
വ്യാജോക്തികൾ ആശയ സംവാദത്തിന് പകരമാവില്ല
text_fieldsപ്രത്യയശാസ്ത്രപരമായ സംവാദങ്ങളോ ആശയ സമരമോ അൽപം കഴമ്പുള്ള വിമർശനങ്ങൾ പോലുമോ തീരെ നടക്കുന്നില്ല; അല്ലെങ്കിൽ ദുർലഭമായേ സംഭവിക്കുന്നുള്ളൂ എന്നതാണ് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിെൻറ ഏറ്റവും വലിയ ശാപങ്ങളിലൊന്ന്. എല്ലാം വോട്ടിനു വേണ്ടി മാത്രം നടക്കുന്ന കോലാഹലങ്ങളും കശപിശകളും വ്യാജ പ്രചാരണങ്ങളും മാത്രം. ആരോഗ്യപരമായ ജനാധിപത്യ സംവാദങ്ങൾ രാജ്യത്ത് അന്യംനിന്നുപോയിരിക്കുന്നു എന്ന് വിലയിരുത്തിയാൽ പോലും തെറ്റില്ല.
വേണ്ടത് ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ട ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം പക്വത പ്രാപിക്കുകയോ ചുരുങ്ങിയത് പ്രായപൂർത്തിയുടെ ലക്ഷണങ്ങൾ കാണിക്കുകയോ ആയിരുന്നു. ഇതിനെല്ലാം കാരണം ഫാഷിസം അധികാരം പിടിച്ചെടുത്തതാണെന്ന് പറഞ്ഞൊഴിയാൻ നിൽക്കണ്ട. അതിനുമുമ്പ് ഭരിച്ചവരുടെ കൊള്ളരുതായ്മകളെയും യഥേഷ്ടം കുറ്റപ്പെടുത്താം.
എന്നാൽ, പ്രത്യയശാസ്ത്രപരമായും സൈദ്ധാന്തികമായും സംഭവങ്ങളെ വിശകലനം ചെയ്ത് നിലപാടുകൾ സ്വീകരിച്ച പാരമ്പര്യമുള്ള ഇടതുപക്ഷം അഥവാ കമ്യൂണിസ്റ്റ് പാർട്ടികൾ പോലും മൂന്നാംകിട പ്രചാരണ തന്ത്രങ്ങളിലേക്കും സാമാന്യ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജോക്തികളിലേക്കും വഴുതിവീഴുന്നതിെൻറ ന്യായീകരണമെന്ത്? മറ്റെല്ലാവരും അങ്ങനെ ചെയ്യുന്നതുകൊണ്ട് എന്നാണുത്തരമെങ്കിൽ ചോദ്യം പിന്നെ വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുണ്ടെന്നവകാശപ്പെടുന്ന അന്തരമെന്ത്? ഇരുപക്ഷവും ഒരേ സംസ്കാരമാണ് പങ്കിടുന്നതെങ്കിൽ, ഒരേ ശൈലിയിലാണ് സംസാരിക്കുന്നതെങ്കിൽ രണ്ടും തമ്മിലെ വ്യത്യാസങ്ങൾ കണ്ടുപിടിക്കാൻ ബാലമാസികകളിലെ പരസ്പര സദൃശമായ ചിത്രങ്ങൾ നോക്കി വ്യത്യാസങ്ങൾ കണ്ടുപിടിക്കാൻ സാഹസപ്പെടുന്ന കുട്ടികളുടെ പരുവത്തിലേക്ക് ജനസമൂഹം എത്തിച്ചേരണമെന്നല്ലേ അർഥം?
ഇത്രയും ആമുഖമായി ഓർമിപ്പിക്കേണ്ടിവന്നത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശവ്യാപകമായി ഫാഷിസ്റ്റുകൾക്കെതിരെ മതേതര പാർട്ടികളുടെ, വിശിഷ്യ മോദി സർക്കാറിനെ അധികാരഭ്രഷ്ടമാക്കാൻ കഴിയുമെന്ന് ധരിക്കപ്പെട്ട കോൺഗ്രസിെൻറ സ്ഥാനാർഥികളെ പിന്തുണക്കാൻ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി തീരുമാനിക്കുകയും അത് കേരളത്തിലും നടപ്പാക്കുകയും ചെയ്തതിനെ തുടർന്ന് ജമാഅത്തിനെതിരെ സി.പി.എം ആരംഭിച്ച കുരിശുയുദ്ധം സാമാന്യമര്യാദയുടെ സർവസീമകളും ലംഘിച്ച് അനുദിനം പടരുന്നത് കാണുേമ്പാഴാണ്.
ദൈവത്തിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അവരുടെ സന്ദേശങ്ങളിലും സുദൃഢമായി വിശ്വസിക്കുകയും ജീവിതമാകെ തദനുസൃതമായി കെട്ടിപ്പടുക്കണമെന്ന് നിഷ്കർഷിക്കുകയും ഉദ്ഘോഷിക്കുകയും ചെയ്യുന്ന ഒരു ആദർശ പ്രസ്ഥാനമെന്ന നിലയിൽ സി.പി.എമ്മിന് ജമാഅത്തെ ഇസ്ലാമിയോട് മൗലികമായിത്തന്നെ വിയോജിപ്പും എതിർപ്പുമുണ്ടാവാം. ചുരുങ്ങിയപക്ഷം മുസ്ലിം യുവാക്കളെങ്കിലും ഈ പ്രസ്ഥാനത്തിലേക്കാകർഷിക്കപ്പെടുന്നതിൽ പാർട്ടിക്ക് ആശങ്കയും അങ്കലാപ്പുമുണ്ടാവുന്നതും സ്വാഭാവികം.
പക്ഷേ, നിരീശ്വര നിർമത ഭൗതിക പ്രത്യയശാസ്ത്രത്തിൽ ഊന്നിനിൽക്കുന്ന പാർട്ടി എന്ന നിലയിൽ ജമാഅത്തിെൻറ അടിസ്ഥാനാദർശങ്ങളെ ശക്തമായി എതിർക്കുകയും അതിെൻറ അപ്രായോഗികത യുവാക്കളെ ബോധ്യപ്പെടുത്തുകയുമാണ് കമ്യൂണിസ്റ്റുകാരിൽനിന്ന് പ്രതീക്ഷിക്കാവുന്ന സമീപനം. ദേശീയ രാഷ്ട്രീയത്തിൽ ജമാഅത്ത് സ്വീകരിക്കുന്ന നിലപാടുകളെയും നിശിതമായിത്തന്നെ വിമർശിക്കാം. സംഘടന രാജ്യത്തിെൻറ പൊതുസമാധാനത്തിനും രക്ഷക്കും എതിരായി നീങ്ങുന്നു എന്നു തോന്നിയാൽ അക്കാര്യവും ചൂണ്ടിക്കാട്ടാം. വർഗീയ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി ബോധ്യപ്പെട്ടാൽ ഒരുവിധ ദാക്ഷിണ്യവും കൂടാതെ എതിർക്കാം. സംസ്ഥാന സർക്കാറിന് നടപടികളെടുക്കാം. ഇതൊക്കെയാണ് ജനാധിപത്യ മര്യാദ എന്ന് പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ല.
എന്നാൽ, സി.പി.എം നേതാക്കളും വക്താക്കളും മന്ത്രിമാരിൽ ചിലരും കഴിഞ്ഞ ഏതാനും മാസങ്ങളായി ആരംഭിച്ചിരിക്കുന്ന ജമാഅത്ത് വേട്ട എല്ലാ പരിധിയും വിട്ട് അപഹാസ്യമെന്നോ തരംതാണതെന്നോ വിശേഷിപ്പിക്കേണ്ട പതനത്തിലെത്തിയിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. ഇന്ത്യയിലും കേരളത്തിലും മാറി മാറി ഭരിച്ച സർക്കാറുകളിലൊന്നിനും കണ്ടെത്താനാവാത്ത തീവ്രവാദ ബന്ധങ്ങളും മതസ്പർധ വളർത്തുന്നുവെന്ന ആരോപണവും സംഘടനയുടെ മേൽ അടിച്ചേൽപിക്കാനും ഫാഷിസ്റ്റ് പ്രസ്ഥാനമെന്ന് പാർട്ടി കരുതുന്ന ആർ.എസ്.എസുമായി ജമാഅത്തിനെ സമീകരിക്കാനുമാണ് ശ്രമം. ഒപ്പം ബി.ജെ.പി-ആർ.എസ്.എസ് ശക്തികളെ പിന്തുണക്കുന്നുവെന്ന വിചിത്രമായ കണ്ടെത്തലുമുണ്ട്.
തൃശൂരിലെ കുന്നംകുളത്ത് ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസിെൻറയും എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പിന്തുണ ആർ.എസ്.എസിനുണ്ടെന്ന് മുതിർന്ന സി.പി.എം നേതാവും കേരളത്തിെൻറ ധനമന്ത്രിയുമായ തോമസ് ഐസക് സനൂപിന് ആദരാഞ്ജലികളർപ്പിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിൽ ആരോപിച്ചതാണ് ഒടുവിലത്തെ ഉദാഹരണം. രാജ്യത്തിെൻറ ചരിത്രത്തിലെപ്പോഴെങ്കിലും രാഷ്ട്രീയമോ രാഷ്ട്രീയേതരമോ ആയ കൊലപാതകങ്ങളിൽ ജമാഅത്തെ ഇസ്ലാമിക്കാർ പ്രതിചേർക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് മന്ത്രിയദ്ദേഹം പറഞ്ഞുതരണം. കേരളത്തിെൻറ രാഷ്ട്രീയ കൊലപാതക ചരിത്രത്തിൽ സി.പി.എമ്മുമായോ ആർ.എസ്.എസുമായോ മറ്റേതെങ്കിലും പാർട്ടിയുമായോ ജമാഅത്തെ ഇസ്ലാമിക്കാർ ഏറ്റുമുട്ടിയ അനുഭവം ഉണ്ടോ എന്നും വ്യക്തമാക്കണം. കുന്നംകുളത്തെ സനൂപ് വധം അന്വേഷിക്കുന്ന പിണറായിയുടെ പൊലീസിന് ജമാഅത്തിെൻറ പങ്കിനെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടോ എന്നെങ്കിലും വെളിപ്പെടുത്തിയേ തീരൂ.
ആവശ്യപ്പെടാതെയും ചോദിക്കാതെയും സി.പി.എം സ്ഥാനാർഥികൾക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ തലയിൽ മുണ്ടിട്ടുപോയി വോട്ട് ചെയ്തില്ലെന്ന അപരാധം, കോൺഗ്രസിെൻറയോ ആർ.എസ്.എസിെൻറയോ പേരിൽ ആരോപിക്കപ്പെടുന്ന ഒരു കൊലപാതകത്തിൽ പങ്ക് കെട്ടിയേൽപിക്കാൻ മാത്രമുള്ള ന്യായമാവുന്നതെങ്ങനെയെന്ന് തോമസ് ഐസക് വിശദീകരിക്കണം. കഴിഞ്ഞ ലോക്സഭ ഇലക്ഷനിൽ ജമാഅത്തിനെപോലെ സി.പി.എമ്മും തമിഴ്നാട്ടിൽ കോൺഗ്രസിന് വോട്ട് നൽകി എന്നു മാത്രമല്ല കോൺഗ്രസ് പ്രധാന ഘടകമായ മുന്നണിയിൽ പങ്കാളിയായിരുന്നു എന്ന സത്യത്തെ എങ്ങനെ വ്യാഖ്യാനിക്കും? ഇപ്പോഴും ബംഗാളിൽ സെക്കുലറായ മമതാ ബാനർജിക്കെതിരെ കോൺഗ്രസിനോട് കൂട്ടുകൂടിയ സി.പി.എം ഫലത്തിൽ ബി.ജെ.പിയുടെ വിജയവും ഭരണവും ഉറപ്പിക്കുകയാണെന്ന സത്യത്തെ എവ്വിധം ന്യായീകരിക്കും? ബിഹാറിൽ കോൺഗ്രസ് മുഖ്യ ഘടകമായ മഹാസഖ്യത്തിൽ ചേർന്ന സി.പി.എം ഒരു മുന്നണിയിലും ചേരുകയോ ഘടകമാവുകയോ ചെയ്യാത്ത ജമാഅത്തെ ഇസ്ലാമിയുടെ മേൽ കുതിരകയറുന്നത് ആരും കാണുന്നില്ലെന്ന് കരുതിയോ?
ബാബരി മസ്ജിദ് തകർക്കപ്പെട്ട കേസിൽ പ്രതികളായ 32 സംഘ്പരിവാർ നേതാക്കളെയും പ്രവർത്തകരെയും വെറുതെവിട്ട സി.ബി.ഐ കോടതിവിധി പുറത്തുവന്നപ്പോൾ അതേപ്പറ്റി നടന്ന ചാനൽ ചർച്ചയിൽ പങ്കെടുത്ത സി.പി.എമ്മിെൻറ രാജ്യസഭാംഗം ബി.ജെ.പിയെയും കോൺഗ്രസിനെയും കുറ്റപ്പെടുത്തിയശേഷം ഒടുവിൽ ഒരു കാച്ച് കാച്ചി - 'ആ കോൺഗ്രസിെൻറ പിന്നാലെയാണ് ജമാഅത്തെ ഇസ്ലാമിയും'. 1986ൽ ബാബരി മസ്ജിദ് ക്ഷേത്രാരാധകർക്ക് തുറന്നുകൊടുത്തതുമുതൽ ഒടുവിലത്തെ വിധി വരെ നടന്ന സകല പ്രക്ഷോഭങ്ങളിലും നിയമനടപടികളിലും സജീവ പങ്കാളിത്തം വഹിച്ച സംഘടനയെ കുറിച്ചാണ് തെൻറ പരാതിയെന്ന് ഒരു നിമിഷം സഖാവ് ഓർത്തില്ല.
പള്ളി തകർത്തുകഴിഞ്ഞപ്പോൾ കേരളത്തിൽ ഭരണമുന്നണിയിൽ ഘടകമായിരുന്ന മുസ്ലിംലീഗ് പ്രധാനമന്ത്രി നരസിംഹറാവുവിെൻറ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് മുന്നണി വിടണമെന്ന് ലീഗിെൻറ അഖിലേന്ത്യാ പ്രസിഡൻറ് ഇബ്രാഹീം സുലൈമാൻ സേട്ട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാൻ തീരുമാനിച്ച മുസ്ലിം ലീഗ് കണ്ടെത്തിയ കാരണങ്ങളിലൊന്ന് ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് സേട്ട് നിലപാട് സ്വീകരിച്ചത് എന്നതായിരുന്നു. തെൻറ നിലപാടിൽ ഉറച്ചുനിന്ന സേട്ടു സാഹിബ് ലീഗ് വിട്ട് രൂപീകരിച്ച പാർട്ടിയായ ഐ.എൻ.എൽ ഇപ്പോൾ കേരളത്തിൽ എൽ.ഡി.എഫിനൊപ്പമുണ്ട്. അവരോടങ്കിലും അന്വേഷിക്കാമായിരുന്നില്ലേ ബാബരി മസ്ജിദ് പ്രശ്നത്തിലും തദ്വിഷയകമായി കോൺഗ്രസിെൻറ നിലപാടുകളിലും ജമാഅത്തെ ഇസ്ലാമിയുടെ സമീപനം എന്തായിരുന്നുവെന്ന്?
ഇബ്രാഹീം സുലൈമാൻ സേട്ട്
കൂടുതലൊന്നും പറയേണ്ടതില്ല. അവസാരവാദ നയങ്ങളുടെ ഭൂതവും വർത്തമാനവും മാത്രം അവകാശപ്പെടേണ്ട സി.പി.എമ്മിന് ജമാഅത്തെ ഇസ്ലാമിയെ വ്യാജപ്രചാരണങ്ങൾകൊണ്ട് വേട്ടയാടേണ്ടി വരുന്ന ദുർഗതി സാമാന്യ ജനങ്ങളിൽ പോലും സഹതാപമാണുളവാക്കുക. മുസ്ലിം-അമുസ്ലിം സമൂഹത്തിലാരെയും തെറ്റിദ്ധരിപ്പിക്കാൻ ഇത്തരം ഗിമ്മിക്കുകൾ ഉതകില്ല. നടേ സൂചിപ്പിച്ചപോലെ വൃത്തിയും വെടിപ്പുമുള്ള ആശയ സംവാദങ്ങളാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധതയുണ്ടെന്ന് നടിക്കുന്ന പാർട്ടികളിൽനിന്ന് പ്രബുദ്ധ കേരളം പ്രതീക്ഷിക്കുന്നത്.