ഇപ്പോൾ ജയിലാണ് നിയമം, ജാമ്യം അപവാദവും
text_fieldsനമ്മുടെ പരമോന്നത നീതിപീഠത്തിന്റെ ചരിത്രത്തെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർക്ക് മുമ്പും ശേഷവും എന്ന് രണ്ടായി ഭാഗിക്കാനാവും. അദ്ദേഹം രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവിയിലിരുന്നിട്ടില്ല. എങ്കിലും സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച ഏഴ് സംവത്സരങ്ങൾകൊണ്ട് മറ്റേതൊരു ഉന്നത ന്യായാധിപനേക്കാളേറെ ഇന്ത്യൻ നീതിന്യായ രംഗത്ത് സ്വാധീനം തീർക്കാൻ സാധിച്ചു. 700േലറെ കേസുകൾ കേൾക്കുകയും 350ലധികം സുപ്രധാന വിധിന്യായങ്ങൾ രചിക്കുകയും ചെയ്തു ജസ്റ്റിസ് കൃഷ്ണയ്യർ.
മധ്യപ്രദേശിൽ നിന്നുള്ള മോത്തിറാം എന്ന പാവപ്പെട്ട കൽപ്പണിക്കാരന്റെ കേസ് അതിൽ ഏറെ പ്രധാനപ്പെട്ടതാണ്. 1978ൽ ഒരു കേസിൽ മജിസ്ട്രേറ്റ് മോത്തിറാമിന് ജാമ്യം അനുവദിച്ചു. പക്ഷേ, അതിനൊരു ഉപാധിയുണ്ടായിരുന്നു.10,000 രൂപയുടെ ജാമ്യത്തുക.1978ലാണെന്നോർക്കണം. പുലരി മുതൽ രാവേറുംവരെ എല്ലുമുറിയെ പണിയെടുത്താലും ദിവസക്കൂലിയായി പത്തു രൂപ തികച്ചുകിട്ടാത്ത ഒരാൾക്ക് പതിനായിരമെന്നത് സങ്കൽപിക്കാൻ പോലുമാകാത്ത തുകയാണ്. അതുകൊണ്ടുതന്നെ ആ ജാമ്യ ഉത്തരവ് ജാമ്യ നിഷേധത്തിന് തുല്യമായിരുന്നു.
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ
കേസ് സുപ്രീംകോടതിയിൽ ജസ്റ്റിസ് കൃഷ്ണയ്യരും ജസ്റ്റിസ് ഡി.എ. ദേശായിയുമടങ്ങുന്ന ബെഞ്ചിന് മുന്നിലെത്തി. വാദം കേട്ടശേഷം പൗരാവകാശങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധിന്യായത്തിൽ ജസ്റ്റിസ് കൃഷ്ണയ്യർ ഇങ്ങനെ കുറിച്ചു: ‘ജാമ്യമാണ് നിയമം, ജയിൽ അപവാദവും.’
1966ൽ യു.എസ് ജാമ്യ പരിഷ്കരണ നിയമത്തിൽ ഒപ്പുവെച്ച അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ബി.ജോൺസണെ ഉദ്ധരിച്ച്, വിചാരണക്ക് മുമ്പുള്ള തടങ്കൽ ദരിദ്ര ജനങ്ങൾക്ക് ശിക്ഷയായി മാറ്റരുതെന്നുപറഞ്ഞ അദ്ദേഹം ഇന്ത്യയിലെ ജാമ്യവ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് പാർലമെന്റിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ആ വിധി പ്രസ്താവം അവസാനിപ്പിച്ചത്.
നാലര പതിറ്റാണ്ടിനിപ്പുറം, ഇക്കഴിഞ്ഞ ജൂലൈ ആറിന് കൊച്ചിയിൽ കൃഷ്ണയ്യർ സ്മാരക പ്രഭാഷണം നടത്തവെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഈ കേസ് ഓർമിപ്പിച്ചു. കൃഷ്ണയ്യർ മുന്നോട്ടുവെച്ച തത്ത്വം വിസ്മരിക്കപ്പെടുന്നതായി വിലപിക്കുകയും ചെയ്തു. ഇന്ന്, ജാമ്യം നിയമമല്ലാതായി മാറിയിരിക്കുന്നു; പ്രത്യേകിച്ച് രാഷ്ട്രീയ-വിവാദ കേസുകളിൽ ജയിൽ ശിക്ഷ സാധാരണത്വമായിരിക്കുന്നു.
കൃഷ്ണയ്യരെ സംബന്ധിച്ചിടത്തോളം ജയിലും ജാമ്യവും അപരിചിതമോ അമൂർത്തമോ ആയ വിഷയങ്ങളായിരുന്നില്ല. യുവാവായിരിക്കെ അദ്ദേഹം ജയിലിൽ കിടന്നിട്ടുണ്ട്. മലബാർ, ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന കാലത്താണത്. മെച്ചപ്പെട്ട വേതന വ്യവസ്ഥകൾ ആവശ്യപ്പെട്ട് കമ്യൂണിസ്റ്റ് നായകൻ എ.കെ. ഗോപാലന്റെ നേതൃത്വത്തിൽ സമരത്തിനിറങ്ങിയ തപാൽ ജീവനക്കാർക്കുവേണ്ടി വാദിക്കാൻ കോടതിയിലെത്തിയതായിരുന്നു അദ്ദേഹം. വാദത്തിനിടെ, ഭരണകൂടം നടത്തുന്ന ചൂഷണത്തിനെതിരെ കൃഷ്ണയ്യർ സംസാരിച്ചു. പ്രതിരോധ നിയമപ്രകാരം അറസ്റ്റിലാക്കി ഒരു മാസം തടവിലിടാൻ അത് മതിയായിരുന്നു. ഈ വിധത്തിൽ രാഷ്ട്രീയ തടവ് അനുഭവിച്ച ഒരേയൊരു സുപ്രീംകോടതി ജഡ്ജിയാവും അദ്ദേഹം.
ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഐക്യകേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ ആഭ്യന്തര-നിയമ മന്ത്രി പദങ്ങൾ വഹിച്ച അദ്ദേഹം ഒട്ടനവധി ജയിൽ പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തി. ജാമ്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വിഷയങ്ങളിൽ എത്രമാത്രം ആഴത്തിലായിരുന്നു അദ്ദേഹത്തിന്റെ സംവേദനക്ഷമതയെന്ന് ഈ പശ്ചാത്തലം വ്യക്തമാക്കുന്നു. മോത്തി റാമിനെപ്പോലുള്ള ഒരു പാവപ്പെട്ട കൽപ്പണിക്കാരനും ധനികനായ ഒരു വ്യവസായ പ്രമുഖനെപ്പോലെ നീതിക്ക് അർഹനാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു.
2020ലെ ഡൽഹി കലാപ ഗൂഢാലോചക്കേസിൽ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും മറ്റ് എട്ടുപേർക്കും ജാമ്യം നിഷേധിച്ച് സെപ്റ്റംബർ രണ്ടിന് വന്ന ഡൽഹി ഹൈകോടതി വിധി വായിച്ചപ്പോളാണ് കൃഷ്ണയ്യരും അദ്ദേഹം ഉയർത്തിപ്പിടിച്ച നീതിബോധവും വീണ്ടും ഓർമയിലെത്തിയത്.
രാജ്യത്തെമ്പാടും അലയൊലി സൃഷ്ടിച്ച് സി.എ.എ-എൻ.ആർ.സി പ്രക്ഷോഭം നടക്കവെ തണുപ്പ് മുറ്റിയ ഒരു ഞായറാഴ്ച സമരത്തിന്റെ പ്രഭവ കേന്ദ്രമായ ശാഹീൻബാഗ് സന്ദർശിച്ചു ഞാൻ. സമാധാനപരമായി ഇരിപ്പ് സമരം നടത്തുന്ന നൂറുകണക്കിന് വനിതകളാൽ സജീവമായിരുന്നു ആ സമരപ്പന്തൽ. അന്ന് സമരക്കാരെ അഭിസംബോധന ചെയ്യാനായി സംഘാടകർ ക്ഷണിച്ചത് ഉമർ ഖാലിദിനെയായിരുന്നു. ജെ.എൻ.യു വിദ്യാർഥിയായിരിക്കെ ഒരു കെട്ടിച്ചമച്ച കേസിൽ അറസ്റ്റിലാവുകയും വാർത്തകളിൽ നിറയുകയും ചെയ്ത, പിന്നീട് പാർലമെന്റിന് വിളിപ്പാടകലെയുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബിന് മുന്നിൽ വെച്ച് ഒരു വധശ്രമത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഉമറിന്റെ മുഖം എനിക്ക് പരിചിതമായിരുന്നു.
തികഞ്ഞ ആത്മവിശ്വാസത്തോടെ കേൾവിക്കാരുടെ മനസ്സിൽ ഊർജവും പ്രചോദനവും തീർക്കുന്ന വാക്കുകൾ ഉതിർത്തുകൊണ്ട് ആ ചെറുപ്പക്കാരൻ ഉജ്ജ്വലമായി സംസാരിച്ചു. പിന്നീട്, ഡൽഹിയിൽ കലാപം ഇളക്കിവിട്ടു എന്ന കുറ്റം ആരോപിച്ച് പൗരത്വ സമരത്തിന്റെ മുന്നണിപ്പോരാളികളായ മറ്റു പലരെയും പോലെ ഉമറിനെയും പൊലീസ് പിടിച്ചുകൊണ്ടുപോയി. അഞ്ചു വർഷത്തിലേറെയായി ജാമ്യം കാത്ത് ജയിലിൽ കിടക്കുകയാണവർ.
2020ൽ കലാപം നടമാടിയതിന് തൊട്ടുപിന്നാലെ വടക്കു കിഴക്കൻ ഡൽഹിയിലെ ലഹളബാധിത പ്ര ദേശങ്ങൾ ഞാൻ സന്ദർശിച്ചിരുന്നു. 53 പേർ കൊല്ലപ്പെടുകയും, 400ലധികം പേർക്ക് പരിക്കേൽക്കുകയും നൂറുകണക്കിന് വീടുകളും കടകളും നശിപ്പിക്കപ്പെടുകയും ചെയ്ത കലാപത്തിന്റെ ഇരകളിൽ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു. ഞാൻ നേതൃത്വം നൽകുന്ന സന്നദ്ധ സംഘടന ദുരിതാശ്വാസ ക്യാമ്പിൽ ഒരു പാഠശാല സ്ഥാപിക്കാൻ മുന്നിട്ടിറങ്ങി-പഠിപ്പിക്കുക എന്നതിലുപരി കുട്ടികൾക്ക് കളിക്കാനും, അവർ കുഞ്ഞികണ്ണുകളാൽ കണ്ട ഭീകര ദൃശ്യങ്ങൾ ക്ഷണനേരത്തേക്കെങ്കിലും മറക്കാനും അവസരം നൽകാനാണ് ആ പാഠശാല കൊണ്ട് ഞങ്ങളുദ്ദേശിച്ചത്.
വിരോധാഭാസമെന്ന് പറയട്ടെ, സ്വന്തം സമുദായത്തിനുമേൽ കൊടിയ നാശം വിതച്ച വർഗീയ ലഹള ആസൂത്രണം ചെയ്തു എന്നാണ് ഉമറിനെയും മറ്റുള്ളവരെയും ജയിലിലടക്കാനായി ചുമത്തിയിരിക്കുന്ന കുറ്റം. അതേ സമയം, പരസ്യമായി കലാപത്തിന് ആഹ്വാനംചെയ്ത ഒരു ബി.ജെ.പി നേതാവ് ഇന്ന് ഡൽഹിയിൽ മന്ത്രിപദത്തിൽ വിരാജിക്കുന്നു. പ്ര ക്ഷോഭകർക്കുനേരെ നിറയൊഴിക്കാനാണ് ഹിമാചലിൽ നിന്നുള്ള കേന്ദ്രമന്ത്രി വിളിച്ചു പറഞ്ഞത്. അദ്ദേഹത്തിനെതിരെ കേസില്ല, നടപടികളില്ല.
ഉമർ ഖാലിദിനെതിരായ ‘തെളിവ്’ ആണ് അതിവിചിത്രം. ഡൽഹിയിൽ കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്തുവെന്ന് ആരോപിക്കുന്ന പ്രസംഗം അദ്ദേഹം നടത്തിയിരിക്കുന്നത് നൂറുകണക്കിന് കിലോമീറ്ററുകളകലെ മഹാരാഷ്ട്രയിലെ അമരാവതിയിലാണ്. 3,500 പേജുകളിൽ ആരംഭിച്ച കുറ്റപത്രം പിന്നീട് പത്ര വാർത്താ കട്ടിങ്ങുകളും മറ്റ് അപ്രസക്ത വിഷയങ്ങളും കുത്തിനിറച്ച് 10,000 പേജുകളാക്കിയെന്നാണ് റിപ്പോർട്ട്. ആൽബർട്ട് ഐൻസ്റ്റീൻ, ലോകത്തെ മാറ്റിമറിച്ച തന്റെ ആപേക്ഷികതാ സിദ്ധാന്തം വിശദീകരിച്ചത് വെറും നാല് പേജുകളിലാണ്. എന്നാൽ, ഡൽഹി പൊലീസിന് ഉമർ ഖാലിദിനെതിരായ കേസ് ‘തെളിയിക്കാൻ’ 10,000 പേജുകളും പോരാതെ വന്നിരിക്കുന്നു!
അറസ്റ്റ് നടന്ന് അഞ്ചുവർഷം പിന്നിട്ടെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല, വിചാരണ എന്ന് തുടങ്ങുമെന്നും ഒരാൾക്കും നിശ്ചയമില്ല. ഭരണഘടനയുടെ 19,21 വകുപ്പുകൾ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട് ഉമറും സഖാക്കളും തടവറയിൽ ജീവിതം തള്ളിനീക്കുന്നു.
കോടതി പരിശോധന തുടങ്ങിയാൽ കെട്ടിച്ചമച്ച കുറ്റങ്ങളും തെളിവുകളും ഒന്നൊന്നായി തകർന്നടിയുമെന്ന് ഭരണകൂടത്തിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഈ പ്രക്രിയ തന്നെ വിദ്യാർഥി നേതാക്കളെ ശിക്ഷിക്കാനായി ഉപയോഗിക്കുകയാണ്. അപകടസാധ്യതകളെക്കുറിച്ച് ജഡ്ജിമാർക്കും നല്ല ബോധ്യമുണ്ട്. അക്രമത്തിന് ആഹ്വാനംചെയ്ത നേതാക്കൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യാൻ പൊലീസിന് നിർദേശം നൽകാൻ ധൈര്യപ്പെട്ട ഇതേ കോടതിയിലെ ജസ്റ്റിസ് മുരളീധറിന് എന്ത് സംഭവിച്ചുവെന്ന് ഒരാളും മറന്നിട്ടില്ല. ഒറ്റരാത്രികൊണ്ടാണ് അദ്ദേഹത്തെ ചണ്ഡിഗഢിലേക്ക് സ്ഥലംമാറ്റിയത്.
ഈ അനിശ്ചിതത്വത്തിന്റെ കാലത്ത് ഉമർ ഖാലിദിനെപ്പോലുള്ളവർ പുസ്തകങ്ങളിലാണ് അഭയം തേടുന്നത്. സൈബീരിയൻ ജയിലിലെ തടവുകാരുടെ ജീവിതം ചിത്രീകരിക്കുന്ന ദസ്തയേവ്സ്കിയുടെ ‘ദി ഹൗസ് ഓഫ് ദി ഡെഡ്’ എന്ന നോവൽ അദ്ദേഹം വായിച്ചിരുന്നു. പുസ്തകത്തിലെ ഒരു കഥാപാത്രം പറയുന്ന വാക്കുകൾ ഉമർ ഖാലിദിനെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ടാവും, ‘‘നമ്മൾ ജീവിച്ചിരിക്കുന്നു, പക്ഷേ യഥാർഥത്തിൽ ജീവിക്കുന്നില്ല. നാം കല്ലറകൾക്കുള്ളിലല്ല, പക്ഷേ ഇതിനകം നമ്മൾ മരിച്ചുപോയതായി തോന്നുന്നു.’’
അനിശ്ചിതത്വത്തിന്റെ നാളുകൾ അനന്തമായി നീളുകയും പ്രതീക്ഷ മങ്ങുകയും ചെയ്യുന്ന ജയിൽ ജീവിതത്തെക്കുറിച്ചുള്ള വേട്ടയാടുന്ന വിവരണമാണിത്. ജസ്റ്റിസ് കൃഷ്ണയ്യരെക്കുറിച്ച് പറഞ്ഞുകൊണ്ട് തുടങ്ങിയ ഈ കുറിപ്പ് അദ്ദേഹത്തിന്റെ വാക്കുകൾകൊണ്ടുതന്നെ അവസാനിപ്പിക്കുന്നതാവും ഉചിതമെന്ന് തോന്നുന്നു. ഒരിക്കൽ കൃഷ്ണയ്യർ പറഞ്ഞു: ‘‘കോടതികൾ നീതി നടപ്പാക്കുന്നു എന്നാണ് ഐതിഹ്യം. സത്യത്തിൽ അവ പലപ്പോഴും അനീതിയുടെ ഏജന്റുമാരാണ്.’’
അദ്ദേഹത്തിന്റെ വാക്കുകൾ ഇന്ന് വേദനാജനകമായ സത്യമായി പുലരുന്നു. ജാമ്യം അസാധ്യമാകുമ്പോൾ, വിചാരണ ഒരിക്കലും ആരംഭിക്കാതിരിക്കുമ്പോൾ, നിരപരാധികളായ പൗരർ വർഷങ്ങളോളം ജീവിതം ജയിലുകൾക്കുള്ളിൽ ഹോമിക്കുമ്പോൾ, സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരാകേണ്ട കോടതികൾ അടിച്ചമർത്തലിന്റെ ഉപകരണങ്ങളായി മാറുന്നു.
ശക്തർക്കും സമ്പന്നർക്കും സംരക്ഷണമേകാനുള്ളതല്ല, മറിച്ച് ദുർബലർക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഉപകരണമാണ് നിയമം എന്ന് ജസ്റ്റിസ് കൃഷ്ണയ്യർ വിശ്വസിച്ചു. ഇപ്പോഴും നമുക്കൊപ്പം ഉണ്ടായിരുന്നുവെങ്കിൽ ഉമർ ഖാലിദിനെപ്പോലുള്ളവർ നേരിടുന്ന ദുരവസ്ഥയെ കേവലമൊരു നിയമപ്രശ്നമായി മാത്രമല്ല, മറിച്ച് ഒരു മനുഷ്യ ദുരന്തമായി കണ്ട് സമീപിച്ചേനെ അദ്ദേഹം. നീതിയെന്നത് അദ്ദേഹത്തിന് ഒരിക്കലും അമൂർത്തമായ തത്ത്വങ്ങളായിരുന്നില്ല-മോത്തി റാമിനെയും, കാരിരുമ്പഴികൾക്ക് പിന്നിൽ വർഷങ്ങൾ തള്ളിനീക്കിയ വിദ്യാർഥി നേതാവിനെയും പോലുള്ള യഥാർഥ ജീവിതങ്ങളിൽ ഊന്നിയതായിരുന്നു.
ഇനി സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിൽക്കുന്നുവെന്ന് വിശ്വസിക്കുന്ന ബഹുമാന്യ വായനക്കാർ തീരുമാനിക്കുക: സ്വാതന്ത്ര്യത്തിന് വിലകൽപിക്കുന്ന, ജാമ്യം നിയമമായി കാണുന്ന ജസ്റ്റിസ് കൃഷ്ണയ്യരെപ്പോലുള്ള നീതിമതികൾ വിഭാവനംചെയ്ത ഇന്ത്യയാണോ തടവറ നിയമവും സ്വാതന്ത്ര്യം അപവാദവുമായ ഇന്ത്യയാണോ-ഏതാണ് നമുക്ക് വേണ്ടത്?