സി.പി.എം ശക്തികേന്ദ്രങ്ങളിൽ അസ്വസ്ഥതാകമ്പനങ്ങൾ
text_fieldsമാർക്സിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ ശക്തികേന്ദ്രങ്ങളായ നാലു ജില്ലകളിലാണ് 2026 ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അപസ്വരങ്ങൾ ഉയരുന്നത്. സിപിഎമ്മിന്റെ തലസ്ഥാനമെന്ന കരുതപ്പെടുന്ന കണ്ണൂരിൽ വി. കുഞ്ഞിക്കണ്ണൻ ഉയർത്തിവിട്ട വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടയിലാണ്, സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ പുതിയ പ്രശ്നങ്ങൾ രൂപം കൊള്ളുന്നത്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ആ പാർട്ടിയുടെ ഏറ്റവും സുപ്രധാന ജില്ലയായ ആലപ്പുഴയിലും ശക്തി കേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന പാലക്കാട്, ഇടുക്കി ജില്ലകളിലും അസ്വസ്ഥതയുടെ കേളികൊട്ട് ആരംഭിച്ചുകഴിഞ്ഞു.
സി.പി.എമ്മിൽ പണ്ടില്ലാത്ത വിധം സ്വാർത്ഥതാൽപര്യങ്ങളും സ്ഥാപിത താൽപര്യങ്ങളും കൂടിവരുന്നതിന്റെ ലക്ഷണമാണ്, സ്ഥാനാർഥി നിർണയത്തിലും നേതാക്കളെ തമസ്കരിക്കുന്നതിലും പ്രകടമാകുന്നതെന്നാണ്, പാർട്ടിയിലെ അസംതൃപ്ത വിഭാഗങ്ങളിൽ നിന്ന് ഉയരുന്ന ആരോപണം.
കുഞ്ഞികൃഷ്ണൻ, ശൈലജ, ശ്യാമള... കണ്ണൂരിൽ വിവാദം ഒടുങ്ങുന്നില്ല
കണ്ണൂരിൽ ആദ്യ വെടിപൊട്ടിച്ചത് പയ്യന്നൂരിലെ മുതിർന്ന നേതാവായ വി. കുഞ്ഞികൃഷ്ണൻ. നടപ്പ് എം.എൽ.എയായ ടി.ഐ. മധുസൂദനനെതിരെ രക്തസാക്ഷിഫണ്ട് പിരിവിന്റെ പേരിൽ കടുത്ത ആരോപണങ്ങളാണ് കുഞ്ഞികൃഷ്ണൻ ഉയർത്തിവിട്ടത്. അതിനിടെ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി ഒരുങ്ങിയാൽ വിമതനായി താൻ ഉണ്ടാകുമെന്ന സൂചനയാണ്, കുഞ്ഞികൃഷ്ണൻ നൽകുന്നത്. മധുസൂദനന്റെ പേരിൽ പയ്യന്നൂരിലെ പാർട്ടിയിൽ ഒരു വലിയ വിഭാഗം ഇടഞ്ഞുനിൽക്കുമ്പോൾ വി. കുഞ്ഞുകൃഷ്ണൻ വിമതനായാൽ പാർട്ടിയുടെ ഉറച്ച സീറ്റിന് ആട്ടം തട്ടുമെന്ന ഭയം അണികൾക്കുണ്ടെങ്കിലും ആശ്രിതരെ അണച്ചുനിർത്തും എന്ന സൂചനയാണ് നേതൃത്വത്തിൽ നിന്ന് ഉയരുന്നത്.
കണ്ണൂരിലെ മറ്റുസീറ്റുകളിലും വലിയ വിവാദങ്ങൾ ശക്തമാകുകയാണ്. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാനുള്ള നീക്കമാണ്, മറ്റൊന്ന്. എം.വി. ഗോവിന്ദന്റെ ഭാര്യയായ ശ്യാമളയെ രംഗത്തിറക്കുന്നത് പാർട്ടിയിൽ ഇനിയും പരിഗണനകൾ ഒന്നും കിട്ടാത്ത മുതിർന്ന നേതാവായ സുകന്യയെ തഴയാൻ കൂടി വേണ്ടിയാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. ശ്യാമള, പാർട്ടിയിൽ പ്രമുഖയാണ്. ജനാധിപത്യ മഹിളാസംഘം നേതാവാണ്. ബദൽരേഖകാലത്ത് എം.വി. രാഘവനോടൊപ്പം ആടിനിന്ന എം.വി. ഗോവിന്ദനെ പാർട്ടിയിൽ പിടിച്ചു നിർത്തിയത് ശ്യാമളയാണെന്ന് കരുതുന്ന വലിയൊരു വിഭാഗം നേതാക്കൾ സി.പി.എമ്മിലുണ്ട്. ആ നിലക്ക് അല്ലെങ്കിലും ശ്യാമള സീറ്റിന് അർഹയാണ്. എന്നാലവരെ മറ്റൊരു സീറ്റിൽ പരിഗണിച്ചുകൊണ്ട് സുകന്യയ്ക്ക് തളിപ്പറമ്പ് നൽകുന്നത് മര്യാദയായിരുന്നു എന്ന അഭിപ്രായം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങളിൽ പലർക്കും ഉണ്ട്.
അതിനിടെയാണ്, കെ.കെ. ശൈലജ വിവാദം. ജനപ്രീതിയുടെ കാര്യത്തിൽ പിണറായി വിജയനോളമോ അതിലേറെയോ ഉയരമുള്ള നേതാവാണ്, ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ശൈലജ. ആ ഉയരം തരിമ്പുപോലും നിഷേധാത്മകമല്ല എന്നു മാത്രമല്ല, ഏറ്റവും തിളക്കമേറിയതുമാണ്. ആരോഗ്യമന്ത്രി എന്ന നിലക്ക് നിപ്പയുടെ കാലം മുതൽ കോവിഡ് നിയന്ത്രണംവരെ അവർ തന്റെ പ്രവർത്തനം കൊണ്ട് നേടിയെടുത്ത യശസാണത്. രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾകൊള്ളിക്കാതെ അവരെ മൂലക്കിരുത്തിയത്, അത്രക്ക് അങ്ങനെ ഉയർന്നുപോകേണ്ട എന്ന ദുഷ്ടലാക്കോടെയാണെന്നു വിശ്വസിക്കുന്നവർ പാർട്ടിയിലുണ്ട്.
അങ്ങനെയുള്ള അവരുടെ യശസ് പൊതുജനമധ്യത്തിൽ ഇടിച്ചുകാട്ടാനാണ്, ലോക്സഭയിലേക്ക് വടകരയിൽ നിന്ന് മത്സരിപ്പിച്ചു തോൽപിച്ചത് എന്നും ആരോപണമുണ്ട്. എങ്കിലും സി.പി.എമ്മിൽ ഏറ്റവും തിളക്കും ശെശലജക്ക് തന്നെയെന്നതിൽ ആർക്കും തർക്കമില്ല. അങ്ങനെയുള്ള അവർ അറുപതിനായിരത്തിലേറെ വോട്ടിനു ജയിച്ച മട്ടന്നൂർ മണ്ഡലം തിരിച്ചുപിടിച്ച് ജയസാധ്യത തീരെക്കുറഞ്ഞ പേരാവൂർ നൽകിയത്, വീണ്ടും മൂലക്കിരുത്താനാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. ആ മണ്ഡലത്തിലെ എം.എൽ.എ ആയ കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫിനെ പ്രചാരണ രംഗത്തിറക്കാതെ അവിടെ തന്നെ കുരുക്കിയിടാൻ കഴിയുമെന്നതിൽ കവിഞ്ഞ് പാർട്ടി യാതൊരു വിജയപ്രതീക്ഷയും അവിടെ പുലർത്തുന്നില്ലെന്ന് ശെശലജയോട് ആഭിമുഖ്യമുള്ള വൃത്തങ്ങൾ ആരോപിക്കുന്നു.
മണിയാശാൻ ഇടഞ്ഞാൽ ഇടുക്കിയില്ല
ഇടുക്കി ജില്ലയിൽ പാർട്ടിയുടെ ജീവാത്മാവാണ്, എം.എം മണി. ഏറെക്കാലം എം.എൽ.എയും ഒരുതവണ മന്ത്രിയുമായ ആളാണ്. പിണറായി വിജയൻ പ്രത്യേക താൽപര്യമെടുത്താണ് അദ്ദേഹത്തെ മന്ത്രിയാക്കിയത്. മണിയാശാൻ ഇടഞ്ഞാൽ ഇടുക്കിയില്ല, എന്നാണ് വായ്മൊഴിവഴക്കം.
ആ ജില്ലയിലെ പിന്നാക്ക വിഭാഗക്കാരായ പാർട്ടിക്കാർക്ക് ശ്രീനാരായണ ഗുരു കഴിഞ്ഞാൽ പിന്നെ കാണപ്പെട്ട ദൈവം മണിയാശാൻ ആണെന്നാണ് വയ്പ്. അങ്ങനെയുള്ളയാൾക്ക് സീറ്റ് നിഷേധിച്ചത് ‘പിറപ്പുപണി’യായിപ്പോയെന്ന് അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. മണിയെ തഴഞ്ഞുകൊണ്ടുള്ള നീക്കം, ജില്ലയിൽ കൈവിട്ട കളിയാണെന്ന് അറിയാത്തവരല്ല, പാർട്ടി നേതാക്കൾ.
മനംനൊന്ത് സുധാകരൻ
പാർട്ടിയുടെ ഈറ്റില്ലങ്ങളിലൊന്നാണ് ആലപ്പുഴ ജില്ല. ആ ജില്ലയിൽ മാത്രമല്ല, കേരളത്തിലാകെ പ്രതിഛായയുള്ള നേതാവാണ് ജി. സുധാകരൻ. പൊതുമരാമത്ത്^ദേവസ്വം വകുപ്പുകളുടെ മന്ത്രി എന്ന നിലയിൽ യാതൊരു അപവാദങ്ങൾക്കും ഇട നൽകാത്ത, കാര്യശേഷിയിൽ മറ്റാരെക്കാൾ മികവുകാട്ടിയ യശസ്വിയാണ് സുധാകരൻ. എന്നാൽ, ജില്ലയിലെ ചില നേതാക്കളുടെ അസൂയകൊണ്ടാണെന്നു പറയപ്പെടുന്നു, തുടർച്ചയായി അദ്ദേഹം പരിപാടികളിൽ നിന്നുപോലും തഴയപ്പെടുന്നു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചുകമ്മിറ്റിയിലേക്ക് ഒതുക്കിയതിനു പുറമേ യാതൊരു പൊതുപരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന കുറച്ചുകാലമായുള്ള മനോഭാവം തന്നെ അപമാനിക്കാൻ വേണ്ടിയായിരുന്നു എന്ന തോന്നലിൽ നിന്നാണ് അദ്ദേഹം പരസ്യമായി രംഗത്തുവന്നത്.
ഏറെ പാരമ്പര്യമുള്ള പാർട്ടി പ്രവർത്തകനായ സുധാകരൻ സീറ്റുമോഹിയായി മാറിയെന്നു പരിഹസിക്കാനാണ്, ഇപ്പോൾ പാർട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തന്നോട് സംസ്ഥാന സെക്രട്ടറിവരെ നടത്തിയ അപമാനശ്രമത്തിൽ മനംനൊന്തിട്ടാണ് പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. സുധാകരനെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആലപ്പുഴയിലുണ്ട്. അവരുടെ പ്രതിഷേധം പരസ്യമായി ഉണ്ടായില്ലെങ്കിലും വോട്ടെടുപ്പിൽ പ്രതിഫലിക്കാതിരിക്കില്ല.
പാലക്കാട് പുകയുന്നു
പാലക്കാട് ജില്ലയിലെ പാർട്ടിപ്രവർത്തകരുടെ പ്രതിഷേധം തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതാണ്. വിവിധ തദ്ദേശസ്ഥാപനങ്ങളിൽ വിമതരുടെ വിജയമുണ്ടായി. പാർട്ടി സ്ഥിരമായി ജയിക്കുന്ന സീറ്റുകളിൽ എതിർ കക്ഷികൾ ജയിച്ചു. ഇതൊക്കെ നല്ല സൂചനകളല്ലെന്ന് ജില്ലയിലെ പല നേതാക്കളും കരുതുന്നു.
സ്ഥാനാർത്ഥി നിർണയത്തിൽ ഈ വക അതൃപ്തികളും അസ്വസ്ഥതകളും പരിഹരിച്ചില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതികരണമുണ്ടാകുമെന്നു തന്നെയാണ്, സൂചന.


