Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനീ​റ്റ്: ഉ​ള്ളം...

നീ​റ്റ്: ഉ​ള്ളം നീ​റ്റു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ

text_fields
bookmark_border
നീ​റ്റ്: ഉ​ള്ളം നീ​റ്റു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ
cancel
camera_alt

പ്രതീകാത്മക ചിത്രം 

ഇന്ത്യയിൽ മെഡിക്കൽ പഠനത്തിലേക്കുള്ള സുപ്രധാനമായ വഴിയാണ് നീറ്റ്. നിരന്തര പരിശീലനവും കഠിനാധ്വാനവും ആവശ്യമുള്ള ഈ പരീക്ഷ പല വിദ്യാർഥികളുടെയും മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. മാസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ച് തയാറെടുത്തിട്ടും പ്രതീക്ഷിച്ച ലക്ഷ്യം കൈവരിക്കാനാകാത്തത് പലരെയും കടുത്ത നിരാശയിലേക്കും ആത്മവിശ്വാസക്കുറവിലേക്കും തള്ളിവിടുന്നു. നീറ്റ് പരീക്ഷയിലെ പരാജയം ജീവിതത്തിന്റെ സമ്പൂർണ്ണ പരാജയമായി കരുതുന്ന, പ്രായോഗിക ജീവിതപരിചയം കുറഞ്ഞ കൗമാരക്കാർ തകർന്നുപോകുന്നു.

വിശ്രമമില്ലാത്ത തുടർച്ചയായ പഠനം, ശരിയായ ഉറക്കമില്ലായ്മ, ഭാവിയെക്കുറിച്ചുള്ള കടുത്ത ആശങ്ക, കുടുംബം അടിച്ചേൽപ്പിക്കുന്ന പ്രതീക്ഷകളുടെ ഭാരം എന്നിവ ചേർന്നാണ് ഇവരിൽ അമിത മാനസികസമ്മർദ്ദം സൃഷ്ടിക്കുന്നത്. സാധാരണഗതിയിൽ പ്രതിസന്ധിഘട്ടങ്ങളിൽ താങ്ങും തണലുമായി നിൽക്കേണ്ട കുടുംബം, ഇത്തരം അവസരങ്ങളിൽ കുറ്റപ്പെടുത്തലുകളിലേക്ക് തിരിഞ്ഞാൽ അത് കുട്ടികളിൽ വിപരീതഫലമാണുണ്ടാക്കുക.

പരീക്ഷയിൽ മികച്ച റാങ്ക് നേടാനായില്ലെങ്കിൽ മാതാപിതാക്കൾക്ക് ദുഃഖവും സമൂഹത്തിൽ അപമാനവും ഉണ്ടാവുമെന്ന ഭീതിയും വിദ്യാർഥികളെ മാനസികമായി തളർത്തുന്നു. ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും കൂണുപോലെ മുളച്ചുപൊങ്ങുന്ന എൻട്രൻസ് പരിശീലന കേന്ദ്രങ്ങൾ തമ്മിലുള്ള കടുത്ത മത്സരവും ഇതിനൊരു കാരണമാണ്. ഇത്തരം കേന്ദ്രങ്ങളിൽ പഠിക്കാനായി കുടുംബത്തിൽനിന്ന് അകന്ന് ഹോസ്റ്റലുകളിൽ കഴിയുന്ന കുട്ടികൾക്ക് ആവശ്യമായ സാമൂഹിക പിന്തുണ നഷ്ടമാകുന്നതും പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു.

പരിഹാരങ്ങൾ

വിദ്യാർഥികളിൽ കണ്ടുവരുന്ന മാനസിക തകർച്ചകളെയും ആത്മഹത്യാപ്രവണതയെയും നമ്മുടെ വിദ്യാഭ്യാസ സംവിധാനവും കുടുംബവും സമൂഹവും ചേർന്ന് ഒത്തുചെറുക്കേണ്ട ഒരു പൊതുജനാരോഗ്യ പ്രശ്നമായി കാണേണ്ടതുണ്ട്. ഇതിനായി സ്കൂളുകളിലും പരിശീലന കേന്ദ്രങ്ങളിലും വിദ്യാർഥികളുടെ മാനസികാരോഗ്യം നിരന്തരം നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ഇക്കാര്യത്തിൽ അധ്യാപകർക്ക് പ്രത്യേക ബോധവത്കരണം നൽകുകയും, കൗൺസലർമാരെ നിയമിച്ച് ആവശ്യമുള്ള കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുകയും വേണം.

കൂടാതെ, മെഡിക്കൽ പ്രവേശനത്തിന് കൂടുതൽ അവസരങ്ങളും ബദൽ മാർഗങ്ങളും സൃഷ്ടിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ഇതിനെല്ലാം പുറമെ, കുട്ടികളിൽ എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈകിക്കാതെ അവരെ വിദഗ്ധ ചികിത്സക്ക് വിധേയമാക്കണം. പരീക്ഷകളുടെ പേരിൽ മക്കളിൽ സമ്മർദ്ദം ചെലുത്തുന്നതിന് പകരം, അവരെ ചേർത്തുപിടിക്കാൻ കുടുംബങ്ങൾ എപ്പോഴും തയാറാകേണ്ടതുണ്ട്.

(ലേഖകൻ ഐ.എം.എ മെന്റൽ ഹെൽത്ത് കമ്മിറ്റി കൺവീനറും കോഴിക്കോട്ടെ മാനസികരോഗ വിദഗ്ധനുമാണ്).

Show Full Article
TAGS:NEET Exams entrance exam Career And Education News open forum 
News Summary - NEET: The Truth Behind the Lies
Next Story