ടീം യു.ഡി.എഫ് ഒറ്റക്കെട്ടാണ്
text_fieldsതദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്, യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് അജണ്ടകളും തന്ത്രങ്ങളും എത്രത്തോളം ഫലപ്രദമായി എന്ന് വിലയിരുത്തിയിട്ടുണ്ടോ..?
യു.ഡി.എഫിനെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്നതു പോലെയുള്ള വിമതശല്യങ്ങൾ വളരെ കുറവാണ്. ഒറ്റപ്പെട്ടുണ്ടായ ചില വിഷയങ്ങളിൽ പരിഹാരം കാണുന്നതിന് യു.ഡി.എഫിലെ എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് നേതൃതലത്തിൽ കൂട്ടായ ഇടപെടലുകളുണ്ടായി. ഈ രീതി സ്വീകരിച്ചതുകൊണ്ട് പ്രശ്നങ്ങളിൽ ബഹുഭൂരിഭാഗവും പരിഹരിക്കാനായി. മുന്നണി നേതാക്കൾ ഇക്കാര്യത്തിൽ സംതൃപ്തരുമാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ട്. അവ മാത്രം ഹൈലൈറ്റ് ചെയ്തുപോയിട്ട് കാര്യമില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ‘ടീം യു.ഡി.എഫ്’ എന്നൊരു വികാരം ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ അത് പ്രകടമാണോ..?
‘ടീം യു.ഡി.എഫ്’ എന്ന വികാരത്തിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. പല നേതാക്കളും ഓരോ ജില്ലകളിലും പ്രവർത്തനനിരതരാണ്. ടീം വർക്കിന്റെ കാര്യത്തിൽ ഞങ്ങളെ സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയുമില്ല. അത് മുകൾതട്ട് മുതൽ താഴേത്തട്ടുവരെ പ്രകടവുമാണ്. തന്ത്രങ്ങളും അജണ്ടകളുമെല്ലാം കൂടിയാലോചനകളിലൂടെയാണ് കൈക്കൊള്ളുന്നത്. മുന്നണിക്കുള്ളിൽ വലുപ്പച്ചെറുപ്പമില്ല. ഒറ്റക്കെട്ടാണ് മുന്നണി.
ഇടതുമുന്നണിക്കു മുമ്പേ തിരുവനന്തപുരത്ത് അടക്കം കളത്തിലിറങ്ങാൻ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനമായാലും, മേയർ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിലായാലും അത് പ്രകടമായിരുന്നു. ആ ആക്കവും ഗതിവേഗവും പിന്നീട് രാഷ്ട്രീയമായി തുടരാൻ പറ്റിയോ?
അതേ, തീർച്ചയായും ഈ നീക്കം പ്രയോജനം ചെയ്തു എന്നുതന്നെയാണ് എന്റെ അഭിപ്രായം. പണ്ട് ആരൊക്കെ സ്ഥാനാർഥികളാകും, അല്ലെങ്കിൽ ആര് മേയർ സ്ഥാനാർഥി എന്നതിനെ കുറിച്ചെല്ലാം പല ചർച്ചകളും നടക്കും. ആ സാഹചര്യങ്ങളെല്ലാം മാറ്റിവെച്ചുള്ള നീക്കത്തിന് നേതൃത്വം കൊടുത്തതിന്റെ ഭാഗമായാണ് ഇപ്പോൾ തിരുവനന്തപുരത്ത് ശബരിയെ (കെ.എസ്. ശബരീനാഥൻ) ഞങ്ങൾക്ക് മേയർ സ്ഥാനാർഥിയായി ഹൈലൈറ്റ് ചെയ്യാൻ സാധിച്ചത്. ഈ തയാറെടുപ്പിന്റെയും ആദ്യം തന്നെ കളത്തിലിറങ്ങാൻ കഴിഞ്ഞതിന്റെയുമെല്ലാം ആക്കവും ഗതിവേഗവും തുടരാനാകുന്നുണ്ട്. അത് വിധിയെഴുത്തിലും വോട്ടെണ്ണലിലും പ്രതിഫലിക്കുകയും ചെയ്യും.
ശബരിമല സ്വർണക്കൊള്ള സർക്കാറിനെയും ഇടതുമുന്നണിയെയും കടുത്ത പ്രതിരോധത്തിലാക്കി, പക്ഷേ, പ്രതിപക്ഷത്തിന് അത് കാര്യമായി ഉയർത്തിക്കാണിക്കാനും ആയുധമാക്കാനും കഴിഞ്ഞിട്ടുണ്ടോ?
ശബരിമല വിഷയം കൃത്യമായി ജനങ്ങളുടെ സമക്ഷം അവതരിപ്പിക്കാൻ മുന്നണിക്ക് സാധിച്ചിട്ടുണ്ട്. താഴേത്തട്ടിൽ വരെ ചർച്ചയാക്കാൻ കഴിഞ്ഞുവെന്നത് സംശയമില്ലാത്ത കാര്യമാണ്. സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം വേണമെന്നതായിരുന്നു ഞങ്ങളുടെ ആദ്യത്തെ ആവശ്യം. പക്ഷേ, കോടതി ഇടപെടലിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം വന്നു. എസ്.ഐ.ടി അന്വേഷണം ഇപ്പോൾ വേണ്ടതരത്തിൽ മുന്നോട്ടുപോകുന്നുണ്ടോ എന്നതിൽ ചെറിയ സംശയമുണ്ട്. അന്വേഷണത്തിൽ ആദ്യം ഉണ്ടായിരുന്ന വേഗത കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ കേസ് ഉയർന്നു വരാതിരിക്കുന്നതിനുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്. സാധാരണ ഗതിയിൽ മാധ്യമങ്ങളാണ് ഇത്തരം വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങളിലേക്കെത്തിക്കുകയും ചർച്ചയാക്കുകയും ചെയ്യുന്നത്. അപ്പോഴാണ് ആ വിഷയത്തിന് കൂടുതൽ പ്രസക്തി കൈവരുന്നത്.
പക്ഷേ ശബരിമല വിഷയം ഇപ്പോൾ മാധ്യമങ്ങൾ കാര്യമായി കൈകാര്യം ചെയ്യുന്നുണ്ടോ. മറ്റ് വിഷയങ്ങളിലേക്ക് മാധ്യമ ശ്രദ്ധമാറ്റുക എന്നത് സി.പി.എമ്മിന്റെ വലിയ തന്ത്രമാണ്.
പാർട്ടിയെ വെട്ടിലാക്കുന്ന ശബരിമല സ്വർണക്കൊള്ള പോലുള്ള വിഷയങ്ങളെ മറികടക്കാൻ സി.പി.എം രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉപയോഗിക്കുകയാണോ?
രാഹുലിനെതിരെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിഷയത്തിന്റെ ഗ്രാവിറ്റിയെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. കാരണം അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിലൂടെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കപ്പെടണം. ഇതിൽ ഞങ്ങളാരും അയാളെ സംരക്ഷിക്കാനില്ല. പിന്നെ നമ്മളൊക്കെ പാർട്ടിയിൽ അഭിപ്രായം പറയാറുണ്ട് എന്നുള്ളത് മറ്റൊരു കാര്യം. എങ്കിലും ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം വരേണ്ടത് കോടതിയിൽ നിന്നാണ്.
പാർട്ടി നേരത്തേതന്നെ ഉചിതമായ നടപടിയെടുത്തെങ്കിലും രാഹുലിന് പരോക്ഷമായ ഒരു പരിരക്ഷ കിട്ടി എന്നൊരു തോന്നൽ പൊതുവിൽ ഉണ്ടായതുകൊണ്ടല്ലേ, ഈ ഘട്ടത്തിൽ പാർട്ടിയെ ബാധിക്കുംവിധം വിവാദം മാറിയത്. അന്നേ പൂർണമായി തള്ളിപ്പറഞ്ഞെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നോ?
അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. അന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പരാതിപോലും വന്നിരുന്നില്ല. പരാതി വരാതെ ഒരാളെക്കുറിച്ച് ‘ഇന്നതാണ്’ എന്ന് പറയാൻ ന്യായമില്ല. എന്നെക്കുറിച്ച് ഒരു പരാതി ഉണ്ടെങ്കിൽ, അത് എഴുതി പാർട്ടിയുടെ ഉത്തരവാദിത്തത്തിൽ ഇരിക്കുന്ന ആൾക്ക് കൊടുക്കണം. പരാതിയില്ലാത്ത സാഹചര്യത്തിൽ ‘നടപടിയെടുക്കണം’ എന്നൊക്കെ പറയുന്നത് ശരിയാണ് എന്ന അഭിപ്രായം എനിക്കില്ല. അതുകൊണ്ടാണ് അന്ന് മറ്റ് അഭിപ്രായങ്ങളുണ്ടായത്. പക്ഷേ, ഇപ്പോൾ സ്ഥിതി അതല്ല. ഇപ്പോഴാണ് പരാതി മുഖ്യമന്ത്രിക്ക് കൊടുത്തത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അത് പരിശോധിക്കുക എന്നു പറയുന്നത് സർക്കാറിന്റെ ഉത്തരവാദിത്തവും ചുമതലയുമാണ്.
രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്....?
രാഹുൽ തെറ്റുകാരനാണെങ്കിൽ ശിക്ഷ അനുഭവിക്കുകതന്നെ വേണം, ‘തെറ്റുകാരൻ ആണെങ്കിൽ’. അയാൾ തെറ്റുകാരൻ ആണോ എന്ന് ഞാനല്ല വിധിപറയുന്നത്. കോടതിയാണ്.



