മദ്യമൊഴുക്കാന്‍ നികുതിയിളവ്
text_fieldsയു.ഡി.എഫ് സര്‍ക്കാർ സത്യപ്രതിജ്ഞ കഴിഞ്ഞു കൃത്യം മൂന്നാം നാള്‍, മെയ് 21ന് സെക്രട്ടറിയേറ്റില്‍ അഴിമതിയുടെ ആദ്യ ഫയല്‍ അസാധാരണമായ രീതിയില്‍ സജീവമായി. അതു ജനങ്ങളുടെ ക്ഷേമമോ നാടിന്‍റെ വികസനമോ ആയി ബന്ധപ്പെട്ടുള്ള ഒരു അടിയന്തര പ്രാധാന്യമുള്ള ഫയലായിരുന്നില്ല; മറിച്ച് 'ബക്കാര്‍ഡി' എന്ന സ്വകാര്യ കുത്തക മദ്യക്കമ്പനിക്ക് കോടികളുടെ നികുതിയിളവ് നല്‍കാനുള്ള ഗൂഢനീക്കമായിരുന്നു.
2023ല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ മുന്നിലെത്തുകയും ജനതാല്‍പര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കാതെ മാറ്റിവെക്കുകയും ചെയ്ത അതേ ഫയലാണ് യുഡിഎഫ് സര്‍ക്കാര്‍ വന്നയുടനെ പൊടി തട്ടിയെടുത്തത്. ഈ ഫയല്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്തെത്തിയത് വെറും രണ്ടര മണിക്കൂര്‍ കൊണ്ടാണ്. മുഖ്യമന്ത്രി കണ്ടതിന് ശേഷം മിന്നല്‍വേഗത്തിലായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. ജൂണ്‍ 15ന് മുഖ്യമന്ത്രി തീരുമാനമെടുത്തതിന് ശേഷം ജൂണ്‍ 16ന് അതിരാവിലെ 8.45ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നീക്കിയ ഫയല്‍ പിന്നീട് ഒരു മിനിറ്റും രണ്ട് മിനിറ്റും ഇടവിട്ടാണ് ഓരോ ടേബിളുകളും കടന്നുപോയത്. കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു മദ്യക്കമ്പനിക്ക് വേണ്ടി ഭരണകൂടം ഇത്ര ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച മറ്റൊരു സംഭവമുണ്ടാകില്ല.
ഇതൊരു സാധാരണ ഭരണനടപടിയല്ല, മറിച്ച് സര്‍ക്കാരിന് നികുതി നഷ്ടത്തിനും മദ്യകമ്പനിക്ക് കോടികളുടെ ലാഭത്തിനും ഉതകുന്ന ആസൂത്രണമാണ്. ആദ്യ ബജറ്റില്‍ തന്നെ വീര്യം കുറഞ്ഞ മദ്യത്തിന് ഭീമമായ നികുതിയിളവ് പ്രഖ്യാപിച്ച് ബക്കാര്‍ഡിയുമായുള്ള ഡീല്‍ പാലിച്ചു.
സാധാരണ മദ്യത്തിന് 251 ശതമാനത്തിലേറെ നികുതി ഉള്ളപ്പോള്‍ വീര്യം കുറഞ്ഞത് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഒറ്റയടിക്ക് നികുതി 120 ശതമാനമായി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. നികുതിയിനത്തില്‍ 130 ശതമാനത്തിലേറെ കുറവാണ് വരുത്തിയിരിക്കുന്നത്. മദ്യ ഉപഭോഗം കുറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കാലങ്ങളായി ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തി വരുന്നത്. എന്നാല്‍ മദ്യമുതലാളിമാര്‍ക്ക് കോടിക്കണക്കിന് രൂപയുടെ നികുതിയിളവ് നല്‍കി വിലകുറച്ച് കേരളത്തില്‍ മദ്യമൊഴുക്കുന്നത് ഈ സമൂഹത്തോട് ചെയ്യുന്ന കുറ്റകൃത്യമാണ്.
ഈ നികുതിയിളവ് കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്കോ കര്‍ഷകര്‍ക്കോ വേണ്ടിയല്ല. കര്‍ണാടകയിലെ വന്‍കിട മദ്യലോബികള്‍ക്ക് കേരളത്തില്‍ മദ്യമൊഴുക്കാന്‍ വേണ്ടിയാണ്. മദ്യം വിലകുറച്ചു നല്‍കലാണോ ഈ സര്‍ക്കാരിന്‍റെ മുന്‍ഗണന?
പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യമുണ്ടാക്കാന്‍ ചെറുകിട മേഖലയെ അനുവദിക്കുക എന്നതായിരുന്നു വീര്യം കുറഞ്ഞ മദ്യത്തിന്‍റെ കാര്യത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ സമീപനം. കര്‍ഷകരെ സഹായിക്കാന്‍ വേണ്ടി ചക്ക, കശുമാങ്ങ എന്നിവയില്‍ നിന്നും മറ്റ് പഴവര്‍ഗ്ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ വൈന്‍ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. കാര്‍ഷിക ചെറുകിട വ്യവസായമേഖലയെ പരിരക്ഷിക്കാനായിരുന്നു എല്‍.ഡി.എഫിന്‍റെ തീരുമാനം. എന്നാല്‍ അത് മറയാക്കി യു.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത് കര്‍ഷകരെ സഹായിക്കാനുള്ള തീരുമാനമല്ല. ഉണ്ടാക്കാന്‍ തീരുമാനിച്ചത് ഹോര്‍ട്ടി വൈനുമല്ല. സ്പിരിറ്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 'റെഡി ടു ഡ്രിങ്ക്' മദ്യങ്ങള്‍ക്ക് നികുതി കുറച്ചുകൊടുത്ത്, സോഫ്റ്റ് ഡ്രിങ്ക് പോലെ ഇത് നാട്ടിന്‍പുറങ്ങളില്‍ പോലും സുലഭമാക്കാനാണ് നീക്കം. ഇതിലൂടെ നമ്മുടെ യുവാക്കളെയും വിദ്യാര്‍ഥി കളെയും ലഹരിയിലേക്ക് തള്ളിവിടുക യാണ് ഈ സര്‍ക്കാര്‍ .
നികുതിയിളവ് സംബന്ധിച്ച ബജറ്റ് നിര്‍ദ്ദേശം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി പ്രസ്താവിച്ചത്. പക്ഷെ സഭയില്‍ അവതരിപ്പിക്കുന്ന ഫിനാന്‍സ് ബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി 10 ശതമാനം വരെയുള്ളതിന് 120 ശതമാനവും 10 മുതല്‍ 20 ശതമാനം വരെയുള്ളതിന് 175 ശതമാനവും ആയി ഇളവ് ചെയ്യാനുള്ള ഭേദഗതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ്. മാത്രമല്ല, ഹോര്‍ട്ടി വൈന്‍ കാറ്റഗറിയോട് ചേര്‍ത്താണ് ഭേദഗതി നിര്‍ദ്ദേശിച്ചതായി കാണുന്നത്. ഇതാദ്യമായാണ് വീര്യം കുറഞ്ഞ സ്പിരിറ്റ് അധിഷ്ഠിത ഐ.എം.എഫ്.എല്‍ കാറ്റഗറിക്ക് സംസ്ഥാനത്ത് നികുതി ഇളവ് നല്‍കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കില്‍ എന്തിനാണ് ഫിനാന്‍സ് ബില്ലില്‍ നികുതി ഇളവ് നിര്‍ദ്ദേശം ചേര്‍ത്തത്. അവര്‍ ഉയര്‍ത്തിയ ദുരാരോപണങ്ങള്‍ സ്വയം പൊളിഞ്ഞുവീഴുകയാണ്.
ബജറ്റിനൊപ്പം നികുതി ഇളവുകള്‍ നിയമമാക്കുന്ന ഫിനാന്‍സ് ബില്‍ സഭ അംഗീകരിച്ചാല്‍ അത് നിയമമായി മാറും. അത് നടപ്പാക്കുന്നത് തടയാന്‍ യു.ഡി.എഫിന് നിയമപരമായി കഴിയില്ല. ബില്‍ പാസ്സായി നിയമത്തിന്‍റെ ഭാഗമാവുന്ന നികുതി നിര്‍ദ്ദേശം എക്സിക്യുട്ടീവ് ഉത്തരവ് മൂലം മരവിപ്പിക്കാനും കഴിയില്ല. അപ്പോള്‍ ആ നികുതിയിളവിനുള്ള നിര്‍ദ്ദേശം ഫിനാന്‍സ് ബില്ലില്‍ ചേര്‍ത്ത ശേഷം യു.ഡി.എഫ് ചര്‍ച്ചക്ക് എന്ത് പ്രസക്തിയാണുള്ളത്? ഈ പുകമറ മദ്യക്കമ്പനിയുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണ്.
എക്സൈസ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും പുതിയ മദ്യനയത്തിലേ അക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂ എന്നുമാണ്. എക്സൈസ് വകുപ്പും ഈ സുപ്രധാനമായ തീരുമാനത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍ ആ ഉല്‍പ്പന്നത്തിന് എന്തിനാണ് മുഖ്യമന്ത്രി ഇത്ര തിടുക്കപ്പെട്ട് 600 കോടിയുടെ നികുതിയിളവ് പ്രഖ്യാപിച്ചത്? എക്സൈസ് വകുപ്പ് മന്ത്രിയെ വെറുമൊരു കാഴ്ചക്കാരനാക്കി നിര്‍ത്തിക്കൊണ്ട് മദ്യലോബിയുടെ താല്‍പര്യം ബജറ്റില്‍ കൊണ്ടുവന്നത് മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രിയാണ്. മന്ത്രിസഭ അറിയാതെയാണ് ഇതെല്ലാം നടക്കുന്നത്. ധനകാര്യവകുപ്പ് അതാത് ഭരണ വകുപ്പില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്ന സുതാര്യ നടപടിക്രമത്തില്‍ നിന്നും മാറി, ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വന്തം താല്‍പ്പര്യം മറ്റ് വകുപ്പുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും ഉന്നയിച്ച എതിര്‍പ്പും ആശങ്കയും മദ്യനികുതി ഇളവ് കൂട്ടായ തീരുമാനമായിരുന്നില്ല എന്നതിന്‍റെ തെളിവാണ്.
എല്‍.ഡി.എഫ് ഗവണ്‍മെന്‍റിന്‍റെ കാലത്ത് ബാര്‍ പ്രവര്‍ത്തിക്കുന്ന സമയത്തിലുള്ള ക്രമീകരണം ഉള്‍പ്പെടെയുള്ള നടപടികളില്‍ പോലും വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചവരാണ് ഇന്ന് ഭരണത്തിലുള്ളത്. മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ അന്ന് വലിയ പ്രതിഷേധങ്ങള്‍ക്ക് തയാറായി. എന്നാല്‍ ഇപ്പോള്‍ സ്ത്രീകളെയും ഭാവിതലമുറയേയും മദ്യാസക്തിക്ക് അടിമപ്പെടുത്തുകയും ഖജനാവ് കൊള്ളയടിക്കുകയും ചെയ്യുന്ന നയം നടപ്പാക്കുമ്പോഴും ഈ സംഘടനകളൊക്കെ മൗനത്തിന്‍റെ വാല്‍മീകത്തിലാണ്.
മദ്യ കമ്പനികളും തീരദേശം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന കുത്തകകളുമാണ് ഇന്ന് ടീം യു.ഡി.എഫിലെ പുതിയ സഖ്യകക്ഷികള്‍. യുഡിഎഫ് സര്‍ക്കാരിന്‍റെ മുന്നോട്ടുള്ള നീക്കം എങ്ങോട്ടാണെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഇത്. നാടിനെ കുത്തകകള്‍ക്ക് തീറെഴുതുന്ന, മദ്യത്തില്‍ മുക്കുന്ന ഈ സര്‍ക്കാരിന്‍റെ അഴിമതിക്കെതിരെ ജനങ്ങള്‍ അണിചേരും. അന്യായമായ ഈ നടപടി തിരുത്തിക്കുന്നതിനായി നാടൊന്നാകെ സ്വരമുയര്‍ത്തുക തന്നെ ചെയ്യും


