എനിക്കായി എലിസബത്തിനെ കണ്ടെത്തിയ പ്രിയ മിത്രം
text_fieldsതിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരത്തിനുമുന്നിൽ വിതുമ്പുന്ന എ.കെ. ആന്റണിയും പത്നി എലിസബത്തും. ചാണ്ടി ഉമ്മൻ സമീപം
ഉമ്മന്‍ ചാണ്ടിയുടെ വിയോഗം എന്റെ പൊതുജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടമാണ്. ഉമ്മൻ ചാണ്ടിയുടെ നിർബന്ധമില്ലായിരുന്നെങ്കിൽ ഞാൻ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കില്ലായിരുന്നു. എന്റെ കുടുംബജീവിതത്തിന്റെ കാരണക്കാർ ഉമ്മൻ ചാണ്ടിയും ഞാൻ വാവ എന്നുവിളിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മയുമാണ്. എലിസബത്തിനെ കണ്ടെത്തിയതും വാവയാണ്.
എന്റെ ഏറ്റവും വലിയ സുഹൃത്തിനെയാണ് നഷ്ടമായത്. വിദ്യാര്‍ഥി രാഷ്ട്രീയം മുതലുള്ള പരിചയമാണ്. ഹൃദയം തുറന്ന് സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു. ഞങ്ങൾക്കിടയിൽ രഹസ്യങ്ങളില്ലായിരുന്നു. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുമായിരുന്നു. കുറച്ചുനാളായി അദ്ദേഹത്തെ കാണുമ്പോഴൊക്കെ വലിയ വേദനയായിരുന്നു. ആ വേദന ഏറ്റവും വലിയ സ്വകാര്യ ദുഃഖമായി മരണംവരെ എന്നോടൊപ്പമുണ്ടാകും. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്മാരില് ഒരാളാണ് ഉമ്മന്‍ ചാണ്ടി. ഊണിലും ഉറക്കത്തില്‍പോലും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് എങ്ങനെ ജനങ്ങളെ സഹായിക്കാമെന്നാണ്. സഹായം തേടിവരുന്ന ആരെയും അദ്ദേഹം നിരാശനാക്കില്ല. രോഗക്കിടക്കയില്‍ കിടക്കുമ്പോഴും അങ്ങനെതന്നെ. കേരളത്തെ ഇത്രമേല്‍ സ്നേഹിച്ച പൊതുപ്രവര്‍ത്തകനില്ല. കേരള വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ ഭരണാധികാരികളില്‍ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത നേതാവാണ് അദ്ദേഹം. കേരളത്തിലെ ജനങ്ങൾക്കും കോൺഗ്രസ് പാർട്ടിക്കും യു.ഡി.എഫിനുമുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വേർപാട്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് അങ്ങനെ സംഘടനകളെയെല്ലാം ശക്തിപ്പെടുത്താന്‍ ഏറ്റവും സംഭാവന ചെയ്ത നേതാവ്. എല്ലാത്തിനുമപ്പുറം ഞാനെല്ലാം തുറന്നുപറയുന്ന ഒരേയൊരു സുഹൃത്ത്. ഉമ്മൻ ചാണ്ടിക്ക് തുല്യന്‍ ഉമ്മൻ ചാണ്ടിമാത്രം.