Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightന്യൂനപക്ഷ രാഷ്ട്രീയം:...

ന്യൂനപക്ഷ രാഷ്ട്രീയം: ന്യായമായത് ചോദിക്കാൻ മടിക്കുന്നതെന്തിന്?

text_fields
bookmark_border
ന്യൂനപക്ഷ രാഷ്ട്രീയം: ന്യായമായത് ചോദിക്കാൻ മടിക്കുന്നതെന്തിന്?
cancel

‘‘ഇതര സമുദായത്തിന്റെ ഒരു മുടിനാരിഴപോലും ഞാൻ അപഹരിക്കുകയില്ല; എന്റെ സമുദായത്തിന്റെ ഒരു മുടിനാരിഴ മറ്റൊരാൾക്കും വിട്ടുകൊടുക്കുകയുമില്ല’’ -കേരളത്തിന്റെ എക്കാലത്തേയും പ്രിയങ്കരനായ രാഷ്ട്രീയ നേതാവും ഹ്രസ്വകാല മുഖ്യമന്ത്രിയുമായ സി.എച്ച്. മുഹമ്മദ് കോയയുടെ ആർജവംനിറഞ്ഞ വാക്കുകളാണിത്. നിലവിലെ ഹിന്ദുത്വ ഫാഷിസകാലത്ത്, എന്തിനും ഏതിനും ഇസ്‌ലാമോഫോബിയ പടർത്തുന്ന രാഷ്ട്രീയ പരിസരത്തിൽ അദ്ദേഹത്തിന്റെ പിന്മുറക്കാർപോലും ആവർത്തിക്കാൻ മടിക്കുന്ന ഉദ്ധരണിയാണിത്.

കേരളം രൂപവത്കൃതമായ ശേഷം 1957ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽത്തന്നെ ഇന്ന് കേൾക്കുന്നതിനേക്കാൾ തീവ്രമായ ഇസ്‌ലാമോഫോബിക് ആരോപണങ്ങൾ ലീഗിനെ മുൻനിർത്തി അഴിച്ചുവിടപ്പെട്ടിരുന്നു. കേരളത്തിൽ മുസ്‌ലിംകൾക്ക് രാഷ്ട്രീയാധികാരത്തിന്റെ പങ്ക് ലഭിക്കുന്നത് എന്തോ വലിയ ആപത്താണെന്ന ധാരണ പടർത്തുന്നതിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ഒരുപോലെ പങ്കുവഹിച്ചിരുന്നു. ഇരുകൂട്ടരുടേയും ഇസ്‌ലാമോഫോബിക് പ്രചാരണത്തെ മറികടക്കാൻ സോഷ്യലിസ്റ്റുകളുടെ മുൻ രാഷ്ട്രീയ രൂപമായ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുമായുള്ള (പി.എസ്.പി) കൂട്ടുകെട്ടാണ് ലീഗിന് കരുത്തുപകർന്നത്. പി.എസ്.പിയുമായുള്ള സഖ്യത്തെ കോൺഗ്രസ് വിമർശിച്ചത് ‘‘രണ്ട് മുടന്തന്മാർ ചേർന്നാൽ പൂർണ മനുഷ്യനാകില്ല’’ എന്ന് പരിഹസിച്ചുകൊണ്ടാണ്. 1960ൽ രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കോൺഗ്രസുമായി ചേർന്നെങ്കിലും, വിജയിച്ചുവന്നപ്പോൾ അവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. പിന്നീട് കോൺഗ്രസ് അത്തരം നിലപാടുകളിൽനിന്ന് പതുക്കെ പിന്മാറി.

1965-67 തെരഞ്ഞെടുപ്പുകളിൽ ലീഗുമായി കൂട്ടുകൂടിയ സി.പി.എം, അവർ അതുവരെ പടർത്തിയ ഇസ്‌ലാമോഫോബിയയെ കേരളീയ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ ന്യൂട്രലൈസ് ചെയ്യുന്നതിൽ വലിയ പങ്കുവഹിച്ചു. തുടർന്ന് 1969ലെ അച്യുതമേനോൻ മന്ത്രിസഭയിലും ലീഗിനെ ഉൾപ്പെടുത്തിയതോടെ ആ കാലഘട്ടത്തിൽ മുസ്‌ലിം അപരവത്കരണത്തിന്റെ ശക്തി കുറഞ്ഞു. എന്നാൽ, പിൽക്കാലത്ത് ലീഗ് യു.ഡി.എഫിലാണ് എന്ന ഒറ്റക്കാരണത്താൽ കമ്യൂണിസ്റ്റ് പാർട്ടി വർഗീയതയും മതമൗലികവാദവും തരാതരം ചാർത്തി ഇസ്‌ലാമോഫോബിക് രാഷ്ട്രീയ പരിസരം ഉണ്ടാക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. 2012ൽ മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി ഉണ്ടായ കോലാഹലവും, ഇപ്പോൾ ഫലപ്രഖ്യാപനത്തിന് മുമ്പുതന്നെ ലീഗിനെ മുൻനിർത്തി ഉയർത്തിവിടുന്ന വിവാദങ്ങളും തമ്മിൽ വലിയ സാദൃശ്യമുണ്ട്. ലീഗോ മുസ്‌ലിം സമുദായ സംഘടനകളോ അധികാരത്തിലേക്ക് അടുക്കുന്നതിനെ പ്രശ്നവത്കരിക്കുന്നതിൽ കേരളീയ പൊതുബോധത്തെ കൂട്ടുപിടിച്ച് ഇടതുപക്ഷവും സംഘ്പരിവാറും ഒരുപോലെ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്.

നരേന്ദ്ര മോദി അധികാരത്തിൽ വന്ന 2014ന് ശേഷം എല്ലാ മേഖലകളിലും മുസ്‌ലിം അപരവത്കരണം ഒരു രാഷ്ട്രീയ അജണ്ടയായി നടപ്പാക്കപ്പെടുന്നുണ്ട്. മുസ്‌ലിംകൾക്ക് സീറ്റ് നൽകാതെയും കേന്ദ്രമന്ത്രിസഭയിൽനിന്ന് ആ സമുദായത്തെ പാടേ മാറ്റിനിർത്തിയും വോട്ടർപട്ടികയിൽനിന്ന് പേര് വെട്ടിമാറ്റിയും മുസ്‌ലിം വോട്ടർമാരോട് വോട്ട് ചോദിച്ചില്ലെന്ന് ഗർവോടെ പ്രഖ്യാപിച്ചും ബി.ജെ.പി അത് മുന്നോട്ടു കൊണ്ടുപോകുമ്പോൾ, ഫാഷിസത്തെ എതിർക്കുമെന്നും ചെറുക്കുമെന്നും അവകാശവാദം മുഴക്കുന്ന മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ മുസ്‌ലിം അപരവത്കരണ ചുമതല ഏറ്റെടുത്തിരിക്കുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്ത് ഭരിക്കുമെന്നും മുസ്‌ലിം ലീഗ് അമിതാധികാരം കൈയാളുമെന്നുമൊക്കെ പ്രചണ്ഡമായ പ്രചാരണങ്ങളാണ് അവർ അഴിച്ചുവിട്ടത്. ഇത് പിന്നീട് സംഘ്പരിവാർ ഹാൻഡിലുകളും വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള വിദ്വേഷ പ്രചാരകരും ഏറ്റുപാടി.

മുസ്‌ലിം ലീഗിന്റെ ഏതൊരു ന്യായമായ രാഷ്ട്രീയ ആവശ്യത്തെയും ജമാഅത്തെ ഇസ്‌ലാമി / ഇസ്‌ലാമോഫോബിയ മറവിൽ പ്രശ്നവത്കരിക്കാനും അങ്ങനെ മാറ്റിനിർത്താനുമുള്ള ഗൂഢപദ്ധതിയാണ് പിന്നാമ്പുറത്ത് അരങ്ങേറുന്നത്. ഇതിനെ മറികടക്കാൻ 1957 മുതലുള്ള രാഷ്ട്രീയ കാലയളവിൽ ലീഗും അതോടൊപ്പം മുസ്‌ലിം രാഷ്ട്രീയവും കൈക്കൊണ്ടിരുന്ന ആർജവമുള്ള നിലപാടുകൾ ആവർത്തിക്കുകയാണ് പോംവഴി. നിലവിലെ ക്ഷമാപണ മനോഭാവം ന്യൂനപക്ഷ രാഷ്ട്രീയം മറികടന്നേ മതിയാകൂ. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും മുന്നണി രാഷ്ട്രീയത്തിലെ ആനുപാതിക കണക്കുകൾ വെച്ച് അർഹമായ ഏത് സ്ഥാനവും നേടിയെടുക്കാൻ, വർഗീയ കോലാഹലങ്ങളെ മറികടക്കുന്ന രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടത്.

സംഘ്പരിവാറിന്റെ ഏത് വിദ്വേഷത്തേയും മറികടക്കാനുള്ള ജൈവിക പ്രതിരോധ ശേഷി ന്യൂനപക്ഷ രാഷ്ട്രീയത്തിനുണ്ട്. അവകാശങ്ങൾ ന്യായമായാൽ പോലും അവ ചോദിക്കുന്നതിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുന്ന രാഷ്ട്രീയ പരിസരം സൃഷ്ടിക്കപ്പെടുന്നത്, മൈനോറിറ്റി പൊളിറ്റിക്കൽ ഡിമാൻഡുകളെ സംഘ്പരിവാറിനേക്കാൾ ഉച്ചത്തിൽ ഇടതുപക്ഷംകൂടി വർഗീയവത്കരിക്കുമ്പോഴാണ്. മുസ്‌ലിം കർതൃത്വത്തിലുള്ള രാഷ്ട്രീയ സാന്നിധ്യത്തെ രാജ്യവ്യാപകമായി നിഷേധിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾക്കിടയിൽ, അവരുടെ പ്രാതിനിധ്യത്തെ ‘പ്രേത സാന്നിധ്യമായി’ അടയാളപ്പെടുത്തുന്നതിൽ തീവ്രവലതുപക്ഷത്തോടൊപ്പം ലിബറലുകളും ഇടതുപക്ഷവും പങ്കാളികളാകുന്നു എന്നതാണ് കേരളത്തിലെ വർത്തമാനകാല രാഷ്ട്രീയ യാഥാർഥ്യം.

Show Full Article
TAGS:Minority Politics indian politics voting Latest News 
News Summary - Minority Politics: Why are we hesitant to ask for what is fair?
Next Story