മനുഷ്യജീവൻ വിറ്റുതിന്നുന്ന ഏജന്റുമാർ
text_fields
യു.എസിൽനിന്ന് നാടുകടത്തപ്പെട്ട് തിരിച്ചെത്തിയവർ സങ്കടത്തോടെ പറയുന്ന ഒരു കാര്യം, അവരിൽ പലരും ഒരു കോടിയിൽപരം രൂപ ഏജന്റുമാർക്ക് കടൽകടക്കാൻ നൽകി എന്നതാണ്. എന്നിട്ട് ഒടുക്കം സംഭവിച്ചതോ, കൈയാമം വെച്ചും കാലിൽ ചങ്ങലക്കിട്ടും കൊടും ക്രിമിനലുകളെന്ന പോലെ ജന്മനാട്ടിൽ വന്നിറങ്ങേണ്ട ഗതികേടും. റിക്രൂട്ട്മെന്റ് എന്ന ലേബലിൽ വിദേശ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങൾ കേരളത്തിലും സജീവമാണ്. യൂറോപ്പിൽ തൊഴിലും പൗരത്വവും സംഘടിപ്പിച്ചു നൽകുന്ന...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
യു.എസിൽനിന്ന് നാടുകടത്തപ്പെട്ട് തിരിച്ചെത്തിയവർ സങ്കടത്തോടെ പറയുന്ന ഒരു കാര്യം, അവരിൽ പലരും ഒരു കോടിയിൽപരം രൂപ ഏജന്റുമാർക്ക് കടൽകടക്കാൻ നൽകി എന്നതാണ്. എന്നിട്ട് ഒടുക്കം സംഭവിച്ചതോ, കൈയാമം വെച്ചും കാലിൽ ചങ്ങലക്കിട്ടും കൊടും ക്രിമിനലുകളെന്ന പോലെ ജന്മനാട്ടിൽ വന്നിറങ്ങേണ്ട ഗതികേടും. റിക്രൂട്ട്മെന്റ് എന്ന ലേബലിൽ വിദേശ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങൾ കേരളത്തിലും സജീവമാണ്. യൂറോപ്പിൽ തൊഴിലും പൗരത്വവും സംഘടിപ്പിച്ചു നൽകുന്ന ഏജന്റുമാർ എന്നാണ് പുറമെ പറയുന്നതെങ്കിലും ലൈംഗിക ചൂഷണത്തിനും അവയവ മോഷണത്തിനും അടിമപ്പണിക്കും മയക്കുമരുന്ന് റാക്കറ്റിന്റെ വാഹകരാവാനുമൊക്കെ ഇവർ ആളുകളെ മറുനാടുകളിലേക്ക് കയറ്റിയയക്കുന്നുണ്ട്. പരാതിയും വിവാദവും വാർത്തകളും വരുമ്പോൾ മാത്രമാണ് ഇവർക്കു നേരെ അന്വേഷണ ഏജൻസികളുടെ നോട്ടമെത്തുന്നത്.
സ്വന്തം നാട്ടിൽ ജീവിക്കാൻ ഒരു മാർഗവും കാണാതെവരുമ്പോഴാണ് പലരും ഉള്ളതെല്ലാം വിറ്റുപെറുക്കിയും പണം പലിശക്കു വാങ്ങിയും ജീവിതം തേടി മറുകരയിലേക്ക് പറക്കുന്നത്. ഈ നിസ്സഹായാവസ്ഥകളെയാണ് ഏജന്റുമാർ ക്രൂരമായി ഉപയോഗപ്പെടുത്തുന്നത്. 20 ലക്ഷം മുതൽ മുകളിലേക്ക് 40 ലക്ഷം രൂപ വരെയാണ് ഏജന്റുമാർ വിദേശയാത്രകൾ തരപ്പെടുത്തിക്കൊടുക്കാൻ കൈപ്പറ്റുന്നത്. പലർക്കും ഇവിടന്ന് യാത്രതിരിച്ചുകഴിഞ്ഞാൽ പിന്നെ ഒരു ഉത്തരവാദിത്തവും ഇല്ല. റഷ്യൻ സൈന്യത്തിലേക്കും ഇതേ രീതിയിൽ മനുഷ്യക്കടത്ത് സംഘം റിക്രൂട്ടിങ് നടത്തിയിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
റഷ്യയിൽ സ്ഥിരതാമസക്കാരനായിരുന്ന എറണാകുളം മേക്കാട് മാഞ്ഞാലി സന്ദീപ് തോമസ് മുഖേന റഷ്യൻ വിസ ലഭിച്ചവരാണ് കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മലയാളികളിൽ ഭൂരിഭാഗവും. പലരെയും ഇടനിലക്കാരാക്കിയാണ് ഇയാൾ സൈന്യത്തിലേക്ക് ആളുകളെ എത്തിച്ചത്.
യുദ്ധത്തിനിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടനെല്ലൂർ തോളത്ത് വീട്ടിൽ ബിനിലിനെയും യുക്രെയ്നിന്റെ ഡ്രോൺ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് മോസ്കോ ആശുപത്രിയിൽ കഴിയുന്ന ജയിൻ കുര്യനെയും റഷ്യൻ സൈന്യത്തിൽ എത്തിച്ചത് സന്ദീപാണ്. ഇതിന് ജയിനിന്റെ ബന്ധുവായ തയ്യൂർ സ്വദേശി പി.ഒ. സിബിയാണ് ഇടനിലക്കാരനായത്. റഷ്യൻ സൈന്യത്തിൽ ഓഫിസ് ജീവനക്കാരനായ സിബി വഴിയും നിരവധി പേർ അകപ്പെട്ടതായി സംശയമുണ്ട്. സെപ്റ്റംബറിൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രൻ ചാലക്കുടിയിലെ ഏജൻസി വഴിയാണ് റഷ്യയിൽ എത്തിയത്. ചാലക്കുടിയിൽ സ്റ്റീവ് എന്നറിയപ്പെടുന്ന സുമേഷ് ആന്റണിയാണ് ഈ ഏജൻസിക്കുപിന്നിൽ. ഇയാൾ മുഖേന ആറുപേരെ ആദ്യഘട്ടത്തിൽ റഷ്യയിലേക്ക് കൊണ്ടുപോയി. തൃശൂർ കൊടകര സ്വദേശി സന്തോഷ്, എറണാകുളം അത്താണി സ്വദേശി റെനിൽ, സിബി എന്നിവർക്ക് മാത്രമാണ് സൈന്യത്തിൽനിന്ന് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്താനായത്.
തൃശൂർ സ്വദേശികൾ നൽകിയ പരാതിയിൽ സിബി ഔസേപ്, സുമേഷ് ആന്റണി, സന്ദീപ് തോമസ് എന്നീ മനുഷ്യക്കടത്ത് ഏജന്റുമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയുടെ സമാന പരാതിയിൽ, റിമാൻഡിൽ കഴിയുകയായിരുന്ന പ്രതികളെ കണ്ണനല്ലൂർ പൊലീസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങി.
സന്ദീപ് റഷ്യയിലേക്കുപോയ സമയത്തുതന്നെയാണ് കൊടകര സ്വദേശി സന്തോഷ് ഷൺമുഖൻ, എറണാകുളം സ്വദേശി റെനിൻ തോമസ്, കൊല്ലം മേയ്യന്നൂർ സ്വദേശി സിബി സൂസമ്മ ബാബു എന്നിവരും പോയത്. ഇവർക്കെല്ലാം വിസ ലഭിച്ചത് സന്ദീപ് തോമസ് വഴിയാണ്. റഷ്യയിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ അവിടെ എത്തിക്കുന്നത്. ഇലക്ട്രീഷ്യൻ, പ്ലംബർ, ഹോട്ടൽ ജോലി എന്നിവയാണ് വാഗ്ദാനം. എന്നാൽ, അവിടെ എത്തിച്ചശേഷം സൈന്യത്തിന് കൈമാറും. വിമാനത്താവളത്തിൽ ഇറങ്ങിയാലുടൻ റഷ്യൻ സൈനികരെത്തി ഇവരുടെ ഇന്ത്യൻ പാസ്പോർട്ടും മറ്റു രേഖകളും വാങ്ങി കൂട്ടിക്കൊണ്ടുപോവുകയാണ് രീതി.
(തുടരും)