ഗസ്സ: പോരാട്ടത്തിന്റെ നൈതികവിജയങ്ങള്
text_fieldsഫലസ്തീനിലെ ധീരജനത ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’ എന്ന അസാമാന്യമായ നിശ്ചയ ദാർഢ്യത്തോടെ നടത്തുന്ന ചെറുത്തു നില്പ്, ഏറ്റവും നിര്‍ണായകമായ രാഷ്ട്രീയ പരിഹാരത്തിലേക്ക് നീങ്ങുന്നതിനുള്ള സാഹചര്യമാണ് ഗസ്സ യുദ്ധം ഇപ്പോള്‍ തുറന്നുതരുന്നത്
2025 സെപ്റ്റംബര്‍ മാസത്തില്‍ ഇസ്രായേലിന്റെ ഗസ്സ ആക്രമണം അതിഭീകരമായ ഒരു ഘട്ടത്തിലേക്കാണ് പ്രവേശിച്ചത്. ഒരുവശത്ത്, വലിയതോതിലുള്ള ഇസ്രായേലി ബോംബാക്രമണവും കടന്നുകയറ്റവും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മറുവശത്ത്, ദുസ്സഹ ജീവിതസാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കുപോലും സഹായമെത്തിക്കാനുള്ള ഇടപെടലുകള്‍ തടയുന്നു. ക്ഷാമവും രോഗവും മരണവും വംശഹത്യയുടെ മാനങ്ങള്‍ കൈവരിച്ചുകഴിഞ്ഞിട്ടും ആഗോളതലത്തില്തന്നെയുള്ള താക്കീതുകളും മുന്നറിയിപ്പുകളും കർശനമായ അന്ത്യശാസനങ്ങളും നിരന്തരം തള്ളിക്കളയുന്നു.
അതേസമയം, ഫലസ്തീന്റെ അംഗീകാരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഭൂപടം, രണ്ടുവർഷം മുമ്പ് ചിന്തിക്കാന്‍പോലും അസാധ്യമായിരുന്ന തലത്തിലേക്ക് മാറിയിരിക്കുന്നു. കൂടുതല്‍ രാജ്യങ്ങള്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതോടെ യു.എൻ അംഗരാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ഫലസ്തീനെ അംഗീകരിക്കുന്നവയാണ് എന്ന ജിയോപൊളിറ്റിക്കല്‍ യാഥാർഥ്യമാണ് ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. ഹമാസ് പോരാട്ടത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയഫലം 2024-25ൽ പൊതുവില്‍ പടിഞ്ഞാറൻ രാജ്യങ്ങളിലുടനീളം ഫലസ്തീനുള്ള അംഗീകാരങ്ങൾ ത്വരിതപ്പെടുന്നുവെന്നതാണ്. ഒപ്പംതന്നെ, ശീതയുദ്ധക്കാലത്തിനുശേഷം, അറബ് ലോകത്തിന് പുറത്ത്, ഇടതുപക്ഷ-ഉല്പതിഷ്ണു ഇടങ്ങളില്‍മാത്രം ഒതുങ്ങിനിന്നിരുന്ന ഫലസ്തീന് ഐക്യദാർഢ്യം, ആഗോളാടിസ്ഥാനത്തില്‍-കാമ്പസുകൾ, പാർലമെന്റുകൾ, കോടതികൾ, തെരുവുകൾ-എല്ലാംചേര്‍ന്ന പൊതുമണ്ഡലം ഏറ്റെടുത്തുവെന്നതും കാണാന്‍ കഴിയും. ശീതയുദ്ധകാലത്തെ ചേരിചേരാപ്രസ്ഥാനത്തെ ഓർമിപ്പിക്കുംവിധം ഫലസ്തീനായുള്ള ആഗോളപിന്തുണ വർധിക്കുകയാണ്.
സുമൂദ് ഫ്ലോട്ടിലയുടെ പ്രത്യാഘാതങ്ങള്‍
ഈ മാറ്റങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും പുതിയ ഫ്ലാഷ്പോയന്റ് കടൽവഴി ഗസ്സയില്‍ പ്രതീകാത്മക സഹായം നൽകാനും ഇസ്രായേലിന്റെ സമുദ്രോപരോധത്തെ വെല്ലുവിളിക്കാനും പുറപ്പെട്ട മൾട്ടി-വെസൽ സിവിൽസമൂഹദൗത്യമായ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ ബോട്ടുകളെ തടഞ്ഞുനിർത്തി, അവയില്‍ സഹായവുമായെത്തിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും അവരുടെ ലക്ഷ്യസ്ഥാനമല്ലാത്ത ഇസ്രായേലിലേക്ക് കൊണ്ടുപോവുകയും ചെയ്തതാണ്. മനുഷ്യാവകാശ-ജീവകാരുണ്യപ്രവര്‍ത്തകരായ അവരെ അപമാനിക്കാനും പീഡിപ്പിക്കാനുമുള്ള ഇസ്രായേലിന്റെ ഹീനോദ്യമം ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. നൈതികമായ അധഃപതനത്തിന്റെ നിലയറ്റ ആഴത്തിലേക്ക് നിപതിച്ചിരിക്കുന്നു ഇസ്രായേലെന്ന് നിസ്സംശയം പറയാന്‍ കഴിയും. സാമ്രാജ്യത്വപിന്തുണ ഒന്നുകൊണ്ടുമാത്രം നടപ്പാക്കുന്ന ഈ ഭീകരതയെ ചോദ്യംചെയ്യാനുള്ള ബാധ്യത ആഗോളഭരണകൂടങ്ങള്ക്കും ഐക്യരാഷ്ട്രസഭക്കുമുണ്ട്.
സുമൂദ് ഫ്ലോട്ടില മൂന്നുതലങ്ങളിൽ പ്രാധാന്യമർഹിക്കുന്നു. ഒന്നാമതായി, 2007-09 കാലംമുതല്‍ ഇസ്രായേല്‍ നിയമപരമായ സുരക്ഷാനടപടിയായി കാണുന്ന കടല്‍ ഉപരോധനയത്തെ ആഗോളനിയമലംഘനമായി ഇത് പ്രഖ്യാപിക്കുകയും ധീരമായി അവിടേക്ക് പ്രവേശിക്കുകയും ചെയ്തു. 2025 ഒക്ടോബർ 3ന് ഗസ്സയിൽനിന്ന് 42.5 നോട്ടിക്കൽ മൈൽ അകലെ, പോളിഷ് പതാകയുള്ള മാരിനെറ്റ് എത്തിയത്, ഈ കാലഘട്ടത്തിൽ ഉപരോധമേഖലയില് ഏതെങ്കിലും ഒരു ബോട്ട് ഗസ്സതീരത്തിന്റെ തൊട്ടുസമീപത്തെത്തിയ ആദ്യസംഭവമാണ്. ഗസ്സതീരത്തെ ഇസ്രായേലിന്റെ അനധികൃത സമുദ്രോപരോധത്തിന്റെ നിയമപരവും ധാർമികവുമായ പാപ്പരത്തത്തെ ദൗത്യം തുറന്നുകാട്ടി. രണ്ടാമതായി, നയതന്ത്രപരമായ ഒരു പരോക്ഷവിജയം ഈ ദൗത്യത്തിന് നേടാന്‍ കഴിഞ്ഞു.
ഫ്ലോട്ടില്ല യാത്രതിരിച്ചപ്പോള്‍ മുതല്‍, യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലും യു.എസിലും ഉടനീളം നൈസര്‍ഗിക സിവില്‍സമൂഹ പ്രതിഷേധങ്ങൾ ഉയര്‍ന്നുവരാന്‍ തുടങ്ങി. അഭൂതപൂര്‍വമായ ഈ സിവിൽ-സമൂഹ സമ്മർദത്തിനുകൂടി വഴങ്ങിയാണ് പല ഭരണകൂടങ്ങളുടെയും, ഫലത്തില്‍ ഇസ്രായേലിന് അനുകൂലമായി മാറിയിരുന്ന നിശ്ശബ്ദത ഭേദിക്കപ്പെട്ടത്. കൂടുതല്‍ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിക്കാന്‍ മുന്നോട്ടുവന്നു. മൂന്നാമതായി, ഫലസ്തീന് പ്രശ്നത്തിലെ കേന്ദ്രവൈരുധ്യത്തെ ഫ്ലോട്ടില്ല തുറന്നുകാട്ടി. ഒരുവശത്ത്, ഗസ്സയോടുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യം നിസ്സീമമാണ് എന്നത് ബോധ്യപ്പെടുത്തി. എന്നാല്‍ മറുവശത്ത്, ദുരിതാശ്വാസ മാര്‍ഗങ്ങള്‍ ഏർപ്പെടുത്താനോ, നിർദിഷ്ട കോടതി ഉത്തരവുകൾ നടപ്പാക്കാനോ കഴിയാത്ത സാമ്രാജ്യത്വദാസ്യമുള്ള, അന്താരാഷ്ട്രക്രമമാണ് നിലനില്‍ക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി കൃത്യമായി വെളിവാക്കപ്പെട്ടു.
ഗസ്സയിലെ ഭീകരതയും സമാധാന ശ്രമങ്ങളും
ഈ ആക്രമണത്തിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ നടുക്കുന്നതാണ്. 2023 ഒക്ടോബർ മുതൽ 50,000ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് 2025 മേയ് അവസാനത്തോടെ യുനിസെഫ് റിപ്പോർട്ട് ചെയ്തിരുന്നു. നിസ്സഹായരായ കുട്ടികള്‍ക്കായുള്ള ലിബറല്‍ നിലവിളികള്‍ നിരന്തരം ഉയരുന്ന ഒരു ലോകം നമുക്കെല്ലാം എത്രയോ പരിചിതമാണ്. എന്നാല്‍, ആ ലോകം ഇതിനോട് കാട്ടുന്ന നിശ്ശബ്ദതയും നിസ്സംഗതയും എന്താണ് വിളിച്ചുപറയുന്നത്? ആവർത്തിച്ചുള്ള ആക്രമണങ്ങളും ആരോഗ്യം, വെള്ളം, ശുചിത്വം തുടങ്ങിയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയുംമൂലം മരിക്കുന്ന കുട്ടികളുടെ സംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നു.
പോഷകാഹാരക്കുറവും രോഗങ്ങളും മൂലമുണ്ടാകുന്ന, യഥാർഥത്തില്‍ നിസ്സാരമായി തടയാവുന്ന മരണങ്ങളുടെ വർധന ഉൾപ്പെടെ, അര ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയിലോ ക്ഷാമത്തിന്റെ വക്കിലോ കുടുങ്ങിക്കിടക്കുകയാണെന്ന് യു.എൻ ഏജൻസികൾ കണക്കുനല്കുന്നു. ഈ കണക്കുകൾ, അവയുടെ വൈപുല്യംകൊണ്ട് മാത്രമല്ല, നിരന്തരമായ ഉപരോധത്തിന്റെയും ബോംബാക്രമണത്തിന്റെയും സാഹചര്യങ്ങളിൽ നാമമാത്രമായ സഹായസംവിധാനങ്ങൾപോലും ഏര്‍പ്പെടുത്തുന്നതിൽ അന്താരാഷ്ട്രതലത്തിലുണ്ടാവുന്ന പരാജയത്തിന്റെ പേരിലും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
സമീപകാലത്തെ പ്രധാന സംഭവവികാസം ഗസ്സക്കായുള്ള ഡോണൾഡ് ട്രംപിന്റെ 20 ഇന ‘‘സമാധാനപദ്ധതി’’യാണ്. ഇതിനെ വാഷിങ്ടണിൽ ഇസ്രായേൽ പ്രധാനമന്ത്രി പരസ്യമായി പിന്തുണച്ചിരുന്നു. ഹമാസിന് കർശനമായ സമയപരിധി നൽകിയ ഈ നിർദേശം, വെടിനിർത്തൽ, ബന്ദികളുടെ മോചനം, തടവുകാരുടെ കൈമാറ്റം, ഗസ്സക്കുള്ള താൽക്കാലിക അന്താരാഷ്ട്ര ട്രസ്റ്റിഷിപ്, ഹമാസിന്റെ നിരായുധീകരണം, കീഴടങ്ങൽ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതാണ്. ഇതിലെ കെണി തിരിച്ചറിഞ്ഞ ജാഗ്രതയോടെയാണെങ്കിലും, ഹമാസിന്റെ പ്രാരംഭ മറുപടി, ശ്രദ്ധേയമായും പോസിറ്റിവായിരുന്നു.
എന്നാൽ, അധികാരവുമായി ബന്ധപ്പെട്ട നിർദിഷ്ട ഇടക്കാല അതോറിറ്റിയുടെ ഘടന, വ്യവസ്ഥകള്‍ നടപ്പാക്കുന്നതിലെ മുന്‍ഗണനക്രമം, കരാറിലെ ഉറപ്പുകളുടെ സ്വഭാവം മുതലായവയോട് അവർ വിയോജിക്കുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തന്റെ ജന്മാവകാശമാണ് എന്നമട്ടില്‍ പറഞ്ഞുനടക്കുന്ന ട്രംപ്, ഹമാസ് ‘‘സമാധാനത്തിന് തയാറാണ്’’ എന്ന് പ്രഖ്യാപിച്ച് അത് തന്റെ നേട്ടമായി ഉദ്ഘോഷിക്കുന്നു. ഹമാസും ഫലസ്തീന് ജനതയും എക്കാലവും ആവശ്യപ്പെടുന്നത് ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയുള്ള ശാശ്വതസമാധാനമാണ്. അത് തടയുന്ന നിലപാടാണ് എപ്പോഴും ട്രംപും അമേരിക്കയും സ്വീകരിച്ചിട്ടുള്ളത്. ഈ പദ്ധതിയും വ്യത്യസ്തമല്ല. എന്നാല്‍, ഒരു കാര്യം വ്യക്തമാണ്, പദ്ധതിയോടുള്ള ഹമാസിന്റെ സോപാധികമായ അനുകൂല നിലപാട് ഒരു വിലപേശല്‍ നാടകമായി ഇതിനെ മാറ്റാനുള്ള ഇസ്രായേലിന്റെ നീക്കത്തിന് താല്‍ക്കാലികമായെങ്കിലും തടയിടുന്നതാണ്.
വിനാശവും പ്രത്യാശയും
അപ്പോൾ, ഫ്ലോട്ടിലക്ക് ശേഷമുള്ള ഗസ്സയിൽ എന്താണ് യഥാർഥത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്? ഒന്നാമതായി, മാനുഷിക ഇടപെടലുകളുടെ ഉപരോധവും തകര്‍ച്ചയും ഏതൊരു യുദ്ധത്തേക്കാളും മോശമായ അവസ്ഥ ഗസ്സയില്‍ സംജാതമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര യുദ്ധനിയമങ്ങളെ പല്ലിളിച്ചുകാട്ടിക്കൊണ്ട്, ആയിരക്കണക്കിന് കുട്ടികളുടെ മരണവും അംഗവൈകല്യവുമാണ് ഈ യുദ്ധം സൃഷ്ടിച്ചത്. എയര്‍ ഡ്രോപ്സ് കൊണ്ടോ വാഹനവ്യൂഹങ്ങളിലൂടെയുള്ള അപര്യാപ്തമായ വിതരണംകൊണ്ടോ മരുന്ന്-കുടിവെള്ള-ഭക്ഷണക്ഷാമം പരിഹരിക്കാൻ കഴിയാത്തവിധം ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ മനുഷ്യവിരുദ്ധമായ ഉപരോധവ്യവസ്ഥ അടിയന്തരമായി മാറേണ്ടതുണ്ട്. രണ്ടാമതായി, ഇസ്രായേല്‍ ആഗോളതലത്തില്‍ കൂടുതല്‍ ഒറ്റപ്പെടുന്നു.
അന്താരാഷ്ട്ര കോടതിയുടെ (ഐ.സി.സി) വാറന്റുകൾ-അവ എത്ര ചോദ്യംചെയ്യപ്പെടുന്നുണ്ടെങ്കിലും, ഇസ്രായേലിന് കടുത്ത വെല്ലുവിളികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഐ.സി.സി വാറന്റ് പുറപ്പെടുവിച്ചതിനു ശേഷം, കുറഞ്ഞത് ഒരു രാജ്യമെങ്കിലും (സ്ലൊവീനിയ) നെതന്യാഹുവിന് ഔദ്യോഗിക പ്രവേശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഐ.സി.സി അംഗങ്ങളുടെ വ്യോമാതിർത്തിയിലേക്കുള്ള പ്രവേശനം കുറക്കുന്നതിന് നെതന്യാഹുവിന്റെ സംഘത്തിന് വിമാനറൂട്ടുകളിൽ മാറ്റം വരുത്തേണ്ടിവരുന്നു. നെതന്യാഹു എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യാത്തതിന് ഹംഗറി ഐ.സി.സിയുടെ വിമർശനം നേരിടേണ്ടിവന്നു.
യൂറോപ്പിന് മുകളില്ക്കൂടിപ്പോലും പറക്കാന്‍ നെതന്യാഹു ഇപ്പോള്‍ ഭയപ്പെടുന്നു. മൂന്നാമതായി, അയർലൻഡ്, സ്പെയിൻ, നോർവേ, സ്ലൊവീനിയ എന്നീ രാജ്യങ്ങളെ പിന്തുടര്ന്നുകൊണ്ട് ഫ്രാൻസ്, ബെൽജിയം, ലക്സംബർഗ്, മാൾട്ട, അൻഡോറ, മോണകോ, കാനഡ, ആസ്ട്രേലിയ, യുനൈറ്റഡ് കിങ്ഡം, പോർചുഗൽ എന്നീ രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചിരിക്കുന്നു. 2025 സെപ്റ്റംബർ അവസാനത്തോടെ, ഫലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 156-157 ആയിട്ടാണ് വർധിച്ചത്. അതിൽ ജി-20യിലെ 14 അംഗങ്ങളും ഉള്‍പ്പെടുന്നു. ഫലസ്തീനിലെ ധീരജനത ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’ എന്ന അസാമാന്യമായ നിശ്ചയദാർഢ്യത്തോടെ നടത്തുന്ന ചെറുത്തുനില്പ്, ഏറ്റവും നിര്‍ണായകമായ രാഷ്ട്രീയ പരിഹാരത്തിലേക്ക് നീങ്ങുന്നതിനുള്ള സാഹചര്യമാണ് ഗസ്സയുദ്ധം ഇപ്പോള്‍ തുറന്നുതരുന്നത്. ഹതാശരായ ലക്ഷക്കണക്കിനു മനുഷ്യരുടെ ഒഴുകിയ ചോരയും പൊലിഞ്ഞ ജീവനും ഒരുകാലത്തും വൃഥാവിലാവില്ല എന്ന് ചരിത്രം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.