തിരികെയെത്തിക്കാമോ ശേഷിക്കുന്നവരെയെങ്കിലും?
text_fieldsറഷ്യയിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി ബിനിൽ ബാബു, റഷ്യയിൽ പരിക്കേറ്റ് ചികിത്സയിൽ
കഴിയുന്ന തൃശൂർ സ്വദേശി ജെയിൻ
ഒരു ഗൾഫ് രാജ്യത്ത് ഇലക്ട്രീഷ്യനായി ജോലിനോക്കുകയായിരുന്നു തൃശൂർ കുട്ടനെല്ലൂർ തോളത്ത് വീട്ടിൽ ബാബുവിന്റെയും ലൈസയുടെയും മകൻ ബിനിൽ (31). അവിടെ നിന്ന് നാട്ടിലേക്കുവന്ന് പുതിയ അവസരങ്ങൾ തേടുന്നതിനിടയിലാണ് മനുഷ്യക്കടത്ത് ഏജൻസിയുടെ കെണിയിൽപെടുന്നത്. മൂന്നര ലക്ഷം രൂപ ശമ്പളത്തോടെ പോളണ്ടിൽ ഇലക്ട്രീഷ്യൻ ജോലി സംഘടിപ്പിച്ച് നൽകാമെന്നായിരുന്നു അവരുടെ വാഗ്ദാനം. വിസാ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലായപ്പോഴാണ് ജോലി റഷ്യയിലാണെന്ന് അറിയുന്നത്.
ഏജന്റുമാരുടെ ഉറപ്പുകളിൽ വിശ്വാസമർപ്പിച്ച് ബിനിലും ഭാര്യ ജോയ്സിയുടെ പിതൃസഹോദര പുത്രൻ തെക്കുംകര കുത്തുപാറ തെക്കേമുറിയിൽ ജെയിൻ കുര്യനും കഴിഞ്ഞ ഏപ്രിൽ നാലിന് യാത്രതിരിച്ചു. വിമാനത്താവളത്തിൽനിന്നുതന്നെ ഇരുവരെയും റഷ്യൻ സൈന്യം കൂട്ടിക്കൊണ്ടുപോയി. ഇരുവരെയും കൂലിപ്പട്ടാളത്തിൽ പരിശീലനത്തിനാണ് ആദ്യം നിയോഗിച്ചത്. പിന്നീട് യുദ്ധഭൂമിയിൽ ഭക്ഷണം എത്തിക്കലും ട്രഞ്ച് നിർമിക്കലുമായി ജോലി. റഷ്യൻ സൈനികരുടെ സാന്നിധ്യത്തിൽ മാത്രമാണ് അവരെ നാട്ടിലേക്ക് ഫോൺ വിളിക്കാൻ അനുവദിച്ചിരുന്നത്. ജനുവരി ആദ്യം വീട്ടിലേക്ക് വിളിച്ചപ്പോൾ, ഇനി വിളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും യുദ്ധത്തിൽ പങ്കെടുക്കാൻ പോവുകയാണെന്നും ബിനിൽ ഭാര്യയോടും മാതാപിതാക്കളോടും പറഞ്ഞിരുന്നു. ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.
ഈ ജനുവരി ഏഴിനാണ് ബിനിൽ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ‘‘പെട്ടുപോയി. ഇനി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല’’ എന്ന ബിനിലിന്റെ വാക്ക് അറംപറ്റി. പിന്നെ അധികദിവസങ്ങൾ കഴിയാതെ മരണവാർത്തയുമെത്തി. മാസങ്ങൾക്കുമുമ്പ് ജനിച്ച മകൻ ജെയ്കിന്റെ മുഖംപോലും ഒരുനോക്കു കാണാനാകാതെ ബിനിൽ അകലങ്ങളിലുള്ള ഏതോ മോർച്ചറിയിൽ തണുത്തു മരവിച്ചുകിടക്കുന്നു.
തിരിച്ചുവരവ് പ്രതിസന്ധിയിലാക്കി പൗരത്വം
മനുഷ്യക്കടത്ത് സംഘം കൈമാറുന്ന ഇതര രാജ്യങ്ങളിലെ പൗരന്മാരെ റഷ്യൻ വിമാനത്താവളത്തിൽവെച്ചുതന്നെ റഷ്യൻ സൈന്യം ഏറ്റെടുക്കും. ഇവരുടെ സ്വരാജ്യത്തെ പാസ്പോർട്ടും യാത്രാരേഖകളും സൈന്യം വാങ്ങും. പിന്നീട് സൈനിക വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകും. കേരളത്തിൽനിന്ന് പോയ ബിനിലും ജെയിനും റഷ്യൻ പൗരത്വം സ്വീകരിച്ചതായാണ് വിവരം. അങ്ങനെയെങ്കിൽ ബിനിലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും പരിക്കേറ്റ ജയിന് മടങ്ങിവരുന്നതിനും സങ്കീർണതകൾ ഏറെയാകും. റഷ്യയിലുള്ള മലയാളികൾ പരമാവധി ശ്രമിച്ചിട്ടും വിഷയത്തിൽ പരിഹാരം കാണാനായിട്ടില്ല.
യുക്രെയ്നിൽനിന്ന് റഷ്യ യുദ്ധത്തിൽ പിടിച്ചെടുത്ത നെവസ്കോയി എന്ന സ്ഥലത്തുവെച്ചാണ് യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ ബിനിൽ കൊല്ലപ്പെടുന്നത്. മൃതദേഹം ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് റഷ്യയിലെ ഇന്ത്യൻ എംബസി നൽകുന്ന വിവരം. പ്രദേശത്ത് ഇരുസൈന്യവും വലിയ ഏറ്റുമുട്ടലാണ് നടത്തുന്നത്. ഇതിന് ശമനം ഉണ്ടാകാതെ അവിടേക്ക് പ്രവേശിക്കുക സാധ്യമല്ല. റഷ്യൻ എംബസി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സുരേഷ് ഗോപി അടക്കമുള്ള കേന്ദ്ര സഹമന്ത്രിമാർ, അടൂർ പ്രകാശ് എം.പി എന്നിവർക്കൊക്കെ അപേക്ഷ അയച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ജെയിന്റെ മടങ്ങിവരവും അനിശ്ചിതത്വത്തിൽ തുടരുകയാണ്. മോസ്കോയിലെ സൈനിക ആശുപത്രിയിലാണ് ജെയിൻ ഉള്ളതെന്നാണ് വിവരം.
അതേസമയം, റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാർ ആരെങ്കിലും യുദ്ധത്തിനിടെ യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലകപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഒരു വിവരവും ലഭ്യമല്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ സ്ഥിതി കൂടുതൽ പരിതാപകരമാകും. ഇന്ത്യയുമായി സമാധാന സഹവർത്തിത്വം പുലർത്തുന്ന ഒരു രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പുറപ്പെട്ടതിന് അവർ നടപടി നേരിടേണ്ടിവരുമെന്ന് ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഭിഭാഷകനും ഗവേഷകനുമായ ആകാശ് ചന്ദ്രൻ പറയുന്നു. ഇവർ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അങ്ങനെയുള്ളവരുടെ മടങ്ങിവരവ് കൂടുതൽ പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
(അവസാനിച്ചു)