തെളിയുന്നു തമിഴകത്തെ മുന്നണി രാഷ്ട്രീയ ചിത്രം
text_fields
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും സംസ്ഥാനത്തെ മുന്നണികളെല്ലാം തന്ത്രങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു. ഭരണത്തുടർച്ച ലക്ഷ്യമിട്ട്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെ മുന്നണി മുന്നേറുമ്പോൾ ഏത് വിധേനയും സംസ്ഥാന ഭരണത്തിൽനിന്ന് ഡി.എം.കെയെ തൂത്തെറിഞ്ഞ് സ്റ്റാലിൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് തടയിടാനാണ് അണ്ണാ ഡി.എം.കെയുമായി ചേർന്ന് ബി.ജെ.പി അഖിലേന്ത്യ നേതൃത്വം കരുക്കൾ നീക്കുന്നത്. അമിത് ഷാക്ക്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും സംസ്ഥാനത്തെ മുന്നണികളെല്ലാം തന്ത്രങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു. ഭരണത്തുടർച്ച ലക്ഷ്യമിട്ട്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെ മുന്നണി മുന്നേറുമ്പോൾ ഏത് വിധേനയും സംസ്ഥാന ഭരണത്തിൽനിന്ന് ഡി.എം.കെയെ തൂത്തെറിഞ്ഞ് സ്റ്റാലിൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് തടയിടാനാണ് അണ്ണാ ഡി.എം.കെയുമായി ചേർന്ന് ബി.ജെ.പി അഖിലേന്ത്യ നേതൃത്വം കരുക്കൾ നീക്കുന്നത്.
അമിത് ഷാക്ക് നേടിയേ തീരൂ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ തമിഴകത്തിൽ സന്ദർശനം നടത്തുന്നുണ്ട്. സംഘടനാതല പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിനും അമിത്ഷാ നേരിട്ടാണ് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വേറിട്ട് മത്സരിച്ച ബി.ജെ.പിക്ക് 18 ശതമാനം വോട്ടും അണ്ണാ ഡി.എം.കെക്ക് 21 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഇരുപാർട്ടികളും സഖ്യത്തിലായതോടെ സംസ്ഥാന ഭരണം പിടിക്കാനാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

അതേസമയം, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിൽ അണ്ണാ ഡി.എം.കെ പ്രവർത്തകരിൽ ഒരു വിഭാഗം അസംതൃപ്തരാണ്. അണ്ണാ ഡി.എം.കെയുടെ മുൻ രാജ്യസഭാംഗവും സംഘടനാ സെക്രട്ടറിയുമായ വി. മൈത്രേയൻ, മുൻ അണ്ണാ ഡി.എം.കെ മന്ത്രി അൻവർരാജ തുടങ്ങിയവർ പാർട്ടിവിട്ട് ഡി.എം.കെയിൽ ചേർന്നതും ഈ സാഹചര്യത്തിലാണ്.
അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. തോറ്റാൽ പാർട്ടിയിൽ അന്തഃഛിദ്രം ഉറപ്പാണ്. ഇപ്പോൾ തന്നെ ഒ.പന്നീർശെൽവം, ടി.ടി.വി. ദിനകരൻ, വി.കെ. ശശികല വിഭാഗങ്ങൾ പാർട്ടിക്ക് പുറത്താണ് പ്രവർത്തിക്കുന്നത്. ഇത് മുന്നിൽക്കണ്ടാണ് പ്രതിപക്ഷ നേതാവ് കൂടിയായ എടപ്പാടി പളനിസാമി തെരഞ്ഞെടുപ്പിന് എട്ടുമാസം ബാക്കിയിരിക്കെ പ്രത്യേക ബസിൽ സംസ്ഥാന പര്യടനത്തിന് ഇറങ്ങിയിരിക്കുന്നത്.
കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ്, വിടുതലൈ ശിറുതൈകൾ കക്ഷി, എം.ഡി.എം.കെ, മനിതനേയ മക്കൾ കക്ഷി, കൊങ്കുനാട് മക്കൾ ദേശീയകക്ഷി, തമിഴക വാഴ്വുരിമൈ കക്ഷി, കമൽഹാസന്റെ മക്കൾ നീതിമയ്യം തുടങ്ങിയവ ഉൾപ്പെടെ 15ഓളം ചെറുതും വലുതുമായ കക്ഷികൾ ഉൾപ്പെടുന്ന ഡി.എം.കെ മുന്നണിയും ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യവും ടി.വി.കെയും സീമാന്റെ നാം തമിഴർ കക്ഷിയും തമ്മിലായിരിക്കും മുഖ്യ മത്സരം.
സ്റ്റാലിന്റെ പ്ലസും മൈനസും
കേന്ദ്ര സർക്കാറിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിൽനിന്ന് വിഭിന്നമായി തമിഴ്നാടിനുവേണ്ടി പുതുതായി രൂപകൽപന ചെയ്ത സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ നയം, ഹിന്ദി അടിച്ചേൽപിക്കലിനെതിരായ നിലപാട്, കേന്ദ്ര സർക്കാറിന്റെ അരുതായ്മകൾക്കെതിരെയും തമിഴ്നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായും നടത്തുന്ന പോരാട്ടങ്ങൾ എന്നിവയെല്ലാം ഒരു ദേശീയ നേതാവ് എന്ന ഇമേജ് സ്റ്റാലിന് സമ്മാനിച്ചിട്ടുണ്ട്.
വീട്ടമ്മമാർക്കായുള്ള സംസ്ഥാന സർക്കാറിന്റെ ആയിരം രൂപയുടെ പ്രതിമാസ സാമ്പത്തിക സഹായ പദ്ധതി ഡി.എം.കെക്ക് ഏറെ ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് അടുത്തതോടെ, പദ്ധതിയിൽ ചേരാൻ വിട്ടുപോയ മുഴുവൻ സ്ത്രീകളെയും ഉൾപ്പെടുത്തുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, സർക്കാർ എയ്ഡഡ് സ്കൂളുകൾക്കുള്ള പ്രഭാതഭക്ഷണ പദ്ധതികൾ വരെയുള്ള ഒട്ടേറെ സ്കീമുകൾ ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. തമിഴ്നാട്ടിൽ വയോധികർക്കും വികലാംഗർക്കും റേഷൻ ഉൽപന്നങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന ‘തായുമനവർ’ പദ്ധതി ഈയിടെയാണ് തുടങ്ങിയത്.
നാലര വർഷത്തിനിടക്ക് ദ്രാവിഡ ഭരണ മാതൃകയിൽ നിരവധി സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഡി.എം.കെ സർക്കാറിന് നിരവധി പോരായ്മകളുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
കസ്റ്റഡി മരണം ഉൾപ്പെടെയുള്ള ക്രമസമാധാന പ്രശ്നങ്ങൾ, ദുരഭിമാനക്കൊലകൾ, ജാതി കുറ്റകൃത്യങ്ങൾ എന്നിവയാണ് മുഖ്യമായും ഉയർത്തിക്കാണിക്കപ്പെടുന്ന കോട്ടങ്ങൾ. നീറ്റ് പരീക്ഷ റദ്ദാക്കൽ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നിറവേറ്റാനും സ്റ്റാലിന് സാധിച്ചില്ല.
ഹിറ്റാകുമോ വിജയ്?
രണ്ടുവർഷം മുമ്പ് മാത്രം നടൻ വിജയ് രൂപവത്കരിച്ച ‘തമിഴക വെട്രി കഴകം’(ടി.വി.കെ)യുടെ സാന്നിധ്യം ഏത് വിധത്തിലാവും ബാധിക്കുകയെന്നതിൽ മുഴുവൻ രാഷ്ട്രീയ കക്ഷികൾക്കും ആശങ്കയുണ്ട്. വിജയ് യെ കാണാൻ ആരാധകരുടെയും യുവജനങ്ങളുടെയും പ്രവാഹമാണ്, അതു മുഴുവൻ വോട്ടായി മാറില്ലെങ്കിലും ടി.വി.കെ 15 ശതമാനം വോട്ടെങ്കിലും നേടുമെന്നാണ് കണക്കുകൂട്ടൽ. അവരെ കൂടി ഒപ്പം ചേർത്താൽ സ്റ്റാലിനെ ഭരണത്തിൽനിന്ന് അകറ്റാമെന്ന മോഹത്തിൽ ടി.വി.കെയെ എൻ.ഡി.എയിലെത്തിക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പിയുടെ ദൂതന്മാർ ബന്ധപ്പെട്ടിരുന്നുവെങ്കിലും വിജയ് വഴങ്ങിയിട്ടില്ല. തങ്ങളുടെ പ്രത്യയശാസ്ത്ര ശത്രു ബി.ജെ.പിയും മുഖ്യ രാഷ്ട്രീയ എതിരാളി ഡി.എം.കെയുമാണെന്നും ടി.വി.കെയും ഡി.എം.കെയും തമ്മിലായിരിക്കും മുഖ്യ മത്സരമെന്നുമാണ് അദ്ദേഹം പറയുന്നത്. ഡി.എം.കെ സഖ്യത്തിന് ലഭിക്കുമായിരുന്ന ന്യൂനപക്ഷ വോട്ടുകളിൽ നിശ്ചിത ശതമാനം ടി.വി.കെ പിടിക്കുമെന്ന് എൻ.ഡി.എ നേതൃത്വം കരുതുമ്പോൾ അണ്ണാ ഡി.എം.കെയിൽനിന്ന് വോട്ടുചോർച്ച ഉണ്ടാവുമെന്നാണ് ടി.വി.കെയുടെ പ്രതീക്ഷ.
അകമേയുണ്ട് മുറുമുറുപ്പുകൾ
കുടുംബാംഗങ്ങൾക്ക് വേണ്ടതെല്ലാം നൽകി ചേർത്തുപിടിക്കുന്ന തറവാട്ടിലെ വല്യേട്ടൻ എന്ന പ്രതിച്ഛായ സ്റ്റാലിൻ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഡി.എം.കെ മുന്നണിയിലെ ഘടകകക്ഷികൾക്ക് മുറുമുറുപ്പുകളുണ്ട്.
കേരളത്തിൽ അധികാരത്തിലേറുന്ന മുന്നണി, ഘടകകക്ഷികൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുന്നതുപോലെ തമിഴ്നാട്ടിലും വേണമെന്ന ആവശ്യം കോൺഗ്രസ് സംസ്ഥാന നേതാവ് തിരുച്ചി വേലുച്ചാമി പരസ്യമായിത്തന്നെ ഉന്നയിച്ചു. മറ്റൊരു ഘടകകക്ഷിയായ ദലിത് നേതാവ് തിരുമാവളവൻ നയിക്കുന്ന വിടുതലൈ ശിറുതൈകൾ കക്ഷി(വി.സി.കെ)യും വളരെക്കാലമായി ഇതേ ആവശ്യമുന്നയിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ഡി.എം.കെയുടെയും അണ്ണാ ഡി.എം.കെയുടെയും നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളെ ഉൾപ്പെടുത്തി മുന്നണികളായി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെങ്കിലും അധികാരം പങ്കിടുന്ന പതിവില്ല.
തമിഴ്നാട്ടിൽ എൻ.ഡി.എ സർക്കാർ അധികാരത്തിലേറുമെന്നും ബി.ജെ.പി സംസ്ഥാന മന്ത്രിസഭയിൽ പങ്കാളിത്തം വഹിക്കുമെന്നുമാണ് അമിത്ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ പറയുന്നത്. അതേസമയം സഖ്യകക്ഷിയുടെ നേതാവായ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി തന്റെ പാർട്ടി തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടുമെന്നും തനിച്ച് സർക്കാർ രൂപവത്കരിക്കുമെന്നുമാണ് അറിയിച്ചത്. നിലവിൽ ഇതേച്ചൊല്ലി ബി.ജെ.പി-അണ്ണാ ഡി.എം.കെ കക്ഷികൾ തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ട്.
അണ്ണാ ഡി.എം.കെ തനിച്ച് സർക്കാർ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുകക്ഷികളും തമ്മിലുള്ള സീറ്റ് വിഭജനം കീറാമുട്ടിയാവുമെന്ന് ഉറപ്പാണ്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം. അണ്ണാ ഡി.എം.കെ 150 സീറ്റുകളിലെങ്കിലും മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വീട് ബിഹാറിൽ, വോട്ട് തമിഴ്നാട്ടിൽ
കൊല്ലത്തും തിരുവനന്തപുരത്തും ജനിച്ചുവളർന്ന് താമസിക്കുന്ന ആളുകളുടെ വോട്ട് കൂട്ടമായി തൃശൂർ മണ്ഡലത്തിൽ ചേർത്ത് ഫലം മാറ്റിമറിച്ചതുപോലുള്ള തന്ത്രം തമിഴ്നാട്ടിലും പ്രയോഗിക്കപ്പെടുമെന്ന ആശങ്ക പ്രതിപക്ഷ കക്ഷികൾക്കിടയിലുണ്ട്. വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 80 ലക്ഷത്തോളംപേർ തമിഴ്നാട്ടിൽ ജോലികൾക്കും കച്ചവടത്തിനുമായി വന്നുപോവുകയും താൽക്കാലികമായി താമസിക്കുകയും ചെയ്യുന്നുണ്ട്. ഇവരെയെല്ലാം വോട്ടർമാരായി ഉൾപ്പെടുത്താനാണ് നീക്കം. ബിഹാറിൽ നിന്നുള്ള ആറര ലക്ഷം അതിഥി തൊഴിലാളികളാണ് ഇതിനകം തമിഴ്നാട് വോട്ടർ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത് ഞെട്ടിപ്പിക്കുന്ന വിഷയമാണെന്നും തമിഴകത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിക്കുമെന്നും ഡി.എം.കെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ എസ്. ദുരൈമുരുകൻ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ വിശദ ചർച്ച നടത്താൻ സംസ്ഥാനതല സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.