സംസ്ഥാന ബജറ്റ്; നയംമാറ്റത്തിന് ടേക്ക് ഓഫ്
text_fields“സാമ്പത്തികശാസ്ത്രവും ധാർമിക സംഹിതയും നേർക്കുനേർ വന്നാൽ അന്തിമ വിജയം സാമ്പത്തിക ശാസ്ത്രത്തിനായിരിക്കുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്” . ഡോ.ബി.ആർ അംബേദ്കർ എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ ദീർഘവീക്ഷണമാണിത്. ഇടതുപക്ഷത്ത് സംഭവിക്കുന്ന നയരൂപവത്കരണ വിചാരത്തിൽ ഈ തത്ത്വം എത്രമാത്രം പ്രസക്തമാണെന്ന് രണ്ടാം പിണറായി സർക്കാറിന്റെ അഞ്ചാം ബജറ്റ് തെളിയിക്കുന്നു. രാജ്യത്ത് മൂന്ന് ദശകം പിന്നിട്ട സ്വതന്ത്രവിപണി സമ്പദ് വ്യവസ്ഥയുടെ രീതികളും എൽ.പി.ജി നയങ്ങളും സൃഷ്ടിച്ച ചട്ടക്കൂടിനകത്തുനിന്നു മാത്രമേ നയരൂപവത്കരണം സാധ്യമാകൂവെന്ന വസ്തുത ഇപ്പോഴാണ് കേരളത്തിന്റെ ഇടതുബോധ്യത്തിൽ തെളിഞ്ഞുകാണുന്നത്.
സാമൂഹിക പുരോഗതിയിലൂടെ സാമ്പത്തിക പുരോഗതി, ജനകീയ മുന്നേറ്റത്തിലൂടെ വികസനക്കുതിപ്പ്, ഉപഭോഗ തീവ്രതയിലൂടെയും വിദേശപണവരവിന്റെ ചാക്രിക ഗമനത്തിലൂടെയും ചലനാത്മകമാകുന്ന സമ്പദ് രംഗം തുടങ്ങിയ ആഖ്യാനങ്ങളെല്ലാം തൽക്കാലത്തേക്ക് പടിപ്പുറത്താണ്. കേരളത്തിന്റെ മനുഷ്യവിഭവശേഷിയെ ഉൽപാദന മേഖലയിലേക്ക് വേണ്ടത്ര മികവോടെ തിരിച്ചുവിടാനാവാതെപോയത് എടുത്തുകാട്ടുന്ന ബജറ്റ് കേരള വികസന ‘മാതൃക’യുടെ പോരായ്മയിലേക്കാണ് വിരൽചൂണ്ടുന്നത്.
സേവനമേഖലയിലെ അമിത ആശ്രിതത്വം കുറയുന്നുവെന്ന കഴിഞ്ഞ ബജറ്റിലെ പ്രസ്താവന ഓർക്കുക. രാസവ്യവസായങ്ങൾ, മാനുഫാക്ചറിങ് എന്നീ രംഗങ്ങളിലും വിവരാധിഷ്ഠിത മേഖലകളിലും സുസ്ഥിരമായ പുരോഗതി കൈവരിക്കാനാകുന്നുണ്ടെങ്കിൽ കേരളത്തിലെ വികസന ദിശാമാറ്റം ശ്ലാഘനീയമാണെന്നുതന്നെ പറയാം. കിഫ്ബിയെ ഓഫ് ബജറ്റ് (ബജറ്റിനു പുറത്തെ) മോഡൽ എന്നു വിശേഷിപ്പിച്ചവർ പശ്ചാത്തല വികസനലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ യൂസർചാർജ് (മുടക്കുമുതൽ തിരിച്ചുപിടിക്കൽ) മാതൃക സ്വീകരിക്കേണ്ടിവരുമെന്ന് ഇന്ന് ജനങ്ങളോട് പറയാൻ നിർബന്ധിതരായിരിക്കുന്നു.
ജനകീയാസൂത്രണ പ്രസ്ഥാനത്തെക്കുറിച്ച് ആത്മവിമർശനപരമായി ബജറ്റ് കൈചൂണ്ടുന്നത് ഉൽപാദനവും തൊഴിലവസരവും സൃഷ്ടിക്കുന്നതിൽ വന്ന പോരായ്മയിലേക്കാണ്. പ്രവാസി നയംമാറ്റം, ജനസംഖ്യാ അസന്തുലിതത്വം, ത്വരിത നഗരവത്കരണം, യുക്തിസഹമായതും കാലാവസ്ഥയും ഭൂഘടനയും പരിഗണിച്ചു കൊണ്ടുള്ളതുമായ ഭൂവിനിയോഗം, പുത്തൻ സാങ്കേതിക വിദ്യകളുടെ നിർവ്യാപനം തുടങ്ങി കേരളം സമീപഭാവിയിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട രംഗങ്ങളിലേക്ക് നയപരമായ ദിശ നൽകാൻ ബജറ്റിനു കഴിഞ്ഞു.
എന്നാൽ സാമൂഹികക്ഷേമം, സർക്കാറിന്റെ നേരിട്ടുള്ള ധനസഹായം എന്നിവക്കൊക്കെ പരിധിയുണ്ടെന്ന കാര്യം ജനങ്ങളോട് ബജറ്റ് പറഞ്ഞത് സാമൂഹികക്ഷേമ പെൻഷൻ വർധനവിനെക്കുറിച്ച് പാലിച്ച മൗനത്തിലൂടെയാണ്. വൻതോതിലുള്ള അടിസ്ഥാന സൗകര്യവികസനത്തെ ഉൽപാദനബന്ധിതമാക്കാനുള്ള പദ്ധതിനിർദേശങ്ങളും ബജറ്റിലുണ്ട്. എല്ലാം സർക്കാർ നേരിട്ടുചെയ്യുമെന്ന ശാഠ്യം ഇനിയാർക്കുമുണ്ടാവില്ല. സംരംഭങ്ങളെ പിന്താങ്ങുന്ന, നവീന ആശയങ്ങളെ പ്രോത്സാഹിക്കുന്ന, ത്വരിത സാമ്പത്തിക വളർച്ച ഉറപ്പാക്കുന്ന സമീപനം ബജറ്റ് മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും അതെത്രമാത്രം പ്രായോഗികമായി നടക്കുന്നുണ്ടെന്ന കാര്യം വിലയിരുത്തേണ്ടതാണ്.
ബജറ്റിൽ പദ്ധതിച്ചെലവ് വർധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, എല്ലാ വകുപ്പുകളിലും ആനുപാതികമായ വർധനവ് വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ധനഞെരുക്കത്തിൽ അയവുവന്നതുകൊണ്ടാണ് ഇതെല്ലാം സാധിച്ചതെന്ന് മന്ത്രി പറയുന്നു. യഥാർഥത്തിൽ എന്താണ് സ്ഥിതി? 2024-25ൽ പദ്ധതിച്ചെലവിൽ മുൻ വർഷത്തെ അപേക്ഷിച്ച് 4000 കോടി രൂപ കുറഞ്ഞു. വരും വർഷം 32500 കോടി രൂപയാണ് ആകെ പദ്ധതിച്ചെലവ്. 2023-24ൽ കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 34310 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചിരുന്ന സ്ഥാനത്താണ് വരും വർഷത്തെ തുക പിന്നെയും കുറച്ചത്.
ഉദാരവത്കൃത സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനതത്ത്വം അനാവശ്യമേഖലകളിൽ നിന്ന് സർക്കാർ പിൻവാങ്ങുകയെന്നതാണ്. പൊതു സേവനമേഖലകളിലെ സർക്കാറിന്റെ പ്രസക്തി വർധിക്കുന്ന കാലഘട്ടത്തിൽ കെ.എസ്.ആർ.ടി.സിക്ക് നൽകിയ അധികതുക വൻ നേട്ടമായാണ് ആഘോഷിക്കപ്പെടുന്നത്. എന്നാൽ, ഇത്രയേറെ പൊതുപ്പണമൊഴുക്കിയിട്ടും കഴിഞ്ഞ കുറേ വർഷങ്ങളായി കെ.എസ്.ആർ.ടി.സിയെ പുനഃസംഘടിപ്പിക്കാനോ ലാഭകരമാക്കാനോ കഴിഞ്ഞില്ലെന്നതിന്റെ കുറ്റസമ്മതം കൂടിയായി ഈ നേട്ടക്കണക്കുകളെ കാണണം.
ബജറ്റിന്റെ പണക്കണക്ക്
2022-23ൽ റവന്യൂകമ്മി സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 0.88 ശതമാനമായി (9226 കോടി) കുറഞ്ഞിരുന്നു. 15ാം ധനകാര്യ കമീഷന്റെ ശിപാർശ പ്രകാരം 2020-21 മുതൽ 2023-24 വരെയുള്ള കാലയളവിലായി 53137 കോടി രൂപ ലഭിച്ചതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. 2022-23 ഓടുകൂടി ജി.എസ്.ടി നഷ്ടപരിഹാരവും നിലച്ചു. ഈ രണ്ടു സ്രോതസ്സുകളും നിലക്കുമെന്ന് നേരത്തെ അറിയാമായിരുന്നിട്ടും പ്രതിവിധി തേടാൻ വൈകിയതാണ് മുൻവർഷങ്ങളിലെ രൂക്ഷമായ ധനഞെരുക്കത്തിന് കാരണം.
മുൻ വർഷം റവന്യൂകമ്മി പ്രതീക്ഷിച്ചതിനേക്കാൾ 1349 കോടി രൂപ കൂടി 29195 കോടിയിലെത്തി. ഈ വർഷം 27124 കോടി രൂപയാണ് റവന്യൂ കമ്മിയായി കാണിച്ചിരിക്കുന്നത്. 400 കോടിയോളം രൂപ മാത്രം അധികവിഭവ സമാഹരണം ലക്ഷ്യമിടുന്ന ബജറ്റിൽ റവന്യൂകമ്മി 30,000 കോടി കവിയുമെന്നത് സാമാന്യയുക്തി മാത്രമാണ്.
റവന്യൂവരവിലെ ഗണ്യമായ വളർച്ചയുടെ ബജറ്റ് കണക്ക് മുൻകാല അനുഭവങ്ങളുമായി താരതമ്യപ്പെടുത്തി നോക്കാം. നടപ്പു സാമ്പത്തിക വർഷം യഥാർഥ കണക്ക് വന്നപ്പോൾ മുൻ ബജറ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ തനതു നികുതി വരുമാനത്തിൽ 3256 കോടി രൂപയുടെ കുറവുവന്നു. എന്നിട്ടും അടുത്ത വർഷം ഈയിനത്തിൽ 9887 കോടി രൂപ വർധിക്കുമെന്നാണ് ധനമന്ത്രി കണക്കാക്കിയിരിക്കുന്നത്. ഇതുപോലെ നികുതിയേതര വരുമാനത്തിൽ 1240 കോടി രൂപ കൂടുമെന്നും കണക്കാക്കുന്നു. കേന്ദ്രത്തിൽ നിന്നും ഗ്രാൻറ് ഇൻ എയ്ഡായി 11532 കോടി രൂപ കണക്കാക്കിയപ്പോൾ കിട്ടിയത് 7847 കോടി രൂപ മാത്രം. പ്രതീക്ഷിച്ചതിനേക്കാൾ 3685 കോടി രൂപ ഈയിനത്തിൽ കുറവ്. എന്നിട്ടും അടുത്ത സാമ്പത്തികവർഷം ഗ്രാന്റ് ഇൻ എയ്ഡായി 13074 കോടി രൂപ ലഭിക്കുമെന്നാണ് ബജറ്റ് കണക്ക്. അതായത് ഈയിനത്തിൽ 5227 കോടി രൂപ വർധിക്കണം. സ്ഥിതി ഇതായിരിക്കെ ഈ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ ആകെ റവന്യൂ വരവ് നടപ്പു വർഷത്തേക്കാൾ 19811 കോടി രൂപ ഉയർന്ന് ലക്ഷ്യമായ 1.98 ലക്ഷം കോടി രൂപയിലെത്തുമെന്ന കണക്ക് യാഥാർഥ്യം പ്രതിഫലിപ്പിക്കുന്നില്ല.
ബജറ്റ് മുന്നോട്ടുവെക്കുന്ന കോടതി ഫീസ് വർധനവ്, ഭൂനികുതി വർധനവ് തുടങ്ങിയവ നീതീകരിക്കത്തക്കതാണ്. നിരവധി ആംനസ്റ്റി സ്കീമുകൾ പ്രഖ്യാപിച്ചിട്ടും കുടിശ്ശിക തുടരുന്നത് എന്തുകൊണ്ടെന്ന കാര്യത്തിൽ പുനർവിചിന്തനത്തിന് സമയമായി.
ബജറ്റ് മുന്നോട്ടുവെക്കുന്ന ആഗോളീകൃത വികസനമാതൃകയെ ഇടതുപക്ഷബദലായി അവതരിപ്പിക്കാനുള്ള ശ്രമം വരും ദിവസങ്ങളിൽ കൂടുതൽ ഊർജിതമാകും. ചുരുക്കത്തിൽ ബജറ്റിന്റെ വികസന ദിശാബോധം കേരളത്തിന് അനുയോജ്യവും അതേസമയം ധനാഗമ മാർഗങ്ങൾ അമിതാഭിലാഷവുമാണെന്ന് വിലയിരുത്താം.
(ലേഖകൻ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് മാധ്യമ അധ്യാപകനാണ്)