Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകാതോർക്കുക യുവതയുടെ...

കാതോർക്കുക യുവതയുടെ മുന്നറിയിപ്പിന്

text_fields
bookmark_border
Nepal Gen Z Protest
cancel
camera_alt

നേപ്പാളിലെ യുവ ജന പ്രക്ഷോഭകർ പാർലമെന്റ് മന്ദിരത്തിന് തീവെച്ചപ്പോൾ   (Prabin Ranabhat/AFP)

ഏഷ്യൻ രാജ്യതലസ്ഥാനങ്ങളിൽ തെരുവിലിറങ്ങുന്ന ജനം ഉടനടി ചെന്ന് സർക്കാർ മന്ദിരങ്ങൾക്ക് തീവെക്കുന്നതല്ല. ഭരണകൂട ഭീകരതയോടുള്ള പ്രതികരണമായാണ് പ്രക്ഷോഭങ്ങൾ അക്രമസ്വഭാവത്തിലേക്ക് തിരിയുന്നത്. അത് ഇന്റർനെറ്റിലും തെരുവുകളിലും കൂടുതൽ പേരെ സമരരംഗത്തേക്ക് കൊണ്ടെത്തിക്കുന്നു, അവരെ കൂടുതൽ തീവ്രവാദ നിലപാടുകളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ദക്ഷിണേഷ്യയിലും ദക്ഷിണപൂർവേഷ്യയിലുമായി പ്രതിരോധത്തിന്റെ പുത്തനാമൊരു ദൃശ്യഭാഷ രചിക്കപ്പെടുകയാണ്. അതു ലോകമെമ്പാടുമുള്ള കാഴ്ചക്കാരിലേക്ക് തത്സമയം പ്രക്ഷേപണം ചെയ്യപ്പെടുന്നു. അതിൽ നാം കാണുന്ന കഥാപാത്രങ്ങൾ പതിവ് വിപ്ലവകാരികളല്ല, മറിച്ച് പ്രതിരോധ വഴിയിലേക്ക് എത്തപ്പെട്ട സാധാരണക്കാരായ യുവജനങ്ങളാണ്. നാടുവിട്ട് പോയ ലങ്കൻപ്രസിഡൻറിന്റെ സപ്രമഞ്ച കട്ടിലിൽ പ്രതിഷേധക്കാർ കിടക്കുന്നതും, ആരവം മുഴക്കി ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിക്കുന്നതും, നേപ്പാളിലെ പാർലമെന്റ് മന്ദിരം അഗ്നിക്കിരയാക്കുന്നതുമെല്ലാം ഇതിലെ പ്രധാന ദൃശ്യങ്ങളാണ്. നഷ്ടപ്പെടാനൊന്നുമില്ലാത്ത ജെൻ-സി യുടെ പ്രതിഷേധത്തിന്റെ സഹജമായ ഭാഷയാണത്.

അസംതൃപ്തരായ ഏഷ്യൻ യുവത പോയവർഷം ബംഗ്ലാദേശിലും, 2022ൽ ശ്രീലങ്കയിലും, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്തോനേഷ്യയിലും നേപ്പാളിലും ഭരണക്കാരെ താഴെയിറക്കുകയോ പിടിച്ചുകുലുക്കുകയോ ചെയ്തു. ഇത്തരം സംഭവങ്ങൾ വ്യാപകമാകുന്നത് യാദൃച്ഛികമല്ല. ലോകമെമ്പാടുമുള്ള സംഘടിത ഇടതുപക്ഷ, പുരോഗമന പ്രസ്ഥാനങ്ങളുടെ തകർച്ചയുടെ അനന്തരഫലമാണിത്.

യുവജനങ്ങൾക്കിടയിൽ വൻതോതിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മ, അടിച്ചമർത്തൽ നയമായി സ്വീകരിച്ച അഴിമതിയിൽ ആണ്ടുമുങ്ങിയ ഭരണകൂടങ്ങൾ, സാമ്പത്തിക പ്രതിസന്ധി, ധനികരും ദരിദ്രരും തമ്മിൽ വർധിച്ചുവരുന്ന അന്തരം എന്നിത്യാദി കാരണങ്ങളാൽ ഈ രാജ്യങ്ങളിലോരോന്നിലും സാമൂഹിക കരാറുകൾ തകർന്നടിഞ്ഞിരുന്നു. ഏഷ്യക്കകത്തും പുറത്തുമായി സാധാരണ ഇത്തരം

വിഷയങ്ങൾ ഏറ്റെടുക്കേണ്ടിയിരുന്ന പുരോഗമന പ്രസ്ഥാനങ്ങൾ ചിതറിപ്പോവുകയോ, ആശയക്കുഴപ്പത്തിലാവുകയോ അല്ലെങ്കിൽ ദുർബലപ്പെടുകയോ ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ യുവതലമുറയുടെ വിശ്വാസമാർജിക്കാൻ കെൽപ്പുള്ള ബദലുകളാവാൻ അവർക്കാവുന്നില്ല.

സ്വന്തം സ്മാർട്ട്ഫോണുകളല്ലാതെ മറ്റൊന്നിനെയും ആശ്രയിക്കാനില്ലാത്ത രോഷാകുലരായ ചെറുപ്പക്കാർ ഈ വിടവിലേക്ക് കുതിച്ചെത്തുന്നു. തെരുവുപ്രതിഷേധങ്ങൾ ഏകോപിപ്പിക്കാൻ സമൂഹമാധ്യമങ്ങൾക്ക് ശക്തിയുണ്ട്. പക്ഷേ, ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തനോ ആ രോഷത്തെ വിപ്ലവത്തിനു ശേഷം കൃത്യമായ ലക്ഷ്യബോധത്തിലേക്ക് നയിക്കാനും കഴിവുള്ള ഒരു നേതൃത്വമില്ല. ഇപ്പോൾ ഏഷ്യയിൽ നടക്കുന്നത് അറബ് വസന്തത്തിന്റെ പുനരാവിഷ്കാരമാണ്.

തങ്ങളുടെ ഭാവി നശിപ്പിച്ചതിനു കാരണക്കാരായി പ്രതിഷേധക്കാർ കരുതുന്നവരുടെ പ്രതീകങ്ങളെയാണ് ഈ രോഷം ഉന്നമിടുന്നത്: പാർലമെന്റ് മന്ദിരങ്ങൾ, പ്രസിഡൻഷ്യൽ കൊട്ടാരങ്ങൾ, രാഷ്ട്രീയക്കാരുടെ വീടുകൾ എന്നിവയെല്ലാം ഇതിൽപ്പെടുന്നു. ഡിജിറ്റൽ ഐക്യദാർഢ്യത്തിലൂടെയാണ് ഈ കൂട്ടായ്മകൾ ഒത്തൊരുമിക്കുന്നത്. സമൂഹമാധ്യമങ്ങൾ വെറും വലതുപക്ഷ ഇടനാഴികൾക്കും അനന്തമായ ധ്രുവീകരണത്തിനുംവേണ്ടിയുള്ള ഇടം മാത്രമല്ല. ഭരണകൂടവിരുദ്ധവും അഴിമതിവിരുദ്ധവുമായ ആശയങ്ങളിലേക്ക് ആകൃഷ്ടരായ യുവതലമുറയിലെ വലിയൊരു വിഭാഗവും അത് ഓൺലൈനിൽ അവരുടെ ഇടം കണ്ടെത്തുന്നു. എന്നാൽ, ഈ ഭാഗങ്ങളിൽ ലിബറൽ രാഷ്ട്രീയം എത്തിനിൽക്കുന്ന അതിദയനീയമായ അവസ്ഥ കാരണം, ഈ ചെറുപ്പക്കാർക്ക് ഒരു ഏകീകൃത ശക്തി ഇല്ലാതായിരിക്കുന്നു.

ഇന്തോനേഷ്യയിൽ പ്രസിഡന്റ് സുഹാർത്തോയുടെ ഭരണകാലത്ത് (1967-98) ഇല്ലാതാക്കപ്പെട്ട ഇടതുപക്ഷത്തിന് ഒരു തിരിച്ചുവരവ് സാധ്യമായിട്ടില്ല. നേപ്പാളിൽ, രാജവാഴ്ചക്കെതിരെ ആഭ്യന്തരയുദ്ധം നയിച്ച മുൻ മാവോവാദി വിമതർ, അവർ ഇല്ലാതാക്കുമെന്ന് ശപഥംചെയ്ത അതേ അഴിമതിയും ചൂഷണവും നടത്താനെന്ന മട്ടിലാണ് രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെട്ടത്. ശ്രീലങ്കയിലെ ഇടതുപക്ഷത്തെ വംശീയ വെറി വിഴുങ്ങിയിരുന്നു, ബംഗ്ലാദേശിലാവട്ടെ അവർ ഏതാണ്ട് അപ്രസക്തമായി.

ഒന്നര പതിറ്റാണ്ട് മുമ്പ് അറബ് വസന്തത്തിന് എണ്ണ പകർന്നത് ട്വിറ്ററായിരുന്നെങ്കിൽ ഏഷ്യയിൽ ഇപ്പോളത് നിർവഹിക്കുന്നത് ഇൻസ്റ്റഗ്രാമും ടിക്-ടോക്കുമാണ്. 60 സെക്കൻഡ് ദൈർഘ്യമുള്ള ഇൻസ്റ്റഗ്രാം റീലുകൾ കണ്ട് ലോകവീക്ഷണവും ശ്രദ്ധയും ചുരുങ്ങിപ്പോയ, അപകടകരമായ കാര്യങ്ങൾക്ക് തുനിഞ്ഞിറങ്ങാൻ മടിയുള്ള, ദുർബലരായാണ് ജെൻ-സി പലപ്പോഴും ചിത്രീകരിക്കപ്പെടാറ്. എന്നാൽ, ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ നടമാടുന്ന പ്രക്ഷോഭങ്ങൾ ആ മുൻവിധി തെറ്റാണെന്ന് തെളിയിക്കുന്നു. ഈ തലമുറ യഥാർഥ ലോകത്തിൽനിന്ന് അകന്നുനിൽക്കുന്നവരല്ല, സമൂഹമാധ്യമങ്ങൾ അവരെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിയിട്ടുമില്ല. മറിച്ച്, അതവരുടെ അതിശക്തമായ ആയുധമായി മാറിയിരിക്കുന്നു.

ഏഷ്യൻ രാജ്യതലസ്ഥാനങ്ങളിൽ തെരുവിലിറങ്ങുന്ന ജനം ഉടനടി ചെന്ന് സർക്കാർ മന്ദിരങ്ങൾക്ക് തീവെക്കുന്നതല്ല. ഭരണകൂട ഭീകരതയോടുള്ള പ്രതികരണമായാണ് പ്രക്ഷോഭങ്ങൾ അക്രമസ്വഭാവത്തിലേക്ക് തിരിയുന്നത്. അത് ഇന്റർനെറ്റിലും തെരുവുകളിലും കൂടുതൽ പേരെ സമരരംഗത്തേക്ക് കൊണ്ടെത്തിക്കുന്നു, അവരെ കൂടുതൽ തീവ്രവാദ നിലപാടുകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ അനുഭവം യുവജനങ്ങൾക്ക് ഒരു രാഷ്ട്രീയ പാഠമായിരുന്നു. സാമ്പത്തിക സമാശ്വാസമോ രാഷ്ട്രീയ പരിഷ്കാരങ്ങളോ ആവശ്യപ്പെട്ട് തുടങ്ങുന്ന സമരങ്ങൾ ഭരണകൂട അതിക്രമങ്ങൾക്ക് കണക്ക് ചോദിക്കാനും അടിച്ചമർത്തൽ വ്യവസ്ഥിതിയക്കൊണ്ട് ഉത്തരം പറയിക്കാനും ഉതകുംവിധം വ്യാപകമാക്കാൻ അവർ നിർബന്ധിതരാവുന്നു.

നേപ്പാളിലെ യുവജന മുന്നേറ്റം തികച്ചും നിഷ്കളങ്കവും അഹിംസാത്മകമവുമായാണ് തുടങ്ങിയത്. കാഠ്മണ്ഡുവിലുള്ള ഒരു സുഹൃത്ത് പറഞ്ഞത്, കഴിഞ്ഞയാഴ്ച സമാധാനപരമായി പ്രതിഷേധിച്ചവർ പ്രകടന ശേഷം തെരുവുകൾ വൃത്തിയാക്കാനും പ്രക്ഷോഭകാരികൾക്ക് ഭക്ഷണം നൽകാനായി സ്റ്റാളുകൾ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നുവെന്നാണ്. പാർലമെന്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് വെടിയുതിർത്തതോടെയാണ് ഈ സൗഹൃദപരമായ നിഷ്കളങ്കത അക്രമത്തിലേക്ക് വഴുതിയത്.

ശ്രീലങ്കയിലും ബംഗ്ലാദേശിലും സ്ഥിതിഗതികൾ വഷളാവാനിടയാക്കിയ പ്രധാന ഘടകം ഭരണകൂട അതിക്രമമാണ്. ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാർത്തയിൽ പ്രകടനക്കാരെ പൊലീസ് അടിച്ചമർത്തുന്നതിനിടെ, ഒരു കവചിത വാഹനം ഇടിച്ച് അഫ്ഫാൻ കുർണിയവാൻ എന്ന ഡെലിവറി ഡ്രൈവർ കൊല്ലപ്പെട്ടതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി. 2010ൽ തന്റെ ഉന്തുവണ്ടിയിലെ കച്ചവടസാധനങ്ങൾ അധികാരികൾ പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് മുഹമ്മദ് ബൂഅസീസി (26)എന്ന ടുണീഷ്യൻ തെരുവ് കച്ചവടക്കാരൻ സ്വയം കൊളുത്തിയ തീയാണ് അറബ് ലോകമാകെ വ്യാപിച്ച പ്രക്ഷോഭമായി ആളിക്കത്തിയത്.

കലാപങ്ങൾ തടയാനെന്ന പേരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കി. നേപ്പാളിൽ, വരേണ്യവർഗത്തിന്റെ സ്വജനപക്ഷപാതത്തെയും അഴിമതിയെയും ചോദ്യം ചെയ്യുന്ന nepobaby പോലുള്ള ഹാഷ്ടാഗുകൾ വൈറലായപ്പോൾ, ഭരണകൂടം ഓൺലൈൻ വിമർശനങ്ങളെ കടുത്ത ഭീഷണിയായിക്കണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അടച്ചുപൂട്ടി. അതോടെ, യുവജനങ്ങൾക്ക് അവരുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള വഴി അടഞ്ഞു. ഇത് അവരെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചു. അനുകൂല ആഖ്യാനങ്ങൾ ചമച്ച് എല്ലാഉത്തരവാദിത്തവും എതിരാളികളുടെയും അദൃശ്യമായ ‘വിദേശ കരങ്ങ’ളുടെയും മേൽ ചാർത്താനുള്ള ഭരണകൂട നീക്കം മുമ്പ് അറബ് യുവാക്കളെ തടയാനുതകാഞ്ഞത് പോലെ ഇപ്പോൾ ഏഷ്യയിലും ഫലം കണ്ടില്ല.

പ്രതീക്ഷയിൽനിന്ന് തകർച്ചയിലേക്കുള്ള അറബ് വസന്തത്തിന്റെ ദുരന്തപൂർണമായ പരിണാമം, കാര്യങ്ങൾ എവിടെച്ചെന്നവസാനിക്കും എന്നത് സംബന്ധിച്ച മുന്നറിയിപ്പാണ്. ഏഷ്യയിലെ പ്രക്ഷോഭങ്ങൾക്ക് കാരണമായ സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഈ രോഷത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ വിശ്വസനീയമായ ഇടതുപക്ഷമോ പുരോഗമനപരമായ ബദലുകളോ ഇല്ലെന്നത്, രോഷം സൈനിക അട്ടിമറികൾ, വിഭാഗീയ കലാപങ്ങൾ തുടങ്ങിയ ദുരന്തങ്ങളിലേക്ക് വഴിതെറ്റാൻ ഇടയാക്കിയേക്കും.

എന്നാൽ, ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണെന്ന് തോന്നുന്നു. ഏഷ്യയിലെ യുവതലമുറ ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള സംഘാടനത്തെ ഒരു രാഷ്ട്രീയ ഉപകരണം എന്നതിലുപരി രാഷ്ട്രീയമായിത്തന്നെ കാണുന്നു. പഴയ പ്രസ്ഥാനങ്ങൾ പരാജയപ്പെടുന്നത് കണ്ടതിനാൽ, അവർ പുതിയൊരു മാർഗം കണ്ടെത്തുകയാണ്: വികേന്ദ്രീകൃതവും, വഴക്കമുള്ളതും, അതീവ ഫലപ്രദവുമായ ഒന്ന്.

അവർ അവരുടെ ശബ്ദം കണ്ടെത്തുന്നു. അധികാരത്തിലിരിക്കുന്നവർ അത് അവഗണിക്കുന്ന പക്ഷം അപകടം അവർക്കു തന്നെയാണ്.

Thanks to: The Newyork Times

Show Full Article
TAGS:Nepal Gen Z Protest 
News Summary - Listen to the warning of youth
Next Story