സിനിമയിലെ പ്രണയവും ലവ് ജിഹാദോ
text_fieldsഹിന്ദു ജനജാഗൃതി സമിതി (എച്ച്.ജെ.എസ്) നിർമിച്ചെടുത്ത 'ലവ് ജിഹാദ്' ആഖ്യാനം മലയാള പത്രങ്ങൾ ഒരു സോഴ്സും തെളിവുമില്ലാതെ ഏറ്റുപിടിച്ചു. 2009 ഒക്ടോബര്‍ 15 ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ എച്ച്.ജെ.എസ് മുസ്ലിം യുവാക്കളെ 'ലൈംഗിക ചെന്നായ്ക്കളോട്' ഉപമിക്കുകയും കര്‍ണാടകയില്‍ 30,000 ത്തിലധികം സ്ത്രീകള്‍ ഇസ്ലാം സ്വീകരിച്ചതായി ആരോപിക്കുകയും ചെയ്തു. ഇതിനു പുറമെ വിവിധ ഭാഷകളില്‍ ലഭ്യമായ സംഘ്പരിവാറിെൻറ ലവ് ജിഹാദ് ലഘുലേഖയില്‍ ഒട്ടനവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ കാണാം.
സമൂഹത്തില്‍ സിനിമകളുടെ സ്വാധീനം തിരിച്ചറിഞ്ഞ പാകിസ്താൻ ചാര ഏജന്‍സിയായ ഐ.എസ്.ഐ 1990 മുതല്‍ അധോലോക ഡോണ്‍ ദാവൂദ് ഇബ്രാഹിം വഴി ലവ് ജിഹാദിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇന്ത്യൻ സിനിമ വ്യവസായത്തില്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങിയെന്നും മുസ്ലിം നായകനും ഹിന്ദു നായികയും ഉള്ള ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സിനിമാക്കാരെ നിര്‍ബന്ധിച്ചു എന്നും അതു പറയുന്നു. മുസ്ലിം നായകനും (ഉദാഹരണങ്ങള്‍ - ഇമ്രാന് ഹാശ്മി, സെയ്ഫ് അലി ഖാന്, ഫര്‍ദീന്‍ ഖാന്, സല്മാന് ഖാന്) ഹിന്ദു നായികയും തമ്മിലെ പ്രണയരംഗങ്ങള്‍ ഹിന്ദു പെണ്‍കുട്ടികളുടെ മനസ്സില്‍ പ്രണയത്തിെൻറ അനധികൃത വികാരങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂർവം കാണിക്കുന്നു എന്നും അവർ ആരോപിക്കുന്നു.
അതുകാണുന്ന ഹിന്ദു പെണ്‍കുട്ടികള്‍ അവരുടെ പ്രദേശത്തെ മുസ്ലിം യുവാക്കള്‍ക്കിടയില്‍ വെള്ളിത്തിരയിലെ നായകനെ തിരയാന്‍ ശ്രമിക്കുന്നുവത്രേ. തൽഫലമായി, ഹിന്ദു പെണ്‍കുട്ടികള്‍ക്ക് മുസ്ലിമുമായുള്ള ബന്ധത്തിലോ അവനെ വിവാഹം കഴിക്കുന്നതിലോ തെറ്റൊന്നും തോന്നുന്നില്ല എന്ന അവസ്ഥ ഉണ്ടാകുന്നു. ഇമ്മട്ടിലാണ് ഓരോ വ്യാഖ്യാനവും. കഥ ഹിന്ദു നായകനും മുസ്ലിം നായികയും തമ്മിലെ പ്രണയമാണെങ്കില്‍, ജിഹാദികൾ അതിനെ എതിര്‍ക്കാന്‍ ഒന്നിക്കുന്നുവെന്നും 'ബോംബെ' എന്ന സിനിമയില്‍ ഇതു സംഭവിച്ചു എന്നും അവർ പ്രചരിപ്പിച്ചു.
ഹൈകോടതി ഉത്തരവിനെ തുടർന്നുള്ള വിശദ അന്വേഷണത്തിനുശേഷം, കേരള പൊലീസ് പറഞ്ഞത്, ലവ് ജിഹാദിന് തെളിവുകളില്ലെന്നും രണ്ടു മലയാള പത്രങ്ങളും ഹിന്ദു ജനജാഗൃതി സമിതിയും അവകാശപ്പെടുന്നതുപോലെ 'റോമിയോ ജിഹാദ്' ഇല്ലെന്നുമാണ്.
കേരള ഹൈകോടതിയിലെ ജസ്റ്റിസ് എം. ശശിധരന് നമ്പ്യാര്‍ ലവ് ജിഹാദ് കേസിലെ അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പാക്കിയ ലവ് ജിഹാദ് നിയമത്തിലെ വ്യവസ്ഥകള്‍ എച്ച്.ജെ.എസിെൻറ ആവശ്യങ്ങള്‍ അതേപടി പകർത്തിെവച്ചു.
കേരളത്തിന് ലവ് ജിഹാദ് നിയമം
ഇക്കഴിഞ്ഞ കേരള നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ലവ് ജിഹാദ് വിഷയം രാഷ്ട്രീയ ചര്‍ച്ചയിലേക്ക് കുത്തിെവക്കാന് ബി.ജെ.പി നന്നായി ശ്രമിച്ചിരുന്നു.
ഹിന്ദു പെണ്‍കുട്ടികള്‍ വിവാഹത്താല്‍ വഞ്ചിക്കപ്പെട്ട് കഷ്ടപ്പെടുന്നത് കണ്ടതിനാലാണ് ലവ് ജിഹാദിനെ താൻ എതിർക്കുന്നതെന്നും ക്രിസ്ത്യന്‍ പെണ്‍കുട്ടികളും വിവാഹത്തില്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്നുമാണ് ബി.ജെ.പി ജയിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന് അവകാശപ്പെട്ട ഡല്‍ഹി മെട്രോ റെയില്‍ കോർപറേഷന് മുൻ എം.ഡി ഇ. ശ്രീധരന് എൻ.ഡി.ടി.വിയോട് പറഞ്ഞത്. എന്നെങ്കിലും അധികാരത്തില്‍ വന്നാല്‍ ലവ് ജിഹാദ് തടയാന്‍ പാര്‍ട്ടി നിയമം കൊണ്ടുവരുമെന്ന് കേരള സംസ്ഥാന ബി.ജെ.പി പ്രസിഡൻറ് കെ. സുരേന്ദ്രന് ഇപ്പോഴും ആവർത്തിക്കുന്നു.
ലവ് ജിഹാദ് എന്നത് മോശം ഉദ്ദേശ്യത്തോടെയുള്ള വ്യത്യസ്ത മതക്കാർ തമ്മിലെ പ്രണയങ്ങളാണെന്ന് കത്തോലിക്കാ സഭ പിന്നീട് വിശദീകരിച്ചു.
കേരള കത്തോലിക്കാ ബിഷപ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു- ''ലവ് ജിഹാദ് വിഷയത്തില്‍ ഒരു പ്രത്യേക സമുദായത്തെയും സഭ ലക്ഷ്യമിടുന്നില്ല. കേരളത്തിലെ മുസ്ലിംകളെ ഞങ്ങളുടെ സഹോദരങ്ങളായി ഞങ്ങള്‍ പരിഗണിക്കുന്നു, പക്ഷേ, ഒരു ചെറിയ വിഭാഗം മുസ്ലിംകൾ തീവ്രവാദത്തിലേക്ക് മാറുകയും ആഗോള ഇസ്ലാമുമായി നിരന്തര ബന്ധം തുടരുകയും ചെയ്യുന്ന കാര്യം നാം അവഗണിച്ചു കൂടാ. ലവ് ജിഹാദിെൻറ യഥാര്‍ഥ അപകടങ്ങള്‍ മതേതര പാര്‍ട്ടികള്‍ താമസിയാതെ മനസ്സിലാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു''.
എന്നാല്‍, ജോയൻറ് ക്രിസ്ത്യന്‍ കൗണ്‍സിൽ, അതിരൂപത നവീകരണ ഗ്രൂപ് എന്നീ പരിഷ്കരണവാദ വിഭാഗങ്ങൾ ഇത്തരം വ്യാഖ്യാനങ്ങളിൽനിന്ന് അകന്നുനിന്നു. ക്രിസ്ത്യന്‍ സ്ത്രീകളെ പരിവര്‍ത്തനം ചെയ്യിക്കാന്‍ കേരളത്തിലെ ഒരു മത-സാമൂഹിക സമൂഹത്തിലും അജണ്ട ഇല്ലെന്ന് അവർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ബി.ജെ.പി സര്‍ക്കാറിന് പിന്തുണയുമായി എത്തിയ കേരള കത്തോലിക്കാ ബിഷപ്സ് കൗണ്‍സിലിെൻറ നിലപാടുകൾ അങ്ങേയറ്റം പ്രതിലോമപരം ആയിരുന്നുവെന്നും ഈ ഗ്രൂപ്പുകൾ ഓർമിപ്പിക്കുന്നു.
കേരള ഓര്‍ത്തഡോക്സ് സഭയിലെ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ മെലേഷ്യസ് പറഞ്ഞത് ലവ് ജിഹാദ് വിഷയം അർഥശൂന്യമാണെന്നും ഗൂഢലക്ഷ്യങ്ങളുള്ള ആളുകള്‍ ഉന്നയിച്ചതാണെന്നുമാണ്. ''ലവ് ജിഹാദ് വിവാദത്തിനു പിന്നില്‍ മതപരമോ സാമൂഹികമോ ആയ ആശങ്കകളൊന്നുമില്ല, ഇതു 100 ശതമാനം രാഷ്ട്രീയമാണ്''- അദ്ദേഹം പറഞ്ഞു. യുവതി-യുവാക്കള്‍ക്ക് സ്വതന്ത്രമായി കണ്ടുമുട്ടാനും ഒന്നിക്കാനും കൂടുതല്‍ അവസരങ്ങള്‍ ഉള്ളതിനാല്‍ വ്യത്യസ്ത മതങ്ങള്‍ തമ്മിലെ വിവാഹങ്ങള്‍ സാധാരണമാണെന്നും അതില്‍ തെറ്റൊന്നുമില്ലെന്നും ബിഷപ് മെലേഷ്യസ് കൂട്ടിചേർത്തു.
ചോയ്സ്, പുരുഷാധിപത്യം, സ്വേച്ഛാധിപത്യ രാഷ്ട്രീയം
യുവജനങ്ങളുടെ ഒന്നിക്കലിനപ്പുറം, ലവ് ജിഹാദ് കൂടുതല്‍ പ്രശ്നമാകുന്നതിനുള്ള കാരണം സാമൂഹിക യാഥാർഥ്യങ്ങളോടുള്ള യാഥാസ്ഥിതിക പ്രതികരണമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീകളുടെ ജീവിതവും ശരീരവും സംബന്ധിച്ച വ്യവസ്ഥാപിത പുരുഷാധിപത്യ സമീപന രീതിയുടെ തുടര്‍ച്ചയാണിതെന്നും നിരീക്ഷകര്‍ പറയുന്നു.
മതാതീത വിവാഹങ്ങൾ സംബന്ധിച്ച ആശങ്കകള്‍ എല്ലാ സമുദായങ്ങളിലും വ്യാപിച്ചുകിടക്കുന്നതായി പൊലീസ് േഡറ്റ സൂചിപ്പിക്കുന്നു. 2015 സെപ്റ്റംബറില്‍, കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത ലവ് ജിഹാദിെൻറ 78 പരാതികളില്‍, 35 കേസുകള്‍ ഹിന്ദു മാതാപിതാക്കളും, 31 മുസ്ലിം മാതാപിതാക്കളും 12 ക്രിസ്ത്യന്‍ മാതാപിതാക്കളും നല്കിയവയായിരുന്നു എന്ന് 2019 സെപ്റ്റംബറില്‍ 'ദി വീക്ക്' റിപ്പോര്‍ട്ട് ചെയ്തു.
'അടിസ്ഥാനപരമായി, മതങ്ങള്‍ക്കതീതമായ വിവാഹങ്ങള്‍ പ്രായപൂര്‍ത്തിയായവരുടെ പൂർണ സമ്മതത്തോടെയുള്ള വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണ്'- എഴുത്തുകാരിയും അക്കാദമിക്കുമായ ജെ.ദേവിക പറയുന്നു. 'ഒരു സ്ത്രീയും അവളുടെ കുടുംബത്തിെൻറ സ്വത്തല്ല. ജീവിതത്തില്‍ എന്താണ് നല്ലതെന്ന് തീരുമാനിക്കാനുള്ള എല്ലാ അവകാശങ്ങളും അവൾക്കുണ്ട്.'
എഴുത്തുകാരിയും മുതിര്‍ന്ന അഭിഭാഷകയുമായ നന്ദിത ഹക്സര്‍ പറഞ്ഞത്: ലവ് ജിഹാദ് സംബന്ധിച്ച സമീപകാല വിവാദങ്ങൾ സ്ത്രീകളുടെ വ്യക്തിപരമായ അവകാശങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിെൻറയും പ്രശ്നങ്ങളില്‍ മാത്രമായി പരിമിതപ്പെടുന്നില്ല എന്നാണ്. മതേതര പ്രണയങ്ങൾ പാരമ്പര്യത്തിെൻറയും കുടുംബത്തിെൻറയും മതത്തിെൻറയും നിയന്ത്രണത്തിനെതിരായ ഒരു കലാപമാണ്.
ചരിത്രകാരിയും അശോക സര്‍വകലാശാലയിലെ പ്രഫസറുമായ അപര്‍ണ വൈദിക്, ലവ് ജിഹാദിനെ ജാതിശ്രേണിയുടെ പരിപാലനവുമായി ബന്ധപ്പെടുത്തി. കേരളത്തിലെ 2.01ശതമാനം വിവാഹങ്ങളും മതാചാരങ്ങൾ ഇല്ലാതെ നടക്കുന്നവയാണെന്നും മതം നിത്യജീവിതത്തിൽ ഇടപെടുന്ന അവസ്ഥ ഇല്ലാതാക്കുകയാണ് വേണ്ടതെന്നും മലയാള എഴുത്തുകാരനും സാമൂഹിക നിരൂപകനുമായ എം.എന്‍. കാരശ്ശേരി ചൂണ്ടിക്കാട്ടുന്നു.
അവസാനമായി പറയാനുള്ളത്: 2021 ഫെബ്രുവരി 13ന് ഹാദിയയുടെ മാതാപിതാക്കളായ പൊന്നമ്മയും അശോകനും മലപ്പുറത്തെ ഒതുക്കുങ്ങലിൽ ഹോമിയോ ക്ലിനിക് നടത്തുന്ന മകളെ സന്ദര്‍ശിക്കുന്ന ചിത്രം ആഗോളതലത്തില്‍ മലയാളികളുടെ സോഷ്യല്‍ മീഡിയ സര്‍ക്കിളുകളില്‍ വൈറലായിരുന്നു. ഇസ്ലാമിക വസ്ത്രം ധരിച്ച മകൾ മാതാപിതാക്കൾക്കൊപ്പം സ്നേഹത്തോടെ ചേർന്നുനിൽക്കുന്ന ഒരു സെൽഫി ആയിരുന്നു അത്.
(അവസാനിച്ചു)
വിവർത്തനം: ഭവപ്രിയ ജെ.യു