Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഗസ്സ വെടിനിർത്തൽ:...

ഗസ്സ വെടിനിർത്തൽ: അവ്യക്ത വ്യവസ്ഥകൾ, അപൂർണ വാഗ്ദാനം

text_fields
bookmark_border
ഗസ്സ വെടിനിർത്തൽ: അവ്യക്ത വ്യവസ്ഥകൾ, അപൂർണ വാഗ്ദാനം
cancel

യൂറോപ്യൻ, അറബ് രാജ്യങ്ങളുടെ ഇടപെടൽ മൂലം ട്രംപിന്റെ സമാധാന പദ്ധതി അടിസ്ഥാനപരമായ കാര്യങ്ങളിൽ ഏറക്കുറെ കൃത്യതവന്നിരിക്കുന്നു: ഗസ്സക്കാരെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കുന്നതിനെയും ഈ പ്രദേശം ഇസ്രായേൽ പിടിച്ചടക്കുന്നതിനെയും അത് എതിർക്കുന്നു, ഫലസ്തീൻ അതോറിറ്റിക്ക് ഭാവിയിൽ ഒരു പങ്കും ഫലസ്തീനികളുടെ സ്വയം നിർണയാവകാശത്തിന് കരുതലോടെയുള്ള പിന്തുണയും നൽകുന്നു - ഇതെല്ലാം യു.എസ് നയങ്ങളിലെ പ്രധാന മാറ്റങ്ങളാണ്. യുദ്ധം പൂർണമായി അവസാനിപ്പിക്കുന്നതിനും ബന്ദികളെ വിട്ടയക്കുന്നതിനുമപ്പുറം, ഈ പദ്ധതി ഗസ്സയിൽ നിന്ന് ഘട്ടം ഘട്ടമായുള്ള സമ്പൂർണ ഇസ്രായേൽ പിന്മാറ്റവും ഹമാസുൾപ്പെടെയുള്ള ഫലസ്തീനി...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

യൂറോപ്യൻ, അറബ് രാജ്യങ്ങളുടെ ഇടപെടൽ മൂലം ട്രംപിന്റെ സമാധാന പദ്ധതി അടിസ്ഥാനപരമായ കാര്യങ്ങളിൽ ഏറക്കുറെ കൃത്യതവന്നിരിക്കുന്നു: ഗസ്സക്കാരെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കുന്നതിനെയും ഈ പ്രദേശം ഇസ്രായേൽ പിടിച്ചടക്കുന്നതിനെയും അത് എതിർക്കുന്നു, ഫലസ്തീൻ അതോറിറ്റിക്ക് ഭാവിയിൽ ഒരു പങ്കും ഫലസ്തീനികളുടെ സ്വയം നിർണയാവകാശത്തിന് കരുതലോടെയുള്ള പിന്തുണയും നൽകുന്നു - ഇതെല്ലാം യു.എസ് നയങ്ങളിലെ പ്രധാന മാറ്റങ്ങളാണ്.

യുദ്ധം പൂർണമായി അവസാനിപ്പിക്കുന്നതിനും ബന്ദികളെ വിട്ടയക്കുന്നതിനുമപ്പുറം, ഈ പദ്ധതി ഗസ്സയിൽ നിന്ന് ഘട്ടം ഘട്ടമായുള്ള സമ്പൂർണ ഇസ്രായേൽ പിന്മാറ്റവും ഹമാസുൾപ്പെടെയുള്ള ഫലസ്തീനി സായുധ ഗ്രൂപ്പുകളുടെ നിരായുധീകരണവും വിഭാവനം ചെയ്യുന്നു. എന്നിരിക്കിലും ഇത് പൊളിയാനിടയുണ്ട്. സമയക്രമത്തെക്കുറിച്ചോ നടപ്പാക്കുന്നതിനെക്കുറിച്ചോ ഈ പദ്ധതിയിൽ വ്യക്തതയില്ല, ദ്വിരാഷ്ട്ര പരിഹാരത്തെ ഇസ്രായേൽ നിരാകരിച്ചതും, ഫലസ്തീൻ അതോറിറ്റിക്കുമേലുള്ള ഇസ്രായേലി ഉപരോധങ്ങളുടെയും നിയമവിരുദ്ധമായ വെസ്റ്റ് ബാങ്ക് കുടിയേറ്റങ്ങളുടെയും സ്വാധീനവും ഇത് അവഗണിക്കുന്നു.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അവസാന നിമിഷം ഗസ്സയുടെ സൈനികവത്കരണത്തെക്കുറിച്ചും ഫലസ്തീൻ അതോറിറ്റിയുടെ പരിഷ്കരണം സംബന്ധിച്ചും അവ്യക്തമായ ചില കൂട്ടിച്ചേർക്കലുകളും ഉറപ്പുവരുത്തി. ഇത് ബന്ദികളെ വിട്ടയച്ചുകഴിഞ്ഞാൽ പദ്ധതിയുടെ വ്യാപ്തിയും വേഗതയും നിർണയിക്കാൻ ഇസ്രായേലിന് അവസരം നൽകാൻ ഇടയാക്കിയേക്കും.

പദ്ധതി വിജയം കാണണമെന്നുണ്ടെങ്കിൽ പ്രാദേശിക പിന്തുണ മാത്രമല്ല, ഹമാസിന്റെ പൂർണമായ പ്രതിബദ്ധതയും ഉറപ്പാക്കേണ്ടതുണ്ട്. അമേരിക്കയും ഇസ്രായേലും ഹമാസിനോട് സ്വീകരിക്കുന്ന ‘‘എടുക്കുക അല്ലെങ്കിൽ വിട്ടുപോവുക’’ എന്ന സമീപനം മുഴുവൻ പ്രക്രിയയെയും തകർക്കാനും സാധ്യതയുണ്ട്.

സേനാ പിന്മാറ്റവും നിരായുധീകരണവും

ഇസ്രായേൽ പ്രതിരോധ സേനയുടെ ഘട്ടം ഘട്ടമായുള്ള പുനർവിന്യാസവും പിൻവാങ്ങലും; ഹമാസിന്റെ നിരായുധീകരണം; ഒരു അന്താരാഷ്ട്ര സ്ഥിരതാ സേനയുടെ വിന്യാസം എന്നിങ്ങനെ മൂന്ന് തൂണുകളിലൂന്നിയാണ് സംഘർഷാനന്തര ഗസ്സയുടെ സുരക്ഷാ ക്രമം. ഏതൊരു വെടിനിർത്തൽ ഉടമ്പടിയുടെയും ദീർഘകാല ഒത്തുതീർപ്പിന്റെയും വിജയത്തിന് ഇവ നിർണായകമാണ്. എന്നാൽ ഇതിന് വ്യക്തമായ പ്രവർത്തന വ്യവസ്ഥകളും, പ്രതിബദ്ധതകൾ പാലിക്കാൻ ഹമാസിനും ഇസ്രായേലിനും മേൽ സമ്മർദവും ആവശ്യമാണ്.

“തുരങ്കങ്ങളും ആയുധ നിർമാണ കേന്ദ്രങ്ങളും ഉൾപ്പെടെ ആക്രമണോത്സുകമായ ഏതൊരു സൈനിക അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കാനും നിർമിക്കുന്നത് നിർത്താനും” ഹമാസും മറ്റ് ഫലസ്തീൻ വിഭാഗങ്ങളും പൂർണമായി പ്രതിജ്ഞാബദ്ധരാകണമെന്നാണ് ആദ്യത്തെ പദ്ധതി രേഖ ആവശ്യപ്പെട്ടിരുന്നത്. അത് പിന്നീട് ഇസ്രായേലിന്റെ ആവശ്യപ്രകാരം “തുരങ്കങ്ങളും ആയുധ നിർമാണ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള എല്ലാ സൈനിക, ഭീകര, ആക്രമണോത്സുകമായ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെടുകയും പുനർനിർമിക്കപ്പെടാതിരിക്കുകയും ചെയ്യും ”എന്നാക്കി. ഈ കൂട്ടിച്ചേർക്കൽ ഗസ്സയിലെ എല്ലാ ഫലസ്തീൻ വിഭാഗങ്ങളുടെയും പൂർണമായ നിരായുധീകരണമെന്ന ആവശ്യമായി മാറാൻ സാധ്യതയുണ്ട്. അത് ഇസ്രായേലിന്റെ ദീർഘകാല ലക്ഷ്യങ്ങളിൽ ഒന്നാണ് താനും.

ആയുധങ്ങൾ കൈയൊഴിയുന്ന പ്രക്രിയയിലേക്ക് ഹമാസിനെ കൊണ്ടുവരണമെങ്കിൽ, ഗസ്സയിൽ നിന്നുള്ള പിൻവാങ്ങലിലും സമാധാന ചർച്ചകളിലും ഇസ്രായേൽ കൂടുതൽ പ്രതിബദ്ധത പുലർത്തേണ്ടതുണ്ട്. എന്നാൽ ഇവിടെയും ഇസ്രായേൽ, പദ്ധതിയെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റി. ഭേദഗതി വരുത്തിയ നിർദേശ പ്രകാരം പിൻവാങ്ങൽ മൂന്ന് ഘട്ടങ്ങളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യത്തെയും രണ്ടാമത്തെയും ഘട്ടങ്ങൾ ഇസ്രായേലി ബന്ദികളെ വിട്ടയക്കുന്നതിനെയും ‘‘പദ്ധതിയിൽ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനെയും ആശ്രയിച്ചിരിക്കുന്നു’’. എന്നാൽ, ‘‘ഏതെങ്കിലും വിധത്തിൽ പുനരുജ്ജീവിച്ചേക്കാവുന്ന ഭീകരതാ ഭീഷണികളിൽ നിന്ന് ശരിയാംവിധം സുരക്ഷിതമാകുന്നത്’’ വരെ ഇസ്രായേൽ ഗസ്സയുടെ 17 ശതമാനത്തിലധികം വരുന്ന പ്രദേശം ‘സുരക്ഷാ ബഫർ സോൺ’ ആയി നിലനിർത്തും.

അവ്യക്തമായ മാനദണ്ഡങ്ങളും സമയക്രമങ്ങളും ഗസ്സ പൂർണമായി സൈനികമുക്തമാവുകയോ അന്താരാഷ്ട്ര സേനയാൽ സുരക്ഷിതമാവുകയോ ചെയ്തിട്ടില്ലെന്നോ ഹമാസ് പുനരുജ്ജീവിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നോ വാദിച്ചുകൊണ്ട് പിന്മാറ്റം വൈകിപ്പിക്കാൻ ഇസ്രായേലിന് അവസരം നൽകും (ഓസ്‌ലോ ഉടമ്പടിക്ക് ശേഷം വെസ്റ്റ് ബാങ്കിൽ അവർ ചെയ്തതുപോലെ). ഉടമ്പടിയിലെ വരികളിൽ മാറ്റം വരുത്തിയില്ലെങ്കിൽ, നെതന്യാഹു വൈറ്റ് ഹൗസിലെ വാർത്തസമ്മേളനശേഷം സൂചിപ്പിച്ചതുപോലെ ഗസ്സയുടെ വിശാലമായ പ്രദേശങ്ങളിൽ, അതിന്റെ കൃഷിഭൂമികളും റഫ, ജബലിയ തുടങ്ങിയ നഗരങ്ങളും ഉൾപ്പെടെ, ഇസ്രായേൽ നിയന്ത്രണം നിലനിർത്താൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലേക്ക് ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ഫലസ്തീനികളെ സ്വതന്ത്രമായി തിരികെ വരാൻ അനുവദിക്കുമെന്നതിന് ഇസ്രായേൽ ഉറപ്പുനൽകാത്തപക്ഷം, ഇസ്രായേൽ ഈ പ്രദേശങ്ങൾ പൂർണമായി നിരപ്പാക്കി അവിടെ സെറ്റിൽമെന്റുകൾ സ്ഥാപിച്ചേക്കുമെന്ന അപായ സാധ്യതയുമുണ്ട്.

ഗസ്സയുടെ ഭരണം

പദ്ധതി പ്രകാരം, ഗസ്സയെ ദ്വിതല ഭരണത്തിൻ കീഴിലാക്കും. ആദ്യത്തേത് രാഷ്ട്രീയേതരമായ ഒരു താൽക്കാലിക സമിതിയാണ്, ‘ഗസ്സയിലെ ജനങ്ങൾക്ക് ദൈനംദിന പൊതു സേവനങ്ങളും നഗര സംവിധാനങ്ങളും നൽകൽ’ ഈ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. ഫലസ്തീനികളും അന്താരാഷ്ട്ര വിദഗ്ധരും സമിതിയിൽ ഉണ്ടാകും. ഹമാസും ഫലസ്തീൻ അതോറിറ്റിയും തീരുമാനമെടുക്കാനുള്ള അധികാരം നിലനിർത്താൻ ആഗ്രഹിക്കുന്നത് ഈ തലത്തിലാണ്. രണ്ടാമത്തെ തലം ട്രംപിന്റെയും മുൻ യു.കെ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെയും കീഴിലുള്ള ബോർഡ് ഓഫ് പീസ് (BoP) ആണ്. ഇതിന്റെ ചുമതലകളായി ‘മേൽനോട്ടവും നിരീക്ഷണവും’ പരാമർശിക്കുന്നുണ്ടെങ്കിലും, വ്യാപ്തിയും അധികാരവും ഇനിയും നിർണയിക്കപ്പെട്ടിട്ടില്ല.

ഇത് ടോണി ബ്ലെയറും ജാരെദ് കുഷ്നറും ചേർന്ന് ആസൂത്രണം ചെയ്ത ഗസ്സ ഇന്റർനാഷനൽ ട്രാൻസിഷനൽ അതോറിറ്റിയുടെ പേരുമാറിയ പതിപ്പാകാൻ സാധ്യതയുള്ളതിനാൽ, ബി.ഒ.പി ഒരു യഥാർഥ ഭരണകൂടം കണക്കേ പ്രവർത്തിച്ചേക്കും, ഗസ്സയുടെ മാനുഷിക, സാമ്പത്തിക, നിയമനിർമാണ, സുരക്ഷാ, പുനർനിർമാണ വിഷയങ്ങളിൽ അതിന് വിപുലമായ അധികാരങ്ങളുണ്ടാകാം. സ്വന്തം ജഡ്ജിമാരെ നിയമിക്കാനും, ഭരണ സമിതി അംഗങ്ങളെ പിരിച്ചുവിടാനും, ഗ്യാസ് മറൈൻ ഫീൽഡ് ഉൾപ്പെടെ ഗസ്സയുടെ പ്രകൃതിവിഭവങ്ങൾ നിയന്ത്രിക്കാനും യാതൊരു യഥാർഥ ഉത്തരവാദിത്തമോ മേൽനോട്ടമോ ഇല്ലാതെ ഭൂമി വിതരണം ചെയ്യാനും ഇടയാക്കും.

രണ്ട് ഭരണ തലങ്ങൾ തമ്മിലെ സംഘർഷം പദ്ധതിയുടെ തുടക്കത്തിൽത്തന്നെ പ്രശ്നങ്ങൾക്ക് തിരികൊളുത്തും. ഭരണം ഉപേക്ഷിക്കാൻ ഹമാസിന് താൽപര്യമുണ്ടെങ്കിലും, തങ്ങളുടെ നിലപാട് ഉറപ്പിക്കാൻ കഴിയുന്ന ഒരു തീരുമാനമെടുക്കൽ പ്രക്രിയ അവർ ഇപ്പോഴും ആഗ്രഹിക്കുന്നു.

ഈ ഭരണ മാതൃക ഗസ്സയിൽ ഫലസ്തീൻ അതോറിറ്റിക്ക് പരിമിതമായ അധികാരം മാത്രമേ നൽകുന്നുള്ളൂവെങ്കിൽ, അത് തങ്ങൾ നിയന്ത്രിക്കുന്ന വെസ്റ്റ് ബാങ്കും ഈ പ്രദേശവും തമ്മിലെ വേർതിരിവ് ഉറപ്പിക്കുമെന്ന ആശങ്ക അവർക്കുണ്ടാവും. കൂടാതെ, ഇസ്രായേൽ വെസ്റ്റ് ബാങ്കിലും ബി.ഒ.പി മാതൃക ആവർത്തിച്ചേക്കുമോ എന്ന ഭയപ്പാട് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനുണ്ട്. ഗസ്സയെ വെസ്റ്റ് ബാങ്കുമായി എങ്ങനെ ബന്ധിപ്പിക്കുമെന്നോ, സുസ്ഥിരമായ സാമ്പത്തിക പുനരധിവാസത്തിന് അത്യാവശ്യമായ ഇസ്രായേലിന്റെ ഉപരോധം എങ്ങനെ അവസാനിപ്പിക്കുമെന്നോ ട്രംപിന്റെ പദ്ധതിയിൽ പറയുന്നില്ല.

പദ്ധതിയുടെ ഭാവി

പദ്ധതിയിൽ രാഷ്ട്രീയ കുഴപ്പങ്ങൾക്ക് ഒരു കുറവുമില്ല. എങ്കിലും, ‘ഫലസ്തീൻ സ്വയം നിർണയത്തിനും രാഷ്ട്രപദവിക്കും ഒരു വിശ്വസനീയമായ പാതയുടെ’ ആവശ്യകത ഇത് തിരിച്ചറിയുന്നുണ്ട്. എന്നിരുന്നാലും, ഇസ്രായേൽ സൈന്യം ഗസ്സ വിട്ടുപോകുക എന്നത് ‘അസംഭവ്യമാണ്’ എന്ന് നെതന്യാഹു വ്യക്തമാക്കുന്നു. കൂടാതെ ഒരു ഫലസ്തീൻ രാഷ്ട്രത്തിന്റെ നിലനിൽപിനെത്തന്നെ അദ്ദേഹം ആവർത്തിച്ച് നിഷേധിക്കുന്നു.

ഗസ്സയിലെ വെടിനിർത്തൽ വഴി വിശ്വസനീയമായ ഒരു സമാധാന പാതക്ക് തുടക്കം കുറിക്കേണ്ടതുണ്ട്. എന്നാൽ, ഇസ്രായേലി പൊതു-രാഷ്ട്രീയ മനോഭാവങ്ങളിൽ അടിസ്ഥാനപരമായ മാറ്റം വരുത്താതെയും വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റ വിപുലീകരണം പിൻവലിക്കാതെയും അത് നിലനിൽക്കില്ല. ഇതൊന്നും ഇല്ലാത്തപക്ഷം ട്രംപിന്റെ പദ്ധതി തുടങ്ങുന്നതിന് മുമ്പുതന്നെ തകരാൻ എല്ലാ സാധ്യതയുമുണ്ട്.

(യൂറോപ്യൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് സീനിയർ പോളിസി ഫെലോ ആയ ഹ്യൂ ലോവറ്റും വിസിറ്റിങ് ഫെലോ മുഹമ്മദ് ശഹാദയും ചേർന്നെഴുതിയ ദീർഘ വിശകലനത്തിന്റെ സംഗ്രഹ വിവർത്തനം)

Show Full Article
TAGS:Gaza Ceasefire Gaza Genocide Israel 
News Summary - Gaza ceasefire: Unclear conditions, incomplete promises
Next Story