ഭരണഘടനാ ചരിത്രം തിരുത്തലും ജാതി ആക്രമണങ്ങളും
text_fieldsരാജ്യം കടന്നുപോകുന്ന ഇരുണ്ട സാഹചര്യങ്ങളിൽ ഈയിടെ ഉണ്ടായ രണ്ടു പ്രധാന കാര്യങ്ങൾ അധികം ശ്രദ്ധയിൽപ്പെടാതെ പോവുകയുണ്ടായി. അതിലൊന്ന് ഭരണഘടനാ ശില്പി എന്ന നിലയിൽ നിന്ന് ഡോ. ബാബാ സാഹിബ് അംബേദ്കറുടെ പേര് ചരിത്രത്തിൽ നിന്ന് തുടച്ചുമാറ്റി തൽസ്ഥാനത്ത് സർ ബനകൽ നർസിങ് റാവു (Sir Benegal Narsing Rau) എന്ന ഒരു സിവിൽ ഉദ്യോഗസ്ഥന്റെ പേര് സ്ഥാപിച്ചെടുക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ്. മറ്റൊന്ന് എല്ലാ ഭരണഘടനാ സംരക്ഷണവും ഉണ്ടായിട്ടും ഇന്ത്യയിൽ ദലിതർക്ക് നേരെയുള്ള വർധിച്ചുവരുന്ന ആക്രമണങ്ങളെ കുറിച്ച് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) കഴിഞ്ഞമാസം പുറത്തുവിട്ട റിപ്പോർട്ടുകളാണ്.
2023ല്‍ എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങളെ കുറിച്ച് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം എസ്.സി വിഭാഗങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 57,789 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേ സമയം എസ്.ടി വിഭാഗങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിൽ 2023ല്‍ 12,960 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.സി വിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ 0.4% വർധനവ് സൂചിപ്പിക്കുമ്പോൾ എസ്.ടി വിഭാഗങ്ങൾക്ക് നേരെ 28.8% ആണ് രേഖപ്പെടുത്തിയത്.
ദലിത് ജീവിത ഇടങ്ങളിൽ ഒരു സവർണ വിഭാഗത്തിന് എപ്പോൾ വേണമെങ്കിലും കയറി ആക്രമിക്കാവുന്ന സ്ഥിതിയാണ് ഇന്ന് ഇന്ത്യയിൽ ഉള്ളത്. അത് ദലിതരെ ബലപ്രയോഗത്തിലൂടെ മൂത്രം കുടിപ്പിക്കുന്നത് മുതൽ ആദിവാസികളെ അവരുടെ മണ്ണിന്റെ അവകാശത്തിൽ നിന്ന് ആട്ടിയോടിക്കുന്നതുവരെ യാതൊരു ശിക്ഷാഭീതിയുമില്ലാതെ നടപ്പാക്കി വരുന്നു. ജാത്യാധിഷ്ഠിത അധീശത്വം രാജ്യത്ത് കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യങ്ങൾ വർധിക്കുന്നു എന്നാണ് എൻ.സി.ആർ.ബിയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഘടിതരായി അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള അവരുടെ ജനാധിപത്യ പ്രവർത്തനങ്ങളെ പല രീതിയിൽ ആണ് ഭരണകൂടം പ്രതിരോധിക്കുന്നത്. സവർണ ബ്രാഹ്മണ്യത്തെ പ്രകോപിപ്പിക്കുന്നു എന്ന പേരിൽ ഫൂലെ (Phule) പോലെയുള്ള ഹിന്ദി സിനിമകൾ സെൻസറിങ്ങിന് വിധേയമാക്കിയതുൾപ്പടെ നിരവധി ദലിത് - ബഹുജൻ സാംസ്കാരിക ആവിഷ്കാരങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ദലിത് ആദിവാസി പ്രശ്നങ്ങൾ പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയാണ്. ഇതിനുപുറമേ സാമൂഹ്യനീതിയും പ്രാതിനിധ്യ സംവരണവും അട്ടിമറിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി വരേണ്യ വർഗം മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും ആധിപത്യം സ്ഥാപിച്ചു വരുന്നു. ഈ വരേണ്യ വിഭാഗവും അടിച്ചമർത്തപ്പെടുന്ന കീഴാള വിഭാഗവും തമ്മിലുള്ള അസമത്വം കൂടുതൽ രൂക്ഷമാകുന്നു എന്നാണ് എൻ.സി.ആർ.ബിയുടെ പുതിയ റിപ്പോർട്ട് കൃത്യമായി സൂചിപ്പിക്കുന്നത്.
1970കളിലെ ദലിത് പാന്തർ ഉൾപ്പെടെയുള്ള മുന്നേറ്റങ്ങളിലൂടെ പാർശ്വവൽകൃത സമൂഹത്തിന്റെ അവകാശ പോരാട്ടങ്ങളെ ശക്തിപ്പെടുത്താൻ കഴിഞ്ഞുവെങ്കിലും ഇന്ന് ആ മുന്നേറ്റങ്ങൾ പലതരം വിഭജനങ്ങൾക്ക് കീഴ്പ്പെടുകയും ഇന്നത്തെ ഗുരുതരമായ സാഹചര്യങ്ങളെ നേരിടാൻ കഴിയാതെ വരികയും ചെയ്തിരിക്കുന്നു. അതുകൊണ്ട് ഫാഷിസ്റ്റ് ഭരണകൂടത്തെ രാഷ്ട്രീയമായും ജനാധിപത്യപരമായും നേരിടാൻ അതിന്റെ പ്രഖ്യാപിത പ്രാഥമിക ഇരയായ മുസ്‍ലിം സമൂഹവുമായി എപ്രകാരം ഉദ്ഗ്രഥിക്കപ്പെടണം എന്ന ചർച്ചകൾ വികസിപ്പിക്കേണ്ട അടിയന്തരഘട്ടത്തിലാണ് ഇപ്പോൾ നാം എത്തിനിൽക്കുന്നത്.
അംബേദ്കർ പുറത്ത്, വിനാശകരമായ വിത്തെറിയൽ
ഈ ജാതി ഭീകരതയുടെ തുടർച്ചയാണ് ഡോ ബി ആർ അംബേദ്കറെ ഭരണഘടനാ നിർമ്മാണ ചരിത്രത്തിനു പുറത്തു നിർത്തുന്ന പ്രചരണങ്ങൾ നടത്തിവരുന്നത്. ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ ചരിത്രത്തിൽ ഏറ്റവും അപകടകരവും ലജ്ജാകരവുമായ തിരുത്തൽ പ്രക്രിയക്കുള്ള വിനാശകരമായ വിത്ത് എറിയലാണ് ഇപ്പോൾ നടന്നുവരുന്നത്.
ചില വ്യാഖ്യാനകർത്താക്കൾ പറഞ്ഞു പ്രചരിപ്പിക്കുന്നത് ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനായ ഡോ. ഭീംറാവു റാംജി അംബേദ്കർ അവസാന മിനുക്കു പണികൾ മാത്രമാണ് നിർവഹിച്ചത്; മറിച്ച് ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ ശിൽപ്പി കോൺസ്റ്റിറ്റ്യുൻറ് അസംബ്ലിയുടെ ഉപദേശകനായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻ ബനകൽ നർസിങ് റാവു ആണ് എന്നാണ്.
ഇന്ത്യാ രാജ്യം ഭരണഘടനാപരമായി സ്ഥാപിതമായ ചരിത്രത്തിൽ നിന്ന് ദലിത് സാന്നിധ്യത്തെയും റിപ്പബ്ലിക് രൂപീകരണത്തിൽ ഡോ. അംബേദ്കർ കൊണ്ടുവന്ന രാഷ്ട്രീയ - സാമൂഹിക - ധാർമ്മിക മൂല്യങ്ങളെയും പൂർണ്ണമായും തുടച്ചുനീക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇതിന്റെ പുറകിൽ. ഇവിടെ നാം മനസ്സിലാക്കേണ്ടത് ഭരണഘടനാ നിർമ്മാണത്തിൽ ഡോ. അംബേദ്കറിന്റെയും സർ ബി.എൻ. റാവുവിന്റെയും കർത്തവ്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു എന്നതാണ്. ബി.എൻ. റാവു ഒരു സിവിൽ സർവിസ് ഉദ്യോഗസ്ഥനും നിയമജ്ഞനുമാണ്. ഭരണഘടന നിർമ്മാണ ഉപദേശകൻ ആയിട്ടാണ് ഉദ്യോഗസ്ഥനായ അദ്ദേഹം 1946 ജൂലൈയിൽ നിയമിക്കപ്പെട്ടത്. സാങ്കേതികവും പ്രാഥമികവുമായ കാര്യങ്ങൾ മാത്രം നിർവഹിക്കുക എന്ന ചുമതല മാത്രമാണ് അദ്ദേഹത്തിൽ നിക്ഷിപ്തമായിരുന്നത്.
ബ്രിട്ടീഷ് ഇന്ത്യയിൽ 1935ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് രൂപീകരണത്തിൽ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട് എന്നതാണ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹത്തെ നിയമിക്കാൻ ഉണ്ടായ കാരണം. എന്നാൽ, നമ്മുടെ ഭരണഘടനാ നിർമാണത്തിൽ ഡോ. അംബേദ്കർ ചെയർമാനായ കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലി കമ്മിറ്റിയുടെ റിപ്പോർട്ടുകൾക്കനുസരിച്ച് ഒരു 'വർക്കിങ് ഡ്രാഫ്റ്റ് ' തയ്യാറാക്കുക എന്ന ചുമതല മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ അമേരിക്കൻ കനേഡിയൻ ഐറിഷ് ഓസ്ട്രേലിയൻ ഭരണഘടനാ മാതൃകകൾ പരിശോധിക്കുകയും അതനുസരിച്ച് 243 ആർട്ടിക്കിൾസ് ഉള്ള ഒരു ഡ്രാഫ്റ്റ് വളരെ പ്രാഥമിക രൂപത്തിൽ ഡ്രാഫ്റ്റിങ് കമ്മിറ്റിക്ക് സമർപ്പിക്കുകയുമാണ് ചെയ്തത്. അദ്ദേഹത്തിന് ഗ്രാഫ്റ്റിങ് കമ്മിറ്റിയിൽ സീറ്റോ ഏതെങ്കിലും രാഷ്ട്രീയ അധികാരമോ പ്രാതിനിധ്യമോ ഉണ്ടായിരുന്നില്ല. തികച്ചും നൈപുണ്യവുമായി ബന്ധപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ നിയമനം.
അംബേദ്കറിന്റെ കർത്തവ്യം തികച്ചും വിഭിന്നമായിരുന്നു. ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ നിയമദത്തമായ പ്രാഥമിക രൂപ രേഖയെ രാഷ്ട്രീയമായ വ്യവസ്ഥാപിത രൂപത്തിലേക്ക് മാറ്റിയെഴുതുക എന്നതായിരുന്നു ഡോ അംബേദ്കറിന്റെ ചരിത്രപരമായ കർത്തവ്യം. വിഭജനത്തിന്റെയും, മഹാത്മാഗാന്ധിയുടെ വധത്തിന്റെയും കലഹോത്സുകമായ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് ഡോ. അംബേദ്കർക്ക് ഭരണഘടനയുമായി ബന്ധപ്പെട്ട ഓരോ വകുപ്പുകളും അസംബ്ലിയിൽ വ്യാഖ്യാനിക്കേണ്ടി വന്നിട്ടുള്ളത്. അതിരൂക്ഷമായ അഭിപ്രായ ഭിന്നതകളെയും താല്പര്യങ്ങളെയും അവകാശങ്ങൾ ചോർന്നു പോകാതെ ജനാധിപത്യപരമായി സമവായത്തിലൂടെ അതിജീവിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
അതേസമയം, ഭരണഘടനാ നിർമാണത്തിന്റെ അംഗീകാരം തനിക്കു മാത്രമല്ല ബി.എൻ. റാവു, പ്രധാന ഡ്രാഫ്റ്റ്സ് മെൻ ആയിരുന്ന എസ്.എൻ. മുഖർജി ഉൾപ്പെടെയുള്ളവർക്ക് കൂടി ഉള്ളതാണ് എന്ന് അംബേദ്കർ തന്നെ പറയുന്നുണ്ട്.
എന്നുമാത്രമല്ല, ഡോ അംബേദ്കറുമായും നെഹ്റുവുമായും നിരന്തരം ബന്ധപ്പെട്ടിരുന്ന ബി.എൻ. റാവു ഒരിക്കലും ഭരണഘടനാ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. അദ്ദേഹത്തെ ഭരണഘടനയുടെ പിതാവ് ആയി വാഴിക്കാനുള്ള ഇപ്പോഴത്തെ ശ്രമം റാവുവിന്റെ സ്വന്തം എളിമയെയും സംഭാവനയെയും അവഹേളിക്കലാണ്.
ഗാന്ധിയുടെ ദീർഘവീക്ഷണം
ഭരണഘടനാ നിർമാണ സഭയിലെ അംബേദ്കറുടെ സാന്നിധ്യം തന്നെ രാഷ്ട്രീയ ധാർമികതയുടെ നിർണായക പ്രവർത്തനത്തിന്റെ ഫലമായിരുന്നു. അംബേദ്കർ ആദ്യം ബംഗാളിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് വിഭജനത്തിനുശേഷം അത് പാകിസ്താന്റെ ഭാഗമായി. എന്നാൽ വീണ്ടും അംബേദ്കർ തെരഞ്ഞെടുക്കപ്പെടുന്നതിൽ, അദ്ദേഹവുമായി മുൻപ് അഭിപ്രായ ഭിന്നത ഉണ്ടായിരുന്നവർക്ക് താല്പര്യമില്ലായിരുന്നു. ഗാന്ധിയുമായി പ്രത്യേക വോട്ട് അവകാശത്തെക്കുറിച്ച് ഉൾപ്പെടെ അഭിപ്രായ വ്യത്യാസം നിലനിൽക്കുമ്പോൾ തന്നെ മഹാത്മാഗാന്ധി ഇടപെട്ടാണ് പിന്നീട് ആ പ്രശ്നം പരിഹരിച്ചത്. അങ്ങനെ ബോംബെ പ്രസിഡൻസിയിൽ നിന്ന് ഡോ. അംബേദ്കർ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മതപരമായ സംഘർഷത്തിൽ ആഴത്തിൽ മുറിവേറ്റ രാഷ്ട്രത്തിൽ, മുസ്‍ലിം ജീവിതം ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ ദലിതരുടെ കൂടി അന്യവൽക്കരണം വലിയ സാമൂഹ്യ തകർച്ചയ്ക്ക് കാരണമാകും എന്ന് ഗാന്ധി ദീർഘവീക്ഷണം നടത്തിയിരിക്കണം. ആ ഉദ്യമമാണ് ഡോ. ബി.ആർ. അംബേദ്കർ നിർവഹിച്ചത്. ഭരണഘടനയെ ജീവനുള്ള ധാർമിക പ്രത്യയശാസ്ത്രമാക്കി പരിവർത്തിപ്പിച്ചതാണ് ഇന്ത്യൻ ദേശീയതയെ ഒറ്റക്കെട്ടായി നിർത്തിയത്. അത് തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.
ഡോ. ബി.ആർ അംബേദ്കറെ പാർശ്വവൽക്കരിച്ച് ബി.എൻ. റാവുവിനെ തൽസ്ഥാനത്തേക്ക് അവരോധിക്കാൻ വേണ്ടി നടക്കുന്ന ക്യാമ്പയിൻ ഒരു റിപ്പബ്ലിക് എന്ന നിലയിൽ ഇന്ത്യ രൂപീകരിക്കുന്നതിന്റെ അടിപ്പടവിൽ ഒരു ദലിത് ചിന്തകന്റെ സാന്നിധ്യം അസ്വസ്ഥപ്പെടുത്തുന്നവരുടെ സവർണ്ണ അവകാശം സ്ഥാപിക്കാനുള്ള നിഗൂഢ ശ്രമമാണ്. എന്നുമാത്രമല്ല അംബേദ്കറിന്റെ മൗലികമായ പൈതൃകത്തെ അട്ടിമറിച്ച് ഒരു സാമൂഹ്യ വിപ്ലവത്തെ ‘ഉദ്യോഗസ്ഥ വ്യവഹാരം’ മാത്രമാക്കി ചുരുക്കി നിർവചിക്കുകയാണ് ചെയ്യുന്നത്. ഭരണഘടന ഭാവനാശൂന്യമായ ഒരു നിയമ രേഖയല്ല. വ്യക്തിയുടെ അന്തസ്സ് വാഗ്ദാനം ചെയ്യുന്ന ഒരു സാമൂഹ്യ മാനിഫെസ്റ്റോ ആണ്. ആ സങ്കല്പം പോലും അട്ടിമറിക്കുന്നതിനാണ് ഡോ അംബേദ്ക്റെ മാറ്റിനിർത്തിക്കൊണ്ട് ഇപ്പോൾ പ്രചരിപ്പിച്ചു വരുന്ന ഈ ആഖ്യാനങ്ങൾ. അധികാരത്തിന്റെ ഇടനാഴികളിൽ മർദ്ദിതന്റെ സന്നിദ്ധ്യം ഇല്ലാതാക്കാനും ഭരണഘടനയുടെ ആത്മാവിനെ തന്നെ വികൃതമാക്കാനുമാണ് ഈ നുണ പ്രചരണം.
ബി.എൻ. റാവു ഭരണഘടനയുടെ നിയാമക രൂപഘടന നിർവഹിച്ചപ്പോൾ, ഡോ അംബേദ്കർ ഭരണഘടനയെ ആധുനിക മനുഷ്യ ജീവിതത്തിനു വേണ്ട സാമൂഹ്യപരവും ചരിത്രപരവുമായ ധർമ്മശാസ്ത്രമാക്കി ആഴപ്പെടുത്തുകയായിരുന്നു.
മൗലികാവകാശങ്ങൾ, നിർദ്ദേശക തത്വങ്ങൾ, വിദ്യാഭ്യാസ - തൊഴിൽ മേഖലകളിൽ ദളിത് - പാർശ്വവൽകൃത - മർദ്ദിത സമൂഹം എക്കാലത്തും നേരിട്ട വിവേചനം പരിഹരിക്കുന്നതിനുള്ള നയങ്ങൾ എന്നിവയെല്ലാം ഡോ ബി ആർ അംബേദ്കറിന്‍റെ മാത്രം കൈമുദ്ര പതിഞ്ഞവയാണ്. അസംബ്ലിയിലെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ മാത്രം മതി എങ്ങനെയാണ് ഭരണഘടനയെ ഒരു ധാർമ്മിക പ്രത്യയശാസ്ത്രമാക്കി മാറ്റാൻ കഴിഞ്ഞത് എന്ന് മനസ്സിലാക്കാൻ.
സാമ്പത്തികവും സാമൂഹികവുമായ സമത്വം നിലനിൽക്കാതെ രാഷ്ട്രീയ സമത്വം അസാധ്യമാണെന്ന് ഭരണഘടനയിലൂടെ അദ്ദേഹം വരച്ചുകാട്ടി.
മർദിതന്റെ നീതിയും അവകാശങ്ങളും ഇനിയും ഏറെക്കാലം നിഷേധിച്ചുകൊണ്ട് മുന്നോട്ടുപോയാൽ നമ്മുടെ രാഷ്ട്രീയ ജനാധിപത്യം തന്നെ അപകടത്തിൽ ആകുമെന്ന ഡോ. അംബേദ്കറുടെ മുന്നറിയിപ്പ് ഇന്ത്യയുടെ ഭരണഘടനാ ധാർമ്മികതയുടെ ചരിത്രത്തിൽ ഇന്നും ഏറ്റവും ശക്തവും പ്രസക്തവുമായ പ്രസ്താവനയാണ്.
ചരിത്രത്തെ കെടുത്തിക്കളയാൻ നീക്കം
ഡോ. അംബേദ്കറിന് മുകളിൽ ബി എൻ റാവുവിനെ പ്രതിഷ്ഠിക്കാനുള്ള നിഗൂഢ ശ്രമങ്ങൾ, ഉദ്യോഗസ്ഥ നൈപുണ്യം കൊണ്ട് ഒരു സാമൂഹ്യ പരിഷ്കർത്താവിന്റെ ദൃഢനിശ്ചയത്തിൻ്റെ ചരിത്രത്തെ കെടുത്തികളയലാണ്. ഒരു മൂലഗ്രന്ഥത്തിന് രൂപരേഖ നൽകുന്നതും ഒരു ദേശ രാഷ്ട്രത്തിന്റെ ധാർമ്മിക ബോധത്തിന് രൂപം കൊടുക്കുന്നതും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം കൃത്യമായി അറിയാവുന്നതുകൊണ്ടാണ് ഭരണഘടന സ്വീകരിക്കപ്പെടുമ്പോൾ നെഹ്റു, പ്രസാദ്, പട്ടേൽ തുടങ്ങിയവർ ഭരണഘടനാ നിർമ്മിതിയുടെ കേന്ദ്ര സ്രഷ്ടാവായി ഡോ. ബി.ആർ. അംബേദ്കറുടെ പേര് എടുത്തു പറഞ്ഞത്.
തീർച്ചയായും ഉപദേശക ഉദ്യോഗസ്ഥൻ എന്ന നിലയിൽ സ്തുത്യർഹമായ സേവനം ബി എൻ റാവു നിർവഹിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ അവർക്ക് സംശയം ഒന്നും ഉണ്ടായിട്ടല്ല ഭരണഘടനാ കേന്ദ്ര ശില്പിയായി ഡോ അംബേദ്കറിന്റെ പേര് പ്രത്യേകം പരാമർശിച്ചത്. ഏതെങ്കിലും ആഡംബര കോർപ്പറേറ്റ് ഓഫിസിൽ വളരെ ശാന്തമായി ഇരുന്ന് തയ്യാറാക്കിയതല്ല ഇന്ത്യൻ ഭരണഘടന. ചാതുർവർണ്യത്തിന്റെ ജാതി മർദനങ്ങളും, വിഭജനവും, അതുമായി ബന്ധപ്പെട്ട മഹാത്മാഗാന്ധിയുടെ വധവും എല്ലാം ചേർന്ന വളരെ സങ്കീർണമായ സാഹചര്യത്തിൽ പല പ്രതിരോധങ്ങളെയും അതിജീവിച്ചാണ് ഇന്ത്യൻ ഭരണഘടനയ്ക്ക് അന്തിമ രൂപം കൈവരിക്കാൻ കഴിഞ്ഞത്.
ആ പ്രക്രിയയിൽ നിന്ന് സാമൂഹ്യ പരിഷ്കർത്താവും തത്വചിന്തകനും എക്കാലത്തെയും ഏറ്റവും ഉയർന്ന ധൈഷണികനുമായ ചരിത്രപുരുഷൻ ഡോ ഭീം റാവു റാംജി അംബേദ്കറിനെ തുടച്ചു മാറ്റാനുള്ള സവർണ്ണ - മേൽ ജാതിവർഗ്ഗ ശ്രമങ്ങൾ ഭരണഘടനയുടെ തന്നെ സത്യസന്ധതയെയും മൗലികമായ ചൈതന്യത്തെയും റദ്ദാക്കുന്നതാണ്.
ഒരു റിപ്പബ്ലിക് എന്ന നിലയിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥാപക വാഗ്ദാനത്തെ തന്നെ വഞ്ചിക്കുന്ന ഈ പ്രചരണത്തെ എല്ലാ ജനാധിപത്യ സാധ്യതകളും ഉപയോഗിച്ച് ചെറുത്തു പരാജയപ്പെടുത്തുക തന്നെ വേണം.


