സംസ്ഥാന ബജറ്റ്; കടം വരിഞ്ഞുമുറുക്കുന്നു
text_fieldsകടത്തെ വല്ലാതെ ആശ്രയിക്കുകയാണ് സംസ്ഥാനം. കടമെടുപ്പിൽ വരുന്ന ഏത് പ്രതിസന്ധിയും ഖജനാവിൽ കടുത്ത സമ്മർദം സൃഷ്ടിക്കും. കടം കൂടുന്നതിനനുസരിച്ച് പലിശ ബാധ്യതയും ഉയരുകയാണ്. കടമെടുക്കൽ പരിധി വെട്ടിക്കുറച്ചതും കേന്ദ്ര വിഹിതം കുറഞ്ഞതും വലിയ പ്രയാസമുണ്ടാക്കി. വാർഷിക പദ്ധതിയുടെ വലിപ്പം കൂടിയെങ്കിലും നടപ്പാകുമെന്ന് ഉറപ്പില്ല. വർഷങ്ങളായി പ്രഖ്യാപിക്കുന്ന പദ്ധതികളിൽ 40 ശതമാനത്തിലേറെ വെട്ടികുറയ്ക്കുന്നു. ഇത്തവണയും മറിച്ചുണ്ടാകാൻ സാധ്യതയില്ല. ശമ്പള-പെൻഷൻ പരിഷ്കരണംകൂടി വന്നാൽ കൂടുതൽ സമ്മർദംവരും.
നടപ്പ് വർഷം പൂർത്തിയാകുമ്പോൾ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 4.3 ലക്ഷം കോടിയിലെത്തും. അടുത്ത വർഷം ഇത് 4,81,997 കോടിയാകും. 26-27ൽ അഞ്ചുലക്ഷം കോടി കടക്കും. 27-28ൽ 5,83,656 കോടിയായും പെരുകുമെന്നാണ് അനുമാനിക്കുന്നത്. കടം വീട്ടാൻ വീണ്ടും കടമെന്ന സ്ഥിതി. ഈ വർഷം പലിശ കൊടുക്കാൻ 29,739 കോടി വേണ്ടിവരും. അടുത്ത വർഷം 31,823 കോടിയായും 26-27ൽ 35,418 കോടിയായും 27-28ൽ 38,976 കോടിയായും പലിശഭാരം കൂടും. ധനസ്ഥിതി മെച്ചപ്പെട്ടുവെന്ന് ധനമന്ത്രി അവകാശപ്പെടുമ്പോൾ തന്നെ സമ്പദ്വ്യവസ്ഥയെ വരിഞ്ഞുമുറുക്കിയ പ്രതിസന്ധിക്ക് ഏറെ ആഴമുണ്ട്.
ശമ്പള കമീഷൻ പ്രഖ്യാപിച്ച് ജീവനക്കാരുടെയും പെൻഷൻകാരുടെയും കൈയടിക്ക് ബജറ്റ് ശ്രമിച്ചില്ല. ഡി.എ കുടിശ്ശിക കുറെ നൽകുമെന്നതിനപ്പുറം വലിയ വാഗ്ദാനങ്ങളില്ല. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിന്റെ ബാധ്യത ഇനിയും തീർന്നിട്ടില്ല. അഞ്ച് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം വേണമോ എന്ന കാര്യത്തിൽ നയപരമായ തീരുമാനം എടുക്കേണ്ടിവരും. ഒരു വർഷം മാത്രമാണ് സർക്കാറിന് ബാക്കി എന്നതിനാൽ തീരുമാനം ഉടനുണ്ടാവണം.
ശമ്പള കമീഷൻ വന്നാൽ 2026-27 മുതൽ വലിയ ബാധ്യത വരുമെന്നാണ് മധ്യകാല സാമ്പത്തിക നയരേഖ പറയുന്നത്. നടപ്പ് വർഷം 41,034 കോടി രൂപയാണ് ജീവനക്കാരുടെ ശമ്പളത്തിന് കണക്കാക്കുന്നത്. അടുത്ത വർഷം അത് 44,115 കോടിയായും 26-27ൽ 49,240 ആയും 27-28ൽ 52,321 ആയും വർധിക്കുമെന്നാണ് കണക്ക്. പരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിന്റെ വർധന കൂടി ഈ രേഖ കണക്കാക്കുന്നുണ്ട്. പെൻഷൻ ബാധ്യത 27,581 കോടിയിൽനിന്ന് അടുത്ത വർഷം 29,459 ആയും 26-27ൽ 33,189 കോടിയായും 27-28ൽ 36,512 കോടി രൂപയായും വർധിക്കും.
റവന്യൂ വരുമാനവും ചെലവും സ്വാഭാവികമായും കാര്യമായി വർധിക്കും. ധനകമ്മിയും റവന്യൂ കമ്മിയും കുറച്ചുകൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. ഇക്കൊല്ലത്തെ 29,195 കോടിയിൽ നിന്ന് അടുത്ത വർഷം 27124 കോടിയായി റവന്യൂ കമ്മി കുറയ്ക്കുകയാണ് ലക്ഷ്യം. ധനകമ്മി 44,747 കോടിയിൽനിന്ന് 45,038 കോടിയിലെത്തുമെങ്കിലും ശതമാനം കുറയുന്ന പ്രവണതയുണ്ട്.
സ്വകാര്യ മേഖലകളുടെ നിക്ഷേപം ആർജിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക, വളർച്ചയും തൊഴിലും ഉണ്ടാക്കുന്ന മൂലധന നിക്ഷേപം വർധിപ്പിക്കുക, പാവപ്പെട്ടവർക്കും ദുർബല വിഭാഗത്തിനും ക്ഷേമം ഉറപ്പാക്കുക, ആരോഗ്യം, വിദ്യാഭ്യാസം, വിജ്ഞാന സമ്പദ്വ്യവസ്ഥ എന്നിവ മുൻഗണന മേഖലകളായി തുടരുക തുടങ്ങിയ ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കുമെന്ന് മധ്യകാല സാമ്പത്തിക നയരേഖ അടിവരയിടുന്നു. കിഫ്ബി പദ്ധതികളിൽ റോഡിന് യൂസർഫീ പ്രഖ്യാപിച്ചില്ലെങ്കിലും വരുമെന്ന് ബജറ്റ് പ്രസംഗത്തിൽ വായിച്ചെടുക്കാം. തനത് നികുതി വരുമാനം കാര്യമായി വർധിപ്പിക്കാനാണ് ലക്ഷ്യം. ഭൂമി നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയിലൊക്കെ വർധന പ്രതീക്ഷിക്കുന്നു. വൈദ്യുതി ഡ്യൂട്ടി 100.32 കോടിയിൽ നിന്നും 1100 കോടിയായി അടുത്ത വർഷം വർധിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര വിഹിതം, ഗ്രാന്റ് ഇൻ എയിഡ് എന്നിവയും മോശമാകില്ലെന്നാണ് കരുതുന്നത്.