മൂന്നാം ഇടത് സർക്കാറിനുള്ള മുന്നൊരുക്കം
text_fieldsജോസ് കെ മാണി
യു.ഡി.എഫ് തകർന്നുകൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽപോലും പലയിടങ്ങളിലും ബി.ജെ.പിയുമായി അവർ ബന്ധമുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പിക്കാകട്ടെ, ക്രൈസ്തവ വിഭാഗത്തിനുള്ളിൽ സ്വാധീനം ചെലുത്താനൊന്നും സാധിച്ചിട്ടില്ല.
രാഷ്ട്രീയ വിവാദങ്ങൾക്കിടെ നടക്കുന്ന ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു?
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സമ്പൂർണജയം നേടും. അതിൽ നിർണായക പങ്ക് കേരള കോൺഗ്രസ്-എമ്മാകും വഹിക്കുക. ചരിത്രത്തിൽ ആദ്യമായാണ് 1200ലധികം സീറ്റിൽ പാർട്ടി മത്സരിക്കുന്നത്. ജയത്തിലും പാർട്ടി റെക്കോഡ് നേട്ടം കൈവരിക്കും. മൂന്നാംതവണയും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരണമെന്ന ജനവികാരം രൂപപ്പെടുന്ന തെരഞ്ഞെടുപ്പാണിത്. സർക്കാറിനും മുന്നണിക്കും എതിരായ ഒരു ജനവികാരവുമില്ല.
സർക്കാറിന്‍റെ ജനക്ഷേമപ്രവർത്തനങ്ങൾ ഗുണംചെയ്യും. ഒറ്റക്കെട്ടായാണ് മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യു.ഡി.എഫിന്‍റെ കാര്യം പരിശോധിച്ചാൽ പലയിടങ്ങളിലും വിമതശല്യം രൂക്ഷമാണ്. തീവ്ര വർഗീയ ശക്തികളുമായുള്ള കൂട്ടുകെട്ട് അവർക്ക് ദോഷംചെയ്യും. മതേതരത്വം ആഗ്രഹിക്കുന്ന യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും നിരാശരാണ്. അവരിൽ പലരും മുന്നണി വിടുകയാണ്.യു.ഡി.എഫ് തകർച്ചയിലേക്കാണ് നീങ്ങുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ എന്തൊക്കെ നേട്ടമാണ് പാർട്ടിക്ക് ഇക്കുറിയുള്ളത്?
കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ചിലരുടെ വ്യക്തിതാൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ യു.ഡി.എഫിൽനിന്ന് ഞങ്ങളെ നിർബന്ധിച്ച് പുറത്താക്കിയത്. എന്നിട്ടും കുറച്ചുനാൾ ഞങ്ങൾ കാത്തിരുന്നു. അതിനുശേഷമാണ് എൽ.ഡി.എഫിൽ എത്തിയത്. അതിനാൽ വലിയ കൂടിയാലോചനകൾ ഇല്ലാതെയാണ് മത്സരരംഗത്തേക്ക് ഇറങ്ങിയത്. എന്നാൽ, കേരള കോൺഗ്രസ്-എം എത്തിയതിന്‍റെ ഗുണം സി.പി.എമ്മിനും എൽ.ഡി.എഫിനുമുണ്ടായി. ജയിക്കാതിരുന്ന പലയിടങ്ങളിലും ഭരണം പിടിക്കാൻവരെ മുന്നണിക്ക് സാധിച്ചു. ഇക്കുറി വളരെ ചിട്ടയായ ആസൂത്രണത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
തെരഞ്ഞെടുപ്പ് കഴിയുമ്പോൾ രണ്ടില കരിയും എന്ന് പറയുന്നവർക്കുള്ള മറുപടി?
രണ്ടില ഒരു ചിഹ്നമല്ല, അത് കെ.എം. മാണിയുടെ പ്രതീകമാണ്. അതൊരു രാഷ്ട്രീയ അടയാളമാണ്. ഇപ്പോൾ അത്തരത്തിൽ പ്രചാരണം നടത്തുന്നവരുടെ ശ്വാസം മുമ്പ് നിലച്ചപ്പോൾ ജീവൻ കൊടുത്തത് ആ രണ്ടിലയാണ്. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ആരാണ് കരിയുന്നതെന്ന് വ്യക്തമാകും. പലയിടങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾക്ക് റിബലായി മത്സരിക്കുന്നത് കേരള കോൺഗ്രസുകാരാണ്. അതിൽ മാനസികമായി വിഷമമുള്ള കോൺഗ്രസുകാർ പാർട്ടി വിടുകയാണ്. കേരള കോൺഗ്രസ്-എമ്മിനെ വിശ്വാസത്തിലെടുത്ത് നിരവധിപേർ എത്തുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചാൽ മതി, ആരുടെ തകർച്ചയാകുമുണ്ടാവുകയെന്ന്.
ശബരിമല ഉൾപ്പെടെ വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ?
പലതരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ, അത്തരം ആരോപണങ്ങൾ ഉയരുമ്പോൾ സർക്കാർ എന്ത് നിലപാട് സ്വീകരിച്ചു എന്നതാണ് പ്രധാനം. ശബരിമല വിഷയം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ പരാതി തുടങ്ങിയ വിഷയങ്ങളിൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ സർക്കാറിന്‍റെ ശക്തമായ ഇടപെടലും അന്വേഷണവും നടക്കുകയാണ്. രാഹുലിനെതിരായ പരാതിയിലും അന്വേഷണം നടക്കുകയല്ലേ. പക്ഷേ, ഇത്തരം കേസുകളിൽ ഇരയെ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ല. അതാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടല്ലോ?
അത് അഭ്യൂഹങ്ങളല്ലേ... കേരള കോൺഗ്രസ്-എമ്മിനെ ഏതെങ്കിലും മുന്നണി ക്ഷണിക്കുന്നെങ്കിൽ അതിൽ സന്തോഷമുണ്ട്. 40 വർഷം കൂടെനിന്ന ഞങ്ങളെ ചില വ്യക്തിതാൽപര്യത്തിന്‍റെ ഭാഗമായി പുറത്താക്കിയപ്പോൾ ഒപ്പംകൂട്ടിയവരാണ് എൽ.ഡി.എഫ്. ഇടതുമുന്നണിയിൽ അർഹിക്കുന്ന പരിഗണന പാർട്ടിക്ക് ലഭിക്കുന്നുമുണ്ട്.
പട്ടയം, വന്യജീവി ആക്രമണം, മണൽ ഖനനം, റേഷൻകാർഡ്, റബർവില തുടങ്ങിയ വിഷയങ്ങളിലെല്ലാം പാർട്ടിയുടെ ചില നിലപാടുകൾ വിജയം കണ്ടു എന്നതുതന്നെ മുന്നണിയിൽ ലഭിക്കുന്ന സ്വീകാര്യത വ്യക്തമാകുന്നതാണ്. മുന്നണിക്കുള്ളിലുള്ള സ്ഥലത്തുനിന്ന് ശക്തിയാർജിക്കുകയാണ് പാർട്ടി. മറ്റ് പാർട്ടികളിൽനിന്നും എത്രയോ പേർ മറുകണ്ടം ചാടുമ്പോൾ കേരള കോൺഗ്രസ്-എമ്മിൽനിന്ന് ഉത്തരവാദിത്തപ്പെട്ടവർ പോകുന്നില്ലെന്ന പ്രത്യേകതയാണുള്ളത്.
യു.ഡി.എഫ് തകർന്നുകൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽപോലും പലയിടങ്ങളിലും ബി.ജെ.പിയുമായി അവർ ബന്ധമുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പിക്കാകട്ടെ ക്രൈസ്തവ വിഭാഗത്തിനുള്ളിൽ സ്വാധീനം ചെലുത്താനൊന്നും സാധിച്ചിട്ടില്ല. ഇനി രാഷ്ട്രീയത്തിലൊന്നും ചെയ്യാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ചിലർ മാത്രമാണ് ബി.ജെ.പിയിലേക്ക് പോയത്. അതിൽ വലിയ കാര്യമില്ല.



