പൊതുകാഴ്ചയിൽ നിന്ന് വിട്ടകന്ന അരികുനോട്ടം
text_fieldsഒരു ജാതി പിള്ളേരിഷ്ടാ സിനിമയുടെ പോസ്റ്റർ
രണ്ടാം നരേന്ദ്ര മോദി സർക്കാറിൽ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന താവർചന്ദ് ഗഹ് ലോട്ട് 2019 ജനുവരി ഏഴിന് പുത്തൻ സാമ്പത്തിക സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ പൗരരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരുമായി മത്സരിക്കാൻ കഴിയാത്തതിനാൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുമേഖലയിലെ തസ്തികകളിലും അവർക്ക് നിയമനം കിട്ടാനുള്ള അവസരത്തിന് വേണ്ടിയാണ് പ്രസ്തുത ബിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 15ലെ 4 വകുപ്പും അനുച്ഛേദം 16ലെ 4 വകുപ്പും അനുസരിച്ചുള്ള സാമുദായിക സംവരണത്തിന്റെ പരിധിയിൽ ഈ വിഭാഗങ്ങൾ വരികയില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഭരണഘടനയുടെ 103-ആം ഭേദഗതിയിലൂടെയാണ് അത് അവതരിപ്പിച്ചത്.
ജനുവരി ഒമ്പതിന് ബിൽ പാർലമെന്റിൽ വോട്ടിനിട്ടപ്പോൾ മുസ്‍ലിംലീഗിലെ രണ്ട് എം.പിമാരും ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ എം.പി അസദുദ്ദീൻ ഉവൈസിയും മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. ഡി.എം.കെയുടെ എം.പി തമ്പിദുരൈ തന്റെ എതിർപ്പ് അറിയിച്ചുകൊണ്ട് ശക്തമായൊരു പ്രസംഗം നടത്തി സഭ വിട്ടിറങ്ങിപ്പോയി. രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ ഏഴുപേരാണ് എതിർപ്പ് രേഖപ്പെടുത്തിയത്. അതിനുശേഷം അതിദ്രുതം രാഷ്ട്രപതിയുടെ അടുത്തെത്തിച്ച ബില്ലിന് ജനുവരി 12ന് അംഗീകാരം ലഭിച്ചു. തുടർന്ന് 14ന് 103ാം ഭരണഘടന ആക്ടായി EWS (Economically weaker section) പ്രാബല്യത്തിൽ വന്നു.
ഈ നിയമം നിലവിൽ വന്നതോടെ, നരേന്ദ്ര മോദി സർക്കാറിന്റെ വലിയൊരു നേട്ടമായി അതിനെ ചിത്രീകരിച്ചുകൊണ്ട് വിചിത്രമായൊരു പരസ്യം ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ പേരിൽ പ്രമുഖ ദേശീയ-പ്രാദേശിക ചാനലുകളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുകയുണ്ടായി.
പരസ്യമിതാണ്, ഒരച്ഛനും മകനും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യൻ പടിഞ്ഞാറ് ഉദിക്കുമോ, പ്രകൃതി പ്രതിഭാസങ്ങളെ മാറ്റാൻ കഴിയുമോ എന്ന് അച്ഛൻ മകനോട് ചോദിക്കുന്നു. അസംഭവ്യമെന്ന് കരുതപ്പെട്ടിരുന്ന, പ്രകൃതി പ്രതിഭാസംപോലെ ശാശ്വതമെന്ന് വിശ്വസിക്കപ്പെട്ട ഒരു കാര്യത്തെ നരേന്ദ്ര മോദി സർക്കാർ മാറ്റിയതായും അതാണ് സാമ്പത്തിക സംവരണ നിയമമെന്നും മകൻ പറയുന്നു.
ബെൽ ഹുക്സ്, ഡി.ഡബ്ല്യു. ഗ്രിഫിത്ത്
യഥാർഥത്തിൽ, സാമുദായിക സംവരണമെന്ന ഭരണഘടനാപരമായ സാമൂഹിക നീതി സംവിധാനത്തോടുള്ള ഉപരിവർഗ ശത്രുതക്ക് പ്രഹേളികയുടെ മാനം കൽപിച്ചുകൊണ്ടുള്ള ഒരു മെറ്റ (അതീത) ഭാഷണമാണ് ഈ പരസ്യം. മാറ്റമില്ലാത്ത പ്രകൃതി പ്രതിഭാസം പോലെ തുടർന്നുപോന്നിരുന്ന സാമുദായിക സംവരണത്തെ ഉടച്ചുകളഞ്ഞ നരേന്ദ്ര മോദി സർക്കാറിന്റെ സാമ്പത്തിക സംവരണം എന്ന രൂപകം, തീർച്ചയായും പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തിലെ ചില വിഭാഗങ്ങളുടെ വോട്ടുകൾ അനുകൂലമാക്കാൻ നടത്തിയ തന്ത്രപരമായ നീക്കം മാത്രമല്ലെന്ന് ഈ പരസ്യത്തിന്റെ പ്രഹേളിക സ്വഭാവവും അതീവ ഭാഷണപരതയും വെളിപ്പെടുത്തുന്നു.
അതായത്, ഇന്ത്യയിലെ പൗരരിലെ ദരിദ്രർക്ക് ഒരു പരിരക്ഷ വ്യവസ്ഥ നൽകുക എന്നതിനപ്പുറം കീഴാളരുടെ സാമൂഹിക നീതിയുടെ സൂചകമായ സാമുദായിക സംവരണത്തെ അട്ടിമറിക്കുക, സമീപ ഭൂതകാലത്തിൽ അതിനെ തിരോഭവിപ്പിക്കുക എന്ന സവർണ ഒളിഗാർക്കിയുടെ ആഗ്രഹം പൂർത്തീകരിക്കാനുള്ള ഒരു ചുവടുവെപ്പായാണ് സാമ്പത്തിക സംവരണത്തെ അവർ കാണുന്നതെന്ന് സാരം.
ഇന്ത്യയിലെ ജാതിവ്യവസ്ഥയും മറ്റുതരത്തിലുള്ള സാമൂഹിക അസമാനതകളും മൂലം ഉണ്ടായിട്ടുള്ള ചരിത്ര വസ്തുതകളെ അംഗീകരിക്കാൻ കൂട്ടാക്കാത്ത ഭരണവർഗത്തെ സംബന്ധിച്ച് ഒരു വിഷമ പ്രശ്നമാണ് അല്ലെങ്കിൽ പ്രതികാരയുക്തിയാണ് സാമുദായിക സംവരണമെന്നാണ് ഡോ. ബി.ആർ. അംബേദ്കർ വിലയിരുത്തിയിട്ടുള്ളത്. അനേകം സംവരണ വിരുദ്ധ കലാപങ്ങൾ നടത്തിയിട്ടും സാമൂഹിക നീതി നടപ്പാക്കുന്നതിൽ ഒട്ടേറെ അട്ടിമറികൾ സംഭവിപ്പിച്ചിട്ടും അവർക്ക് മേൽപറഞ്ഞ സംവിധാനത്തെ പാടെ തുടച്ചുനീക്കാൻ കഴിയാത്തതിന് കാരണം, ഇന്ത്യയിലെ രാഷ്ട്രീയ -സാമൂഹിക മേഖലയിൽ കീഴാളരുടെ സജീവ സാന്നിധ്യം നിലനിൽക്കുന്നത് മൂലവും സംവരണത്തിന് ഭരണഘടന പരിരക്ഷയുള്ളതിനാലുമാണ്. ഈ തടസ്സത്തെ മറികടക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ‘ദരിദ്രർ’ എന്ന പൊതുവിന്റെ പേര് പറഞ്ഞുകൊണ്ട് സംവരണവ്യവസ്ഥയുടെ സാമൂഹിക മാനങ്ങളുടെ മേലുള്ള അട്ടിമറികൾ.
പിൽക്കാലത്ത് ഇന്ത്യയുടെ കേന്ദ്രഭരണം കൈയാളുന്നതിലേക്ക് സംഘ്പരിവാറിന് പ്രാപ്തി നൽകിയ മുസ്‍ലിം വംശഹത്യക്ക് വേദിയായ ഗുജറാത്തിലാണ് ആദ്യത്തെ സംവരണ വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടതെന്നത് യാദൃച് ഛികമല്ല. ഇതിനർഥം, ഇന്ത്യയിലെ ഫാഷിസത്തിന്റെ അടിവേരുകൾ ആഴ്ന്നു കിടക്കുന്നത് സാമൂഹിക സംവരണ വിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലുമാണെന്നതാണ്.
ഡോ. ഒ.കെ. സന്തോഷ് എഴുതുന്നു.- ‘1990കളോടെ ഇന്ത്യയിലെ സംവരണ വിരുദ്ധ വികാരവും പ്രക്ഷോഭങ്ങളും കൂടുതൽ അക്രമാസക്തമായ നിലയിലേക്ക് പരിവർത്തനപ്പെടുന്നതായി കാണാം. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യയിലെ രാഷ്ട്രീയ ഘടനയിലുണ്ടായ പൊളിച്ചെഴുത്താണ്. മുഖ്യധാര രാഷ്ട്രീയ പാർട്ടികളിൽനിന്ന് വ്യത്യസ്തമായി ഉത്തർപ്രദേശ്, ബിഹാർപോലുള്ള വലിയ സംസ്ഥാനങ്ങളിൽ പിന്നാക്ക-ദലിത് പ്രാമുഖ്യമുള്ള രാഷ്ട്രീയ കക്ഷികൾ അധികാരത്തിലേറുകയും അതിലൂടെ പാർലമെൻററി തലത്തിലുള്ള ഹിന്ദു മേൽജാതി പ്രാമുഖ്യം കുറയുകയും ചെയ്തു. അക്കാലത്ത് തന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയം അക്രമാസക്തമായ നിലയിലേക്ക് വ്യാപിപ്പിക്കാനുള്ള സംഘ്പരിവാർ ശ്രമം തീവ്രമായതെന്ന് കാണേണ്ടതുണ്ട്. ഇതിനൊപ്പം മണ്ഡൽ കമീഷൻ ശിപാർശകൾ നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ ഇന്ത്യയിലെ മേൽജാതി സമൂഹവും ലിബറൽ ബുദ്ധിജീവികൾ ഉൾപ്പെടെയുള്ളവരും സംവരണം അപകടകരമായ ഒന്നായി തിരിച്ചറിഞ്ഞു എന്നാണ് വാസ്തവം.
ഈ മാറ്റത്തിന്റെ ഭാഗമായി ദേശീയമായ ഉത്കണ്ഠകളിൽ മാത്രമല്ല, സാംസ്കാരിക- മാധ്യമ- നിയമരംഗത്തും പോപ്പുലർ കൾച്ചറിലും സംവരണമെന്നത് ഒരു വിഷമ പ്രശ്നം എന്ന നിലക്ക് വലിയൊരു വിപത്തായി പുനർ വ്യാഖ്യാനിക്കപ്പെട്ടു. സവർണരെ ദേശത്തിലെ അനാഥരാക്കുന്ന, ഭരണതലത്തിൽ കാര്യക്ഷമതയില്ലാത്തവരെ കുത്തിനിറച്ച് അഴിമതിയും അനീതികളും സാംസ്കാരികമായ ദുഷിപ്പുകളും വ്യാപകമാകുന്നതിന്റെ ഉറവിടമാണ് സംവരണമെന്ന മട്ടിലുള്ള സവർണ പാഠാന്തരങ്ങൾ രൂപപ്പെട്ടു. ഈ മാതൃകയിലുള്ള ഡസൻ കണക്കിന് സംവരണ വിരുദ്ധ -ന്യൂനപക്ഷ വിരുദ്ധ സിനിമകളാണ് തൊണ്ണൂറ്, രണ്ടായിരമാണ്ടുകളിൽ ഇന്ത്യയിലും കേരളത്തിലും പിറവിയെടുത്തതും വമ്പിച്ച നിലയിൽ ജനപ്രീതി നേടുകയും ചെയ്തത്.
ഇവിടെ ഓർക്കേണ്ട കാര്യം, കേരളത്തെ സംബന്ധിച്ച് നിരവധി സംവരണ വിരുദ്ധ സിനിമകൾ ഉണ്ടായിട്ടും എതിർദിശയിലുള്ള ഒറ്റ സിനിമപോലും രൂപപ്പെട്ടിട്ടില്ലെന്നതാണ്. 1915ൽ അമേരിക്കൻ സംവിധായകൻ ഗ്രിഫിത്തിന്റെ ‘Birth of a nation’ എന്ന നിശ്ശബ്ദ സിനിമ റിലീസ് ചെയ്യപ്പെട്ടു. വെള്ളക്കാരുടെ ശാന്തമായ ജീവിതത്തിൽ അക്രമങ്ങളും അനീതികളും ചെയ്യുന്ന അപരരായി കറുത്തവരെ അടയാളപ്പെടുത്തുന്ന ഒരു വംശീയ സിനിമയാണത്. എന്നാൽ, 1920 മുതൽ അമേരിക്കയിലെ ആഫ്രോ അമേരിക്കൻ സംവിധായകരും നിർമാതാക്കളും birth of a nation പോലുള്ള സിനിമകൾക്ക് എതിർപാഠങ്ങൾ രൂപപ്പെടുത്തിക്കൊണ്ട് നിരവധി സിനിമകൾ ഉണ്ടാക്കുകയും സ്വതന്ത്രമായി പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന്, ആഫ്രോ അമേരിക്കൻ ചലച്ചിത്ര പ്രവർത്തകരുടെ ശക്തമായ ഒരു ‘അണ്ടർഗ്രൗണ്ട്’ മൂവ്മെന്റ് തന്നെയാണുണായത്. ഇതേസമയം കേരളത്തിലെ മുഖ്യധാര പോകട്ടെ, സ്വതന്ത്ര സിനിമ പ്രവർത്തകരോ ബദൽ സിനിമ പ്രവർത്തകരോ സാമൂഹിക നീതി സംബന്ധമായ പ്രമേയങ്ങൾ വിദൂരമായിപോലും കൈകാര്യം ചെയ്യുന്നില്ലെന്ന് കാണാം.
ഈ പശ്ചാത്തലത്തിലാണ് പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത ‘ഒരു ജാതി പിള്ളേരിഷ്ട’ എന്ന സിനിമ മറ്റൊരു മറുപുറം കാഴ്ച മുന്നോട്ടുവെക്കുന്നത്. യു.എസിലെ ആഫ്രോ അമേരിക്കക്കാരുടെ അണ്ടർ ഗ്രൗണ്ട് സിനിമ പ്രസ്ഥാനത്തിന് സമാനമായ വിധത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ഈ സിനിമ നിർമിച്ചിട്ടുള്ളത്. മുഖ്യധാരക്ക് പുറത്തുള്ള വേദികളിലൂടെയും ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളിലെ രാഷ്ട്രീയ ബോധ്യമുള്ളവരുടെ പിന്തുണയിലുമാണ് ഈ സിനിമ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
സാധാരണ സംവരണ വിരുദ്ധ സിനിമകൾ അടിസ്ഥാനമാക്കുന്നത് സവർണരുടെ ഗൃഹാതുര ഭൂതകാലത്തിന്റെ നഷ്ടത്തിലും കീഴാളരുടെയും ന്യൂനപക്ഷങ്ങളുടെയും അക്രമപരമായ സാന്നിധ്യത്തിൽ അവർക്ക് സംഭവിക്കുന്ന വിപത്തുകളെ അതിശയോക്തിയോടെ പെരുപ്പിച്ച് കൊണ്ടുമാണ്. എന്നാൽ, പ്രശാന്തിന്റെ സിനിമ കേരളത്തിൽ നടപ്പാക്കിയ സവർണ സംവരണംമൂലം ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങൾക്ക് ഉണ്ടാവുന്ന പ്രതിസന്ധികൾ സംബന്ധിച്ച നേർക്കാഴ്ചയാണ്. നഷ്ടപ്പെട്ടു എന്ന് സവർണർ വിലപിക്കുന്ന ഗൃഹാതുര ലോകമല്ല, ദലിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളുമായ സമുദായങ്ങളുടെ ദൈനംദിന ജീവിതവും അവരുടെ ഭാവിയുടെ മേൽ ചൂഴ്ന്നുനിൽക്കുന്ന നിഴലുകളുമാണ് സിനിമയുടെ ദൃശ്യ-ശ്രാവ്യതലം.
കേരളത്തിലെ പുരോഗമന വേഷധാരികളാണ് സാമ്പത്തിക സംവരണമെന്ന ആശയം നിർമിച്ച് സവർണ ഒളിഗാർഗിക്ക് നൽകിയതെന്നും സംവരണംമൂലം ഭരണതലത്തിലെ കാര്യക്ഷമത കുറയുമെന്ന കീഴാളരെ അപരവത്കരിക്കുന്ന സിദ്ധാന്തം ചമച്ചതെന്നും എല്ലാവർക്കുമറിയാം. ഇതേ പുരോഗമനക്കാർ മുന്നാക്കക്കാരിൽനിന്ന് ഒരു ആവശ്യം പോലും ഉയർന്നുവരുന്നതിന് മുമ്പേതന്നെ മതിയായ ഡാറ്റകൾ പോലുമില്ലാതെ കേരളത്തിൽ സവർണ സംവരണം നടപ്പിലാക്കുകയും, പിന്നാക്ക -ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കേണ്ട മെഡിക്കൽ-എൻജിനീയറിങ് സീറ്റുകൾ കവർന്നെടുക്കാനുള്ള ഉപായമായി അതിനെ മാറ്റുകയും ചെയ്തു.
പത്താം ക്ലാസ് പാസായ നാലു കൂട്ടുകാരിൽ 7988ാം റാങ്കുകാരനായ വിവേക് മേനോന് പോളിടെക്നിക്കിൽ അഡ്മിഷൻ കിട്ടുകയും 307, 398, 528 റാങ്കുകാരായ ദലിത്-പിന്നാക്ക-ന്യൂനപക്ഷ കൂട്ടുകാർക്ക് അഡ്മിഷൻ ലഭിക്കാതെ പോകുന്നതിന് കാരണമായ കൊടുംചതിയാണ് സിനിമ പ്രശ്നവത്കരിക്കുന്നത്.
സംവിധായകന്റെ ഉയർന്ന സാമൂഹിക-രാഷ്ട്രീയാവബോധവും അഭിനേതാക്കളുടെ മികച്ച പ്രകടനവും സമാന്തര സിനിമകളിൽനിന്ന് വേറിട്ടുനിൽക്കുന്ന സാങ്കേതിക മികവും ഈ സിനിമയെ കേവലം ഒരു പ്രചാരണോപാധിയെന്ന നിലയിൽനിന്ന് മാറ്റി പ്രതിഷ്ഠിച്ചിട്ടുണ്ട്. മാത്രമല്ല, അടിമുടി രാഷ്ട്രീയവത്കൃതമായ ഫ്രെയിമുകൾ കീഴാളജനതയുടെ മേൽ അടിച്ചേൽപിച്ചിട്ടുള്ള അപരവത്കരണത്തെ തകർത്തു തരിപ്പണമാക്കുന്നതാണ്. ബെൽഹുക്സ് എഴുതിയതുപോലെ ഇതൊരു മേൽനോട്ടമല്ല, പരസ്പര നോട്ടമാണ്’ ഈ നോട്ടം പുതിയൊരു പാരസ്പര്യവും ഭാവികാല പ്രതീക്ഷയുമായി മാറുന്നു.