ഉൾപ്പോര് കനക്കുന്ന മഹാരാഷ്ട്രീയം
text_fields
കുടുംബത്തിലോ പ്രസ്ഥാനത്തിലോ കുഴപ്പമുണ്ടാക്കാൻ കൂട്ടുനിന്നാൽ ചക്രവർത്തിയാക്കാമെന്ന് ആരെങ്കിലും വാഗ്ദാനം ചെയ്താൽപോലും സ്വീകരിക്കരുത്; കെട്ടുറപ്പ് തകർന്ന് അവിടം ദുർബലമാകുന്നതോടെ നിങ്ങളുടെ പ്രസക്തിയും ഇല്ലാതാവുന്നു. സംശയമുണ്ടെങ്കിൽ മഹാരാഷ്ട്രയിലെ ഉപ മുഖ്യമന്ത്രിമാരുടെ കഥ ഒന്ന് തിരക്കിനോക്കുക. ഏതാനും മാസം മുമ്പ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഏക് നാഥ് ഷിൻഡേയാണ് ഉപമുഖ്യന്മാരിൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കുടുംബത്തിലോ പ്രസ്ഥാനത്തിലോ കുഴപ്പമുണ്ടാക്കാൻ കൂട്ടുനിന്നാൽ ചക്രവർത്തിയാക്കാമെന്ന് ആരെങ്കിലും വാഗ്ദാനം ചെയ്താൽപോലും സ്വീകരിക്കരുത്; കെട്ടുറപ്പ് തകർന്ന് അവിടം ദുർബലമാകുന്നതോടെ നിങ്ങളുടെ പ്രസക്തിയും ഇല്ലാതാവുന്നു. സംശയമുണ്ടെങ്കിൽ മഹാരാഷ്ട്രയിലെ ഉപ മുഖ്യമന്ത്രിമാരുടെ കഥ ഒന്ന് തിരക്കിനോക്കുക.
ഏതാനും മാസം മുമ്പ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഏക് നാഥ് ഷിൻഡേയാണ് ഉപമുഖ്യന്മാരിൽ ഒരാൾ. ഉദ്ധവ് താക്കറെ നയിച്ചിരുന്ന മഹാ വികാസ് അഗാഡി (എം.വി.എ) സർക്കാറിൽ മന്ത്രിയായിരിക്കെ സ്വന്തം പാർട്ടിയായിരുന്ന ശിവസേനയെ പിളർത്തി സർക്കാറിനെ മറിച്ചിടാനുള്ള ഓപറേഷൻ താമരക്ക് കൂട്ടുനിന്നതിന് 2022ൽ ബി.ജെ.പി നൽകിയ സമ്മാനമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. മഹായുതി സർക്കാറിൽ അന്നത്തെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പിൻസീറ്റ് ഡ്രൈവിങ് വകവെച്ച് ഉപകാര സ്മരണയുള്ള റിമോട്ട് മുഖ്യമന്ത്രിയായി ഷിൻഡെ കൈപ്പിടിയിൽ തുടരുമെന്നാണ് ബി.ജെ.പി കരുതിയത്. എന്നാൽ, തക്കം കിട്ടിയപ്പോഴൊക്കെ മുഖ്യമന്ത്രി കസേരയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഷിൻഡെ ശ്രമിക്കുകയും ഏറക്കുറെ വിജയിക്കുകയും ചെയ്തു.
അധികം താമസിയാതെ ഷിൻഡെയുടെ മാതൃകയിൽ എൻ.സി.പിയെ പിളർത്തി അജിത് പവാറും മഹായുതി മുന്നണിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രി, ധനമന്ത്രി പദവികൾ നേടി. അജിത് ധനമന്ത്രിയായതോടെ ഷിൻഡെ കൊണ്ടുവരുന്ന പദ്ധതികൾക്ക് ധനവകുപ്പിന്റെ പിന്തുണ ഇല്ലാതായി. ഇതിന്റെയൊക്കെ ഫലമെന്ന് പറയാം ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ഉദ്ധവ് പക്ഷ ശിവസേന, ശരദ് പവാർ പക്ഷ എൻ.സി.പി അടങ്ങിയ എം.വി.എ സഖ്യം (ദേശീയതലത്തിൽ ഇൻഡ്യ ബ്ലോക്ക്) മഹായുതിയെ നിലം പരിശാക്കി.
തൊട്ടുപിന്നാലെ വന്ന നിയമസഭ തെരഞ്ഞെടുപ്പിലും പരാജയം മണത്ത മഹായുതി ഷിൻഡെയിലൂടെ അതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു. പാവപ്പെട്ട വീട്ടമ്മമാരുടെ അക്കൗണ്ടിൽ പ്രതിമാസം 1500 രൂപ നിക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ ലഡ്കി ബഹൻ പദ്ധതിയായിരുന്നു ഏറെ ശ്രദ്ധേയം. വാർഷിക വരുമാനം രണ്ടരലക്ഷത്തിൽ താഴെയുള്ള 60 വയസ്സ് കഴിഞ്ഞ പൗരർക്ക് വാഗ്ദാനം ചെയ്ത സൗജന്യ തീർഥാടന യാത്രകളാണ് മറ്റൊന്ന്. മഹായുതി അധികാരത്തിൽ തിരിച്ചെത്തിയാൽ ഷിൻഡെ തന്നെയാകും മുഖ്യമന്ത്രി എന്ന പ്രതീതിയുണ്ടായി. അതേ ആത്മവിശ്വാസത്തിലായിരുന്നു ഷിൻഡെയും പാർട്ടി നേതാക്കളും.
നിയമസഭ തെരഞ്ഞെടുപ്പിൽ 288ൽ 230 ഉം നേടി മഹായുതി എല്ലാവരെയും ഞെട്ടിച്ചു. 130 സീറ്റ് നേടി ബി.ജെ.പി മഹാരാഷ്ട്രയിൽ ചരിത്രം കുറിച്ചു. വോട്ടുയന്ത്രത്തിൽ കൃത്രിമം ആരോപിച്ച പ്രതിപക്ഷം കടുത്ത പ്രതിഷേധങ്ങളിലേക്കൊന്നും പോയില്ല. വോട്ടിങ് സമയം കഴിഞ്ഞും 79 ലക്ഷം വോട്ടുകൾ അധികം ചെയ്തെന്ന് ആരോപണങ്ങൾ ഉയർന്നു. അതൊന്നും എങ്ങും എത്തിയില്ല. കണ്ണഞ്ചിപ്പിക്കുന്ന ജയം സാധ്യമാക്കിയത് തന്റെ ജനകീയ പദ്ധതികൾമൂലമാണെന്നും മുഖ്യമന്ത്രിപദത്തിന് താൻ അർഹനാണെന്നും ഷിൻഡെ വാദിച്ചുവെങ്കിലും ബി.ജെ.പി വകവെച്ചുകൊടുത്തില്ല.
ആഭ്യന്തര വകുപ്പോടെ ഉപമുഖ്യമന്ത്രിയാക്കാമോ എന്ന ചോദ്യത്തിനും അനുകൂല തീരുമാനമുണ്ടായില്ല. 2022ൽ ഉദ്ധവ് സർക്കാറിലെ വെറും മന്ത്രിയായിരുന്ന ഷിൻഡേക്കുണ്ടായിരുന്ന മൂല്യം മഹായുതി വിജയിച്ചതോടെ ഇല്ലാതായി. ഷിൻഡെ ഇല്ലാതെതന്നെ സർക്കാറുണ്ടാക്കാനുള്ള കരുത്തുണ്ടെങ്കിലും വരാനിരിക്കുന്ന നഗരസഭ തെരഞ്ഞെടുപ്പുകളിൽ കല്ലുകടിയുണ്ടാവാതിരിക്കാൻ ഉപമുഖ്യമന്ത്രി പദവി നൽകിയിട്ടുണ്ട്. ബി.ജെ.പി മുൻകൂട്ടി തീരുമാനിച്ചതിന് അപ്പുറം ഒരില പോലുമനങ്ങിയില്ല. നിലനിൽപിനെക്കുറിച്ച് ബോധ്യമുള്ള അജിത് പവാറാകട്ടെ സമ്മർദതന്ത്രങ്ങൾക്കൊന്നും നിന്നില്ല. ഉപമുഖ്യമന്ത്രി പദവും ധനകാര്യവും മൂപ്പർ ഉറപ്പിച്ചിരുന്നു.
ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ, ഷിൻഡെ എന്നിവർ ഉപമുഖ്യമന്ത്രിമാരായും ഭരണം തുടങ്ങിയിട്ട് മാസങ്ങളായി. സുപ്രധാന യോഗങ്ങളിൽ ഒന്നും ഷിൻഡെ പങ്കെടുക്കുന്നില്ല. ഷിൻഡെ പക്ഷ മന്ത്രിമാർ അറിയാതെയാണ് വകുപ്പ് സെക്രട്ടറിമാർ കാര്യങ്ങൾ തീരുമാനിക്കുന്നത്. ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള ധനമന്ത്രി അജിത് പവാറിന്റെ യോഗങ്ങളിൽ ഷിൻഡെ പങ്കെടുത്തില്ല. ഒരാഴ്ച മുമ്പ് മന്ത്രിസഭ യോഗത്തിനും പോയില്ല. യുദ്ധകാല അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള മുഖ്യമന്ത്രിയുടെ യോഗത്തിലും പങ്കെടുത്തില്ല.
ഇതിനിടയിലാണ് ഷിൻഡെ പക്ഷത്തെ പ്രമുഖനായ വ്യവസായ മന്ത്രി ഉദയ് സാമന്ത് വകുപ്പ് സെക്രട്ടറിക്ക് കത്തെഴുതുന്നത്. മന്ത്രിയായ തന്നെ പരിഗണിക്കാതെയാണ് നയങ്ങൾ രൂപവത്കരിക്കുന്നതെന്ന് ആരോപിച്ചും മേലിൽ താൻ കാണാതെ ഒരു നയവും നടപ്പാക്കരുതെന്നും തന്റെ വകുപ്പിന് കീഴിലെ ഉപവകുപ്പുകളുടെ മേധാവികൾ നിത്യവും കാര്യങ്ങൾ ധരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതുമാണ് അതിലെ ഉള്ളടക്കം. ഷിൻഡെയും അദ്ദേഹത്തിന്റെ നേതാക്കളും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായതുകൊണ്ടാണ് മഹായുതി വിടാൻ അവർ ശ്രമിക്കാത്തതെന്നാണ് ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്ത് ഈയിടെ പറഞ്ഞത്.
അതേസമയം, വൃദ്ധരെ തീർഥാടനയാത്രക്ക് കൊണ്ടുപോകുന്നതുൾപ്പടെയുള്ള പദ്ധതികൾ പല കാരണങ്ങൾ പറഞ്ഞ് മഹായുതി സർക്കാർ താൽക്കാലികമായി നിർത്തിവെച്ചതോടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വിശ്വസിച്ച് വോട്ടുചെയ്തവരും ഇപ്പോൾ ഹതാശരാണ്. ലഡ്കി ബഹൻ പദ്ധതി പ്രകാരം ദരിദ്ര വീട്ടമ്മമാർക്ക് തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിമാസം നൽകിയ 1500 രൂപ 2400 ആക്കി ഉയർത്തുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, തുക ഉയർത്തുന്നത് പോയിട്ട് നിലവിലുള്ളതുതന്നെ ലഭിക്കുമോ എന്ന സംശയത്തിലാണ് പലരും. നിലവിൽ പണം പറ്റുന്നവരിൽ അനർഹരായ ലക്ഷക്കണക്കിന് വീട്ടമ്മമാരുണ്ടെന്നും ഇവരെ കണ്ടെത്തി പട്ടികയിൽനിന്ന് പേരുവെട്ടണമെന്നുമുള്ള ഉപദേശം സർക്കാറിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കിൽ ദുരന്തമാകുമെന്ന മുന്നറിയിപ്പാണ് അജിത് പവാർ നൽകുന്നത്. രണ്ട് ലക്ഷം കോടിയാണ് മഹാരാഷ്ട്രയുടെ നിലവിലെ ധനകമ്മി.
മറുപക്ഷത്ത് പ്രതിപക്ഷസഖ്യത്തിലും ഉൾപ്പോര് കനംവെച്ചു വരികയാണ്. ഡൽഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇൻഡ്യ സഖ്യത്തിന്റെ ആവശ്യകതയെ ചോദ്യം ചെയ്തു ഉദ്ധവ് പക്ഷ ശിവസേന പാർട്ടി മുഖപത്രമായ സാമ്നയിൽ മുഖപ്രസംഗം എഴുതുകവരെ ചെയ്തു. അഹങ്കാരം കൊണ്ട് സഖ്യകക്ഷികൾ പരസ്പരം പോരാടുകയാണെങ്കിൽ പിന്നെന്തിനാണ് ഇൻഡ്യ സഖ്യമെന്നതാണ് സാമ്നയുടെ ചോദ്യം. കോൺഗ്രസിനോടുള്ള കലിപ്പാണ് വരികൾക്കിടയിലുള്ളത്. മുംബൈ നഗരസഭ ഉൾപ്പെടെ വരാനിരിക്കുന്ന മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിക്കാൻ ഉദ്ധവ് പക്ഷം നേരത്തേതന്നെ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സഖ്യം പാർട്ടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണിത്.
ഇതിനിടയിലാണ് തിങ്കളാഴ്ച ഉദ്ധവ് പക്ഷ നേതാക്കളായ സുഭാഷ് ദേശായ്, അമ്പാദാസ് ദാൻവെ തുടങ്ങിയവർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ചെന്നു കണ്ടത്. ബാൽ താക്കറെയുടെ സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചക്കാണ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് ഉദ്ധവ് പക്ഷത്തിന്റെ വാദം. അതേസമയം, ബി.ജെ.പിയും ശിവസേനയും ഒന്നിക്കുന്നത് ഇരു പാർട്ടികളിലെയും അനുയായികൾ ആഗ്രഹിക്കുന്നുണ്ടെന്ന് സഞ്ജയ് റാവുത് പറയുകയും ചെയ്തു. ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും നാഗ്പൂരിൽവെച്ച് ഫഡ്നാവിസിനെ കണ്ടത് നേരത്തേ ചർച്ചയായിരുന്നതാണ്. കിട്ടുന്ന അവസരങ്ങളിൽ ബി.ജെ.പിയെയും മോദി-അമിത് ഷാമാരെയും ഉദ്ധവ് പക്ഷം രൂക്ഷമായി വിമർശിക്കുന്നുമുണ്ട്. രാഷ്ട്രീയത്തിൽ നിത്യശത്രുവും നിത്യമിത്രവും ഇല്ലെന്ന പറച്ചിൽ എല്ലാ സാധ്യതകളും തുറന്നിടുന്നു.