ഉപഭോക്താക്കളിൽ നിന്ന് പണം കൈപ്പറ്റി വഞ്ചിച്ച ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കമ്പ്യൂട്ടറിനു മുന്നിലിരുന്ന് മുഷിയാതെ ചെയ്യാവുന്ന ജോലി എന്നതിനാൽ ഈ ജോലി സ്ഥിരപ്പെടുത്താൻ നോക്കുന്ന ഒരുപാട് ചെറുപ്പക്കാരുണ്ട്. ഓരോ മാസവും 40 ബുക്കിങ് എടുക്കുന്ന ചെൻ, മാസം 20,000 യുവാൻ സമ്പാദിക്കുന്നുണ്ട്. നിലവിലെ കണക്കുകളനുസരിച്ച് ചൈനീസ് പൗരന് ലഭിക്കുന്ന ശരാശരി മാസവേതനത്തിന്റെ രണ്ടിരട്ടിയാണത്. ദിവസവും രണ്ടോ മൂന്നോ തവണ മലകയറേണ്ടിവരുന്നതിനാൽ, മൗണ്ട് തായുടെ ഏറ്റവും അടുത്ത സിറ്റിയിലേക്ക് താമസം മാറി ഇയാൾ. ഇത്തരത്തിൽ പേരു കേട്ട ബഡ്ഡികൾക്ക് ദേശത്തിലങ്ങോളമിങ്ങോളം ആവശ്യക്കാരുണ്ട്. ആകർഷകമായ വരുമാനം ലഭിക്കുമെങ്കിലും വലിയ തോതിൽ കായികാധ്വാനം വേണ്ടിവരുന്നതിനാൽ ഇതൊരു സ്ഥിരജോലിയായി കണക്കാക്കാൻ വയ്യ. കൂടിയാൽ, ഒരു വർഷം കൂടി തുടരും എന്നാണ് ചെൻ പറയുന്നത്.
ചൈനയിലെ യുവാക്കളുടെ തൊഴിലില്ലായ്മാനിരക്ക് ഉയർന്ന നിലയിലായതിനാലും സ്ഥിരജോലിക്കായുള്ള അന്വേഷണകാലം സുദീർഘമായതിനാലും, ഒരു ക്ലൈമ്പിങ് ബഡ്ഡിയാകുന്നത് യുവാക്കൾക്ക് വേഗത്തിൽ പണം സമ്പാദിക്കാനുള്ള വഴിയൊരുക്കുന്നുണ്ട്. ചൈനീസ് ന്യൂ ഇയർ വരുകയാണ്. ചൈനക്കാർ വിനോദത്തിനായും അല്ലാതെയും യാത്ര ചെയ്യുന്ന അവസരമാണിത്. ഈ വർഷം റെക്കോഡ് യാത്രകളാണ് ദേശത്തുടനീളം രേഖപ്പെടുത്തിയിട്ടുള്ളത്- ഒമ്പതു ബില്യൺ യാത്രകൾ. സാധാരണ ടൂർ ഗൈഡുകളേക്കാൾ ആവശ്യക്കാർ ഉണ്ടാവുക ഈ പ്രാവശ്യം ക്ലൈമ്പിങ് ബഡ്ഡീസിനായിരിക്കാം.