കരൂരിൽ കാലിടറി ‘ഇളയ ദളപതി’
text_fields
പൊടുന്നനെ ട്വിസ്റ്റ് വന്ന ഒരു തമിഴ് സിനിമയുടെ തിരക്കഥയിലേതുപോലെയാണ് തമിഴക രാഷ്ട്രീയത്തിലെ കാഴ്ചകൾ. സിനിമ സമ്മാനിച്ച അതിമാനുഷ പരിവേഷവും സമ്പത്തും മൂലധനമാക്കി രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ ആരാധകരുടെ ‘ഇളയ ദളപതി’ വിജയ് വെച്ച ആദ്യ ചുവട് തന്നെ ദുരന്തമായിരിക്കുന്നു. അടുത്ത തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണികളെ വെള്ളംകുടിപ്പിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടിയ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ സെപ്റ്റംബർ 27ന്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പൊടുന്നനെ ട്വിസ്റ്റ് വന്ന ഒരു തമിഴ് സിനിമയുടെ തിരക്കഥയിലേതുപോലെയാണ് തമിഴക രാഷ്ട്രീയത്തിലെ കാഴ്ചകൾ. സിനിമ സമ്മാനിച്ച അതിമാനുഷ പരിവേഷവും സമ്പത്തും മൂലധനമാക്കി രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ ആരാധകരുടെ ‘ഇളയ ദളപതി’ വിജയ് വെച്ച ആദ്യ ചുവട് തന്നെ ദുരന്തമായിരിക്കുന്നു. അടുത്ത തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണികളെ വെള്ളംകുടിപ്പിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടിയ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ സെപ്റ്റംബർ 27ന് കരൂർ വേലുച്ചാമിപുരത്ത് സംഘടിപ്പിച്ച പ്രചാരണ പരിപാടി അത്യാഹിതമായതോടെ കണക്കുകളെല്ലാം തെറ്റി. അന്നവിടെ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. ശ്വാസം മുട്ടിയും തിരക്കിനിടയിൽ വീണ് ചവിട്ടേറ്റ് വാരിയെല്ല് തകർന്നും ആന്തരാവയവങ്ങൾ തകർന്നുമാണ് പലരുടെയും ജീവൻ നഷ്ടപ്പെട്ടത്. നിശ്ചയിച്ച സമയത്തിൽനിന്ന് ഏറെ വൈകി യോഗസ്ഥലത്തെത്തിയ താരം പര്യടന വാഹനത്തിന് മുകളിൽനിന്ന് പ്രസംഗിക്കവേയാണ് മൈതാനിയിൽ തടിച്ചുകൂടിയ പ്രവർത്തകർ കുഴഞ്ഞുവീണത്.
ഒളിച്ചോടിയ നായകൻ, സ്കോർ ചെയ്ത മുഖ്യൻ
സ്ക്രീനിലും സ്റ്റേജിലും അടിച്ചുമിന്നിച്ച ഡയലോഗുകൾ പൊള്ളയാണെന്ന് തോന്നിപ്പിച്ച സംഭവങ്ങളാണ് പിന്നാലെ നടന്നത്. കുട്ടികളും സ്ത്രീകളുമടക്കമുള്ള ആരാധകർ കൺമുന്നിൽ കുഴഞ്ഞുവീഴുന്നതും ആംബുലൻസുകൾ ആശുപത്രിയിലേക്ക് കുതിക്കുന്നതും കണ്ടിട്ടും എന്തെങ്കിലും ചെയ്യാൻ തയാറാകാതെ വിജയ് തിരുച്ചി വിമാനത്താവളത്തിലെത്തി ചാർട്ടേഡ് വിമാനത്തിൽ ചെന്നൈയിലെ വസതിയിലേക്ക് പറന്നു. ടി.വി.കെ ജനറൽ സെക്രട്ടറി ബുസ്സി ആനന്ദ്, ആദവ് അർജുന, നിർമൽകുമാർ തുടങ്ങിയ നേതാക്കളും സംഭവസ്ഥലത്തുനിന്ന് ഓടിയൊളിച്ചു.
വിജയ് ചെന്നൈയിലേക്ക് ഒളിച്ചോടുമ്പോൾ ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ ചെന്നൈയിൽനിന്ന് പ്രത്യേക വിമാനത്തിൽ കരൂരിലെത്തി. മണിക്കൂറുകൾക്കുള്ളിൽ സംഭവസ്ഥലത്തേക്ക് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും അയച്ച അദ്ദേഹം മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെയും റിട്ട. ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിൽ ഏകാംഗ ജുഡീഷ്യൽ കമീഷനെയും നിയോഗിച്ചു. ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് ലഭിച്ച ശേഷം രാഷ്ട്രീയ പാർട്ടികളുമായും പൊതു സംഘടനകളുമായും കൂടിയാലോചിച്ച്, റോഡ് ഷോകളും പൊതുയോഗങ്ങളും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തുമെന്നും അറിയിച്ചു.

ദുരന്തം നടന്ന് 68 മണിക്കൂറിനുശേഷമാണ് വിഡിയോ സന്ദേശവുമായി വിജയ് രംഗത്തെത്തിയത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടി പ്രവർത്തകർക്കെതിരെ സംസ്ഥാന സർക്കാർ കേസെടുക്കുകയാണെന്നും കുറ്റപ്പെടുത്തിയ വിജയ്, സ്റ്റാലിനോട് ‘‘മുഖ്യമന്ത്രി സർ, നിങ്ങൾക്ക് പ്രതികാരം ചെയ്യണമെങ്കിൽ, ഞാൻ വീട്ടിലോ ഓഫിസിലോ ഉണ്ടായിരിക്കും. എന്നാൽ, പ്രവർത്തകരുടെ മേൽ കൈവെക്കരുത്’’ എന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും വിജയ് പ്രഖ്യാപിച്ചെങ്കിലും വിതരണം നടന്നിട്ടില്ല. കരൂരിലെ ടി.വി.കെ ജില്ല കമ്മിറ്റി ഓഫിസ് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
രാഷ്ട്രീയ പാർട്ടികളുടെ പൊതുപരിപാടികൾക്ക് മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കവേ വിജയ് ക്കെതിരെ രൂക്ഷ പരാമർശങ്ങളാണ് മദ്രാസ് ഹൈകോടതി നടത്തിയത്. കരൂരിലെ അത്യാഹിതത്തെ മനുഷ്യനിർമിത ദുരന്തമെന്ന് വിശേഷിപ്പിച്ച കോടതി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ടി.വി.കെയുടെ നടപടിയെ വിമർശിച്ചു. സംഭവം നടന്നയുടനെ വിജയ് ഉൾപ്പെടെ എല്ലാ ഭാരവാഹികളും സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയത് ചൂണ്ടിക്കാട്ടി വിജയ്ക്ക് നേതൃപാടവമില്ലെന്ന് പറഞ്ഞ ജസ്റ്റിസ് എൻ. സെന്തിൽകുമാർ എന്തുതരം പാർട്ടിയാണിത് എന്നാണ് ചോദിച്ചത്.
ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ കാലം
ദുരന്തത്തിൽ ദുരൂഹതയുണ്ടെന്നും ഡി.എം.കെ സർക്കാറാണ് ഉത്തരവാദിയെന്നും അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നുമാണ് ടി.വി.കെ വാദിക്കുന്നത്. ഡി.എം.കെ നേതാവും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജിയുടെ തട്ടകമാണ് കരൂർ. സെന്തിൽ ബാലാജിക്കെതിരെ വിജയ് പ്രസംഗത്തിൽ രൂക്ഷ വിമർശനമഴിച്ചുവിട്ട സന്ദർഭത്തിലുണ്ടായ കല്ലേറും ചെരിപ്പേറുമാണ് പ്രശ്നത്തിലേക്ക് വഴിതെളിച്ചതെന്നും പ്രവർത്തകർക്കും പൊതുജനങ്ങൾക്കും നേരെ പൊലീസ് ലാത്തിവീശുകയും മനഃപൂർവം വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തുവെന്നും ടി.വി.കെ. വൃത്തങ്ങൾ ആരോപിക്കുന്നു. എന്നാൽ, അന്വേഷണം പ്രാരംഭ ഘട്ടത്തിലായിരിക്കേ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്ന് വ്യക്തമാക്കി ടി.വി.കെ സമർപ്പിച്ച ഹരജികൾ ഹൈകോടതി തള്ളി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് പാർട്ടി.

അണ്ണാ ഡി.എം.കെയും വിജയ് അല്ല, ജോസഫ് വിജയ് എന്ന് ദുസ്സൂചനയോടെ പറഞ്ഞിരുന്ന ബി.ജെ.പിയും ദുരന്തത്തിന്റെ ഉത്തരവാദിത്തം സർക്കാറിനുമേൽ ചാർത്താനും വിജയ് ഫാൻസിനെ ഒപ്പം നിർത്താനും കിണഞ്ഞുശ്രമിക്കുന്നുണ്ട്. ബി.ജെ.പി എം.പി ഹേമമാലിനിയുടെ നേതൃത്വത്തിൽ കരൂരിലെത്തിയ എൻ.ഡി.എ വസ്തുതാന്വേഷണ സംഘം ഇത് കേവലം ഒരു അപകടമല്ലെന്നും ഗൂഢാലോചന സംശയിക്കുന്നതായും മാധ്യമങ്ങളോട് പറഞ്ഞു. സംഘത്തിന്റെ റിപ്പോർട്ട് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്ക് കൈമാറും. സംഭവത്തെക്കുറിച്ച് സുപ്രീം കോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നുമാണ് സംഘാംഗമായ അനുരാഗ് ഠാകുർ പറഞ്ഞത്. പ്രധാനമന്ത്രി മോദിയുടെ നിർദേശാനുസരണം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കരൂരിലെത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിജയ്യെ ഫോണിൽ വിളിച്ച് സംസാരിച്ചതായും റിപ്പോർട്ടുണ്ട്. തമിഴ്നാട് പൊലീസിന്റെ അന്വേഷണം വിശ്വാസത്തിലെടുക്കാവുന്നതല്ലെന്നും സി.ബി.ഐക്ക് കേസ് കൈമാറണമെന്നുമുള്ള നിലപാടുമായി ടി.വി.കെ പ്രചാരണ വിഭാഗം സെക്രട്ടറി ആദവ് അർജുന കേന്ദ്ര ബി.ജെ.പി നേതാക്കളെ കാണാൻ ഡൽഹിയിലെത്തി. സി.ബി.ഐ അന്വേഷണം ഏർപ്പെടുത്തുന്നപക്ഷം അതിന്റെ മറവിൽ വിജയ്യെ ചൊൽപടിയിൽ നിർത്താമെന്ന കണക്കുകൂട്ടൽ ബി.ജെ.പിക്കുണ്ട്. മദ്രാസ് ഹൈകോടതിയിൽ വിജയ്യുടെ അഭിഭാഷകരോടൊപ്പം, ബി.ജെ.പിക്കുവേണ്ടി പതിവായി ഹാജരാവാറുള്ള അഭിഭാഷകരും ഉണ്ടായിരുന്നുവെന്നതും ചർച്ചയായി. പെരിയ ദളപതി രജനികാന്തിനെ രാഷ്ട്രീയത്തിലിറക്കാൻ കൊണ്ടുപിടിച്ച് ശ്രമിച്ച ആർ.എസ്.എസ് താത്ത്വികാചാര്യനും ‘തുഗ്ലക്’ വാരിക എഡിറ്ററുമായ എസ്. ഗുരുമൂർത്തി തന്നെയാണ് കേന്ദ്ര ബി.ജെ.പിക്കും ടി.വി.കെക്കും ഇടയിലെ പാലമായി വർത്തിക്കുന്നത്.
വിനയാവുന്ന അമിതാവേശം
ജനങ്ങൾ നൽകുന്ന ഉപാധിയില്ലാത്ത സ്നേഹമാണ് ഓരോ താരത്തെയും രാഷ്ട്രീയ നേതാവിനെയും ഉയരങ്ങളിലെത്തിക്കുന്നത്. തമിഴ്നാട്ടിൽ ആ സ്നേഹം ഒരുതരം ആരാധനയായി വളരുന്നു. ചെറുപ്പക്കാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വമ്പൻ ആരാധകവൃന്ദം സ്വന്തമായുള്ള വിജയ്യുടെ ഓരോ സമ്മേളനങ്ങളിലും പ്രചാരണ പരിപാടികളിലും വൻ ജനാവലിയാണെത്തിയിരുന്നത്. ആവേശക്കൂട്ടം വോട്ടായി മാറില്ലെന്ന് പരിഹസിക്കുമ്പോഴും ഈ ജനക്കൂട്ടം ഡി.എം.കെയെയും മറ്റ് പാർട്ടികളെയും ശരിക്കും ആശങ്കയിലാഴ്ത്തിയിരുന്നു.

വീരാരാധനയോടെയെത്തുന്ന ആരാധകർ താരത്തെക്കാണാൻ മേൽക്കൂരകളിലും മരങ്ങളിലും മതിലുകളിലും മാത്രമല്ല വൈദ്യുതി പോസ്റ്റിന് മുകളിൽ പോലും വലിഞ്ഞുകയറും. ഇതുമൂലം പലയിടങ്ങളിലും അപകടങ്ങളും സംഭവിച്ചു. മധുര, തിരുച്ചി, പെരമ്പലൂർ, നാഗപട്ടണം, തിരുവാരൂർ, നാമക്കൽ ജില്ലകളിൽ നടന്ന പര്യടനങ്ങൾക്കിടെ ആവേശം മൂത്ത ആരാധകർ തെരുവുവിളക്കുകൾ, മീഡിയനുകൾ, ട്രാഫിക് സിഗ്നലുകൾ, പെട്ടിക്കടകൾ എന്നിവക്ക് കേടുപാടുകൾ വരുത്തിയ സംഭവങ്ങളുമുണ്ടായി. വിജയ് വരുന്നതും പ്രതീക്ഷിച്ച് മണിക്കൂറുകളോളം നിന്ന പ്രവർത്തകർ തിക്കിലും തിരക്കിലുംപെട്ട് കുഴഞ്ഞുവീഴുന്നതും ആശുപത്രിയിലാവുന്നതും പതിവായിരുന്നു. സംഭവത്തിന്റെ ഉത്തരവാദികളാരെന്ന് അന്വേഷണ റിപ്പോർട്ടുകൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. എന്നിരിക്കിലും ഒഴിവാക്കാമായിരുന്ന ഈ ദുരന്തത്തിന് വ്യാപ്തി വർധിപ്പിച്ചത് നേതൃപാടവമില്ലാത്ത നേതാക്കളും അച്ചടക്കമില്ലാത്ത അണികളുമാണെന്ന് തറപ്പിച്ച് പറയാനാകും.

