വാഗ്ദാനങ്ങൾ ബി.ജെ.പിക്ക് ബാധ്യതയാകുമോ?
text_fieldsന്യൂഡൽഹി: ആം ആദ്മിയെ വീഴ്ത്താൻ മത്സരിച്ച് വാരിവിതറിയ വാഗ്ദാനങ്ങൾ ബി.ജെ.പിക്ക് ബാധ്യതയാകുമോ എന്നതാണ് തെരഞ്ഞെടുപ്പിനവസാനം ബാക്കിയാകുന്ന ചോദ്യം. 27 വർഷത്തിനിപ്പുറം ഡൽഹിയിൽ ബി.ജെ.പി അധികാരത്തിലെത്താനിരിക്കെ ഏറെ ശ്രമകരമായ ഈ വാഗ്ദാനങ്ങളിൽ പലതും എങ്ങനെ നടപ്പാകുമെന്നാണ് രാഷ്ട്രീയരംഗം ഉറ്റുനോക്കുന്നത്.
ഭരണം പിടിച്ചെങ്കിലും ബി.ജെ.പിയുടെ ഡബിൾ എൻജിൻ സർക്കാറിന് മുന്നോട്ടുള്ള പാത അത്ര സുഗമമാവില്ലെന്ന് വ്യക്തം. ആം ആദ്മി പാർട്ടി നടപ്പാക്കിയ ക്ഷേമപദ്ധതികളിൽ ഒന്നുപോലും റദ്ദാക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രിയടക്കമുള്ളവർ പ്രചാരണം നടത്തിയത്. മാസം 300 യൂനിറ്റ് സൗജന്യ വൈദ്യുതി, ഗ്യാസ് സിലിണ്ടറുകൾക്ക് 500 രൂപയുടെ സബ്സിഡി, സ്ത്രീകൾക്ക് മാസം 2,500 രൂപ ധനസഹായം, ഗർഭിണികൾക്ക് 21,000 രൂപയും ആറ് പോഷക കിറ്റുകളും, 60-70 വയസ്സുവരെയുള്ള മുതിർന്നവർക്ക് പ്രതിമാസം 2,500 രൂപ, 70 വയസ്സിന് മുകളിലുള്ളവർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രതിമാസം 3,000 രൂപ, ചേരികളിൽ അഞ്ചുരൂപക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്ന അടൽ കാന്റീനുകൾ എന്നിങ്ങനെ ആം ആദ്മിയെ കവച്ചുവെക്കാൻ ബി.ജെ.പിയിറക്കിയ വാഗ്ദാനങ്ങളേറെ.
ഇതിനെല്ലാം പുറമെ, ഡൽഹിയിലെ വായുമലിനീകരണത്തിന് ശാശ്വത പരിഹാരം കാണുമെന്നും മഴക്കാലത്തെ വെള്ളക്കെട്ട് പൂർണമായി പരിഹരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയുടെ പ്രകടന പത്രിക ‘വിക്സിത് സങ്കൽപ് പത്ര’ മോദിയുടെ ഗാരന്റി എന്ന നിലയിലായിരുന്നു പ്രചാരണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് വിദ്യാർഥികൾക്ക് 15,000 രൂപ ഗ്രാന്റ്, 50,000 സർക്കാർ ജോലിയൊഴിവുകൾ, ആയുഷ്മാൻ ഭാരതിലൂടെ അഞ്ചുലക്ഷം വരെ സൗജന്യ ചികിത്സ, കർഷകർക്ക് 9,000 രൂപ പ്രതിവർഷ സഹായം എന്നിങ്ങനെ നീളുന്നതാണ് ബി.ജെ.പിയുടെ പ്രകടനപത്രിക. ഖജനാവിനെ സാരമായി ബാധിച്ചേക്കാവുന്ന സൗജന്യ പദ്ധതികളിൽ പലതിനും പണം കണ്ടെത്തുന്നത് എങ്ങനെയെന്ന ചോദ്യവുമുണ്ട്.