Begin typing your search above and press return to search.
exit_to_app
exit_to_app
സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുകയല്ല, മറിച്ച് ജാഗ്രതയോടെ കാത്തുസൂക്ഷിക്കണം
cancel

റ്റൊരു സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷ നിമിഷങ്ങളിലേക്ക് രാജ്യം ഉണരുമ്പോള്‍, വിദ്യാലയ ഓഫിസ് അങ്കണങ്ങളിലും രാജ്യ തലസ്ഥാനത്തും ഉയരുന്ന ത്രിവര്‍ണ്ണ പതാകക്കുമപ്പുറം ഓരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ ഉയരുന്ന ചോദ്യങ്ങളുണ്ട്. ഭയരഹിതമായ ജീവിതവും സമത്വവും ഉറപ്പുനല്‍കിയ സ്വാതന്ത്ര്യത്തിന് ഇന്നു എത്രത്തോളം സുരക്ഷിതത്വമുണ്ട്? ഏഴു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വാതന്ത്ര്യസമര സേനാനികള്‍ ചോര ചിന്തി നേടിത്തന്ന പരമാധികാരവും ഭരണഘടനാ അവകാശങ്ങളും ഇന്ന് ഏതു ദിശയിലേക്കാണ് സഞ്ചരിക്കുന്നത്?

സ്വാതന്ത്ര്യമെന്നത് കേവലം വിദേശ ഭരണാധികാരികളില്‍നിന്ന് അധികാരം പിടിച്ചെടുക്കലോ ഭരണമാറ്റമോ മാത്രമായിരുന്നില്ല; അത് ഓരോ സാധാരണ പൗരന്റെയും സ്വയംഭരണവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമായിരുന്നു. എന്നാല്‍ ഇന്ന്, പൗരന്റെ സ്വാതന്ത്ര്യത്തിന്റെ അളവുകോലുകള്‍ ഭരണകൂടത്തിന്റെ കല്‍പനകള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് പുനര്‍നിര്‍വ്വചിക്കപ്പെടുന്ന ദാരുണമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

ബഹുസ്വരതയും ഭരണഘടനാ മൂല്യങ്ങളും

മഹാത്മാ ഗാന്ധിയും ഡോ. ബി.ആര്‍. അംബേദ്കറും മൗലാനാ അബുല്‍ കലാം ആസാദും ജവഹര്‍ലാല്‍ നെഹ്റുവും ഉള്‍പ്പെടെയുള്ള ഭരണഘടനാ ശിൽപികള്‍ വിഭാവനം ചെയ്ത ഭാരതം ബഹുസ്വരതയുടെ ആകെത്തുകയായിരുന്നു. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും ഭാഷകളും വിശ്വാസങ്ങളും പരസ്പര ബഹുമാനത്തോടെ പുലര്‍ന്ന ‘വൈവിധ്യത്തിലെ ഏകത്വം’ ആയിരുന്നു ഇന്ത്യയുടെ ജീവവായു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അടിത്തറയിട്ടുകൊണ്ട് അവര്‍ തയ്യാറാക്കിയ ഭരണഘടന, ഏതൊരു സാധാരണക്കാരനും തുല്യനീതിയും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പുനല്‍കി.

എന്നാല്‍, ആ ഭരണഘടനാ മൂല്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന കാഴ്ചയാണ് പലപ്പോഴും രാജ്യം കാണുന്നത്. സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും നിലനിന്നിരുന്ന സ്ഥാനങ്ങളില്‍ വിദ്വേഷത്തിന്റെയും ചേരിതിരിവിന്റെയും രാഷ്ട്രീയം നട്ടുനനച്ച് നേട്ടം കൊയ്യാന്‍ ഭരണകേന്ദ്രങ്ങള്‍തന്നെ മുന്നിട്ടിറങ്ങുകയാണ്. ജനാധിപത്യത്തിന്റെ സുഗമമായ നിലനില്‍പ്പിന് ഇത് കടുത്ത വെല്ലുവിളിയാകുന്നു.

ഒരു ജനാധിപത്യ വ്യവസ്ഥയുടെ നട്ടെല്ല് അതിന്റെ സ്വതന്ത്ര സ്ഥാപനങ്ങളാണ്‌നീതിന്യായ വ്യവസ്ഥ, തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്വേഷണ ഏജന്‍സികള്‍, മാധ്യമങ്ങള്‍ എന്നിവയാണവ. നിര്‍ഭാഗ്യവശാല്‍, ഈ സ്ഥാപനങ്ങളെല്ലാം ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഉപകരണങ്ങളായി മാറുന്നു എന്ന വിമര്‍ശനം വ്യാപകമാണ്.

സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമുള്ള അവകാശം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം അർഥശൂന്യമാകുന്നു. യു.എ.പി.എപോലെയുള്ള കറുത്ത നിയമങ്ങള്‍ ഭരണകൂട വിമര്‍ശകര്‍ക്കും സാധാരണ പൗരന്മാര്‍ക്കും എതിരെ വിവേചനരഹിതമായി പ്രയോഗിക്കപ്പെടുകയാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് അതിന്റെ മതേതരത്വമാണ്. എന്നാല്‍ ഇന്ന് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിദ്വേഷ പ്രസംഗങ്ങളും വര്‍ഗീയ ധ്രുവീകരണവും പ്രധാന ആയുധമാക്കപ്പെടുന്നു. ന്യൂനപക്ഷങ്ങളും ദലിത് വിഭാഗങ്ങളും അപകര്‍ഷതാബോധത്തോടും ഭയത്തോടും കൂടി ജീവിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്.

ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യര്‍ തെരുവുകളില്‍ വിചാരണ ചെയ്യപ്പെടുന്നു. ഇത്തരം അതിക്രമങ്ങള്‍ക്ക് നേരെ ഭരണകൂടങ്ങള്‍ കാട്ടുന്ന മൗനം നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാഹോദര്യത്തിനും സമത്വത്തിനും ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല.

ഈ സ്വാതന്ത്ര്യദിനത്തില്‍ വെറും പ്രസംഗങ്ങളും ആഘോഷങ്ങളും കൊണ്ട് തൃപ്തരാകാതെ, നാം നമ്മുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം എന്നത് സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്; പൗരന്മാരുടെ ജാഗ്രത മാത്രമാണ് ജനാധിപത്യത്തിന്റെ കാവല്‍ പടയാളി.

സര്‍ക്കാരുകള്‍ മാറിയേക്കാം, എന്നാല്‍ രാജ്യവും അതിന്റെ ഭരണഘടനാ മൂല്യങ്ങളും ശാശ്വതമായി നിലനില്‍ക്കണം. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ ചൂണ്ടിക്കാണിക്കുന്നത് രാജ്യദ്രോഹമല്ല, മറിച്ച് അത് രാജ്യത്തോടുള്ള യഥാർഥ സ്‌നേഹവും രാജ്യസ്‌നേഹവുമാണ്.

‘മനസ്സ് നിര്‍ഭയവും ശിരസ്സ് ഉയര്‍ന്നുനില്‍ക്കുന്നതുമായ’ ഒരു ഭാരതത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോര്‍ കണ്ട സ്വപ്നം സാക്ഷാത്കരിക്കാന്‍ നാം ഒന്നിച്ച് അണിനിരക്കണം. വര്‍ഗീയതയില്‍ നിന്നും വര്‍ഗ്ഗീയ ചൂഷണങ്ങളില്‍ നിന്നും നമ്മുടെ നാടിനെ വീണ്ടെടുക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ യത്‌നം. ഭരണഘടനയെ സംരക്ഷിക്കുമെന്നും, അനീതിക്കെതിരെ ശബ്ദമുയര്‍ത്തുമെന്നും, സൗഹാര്‍ദ്ദവും സമത്വവും പുലരുന്ന ഭാവി ഇന്ത്യക്കായി കൈകോര്‍ക്കുമെന്നും നമുക്ക് ഈ ദിനത്തില്‍ പ്രതിജ്ഞയെടുക്കാം.

(മുസ്‍ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ് ലേഖകൻ)

Show Full Article
TAGS:Independence Day Constitution pluralism democracy 
News Summary - Freedom Needs Vigilance, Not Just Celebration
Next Story