എമ്പുരാന്‍: പ്രതിനിധാനത്തിന്റെ പ്രതിസന്ധികള്‍
text_fieldsഹിന്ദുത്വ ഹിംസയുടെ വിമർശനമായി മനസ്സിലാക്കപ്പെടുന്ന ‘L2: എമ്പുരാൻ’ ഗുജറാത്ത് കലാപത്തിന്‍റെ അക്രമ യാഥാർഥ്യങ്ങളെ തുറന്നുകാട്ടാൻ ധീരമായി ശ്രമിച്ചിട്ടുണ്ട്. മുസ് ലിംകൾക്കെതിരെ ഗുജറാത്തിലുണ്ടായ ക്രൂരതയിലേക്കും വ്യാപകമായ അക്രമത്തിലേക്കും പൊതുസമൂഹത്തിന്റെ ഓർമകള്‍ വീണ്ടെടുക്കുന്ന സിനിമ, അതിന്‍റെ ആഖ്യാന നിര്‍വഹണത്തില്‍ സവിശേഷമായൊരു ഹിന്ദുത്വ വിരുദ്ധ പ്രസ്താവനയായി നിലകൊള്ളുന്നു എന്നതില്‍ തര്‍ക്കമില്ല.
പൊള്ളയായ ഹിന്ദുത്വ വിരുദ്ധ വാചാടോപം ആഘോഷിക്കപ്പെടുകയും എന്നാല്‍, രാഷ്ട്രീയ പൊതുമണ്ഡലം പലപ്പോഴും ഹിന്ദുത്വ ശാഠ്യങ്ങള്‍ക്ക് നിരുപാധികം വഴങ്ങി ‘ഹിന്ദുത്വ വളര്‍ച്ചക്ക് വഴിമരുന്നിടാതെ’ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു എന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്ന കേരളത്തില്‍ ഈ സിനിമയുടെ സൂക്ഷ്മമായ വിശകലനം മറ്റനേകം അടരുകള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ് എന്ന കാര്യം ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നില്ല. പുറമേക്ക് വ്യക്തമായൊരു രാഷ്ട്രീയ പ്രസ്താവന ഉണ്ടായിരുന്നിട്ടും ഈ സിനിമ, പ്രതിരോധം, മതേതരത്വം, ഹിന്ദുത്വ വിരുദ്ധത എന്നിവയുടെ വളരെ പ്രശ്നഭരിതമായ ചിത്രീകരണമാണ് അവതരിപ്പിക്കുന്നത് എന്നത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
സിനിമയുടെ സത്യസന്ധത
എമ്പുരാന്‍റെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് തീര്‍ച്ചയായും ഗുജറാത്ത് കലാപത്തിന്‍റെ ശക്തമായ പ്രതിനിധാനമാണ് എന്ന കാര്യത്തില്‍ സംശയമില്ല. 2002ലെ വർഗീയ കൂട്ടക്കൊലക്കൊപ്പമുണ്ടായ കൊടുംഭീകരത, നാശം, സ്ത്രീ-ശിശുഹിംസകള്‍ എന്നിവയെ സിനിമ വ്യക്തമായി ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍, സിനിമയിലെ ഏറ്റവും ശരിയായ രാഷ്ട്രീയ പ്രതിനിധാനം ഗോധ്ര സംഭവത്തെക്കുറിച്ചാണ്. ഗുജറാത്ത് അക്രമത്തിന്‍റെ കാരണം ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവമാണ് എന്നു കൃത്യമായി സിനിമ പറയുന്നില്ല എന്നതാണ് പരിവാറിന്‍റെ മുഖ്യ ആരോപണം.
ഗോധ്ര സംഭവത്തിന്‍റെ കാരണങ്ങളെക്കുറിച്ച് ഒരു നിർണായക നിലപാട് സ്വീകരിക്കുന്നത് ഒഴിവാക്കിക്കൊണ്ട്, അത് അവ്യക്തമായ വെറും പശ്ചാത്തലമായി വിടാനുള്ള സിനിമയുടെ തീരുമാനം ശരിയായ നീക്കമായിരുന്നു. പ്രസ്തുത സംഭവം ഊഹാപോഹങ്ങൾക്കും വിവാദങ്ങൾക്കും വിഷയമായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു നീക്കമാണത്. കൊലക്കും കൊള്ളക്കുമുള്ള ന്യായീകരണമായി ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞർ ഉപയോഗിച്ച ഗോധ്ര സംഭവം, സിനിമയിൽ അപ്രസക്തമോ അവ്യക്തമോ ആയി തള്ളിക്കളയപ്പെടുന്നതാണ് സംഘ്പരിവാറിന്റെ രോഷത്തിന് കാരണമാകുന്നത്. അത്രത്തോളം സിനിമ രാഷ്ട്രീയമായി വിജയിച്ചിട്ടുണ്ട്.
എന്നാല്‍, ഇതിനപ്പുറത്ത് ലൂസിഫര്‍ ട്രിലോളജിയിലെ രണ്ടാം ഭാഗമായ എമ്പുരാന്‍ മുന്നോട്ടുവെക്കുന്ന ചില പ്രതിനിധാനങ്ങള്‍ അങ്ങേയറ്റം പ്രശ്നഭരിതമാണ്. സിനിമ കാണുന്ന ഏതൊരാള്‍ക്കും വളരെവേഗം വ്യക്തമാവുന്ന ഒരു കാര്യമുണ്ട്-ഈ സിനിമക്ക് ലൂസിഫര്‍ എന്ന സിനിമയുമായി ഒരു ബന്ധവുമില്ല എന്നതാണത്. ഐ.യു.എഫിലെ ആഭ്യന്തര പ്രശ്നങ്ങള്‍ സ്റ്റീഫന്‍ നെടുംപള്ളി പരിഹരിക്കുന്നതോ ആര്‍.പി.എമ്മുകാര്‍ അവരുടെ നേതാവിനെ വാഴ്ത്തി തിരുവാതിര കളിക്കുന്നതോ അല്ല സിനിമയുടെ കേന്ദ്ര പ്രമേയം. സിനിമയുടെ മുഖ്യവ്യവഹാരം ഊന്നുന്നത് ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്തവരെ അന്നതില്‍നിന്ന് രക്ഷപ്പെട്ട ഒരു ബാലന്‍ സായുധനായി, അന്താരാഷ്ട്ര തലത്തില്‍ പരിശീലനംനേടി, തിരികെവന്നു വകവരുത്തുന്നതാണ്. ഇത്തരമൊരു ‘ഗുജറാത്ത് സ്റ്റോറി’യിലാണ്, അതിന്‍റെ പ്രതിനിധാനത്തിലാണ്, പ്രത്യയശാസ്ത്രപരമായ അപകടം പതിയിരിക്കുന്നത്.
പ്രതിനിധാനത്തിന്റെ നൈതിക പ്രശ്നങ്ങള്‍
ഗുജറാത്ത് കലാപത്തിനെതിരെയുള്ള ഇന്ത്യന്‍ സിവില്‍സമൂഹ പ്രതിരോധത്തിന്‍റെ ചരിത്രത്തെ, സാമ്രാജ്യത്വ നിർമിത ആഗോള രാഷ്ട്രീയത്തിലേക്ക് വിളക്കിച്ചേര്‍ക്കാനുള്ള ശ്രമമാണ് സിനിമ നടത്തുന്നത്. ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയം ഇന്ത്യയില്‍ അഹിംസാത്മകവും സിവില്‍ സമൂഹാധിഷ്ഠിതവും ജനാധിപത്യപരവുമാണ്.
സോവിയറ്റ് യൂനിയന്‍റെ തകര്‍ച്ചക്കുശേഷം അമേരിക്ക മുന്‍കൈയെടുത്തു നടപ്പില്‍വരുത്തിയ സാമുവല്‍ ഹണ്ടിങ്ടണിന്‍റെ‘സംസ്കാരങ്ങളുടെ സംഘര്‍ഷം’ എന്ന ഇസ്ലാമോഫോബിക് സാമ്രാജ്യത്വ നയത്തിന്‍റെ ഭാഗമല്ല ഇന്ത്യയിലെ പ്രതിരോധ രാഷ്ട്രീയം. അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുത്വ ശക്തികളാണ്. ആ കെണിയിലേക്ക് നിസ്സാരമായി നടന്നുകയറുകയാണ് സിനിമ ചെയ്യുന്നത്.
‘കേരള സ്റ്റോറി’ വ്യാജമാണെന്ന് പറയുന്നവര്‍തന്നെ ആലോചനാരഹിതമായി ആഘോഷിക്കുന്നത്,‘ആഗോള ടെററിസ’ത്തിനുള്ള ഇന്ത്യയുടെ സംഭാവനയാണ് സയദ് മസൂദ് എന്ന സിനിമയുടെ മുഖ്യ നരേറ്റിവിനെയാണ്. ഉദ്ദേശിക്കപ്പെടാത്തതാവാം ഇതെന്ന സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. പക്ഷേ, ഉപരിപ്ലവമായ ചിത്രീകരണമാണ് എപ്പോഴും പൊതുമണ്ഡലം ആഗ്രഹിക്കുന്നത്. തങ്ങളെ തുറന്നുകാട്ടുന്നു എന്നതിനാല്‍ സിനിമയെ പാടേ നിഷേധിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനു തല്‍ക്കാലം ഇതില്‍ തൃപ്തി വരുന്നുണ്ടാവില്ല. എന്നാല്‍, എമ്പുരാന്‍ സിനിമയുടെ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തിന്‍റെ പുറമേ കാണുന്ന പ്രതിനിധാനങ്ങള്‍ പുരോഗമന മണ്ഡലത്തില്‍ പരക്കെ സ്വീകരിക്കപ്പെട്ടു. ഞാനതില്‍ തെറ്റ് കാണുന്നില്ല. കാരണം, മറുവശത്ത്, ഓര്‍ഗനൈസറില്‍ത്തന്നെ വിമര്‍ശന ലേഖനങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെടുകയും പ്രതികാര നടപടികള്‍ക്കായുള്ള മുറവിളികളും അതിലേക്കുള്ള ഔദ്യോഗികമായ ആദ്യ ചുവടുവെപ്പുകളും ഇതിനകം ഉണ്ടായിക്കഴിയുകയും ചെയ്തിരിക്കുന്നു. സിനിമയുടെ ചില ഭാഗങ്ങള്‍ മുറിച്ചുമാറ്റേണ്ട സാഹചര്യമുണ്ടായി. സിനിമക്കൊപ്പം നില്‍ക്കുക എന്നത് ഈ ഘട്ടത്തിലെ ശരിയായ രാഷ്ട്രീയമാണ്.
പക്ഷേ, സിനിമ വിസ്മരിക്കുന്ന ഒരു യാഥാർഥ്യമുണ്ട്-ഇന്ത്യയിലെ ഇസ്‍ലാമിക രാഷ്ട്രീയത്തിനോ ഹിന്ദുത്വ വിരുദ്ധ സിവില്‍സമൂഹ പ്രതിരോധത്തിനോ ഹിംസാത്മകമായ യാതൊരു അജണ്ടകളുമില്ല. അതിന് അന്താരാഷ്ട്ര അധോലോക ബന്ധങ്ങളില്ല. വ്യക്തികളെ ഉന്മൂലനംചെയ്ത് പ്രത്യയശാസ്ത്രങ്ങളെ ഇല്ലാതാക്കാം എന്ന വ്യാജ വിചാരമില്ല. അതിനായുള്ള ഗൂഢാലോചനകളോ പദ്ധതികളോ ഇല്ല. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കുള്ള നീതിയാണെങ്കിലും, പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭമാണെങ്കിലും, വഖഫ് ഭേദഗതികള്‍ക്കെതിരെയുള്ള സമരമാണെങ്കിലും, ബാബരി പള്ളി പൊളിച്ചതിനെതിരെയുള്ള പ്രതിഷേധമാണെങ്കിലും ജനാധിപത്യപരമായ കാഴ്ചപ്പാടുകളില്‍ അധിഷ്ഠിതമായ പോരാട്ടങ്ങളും നിയമവാഴ്ചയിലും നിയമസംവിധാനങ്ങളിലും വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ഇസ്‍ലാമിക സംഘടനകളും മറ്റുള്ളവരും ഇന്ത്യയില്‍ സ്വീകരിച്ചിട്ടുള്ളത്.
ഹിന്ദുത്വ വിരുദ്ധ പ്രതിഷേധങ്ങൾക്ക് അന്താരാഷ്ട്രബന്ധവും സാങ്കൽപിക തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും ആരോപിച്ച് അത്തരം പ്രതിരോധ ശ്രമങ്ങളെ അപകീർത്തിപ്പെടുത്തുന്നത് വളരെക്കാലമായി ഹിന്ദുത്വത്തിന്‍റെ പ്രിയപ്പെട്ട പദ്ധതിയാണ്. ആ വ്യവഹാരത്തിന്‍റെ മുനകൂര്‍പ്പിക്കുന്ന പ്രതിനിധാനമാണ് സയദ് മസൂദ് എന്ന കഥാപാത്ര നിർമിതി നിര്‍വഹിക്കുന്നത്. സിനിമയുടെ പൊതുവായ രാഷ്ട്രീയം സ്വീകരിക്കുമ്പോഴും ഹിന്ദുത്വം സൃഷ്ടിക്കുന്ന പൊതുബോധത്തിനു വഴങ്ങിക്കൊടുക്കുന്ന മലയാളി പുരോഗമന മനസ്സാണ് ഇതിന്‍റെ അബോധത്തിലും പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതി സമരത്തില്‍ പങ്കെടുക്കുന്ന മുസ്‍ലിം നാമധാരിക്കുപോലും തീവ്രവാദച്ചാപ്പ ചാര്‍ത്തിക്കൊടുക്കുന്ന കേരളത്തില്‍ ഇതിലെ അപകടം മനസ്സിലാക്കപ്പെടുകയില്ലെന്ന യാഥാർഥ്യമാണ് ഈ പ്രതിനിധാനത്തെ എമ്പുരാന്‍ വ്യവഹാരങ്ങളില്‍ അദൃശ്യമാക്കി നിര്‍ത്തുന്നത്.
പ്രതികാരവും പ്രതിരോധവും
‘ജനപ്രിയ’ സിനിമയിലെ പരിചിതമായ ഒരു ട്രോപ്-ഏതെങ്കിലും കടുത്ത അക്രമത്തിൽനിന്ന് ഒറ്റക്ക് രക്ഷപ്പെടുന്ന നായകൻ വർഷങ്ങൾക്കുശേഷം താൻ കണ്ട ക്രൂരതകളുടെ, അനീതിയുടെ ഉത്തരവാദികളോട് പ്രതികാരംചെയ്യാൻ തിരിച്ചെത്തുന്ന സര്‍വസാധാരണമായ പ്രതികാരകഥ- ഇതിലുണ്ട് എന്നത് ഗതാനുഗതികത്വം മാത്രമാണ് എന്ന് തള്ളിക്കളയാന്‍ കഴിയും. കൂട്ടക്കൊലക്കും ബലാത്സംഗത്തിനും ഉത്തരവാദികളായ വ്യക്തികളോടുള്ള അയാളുടെ വ്യക്തിപരമായ പ്രതികാരം ഇതിവൃത്തത്തിന്‍റെ കേന്ദ്ര പ്രേരകശക്തിയായി മാറുന്നതിനാല്‍ അതില്‍ ജനപ്രിയതയുടെ സ്ഥാപിതതന്ത്രമാണ് സംവിധായകന്‍ ഉപയോഗിക്കുന്നത്. എന്നാല്‍, പാകിസ്താനിലെ ഒരു തീവ്രവാദി ക്യാമ്പില്‍ നായകന്‍ പങ്കെടുത്തതിന്‍റെ പൂര്‍വാഖ്യാനവും, അയാള്‍ പിന്നീട് മാധ്യമ നിർമിതികളില്‍ കാണുന്നതുപോലെ ടെററിസ്റ്റ് പരിശീലനങ്ങളുള്ള അന്താരാഷ്ട്ര അധോലോകത്തിന്‍റെ ഭാഗമായി തിരിച്ചുവരുന്നതുമായ പശ്ചാത്തലവും ഇന്ത്യയിലെയും ആഗോളതലത്തിലെയും ഇസ്‍ലാമിക രാഷ്ട്രീയത്തെക്കുറിച്ചുള്ള ഇസ്‍ലാമോഫോബിക് ആഖ്യാനങ്ങളുടെ വികലമായ തുടര്‍ച്ചയാണ്.
അപകടകരമായ ഈ ഫ്രെയിമിങ്, ‘ആഗോള ജിഹാദി’ന്‍റെയും ഹിന്ദുത്വ വിരുദ്ധ സമീപനങ്ങളെ അന്താരാഷ്ട്ര ഭീകരതയുമായി ബന്ധിപ്പിക്കുന്നതിന്‍റെയും വ്യാപ്തിയിലേക്ക് അനായാസം കടന്നുചെല്ലുന്നതാണ്. അതിർത്തികൾക്കപ്പുറത്തേക്ക് പ്രവർത്തിക്കുന്നതും അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധമുള്ളതുമായ ഒരു ക്രിമിനൽ സംഘവുമായി നായകന്‍റെ ദൗത്യത്തെ വിന്യസിക്കുന്നതിലൂടെ, ഹിന്ദുത്വത്തിനെതിരായ പോരാട്ടം അനിവാര്യമായും ആഗോള ഭീകരതയുമായി സമന്വയിച്ചിരിക്കുന്നു എന്ന ആശയം പരോക്ഷമായും, ചിലപ്പോള്‍ പ്രത്യക്ഷമായിത്തന്നെയും സിനിമ അവതരിപ്പിക്കുന്നു.
ഇന്ത്യയിലെ സിവില്‍ സമൂഹത്തിനുള്ളില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളാണ്, ഇന്ത്യന്‍ ഫാഷിസത്തിനെതിരെയുള്ള പ്രതിരോധങ്ങളുടെ ആരൂഢം. അതിനെ ചെറുക്കാന്‍ ആരും വൈദേശിക പരിശീലനംനേടി വരേണ്ടതില്ല. പൗരത്വ നിയമവും മറ്റനേകം ഇടപെടലുകളും ഇന്ത്യന്‍ പ്രതിപക്ഷം ചെറുത്തതിന്‍റെകൂടി പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വഖഫ് നിയമം പാസാക്കാന്‍ ഭരണപക്ഷം വിയര്‍പ്പൊഴുക്കേണ്ടിവന്ന ആള്‍ബലം പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് തിരിച്ചുകിട്ടിയത്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികള്‍ക്കുമൊപ്പം നിലയുറപ്പിച്ചതിന്‍റെ ഫലമായാണ് പത്തുവര്‍ഷങ്ങള്‍കൊണ്ട് ഈ മാറ്റമുണ്ടായത്. സിനിമ ഹിന്ദുത്വ ഭീകരതക്കെതിരെയുള്ള പ്രതിരോധത്തെ വൈയക്തിക പ്രതികാരമായും, അവ്യക്തമായ ഏതോ അജ്ഞാത ആഗോള തീവ്രവാദത്തിന്‍റെ കണ്ണിയായും അവതരിപ്പിക്കുമ്പോള്‍ ഹിന്ദുത്വത്തെക്കുറിച്ചുള്ള അതിന്‍റെ ധീരമായ വിമർശനത്തെത്തന്നെയാണ് സ്വയം ദുർബലപ്പെടുത്തുന്നത്.
എമ്പുരാനിൽ ഹിന്ദുത്വത്തോടുള്ള എതിർപ്പ്, ആഗോള ഭീകരതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുനരുൽപാദിപ്പിക്കുന്ന ഒരു പ്രതി-ഹിംസയായി ചുരുങ്ങുകയും അങ്ങനെ ഈ പ്രതിനിധാനംതന്നെ ഒരു ദീര്‍ഘകാല രാഷ്ട്രീയബാധ്യതയായി മാറുകയും ചെയ്യുന്നു. പ്രതികാരമല്ല പ്രതിരോധം എന്നതുപോലെ, കലയിലെ രാഷ്ട്രീയവും സ്ഥൂലമല്ല, സൂക്ഷ്മമാണ്.