ഉരുൾദുരന്തത്തിന് ഒരാണ്ട്: എന്നിട്ടും പഠിച്ചോ നമ്മൾ...?
text_fieldsമുണ്ടക്കൈ ഉരുൾദുരന്തത്തിന് ഒരു വർഷം പൂർത്തിയായിരിക്കേ നമ്മൾ പാഠം പഠിച്ചോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. മുണ്ടക്കൈയിൽ ദുരന്ത സൂചനകൾ ലഭിച്ചിട്ടും ജില്ല ഭരണകൂടം മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും ഇക്കാര്യത്തിൽ ഗുരുതരവീഴ്ചയുണ്ടായെന്നുമുള്ള ആരോപണം ഇപ്പോഴും ശക്തമാണ്. പഞ്ചായത്തിൽ നിന്നടക്കം മേഖലയിൽ അതിതീവ്ര മഴ പെയ്യുന്നുവെന്ന വിവരം നേരത്തേ കിട്ടിയിട്ടും ആളുകളെ ഒഴിപ്പിച്ചിരുന്നില്ല. 2024 ജൂലൈ 30ന് പുലർച്ച ഒരു മണിയോടെയാണ് പുഞ്ചിരിമട്ടത്ത് ആദ്യ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്.
29ന് രാവിലെ 8.30 മുതൽ മേപ്പാടി പുത്തുമലയിൽ 163 മില്ലി മീറ്റർ മഴ കിട്ടിയെന്നും നിലവിലെ സാഹചര്യത്തിൽ ഇത് തലേ ദിവസത്തെ അളവായ 200 മില്ലി മീറ്റർ മറികടക്കാൻ സാധ്യതയുണ്ടെന്നുമുള്ള അറിയിപ്പ് പി.ആർ.ഡി വഴി രാത്രി 10.30ന് പുറത്തുവന്നിരുന്നു. 48 മണിക്കൂറിനുള്ളിൽ 600 മി.മീറ്റർ മഴ പെയ്താൽ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥരംഗത്തെ സ്വകാര്യ ഗവേഷണ കേന്ദ്രമായ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ഡയറക്ടറായ സി.കെ. വിഷ്ണുദാസ് പറയുന്നു.
2020ൽ മുണ്ടക്കൈയിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന് ഹ്യൂം ഗവേഷണ കേന്ദ്രം അറിയിച്ചതിനനുസരിച്ച് ജില്ല ഭരണകൂടം ആളുകളെ മാറ്റിയതിനാലാണ് അന്നുണ്ടായ ഉരുൾപൊട്ടലിൽ ആൾനാശം ഉണ്ടാകാതിരുന്നത്. മുണ്ടക്കൈ ദുരന്തത്തിനുമുമ്പ് വയനാട്ടിൽ പത്തിൽ താഴെ കേന്ദ്രങ്ങളിൽ മാത്രമാണ് മഴയുടെ അളവ് അറിയിക്കാൻ സർക്കാർ തലത്തിൽ സംവിധാനം ഉണ്ടായിരുന്നത്. തിരുനെല്ലി, വെള്ളമുണ്ട, അമ്പലവയൽ, വൈത്തിരി, തലപ്പുഴ, തരിയോട് തുടങ്ങിയ ഭാഗങ്ങളിലായിരുന്നു ഇത്. പിന്നീടാണ് ഹ്യൂം സെന്ററുമായി ചേർന്ന് ജില്ലയിലെ വിവിധ ഇടങ്ങളിൽ 300ഓളം മഴമാപിനികൾ തയാറാക്കാനായത്.
ഒരു വർഷത്തിനകം തന്നെ ദുരന്തമേഖലയിൽ വെള്ളപ്പൊക്കം
ഉരുൾദുരന്തം കഴിഞ്ഞുള്ള 2025ലെ ആദ്യ കാലവർഷത്തിൽ തന്നെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഭാഗങ്ങളിൽ വൻ വെള്ളപ്പൊക്കമാണുണ്ടായത്. കഴിഞ്ഞ ജൂൺ 25നുണ്ടായ വെള്ളപ്പൊക്കത്തിൽ ഉരുൾപൊട്ടൽ പോലുള്ള ദുരന്തമാണ് വീണ്ടും സംഭവിക്കുന്നതെന്ന ഭീതിയായിരുന്നു എല്ലായിടത്തും. പുഴയിലൂടെ മരങ്ങളും ചളിയും കുത്തിയൊലിച്ചെത്തിയതും വെള്ളം ഉയർന്നതും പ്രദേശത്തെ ഭീതിയിലാഴ്ത്തി.
എന്നാൽ, അന്നും ബെയ്ലി പാലം കടന്ന് നിരവധി തൊഴിലാളികൾ എസ്റ്റേറ്റുകളിൽ പണിക്ക് പോയിരുന്നു. ശക്തമായ മഴയുണ്ടായിട്ടും ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകൾ ഈ തൊഴിലാളികൾക്ക് ആരും നൽകിയിട്ടുമുണ്ടായിരുന്നില്ല. മുണ്ടക്കൈ, അട്ടമല റോഡിന് മുകളിലെത്തിയ നൂറ്റി അമ്പതോളം എസ്റ്റേറ്റ് തൊഴിലാളികൾ പ്രദേശത്ത് കുടുങ്ങുകയും ചെയ്തു. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് വാഹനങ്ങളിലായി ഇവരെ ബെയ്ലി പാലത്തിനിപ്പുറത്തെത്തിക്കുകയായിരുന്നു.
സർക്കാർ നിയോഗിച്ച വിദഗ്ധസമിതി, സുരക്ഷിതമെന്ന് കണ്ടെത്തിയ ഭാഗങ്ങൾക്കടുത്തുവരെ വെള്ളം കുത്തിയൊലിച്ചു. പുന്നപ്പുഴക്ക് ഇരുകരയിലും പുഞ്ചിരിമട്ടത്തിന് മുകളിലേക്ക് 50 മീറ്റര് അപ്പുറവും പുഞ്ചിരിമട്ടത്തിന് താഴെ ഭാഗത്ത് 30 മീറ്ററിന് അപ്പുറവും വാസയോഗ്യമാണെന്നായിരുന്നു സമിതി റിപ്പോര്ട്ട്. വാസയോഗ്യമാണെന്ന് സമിതി പറഞ്ഞ അട്ടമല, റാട്ടപ്പാടി, പടവെട്ടിക്കുന്ന്, ഗോപിമൂല എന്നീ പ്രദേശങ്ങളിലേക്കുള്ള റോഡുകളടക്കം അടുത്തിടെയുള്ള വെള്ളപ്പൊക്കത്തിൽ മൂടി. അട്ടമലയിൽ 38, റാട്ടപ്പാടിയിൽ 16, പടവെട്ടിക്കുന്നിൽ 34 ഉം കുടുംബങ്ങളാണ് താമസിച്ചിരുന്നത്. നിലവിൽ ഇവിടെ ആരും താമസിക്കുന്നില്ല.
തുരങ്കപാത വരുന്നു
കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി നാലുവരി തുരങ്കപാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ഈയിടെയാണ് ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്ന് ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് 7.826 കി.മീറ്ററുള്ള തുരങ്കപാത അവസാനിക്കുന്നത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനങ്ങളിൽ പ്രകൃതി ദുരന്തങ്ങളുടെ സാധ്യതാപ്പട്ടികയിലുള്ള പ്രദേശത്തുകൂടിയാണ് ഭൂമി തുളച്ചുള്ള തുരങ്കപാത പോകുന്നത്. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ പ്രദേശങ്ങൾ കൂടിയാണിത്. പാത അവസാനിക്കുന്ന ചൂരൽമലയിലെ മീനാക്ഷി ക്ഷേത്രത്തിനടുത്താണ് 2019ൽ ഉരുൾപൊട്ടൽ നടന്ന പുത്തുമല.