നൽകുംതോറും നിറയുന്ന പാനപാത്രങ്ങൾ...
text_fieldsഭാരതീയ ഇതിഹാസങ്ങളിൽ അക്ഷയപാത്രം എന്ന സങ്കൽപമുണ്ട്. എത്ര കൊടുത്താലും ക്ഷീണംവരാത്ത കരങ്ങളെ, എത്ര വിളമ്പിയാലും വറ്റാത്ത പാനപാത്രങ്ങളെ, എത്ര ചെലവിട്ടാലും തീർന്നുപോകാത്ത സമ്പത്തിനെയെല്ലാം അത് പ്രതീകവത്കരിക്കുന്നു. മഹാഭാരതത്തിൽനിന്നുള്ള ഈ സങ്കൽപത്തെ വർത്തമാനകാലത്തുനിന്ന് വായിക്കാൻ ശ്രമിക്കുന്നത് ഉചിതമാകും. കൈവശമുള്ള തുക കൈവിട്ടുപോയാൽ, ധർമം ചെയ്താൽ, സമൂഹ നന്മക്ക് ചെലവിട്ടാൽ ദരിദ്രനായി പോകുമോ എന്ന ആശങ്കയുള്ള നിരവധിപേർ നമ്മുടെ കൂട്ടത്തിലുണ്ട്. കടമായി കൊടുക്കുന്നതിനപ്പുറം ഒരു സഹായമില്ല എന്നാണ് അവരുടെ ധാരണ. ഇനി കടം കൊടുത്താലോ, ഒരൽപം പലിശ കിട്ടുമെങ്കിൽ അതും കൂടെ പോരട്ടെ എന്നാകും അവരുടെ ചിന്താഗതി.
അഗതി സംരക്ഷണത്തിനും സാധുക്കളുടെ വിശപ്പകറ്റാനും മറ്റു സാമൂഹിക പ്രവർത്തനങ്ങൾക്കുമെല്ലാം നാം ചെലവിടുന്ന തുക ഒരിക്കലും നമ്മുടെ സമ്പത്തിൽ ഒരു കുറവും വരുത്തില്ല. മറിച്ച്, നമ്മുടെ സമ്പത്തിനെ കൂടുതൽ വളർച്ചയുള്ളതാക്കാൻ അവ ഉപകരിക്കുമെന്നതത്രെ യാഥാർഥ്യം. അതിന്റെ ദൃഷ്ടാന്തങ്ങളായ, സമൂഹ നന്മക്കും ആലംബഹീനരുടെ ക്ഷേമത്തിനുമെല്ലാം കൈയയച്ച് സഹായിക്കുന്ന എത്രയോ നല്ല മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്.
നിരന്തര ദാനധർമങ്ങൾ അവരുടെ വരുമാനത്തിലും സമ്പത്തിലും ഒരു കുറവും വരുത്തിയില്ല എന്ന് മാത്രമല്ല, അത് അധികരിപ്പിക്കുംതോറും അവരുടെ സമ്പത്ത് വളരുന്നതായാണ് നാം കണ്ടിട്ടുള്ളത്. പുണ്യങ്ങളുടെ പൂക്കാലമായ, ആരാധനകളും ദാനധർമങ്ങളും സൽപ്രവൃത്തികളും അധികരിപ്പിച്ച് വിശ്വാസികൾ സ്വയം ശുദ്ധരാകാൻ ശ്രമിക്കുന്ന ഈ പരിശുദ്ധ മാസത്തിൽ ദാനധർമങ്ങളെക്കുറിച്ച ചില ആലോചനകൾ പങ്കുവെക്കാൻ ഉദ്ദേശിക്കുകയാണ്.
എന്റെ സഹപാഠികളായിരുന്ന രണ്ടുപേരാണ് ഇവിടെയും കഥാപാത്രങ്ങൾ. രണ്ടുപേരും പഠനത്തിൽ മിടുക്കരായിരുന്നു. അതിലൊരാൾ ഒരു ‘ലോകബാങ്കാ’യിരുന്നു. അതായത്, സാധ്യമായ വഴികളിലൂടെയെല്ലാം പണം തന്നിലേക്ക് വരുത്താൻ ശ്രമിക്കുന്നയാൾ. എന്നാൽ, തന്നിൽനിന്ന് ഒരു രൂപപോലും പുറത്തേക്ക് പോകരുതെന്ന ശാഠ്യവും അയാൾക്കുണ്ടായിരുന്നു. ഇനി അഥവാ പോയാലും, പലിശ സഹിതം തിരികെ ലഭിക്കണമെന്നും നിർബന്ധബുദ്ധിയുണ്ടായിരുന്നു. രണ്ടാമത്തെ സുഹൃത്ത്, കിട്ടുന്ന സമ്പത്തിൽ നല്ലൊരു പങ്കും പരോപകാരത്തിന് ചെലവഴിക്കുന്ന പ്രകൃതക്കാരനായിരുന്നു.
ഏറെക്കാലത്തിനു ശേഷം പലസമയത്തായി രണ്ടുപേരെയും കാണാനിടയായി. സംസാരങ്ങൾക്കിടയിൽ ഇരുവരുടെയും സാമ്പത്തിക നിലയെക്കുറിച്ചും ഞാൻ തിരക്കി. ആദ്യ സുഹൃത്തിന്റെ സംഭാഷണം പരാതികളും പരിദേവനങ്ങളുംകൊണ്ട് എന്നെയേറെ മുഷിപ്പിച്ചു. ‘‘കിട്ടുന്നതൊന്നും ഒന്നിനും തികയുന്നില്ല. എല്ലാം പലവഴിക്ക് ചെലവായിപ്പോകുന്നു’’ -അയാൾ പറഞ്ഞു. ആരെയെങ്കിലുമൊക്കെ സഹായിക്കാൻ സാധിക്കാറുണ്ടോ എന്നായി ഞാൻ. ‘‘എന്നെത്തന്നെ എനിക്ക് സഹായിക്കാൻ സാധിക്കുന്നില്ല, പിന്നെയെങ്ങനെയാ മറ്റുള്ളവരെ?’’ അദ്ദേഹം മറുചോദ്യം തൊടുത്തു.
രണ്ടാമത്തെ സുഹൃത്തിന്റെ സംസാരം തീർത്തും ഭിന്നമായിരുന്നു. സംസാരത്തിലുടനീളം പ്രസന്നതയും പോസിറ്റിവ് എനർജിയും പ്രസരിപ്പിച്ചുകൊണ്ടേയിരുന്നു. സാമ്പത്തിക സ്ഥിതി എങ്ങനെയുണ്ട് എന്ന എന്റെ ചോദ്യത്തിന് എല്ലാം നല്ല നിലയിൽ പോകുന്നു എന്നായിരുന്നു ആദ്യ മറുപടി. ‘‘വരുമാനം അത്യാവശ്യമുണ്ട്. അതിന്റെ ഒരു പങ്ക് ദാനധർമങ്ങൾക്കായി നീക്കിവെച്ചിരിക്കുകയാണ്. ഒരുപാട് പേർക്ക് പിന്തുണ നൽകാനായി. അതാണ് എന്റെ ജീവിതത്തിൽ ഏറ്റവും സംതൃപ്തി നൽകുന്ന കാര്യം.’’ ചോദിക്കുന്നവർക്കൊക്കെ ഇങ്ങനെ വാരിക്കോരി കൊടുത്ത് ബാങ്ക് ബാലൻസിപ്പോൾ കാലിയായിക്കാണുമല്ലോ എന്ന ചോദ്യത്തിന് പൊട്ടിച്ചിരിച്ച് അദ്ദേഹം പറഞ്ഞു. ‘‘ഞാനും ആദ്യം അങ്ങനെ ധരിച്ചിരുന്നു. പല വ്യക്തികളും കൂട്ടായ്മകളും സംഘടനകളും സാമ്പത്തിക പിന്തുണ തേടി സമീപിക്കാറുണ്ട്. ന്യായമെന്നും സത്യസന്ധമെന്നും ബോധ്യപ്പെടുന്നവക്കെല്ലാം എന്നാൽ കഴിയാവുന്ന സഹായവും ചെയ്തു. എന്നിട്ടും എന്റെ സമ്പത്തിൽ ഒരു കുറവും സംഭവിച്ചില്ലെന്ന് മാത്രമല്ല, പ്രതീക്ഷിക്കാത്ത വഴികളിൽനിന്ന് എനിക്ക് അനുഗ്രഹങ്ങളും വരുമാനത്തിൽ വർധനയും വന്നുകൊണ്ടേയിരുന്നു. ഇപ്പോൾ മുമ്പത്തേക്കാൾ എത്രയോ മെച്ചമുള്ള അവസ്ഥയിലാണ്. ദൈവത്തിന് സ്തുതി’’ -അദ്ദേഹം പൂർത്തിയാക്കി.
നമ്മുടെ നാട്ടിലെ ചില വീട്ടമ്മമാരെക്കുറിച്ച് ‘‘നല്ല നിറവുള്ള കൈകളാണ് അവർക്ക്’’ എന്നെല്ലാം പറയാറുണ്ടല്ലോ. സഹജീവികൾക്ക് നിർലോഭം സഹായം ചൊരിയുന്നവർ എന്ന അർഥത്തിലാണ് അങ്ങനെ പറയാറുള്ളത്. നിസ്വാർഥമായ ആ പ്രകൃതം സഹായം നൽകുന്ന കരങ്ങളുടെ ഉടമക്ക് മാത്രമല്ല, ആ വീടിനും കുടുംബത്തിനും നിറഞ്ഞ ഐശ്വര്യം പ്രദാനം ചെയ്യുന്നു.
അങ്ങനെയുള്ള, നന്മയുടെ, പരോപകാരത്തിന്റെ കരങ്ങളായി മാറാൻ നമുക്ക് സാധിക്കണം. ജീവിതത്തിൽ ഇത്രയും കാലത്തിനിടെ എത്ര മനുഷ്യരെ, എത്ര കൂട്ടായ്മകളെ, എവ്വിധമെല്ലാം സഹായിക്കാൻ സാധിച്ചു എന്നൊരു കണക്കെടുപ്പ് ഈ ഘട്ടത്തിൽ ഒരോരുത്തരും നടത്തുന്നത് നന്നാകും. ‘ഇസ’ങ്ങൾക്കെല്ലാമപ്പുറം മാനവികതയുടെ ഒരു ‘ഇസ’മുണ്ട്. ദാനധർമം എന്നത് മാനവികതയുടെ ഏറ്റവും മികച്ച പ്രതീകങ്ങളിലൊന്നാണ്. അതാണ് നമ്മെ നയിക്കേണ്ടത്. പുണ്യങ്ങളുടെ പൂക്കാലം വിരിയുന്നത് നമ്മളിൽതന്നെയാണ്. രണ്ടാം ലോക യുദ്ധകാലത്ത് നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട ആൻ ഫ്രാങ്ക് എന്ന ജർമൻ പെൺകുട്ടി തന്റെ വിശ്വപ്രസിദ്ധമായ ഡയറിക്കുറിപ്പിൽ ഇങ്ങനെ എഴുതി: ‘‘നൽകുന്നതുകൊണ്ട് ഇന്നുവരെ ആരും ദരിദ്രരായിട്ടില്ല.’’