നേട്ടങ്ങളുടെ നെറുകയിൽ വീണ്ടും കേരളം
text_fieldsകേരള സംസ്ഥാനം രൂപവത്കൃതമായിട്ട് ഇന്ന് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ കേരളം ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു സുപ്രധാന പ്രഖ്യാപനത്തിന് കൂടി ഇന്ന് സാക്ഷ്യം വഹിക്കുകയാണ്.
ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള്‍ മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ ‘അതിദാരിദ്ര്യമുക്ത സംസ്ഥാനം’ എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്. 2021ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ എടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു അതിദാരിദ്ര്യ നിര്‍മാര്‍ജനം. 1032 തദ്ദേശ സ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെയാണ് ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയെ ക്ലേശഘടകങ്ങളായി കണക്കാക്കി കണ്ടെത്തിയത്. ആ കുടുംബങ്ങളെയും ആ വ്യക്തികളെയുമാണ് ഇപ്പോള്‍ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നാം നടപ്പാക്കിവരുന്ന നവകേരള നിര്‍മാണ പ്രക്രിയയുടെ സ്വാഭാവികമായ തുടര്‍ച്ചയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന നേട്ടം. വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, പശ്ചാത്തല സൗകര്യ വികസനം എന്നീ മേഖലകളിലെ പ്രധാന മിഷനുകളിലൂടെയാണ് കേരളം സാമൂഹികവികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി. ആര്‍ദ്രം പദ്ധതി വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ ശക്തിപ്പെടുത്തിക്കൊണ്ട് സമഗ്രമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കി.
ലൈഫ് മിഷന് മുഖേന അഞ്ചു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്കി. ഒന്നര ലക്ഷത്തോളം വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ക്ഷേമകാര്യങ്ങളില്‍ സമാനതകളില്ലാത്ത ഇടപെടലുകളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. 62 ലക്ഷം പേര്‍ക്കാണ് പ്രതിമാസം 1600 രൂപ വീതം ക്ഷേമ പെന്‍ഷനുകള്‍ നല്‍കിവരുന്നത്. ഇന്നു മുതല്‍ അത് 2000 രൂപയായി വര്‍ധിപ്പിക്കുകയാണ്. നിലവിലെ ക്ഷേമ പദ്ധതികള്‍ക്കുപുറമെ, ചില പുതിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിടുകയാണ്. 35 മുതല്‍ 60 വയസ്സ് വരെയുള്ള, നിലവില്‍ ഏതെങ്കിലും സാമൂഹിക ക്ഷേമ പെന്ഷന് ലഭിക്കാത്ത, എ എ വൈ (മഞ്ഞക്കാര്‍ഡ്), പി എച്ച് എച്ച് (മുന്‍ഗണന വിഭാഗം - പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍പെട്ട 31.34 ലക്ഷം സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കും. വിദ്യാർഥികള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ സ്റ്റൈപ്പന്റ് അഥവ സാമ്പത്തിക സഹായം നല്‍കുന്നതിനായി കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ് എന്ന പേരില്‍ ഒരു പദ്ധതിയും ആരംഭിക്കുകയാണ്. 18 മുതല്‍ 30 വയസ്സ് വരെയുള്ള യുവജനങ്ങള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ഇതുവഴി ധനസഹായം ലഭിക്കും.
2016ല്‍ കേരളത്തിന്റെ വ്യവസായിക വളര്‍ച്ച 12 ശതമാനമായിരുന്നത്, ഇന്ന് 17 ശതമാനമായി ഉയര്‍ന്നു. മാനുഫാക്ചറിങ് സെക്ടറിന്റെ സംഭാവന 2016ല്‍ 9.8 ശതമാനമായിരുന്നു. ഇന്നത് 14 ശതമാനമാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളമെത്തുന്ന നിലയിലേക്ക് സര്‍ക്കാര്‍ വ്യവസായ മേഖലയെ വളര്‍ത്തി.
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഇതുവരെ 3,56,016 സംരംഭങ്ങള്‍ ആരംഭിച്ചു. 22,900 കോടി രൂപയുടെ നിക്ഷേപവും 7,56,508 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഇതില്‍ ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചത് വനിതകളാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും അനുയോജ്യമായ സംസ്ഥാനങ്ങളിലൊന്നായി കേരളം ഇക്കാലയളവില്‍ മാറി. കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനുള്ളില്‍ 7200 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരുകയും വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്തു.
കാര്‍ഷിക മേഖലയും വലിയ വളര്‍ച്ച രേഖപ്പെടുത്തിയ ഭരണകാലമാണിത്. 2016ല്‍ രണ്ടു ശതമാനമായിരുന്ന കാര്‍ഷിക വളര്‍ച്ച നിരക്ക് ഇന്ന് 4.64 ശതമാനമാണ്. 2016ല്‍ 1.7 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി നടന്നിരുന്നതെങ്കില്‍, ഇന്നത് രണ്ടര ലക്ഷം ഹെക്ടറിലേക്ക് വർധിച്ചിരിക്കുന്നു. പച്ചക്കറി ഉൽപാദനം ഏഴു ലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് 16 ലക്ഷം മെട്രിക് ടണ്ണായി വർധിച്ചു. രാജ്യത്ത് ആദ്യമായി പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും താങ്ങുവില ഏര്‍പ്പെടുത്തുന്ന സംസ്ഥാനമായും നമ്മള് മാറി.
കഴിഞ്ഞ നാലുവര്‍ഷത്തെ കണക്കുകളെടുത്തുനോക്കിയാല്‍ നമ്മുടെ തനതു നികുതി വരുമാനം 47,000 കോടി രൂപയില്‍ നിന്ന് 81,000 കോടി രൂപയായി വർധിച്ചു. ആകെ തനതു വരുമാനമാകട്ടെ, 55,000 കോടിയില്‍ നിന്ന് 1,04,000 കോടി രൂപയായി വര്‍ധിച്ചു. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70 ശതമാനത്തോളം ചെലവുകളും സംസ്ഥാന സര്‍ക്കാറാണ് വഹിച്ചത്.
ഇതിനുപുറമെ, സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യമേഖലയെ പാടെ മാറ്റിമറിച്ചുകൊണ്ട് കിഫ്ബി മുന്നേറ്റം തുടരുകയാണ്. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ അപ്രത്യക്ഷമാക്കുന്നതില്‍ കിഫ്ബി വലിയ പങ്കുവഹിച്ചു. 90,000 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി മുഖേന മാത്രം അടിസ്ഥാന സൗകര്യമേഖലയിലുണ്ടായി. സ്കൂളുകള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തിയും സര്‍ക്കാര്‍ ആശുപത്രികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മെച്ചപ്പെടുത്തിയും പൊതുമേഖല സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിച്ചും കിഫ്ബി മുന്നേറുകയാണ്. തീരദേശ, മലയോര ഹൈവേകള്‍ ഉള്‍പ്പെടെയുള്ള വന്‍കിട ഗതാഗത പദ്ധതികള്‍ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ഗതാഗത ഭൂപടം തന്നെ മാറ്റിവരക്കുകയാണ്.
നവകേരളം എന്ന നമ്മുടെ ലക്ഷ്യം നിയമപരമായി ശക്തിപ്പെടുത്തുന്നതിനായി അടുത്തിടെ നിയമസഭ പാസാക്കിയ അഞ്ച് സുപ്രധാന ബില്ലുകള്‍ ജനജീവിതത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നവയാണ്. കേരള പൊതു സേവനാവകാശ ബില്‍, 2025 വഴി പൗരന്മാര്ക്ക് സമയബന്ധിതമായി സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുകയും കാലതാമസമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താന്‍ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നതിലൂടെ ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവുന്നു. സാമ്പത്തിക പ്രതിസന്ധികളില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാനും അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് കേരള ഏക കിടപ്പാടം സംരക്ഷണ ബില്‍. വീടും പുരയിടവും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള സംരക്ഷണം ഈ ബില്‍ ഉറപ്പുനല്‍കുന്നു. ഡിജിറ്റല്‍ സര്‍വേയില്‍ കണ്ടെത്തുന്നതും എന്നാല്‍, രേഖകളില്‍ ഉള്‍പ്പെടാത്തതുമായ ചെറിയ അളവിലുള്ള അധിക ഭൂമി കൈവശമുള്ളവര്‍ക്ക് ഉടമസ്ഥാവകാശം ക്രമവത്കരിച്ച് നല്കി പതിറ്റാണ്ടുകളായുള്ള ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതാണ് കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബില്‍. ഭരണതലത്തിലും ഔദ്യോഗിക ആശയവിനിമയങ്ങളിലും മലയാള ഭാഷയുടെ ഉപയോഗം നിര്‍ബന്ധമാക്കുന്ന മലയാളഭാഷ ബില്‍ നമ്മുടെ മാതൃഭാഷ സംരക്ഷണത്തിനും ഭരണസംവിധാനം സാധാരണക്കാരന് കൂടുതല്‍ പ്രാപ്യമാക്കുന്നതിനും ഉപകാരപ്രദമാണ്. വനമേഖലയോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങളിലെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് കേരള വന (ഭേദഗതി) ബില്‍. ജനപക്ഷ സര്‍ക്കാറിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നവയാണ് ഈ നിയമനിര്‍മാണങ്ങളെല്ലാം.
സമത്വം, സാമൂഹികനീതി, മാനുഷിക വികസനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.


