‘ഇത് യൂറോപ്പല്ല, മനുഷ്യരേറെയുള്ള നാടാണ്’
text_fieldsലേബർ കോഡ് ഒരിക്കലും നമ്മുടെ രാജ്യത്തിന് യോജിച്ചതല്ല. ജനസംഖ്യ കുറവുള്ള യൂറോപ്യൻ രാജ്യങ്ങളിലെ സ്ഥിതിയല്ല നമ്മുടേത്. ഇന്ത്യയുടെ പ്രത്യേകത കണക്കാക്കിയാണ് ജവഹർലാൽ നെഹ്റുവും പിന്നീട് ഇന്ദിര ഗാന്ധിയും തൊഴിലാളി നിയമമുണ്ടാക്കിയത്.
എല്ലാ നിയമങ്ങളും എടുത്തുകളഞ്ഞ് ലേബർ കോഡ് എന്നനാമത്തിൽ പുതിയ നിയമം കൊണ്ടുവരുന്നതിൽ ദുരൂഹതയുണ്ട്. 300 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് ആരുടെയും അനുവാദം വേണ്ടെന്ന നിയമം കൊണ്ടുവന്നാൽ രാജ്യത്ത് അഞ്ചുശതമാനം കമ്പനികൾപോലും നിയമപരമായി പ്രവർത്തിക്കില്ല. സൈന്യത്തിൽ അഗ്നിവീർ ഭടന്മാരെ നിയമിച്ചപോലെ ഫിക്സഡ് പേയ്മെന്റ് എംപ്ലോയറെ കൊണ്ടുവരുക എന്നതാണ് ബി.ജെ.പി അജണ്ട. 12 മാസം ജോലിചെയ്യുന്നവർക്ക് ഗ്രാറ്റ്വിറ്റി കിട്ടും എന്നതാണ് ബി.എം.എസ് വാദം.
11 മാസം കഴിഞ്ഞ് പിരിച്ചുവിട്ടാൽ അതുകിട്ടുമോ? പരാതി പറയാൻ ലേബർ കോടതിയില്ല, ട്രൈബ്യൂണലില്ല അങ്ങനെ അവകാശം ചോദിച്ച് ചെല്ലാൻ ഒരു സംവിധാനവും തൊഴിലാളിക്ക് ഉണ്ടാവില്ല. ദൂരവ്യാപകമായ പ്രത്യാഘാതമാണ് നമ്മെ കാത്തിരിക്കുന്നത്. മിനിമം വേതനംപോലും തൊഴിലാളിക്ക് ലഭ്യമാകാത്ത സ്ഥിതിയുണ്ടാകും.
ദേശീയ മിനിമം വേതനമാണ് ട്രേഡ് യൂനിയനുകളുടെ പരമ പ്രധാന ആവശ്യം. ഈ ആവശ്യത്തെ അപമാനിക്കാനാണ് ‘ഫ്ലോർ വേജ്’ അഥവ തറകൂലി നിശ്ചയിക്കാനൊരുങ്ങുന്നത്. ഇപ്പോൾ ലഭിക്കുന്ന വേതനംപോലും അത് ഇല്ലാതാക്കും. ഒരു യോഗത്തിലേക്കും ഐ.എൻ.ടി.യു.സിയെ വിളിച്ചിട്ടില്ല. ഇത് ഏകാധിപത്യമല്ലാതെ മറ്റെന്താണ്? ഞങ്ങൾ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.


