വരൂ, ഈ വരാന്തയിലെ രോഗികളെ കാണൂ
text_fieldsരോഗികൾക്കിടയിൽ ജീവിക്കുന്ന, അവരുടെ വേദനകളും സങ്കടങ്ങളും നിത്യേന കാണുന്ന ജനകീയ ആരോഗ്യ പ്രവർത്തകർക്ക് നമ്മുടെ ആശുപത്രികളുടെ ദുരവസ്ഥ കാണുമ്പോൾ വിഷമം തോന്നും, പ്രശ്നത്തിന് പരിഹാരം കാണാൻ അധികാരമുള്ളവരോട് പലവുരു പറഞ്ഞിട്ടും ഒരു മാറ്റവും കാണാതെയാവുമ്പോൾ പുറംലോകത്തോട് വിളിച്ചു പറയുന്നതും സ്വാഭാവികം. ഭരണകക്ഷിയുടെ സഹയാത്രികനായ ഡോക്ടർ ഗുണകാംക്ഷയോടെ നടത്തിയ വിസിൽ ബ്ലോവിങ്ങിനെ കേരളത്തിന്റെ ശത്രുക്കൾക്ക് സഹായകമാവുന്ന പ്രവൃത്തിയെന്ന മട്ടിലാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വിലയിരുത്തിയത്.
മെഡിക്കൽ കോളജുകൾക്കുള്ള ഫണ്ടിൽ സർക്കാർ കടുത്ത വെട്ട് വരുത്തിയതുമൂലം സൗകര്യങ്ങളും ഉപകരണങ്ങളും ചികിത്സയും കിട്ടാതെ അസുഖം വഷളായി ദരിദ്രരും ഇടത്തരക്കാരുമായ രോഗികൾ കടംവാങ്ങിയും കിടപ്പാടം വിറ്റും വൻ തുക കണ്ടെത്തി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടി വരുന്ന സാഹചര്യമാണ് കേരളത്തിന്റെ വർത്തമാനകാല ആരോഗ്യ മോഡൽ. കെട്ടിട ഉദ്ഘാടനങ്ങൾക്കോ ആരോഗ്യ ദിനാഘോഷ പരിപാടിക്കോ മാത്രം സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജിലും വന്നിറങ്ങുന്ന മന്ത്രിമാരും സർക്കാർ ഉന്നതരും ഇനിയെങ്കിലും ഈ അവസ്ഥ തിരിച്ചറിയണം.
മെഡിക്കൽ കോളജ് വികസനം തടയുന്നതാര്?
മെഡിക്കല്‍ കോളജുകളുടെ വികസനത്തിനായി 217.4 കോടി രൂപ വകയിരുത്തിയിരുന്നു എന്നത് നേരാണ്. പക്ഷേ, ഇത് 157.37 കോടിയാക്കി വെട്ടിക്കുറച്ചു. മെഡിക്കല്‍ കോളജിന് കീഴിലെ ഡെന്റല്‍ കോളജുകളുടെ വികസനത്തിനായി നീക്കിവെച്ച 22.79 കോടി രൂപ ഏതാണ്ട് മൂന്നിലൊന്നാക്കി വെട്ടിക്കുറച്ച് 8.65 കോടി രൂപ മാത്രമാണ് അനുവദിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ നഴ്സിങ് കോളജുകള്‍ക്കുള്ള ഫണ്ട് 13.78 കോടി രൂപ എന്നത് 5.09 കോടിയാക്കിയാണ് പുനഃക്രമീകരിച്ചത്. ആരോഗ്യ വകുപ്പിനുകീഴില്‍ രക്തബാങ്കുകളുടെ പ്രവര്‍ത്തനത്തിന് അനുവദിച്ച 30 കോടി രൂപ 15.5 കോടി രൂപയാക്കി വെട്ടിക്കുറച്ചതായും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമായ മാര്‍ച്ചിലെ ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അർബുദ ചികിത്സയിലും കടുംവെട്ട്
മെഡിക്കല്‍ കോളജ് ആശുപത്രികളുടെയും ജില്ല-താലൂക്ക് ആശുപത്രികളുടെയും മാത്രമല്ല സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍ക്ക് അനുവദിച്ച ഫണ്ടും സര്‍ക്കാര്‍ വെട്ടിക്കുറച്ചു. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിന് (ആർ.സി.സി) അനുവദിച്ച 73 കോടി രൂപ പിന്നീട് പകുതിയാക്കി വെട്ടിക്കുറച്ചു. 36.5 കോടി രൂപ മാത്രമാണ് ആർ.സി.സിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‍കിയത്. മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള (എം.സി.സി) ഫണ്ടും പകുതിയാക്കി. കൊച്ചിന് കാന്‍സര്‍ റിസര്‍ച് സെന്ററിന് അനുവദിച്ച 14.5 കോടി രൂപയില്‍ സാമ്പത്തിക വര്‍ഷാവസാനം നല്‍കിയത് 9.3 കോടി രൂപ മാത്രമാണ്. ഇതുപോലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിന് അനുവദിച്ച ഫണ്ടിലും വെട്ടിക്കുറവു വരുത്തിയതായാണ് കണക്കുകള്‍.
നോക്കുകുത്തിയായി മാസ്റ്റർപ്ലാൻ
തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് 2018ൽ 717 കോടിയുടെ മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചത്. നവീന സജ്ജീകരണങ്ങളോടെ പുതിയ കെട്ടിടങ്ങൾ നിർമിക്കൽ, ഇപ്പോഴുള്ള കെട്ടിടങ്ങളുടെ പുതുക്കിപ്പണിയൽ, 350 കോടിക്ക് അത്യാധുനിക ഉപകരണങ്ങൾ വാങ്ങൽ, റോഡുകളുടെ നവീകരണം, റേഡിയോളജി, പാതോളജി, ബയോമെഡിക്കൽ വിഭാഗങ്ങളുടെ നവീകരണം, മൊബൈല്‍ ഡിജിറ്റല്‍ റേഡിയോഗ്രഫി, സി.ടി സ്കാന്‍, മൊബൈല്‍ എക്സ്റേ മെഷീന്, എം.ആര്.ഐ മെഷീന് തുടങ്ങിയവ സ്ഥാപിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, പ്രഖ്യാപിച്ച് എഴുവർഷമായിട്ടും ഇതുവരെ 60 കോടി ചെലവിട്ട് കോളജ് വളപ്പിനുള്ളിൽ ഒരു മേൽപാലം പണിയുകയും റോഡുകൾ നവീകരിക്കുകയും മാത്രമാണ് ചെയ്തത്. അത്യാധുനിക ലാബ് സജ്ജീകരണം, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുക്കൾക്കായി പ്രത്യേക ബ്ലോക്ക് എന്നിവക്കായി 198 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും കാര്യമായി ഒന്നും നടന്നില്ല.
ചുവപ്പുനാട ജീവൻ വെക്കുന്നത്
ഡോ.ഹാരിസിന്റെ ആരോപണം വിരൽചൂണ്ടുന്നത് ഹോസ്പിറ്റൽ വികസന സൊസൈറ്റി (എച്ച്.ഡി.എസ്)യിലേക്കാണ്. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നത് കലക്ടർ ചെയർമാനായ ഈ സംവിധാനമാണ്.
യൂറോളജി, ബയോകെമിസ്ട്രി, റോഡിയോളജി വകുപ്പുകളുടെ പ്രവർത്തനം താളംതെറ്റിക്കുന്നതിൽ എച്ച്.ഡി.എസ് വഹിക്കുന്ന പങ്ക് കുപ്രസിദ്ധമാണ്. സി.ടി,എം.ആർ.ഐ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയും അനുബന്ധ ഉപകരണങ്ങൾ ഉറപ്പാക്കുന്നതിലും എച്ച്.ഡി.എസ് വലിയ അലംഭാവമാണ് പുലർത്തുന്നത്. ഇതു കാരണമാണ് ലബോറട്ടറി പരിശോധനകൾക്കും സ്കാനിങ്ങിനും നിർധന രോഗികൾ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരുന്നത്. കാത്ത് ലാബുകൾക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിതരണവും ഇക്കൂട്ടർ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആശുപത്രിയുടെ സൂപ്രണ്ടാണ് എച്ച്.ഡി.എസ് സെക്രട്ടറി. ഇതു കൂടാതെ ഡി.എം.ഇ ഓഫിസിലെ സീനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ 11 ജീവനക്കാരാണുള്ളത്.
ഇവിടെ ഫയൽ നീക്കമെല്ലാം വഴിപാട് പോലെയെന്നാണ് പ്രധാന പരാതി. ഡോ. ഹാരിസിനെ പോലുള്ളവരുടെ കത്തുകൾ ചുവപ്പുനാടയിൽ കെട്ടിവെക്കും. ശസ്ത്രക്രിയക്ക് ഉപകരണമില്ലെന്ന കത്ത് അടിയന്തര സ്വഭാവമുള്ളതായതിനാൽ എച്ച്.ഡി.എസ് സൂപ്രണ്ടോ ആശുപത്രി സൂപ്രണ്ടോ ഇടപെട്ടാൽ അതിവേഗം കലക്ടറുടെ തീരുമാനം ഉറപ്പാക്കാം. പക്ഷേ, പാവങ്ങളുടെ ജീവന് വിലകൽപിക്കാത്തതിനാൽ അതിനൊന്നും മെനക്കെടില്ല. എച്ച്.ഡി.എസ് ഓഫിസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇപ്പോൾ ആരോഗ്യ വകുപ്പിന് ഒന്നാകെ കളങ്കമായിരിക്കുന്നത്.
എച്ച്.ഡി.എസ് ഓഫിസിൽ മൂന്നുവർഷം പൂർത്തിയാക്കിവരെ മാറ്റാൻ മന്ത്രിയും കലക്ടറും നിർദേശം നൽകിയെങ്കിലും നടപ്പായില്ല. 20 വർഷത്തോളമായി മൂന്ന് പ്രബലരാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കും മീതെയാണ് ഇവർ.
(അവസാനിച്ചു)