കുറുവടിസംഘത്തെ കറക്കിയ ചോദ്യങ്ങൾ
text_fieldsകർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ
രൂപവത്കരണത്തിന്റെ ശതവാർഷികാഘോഷം രാജ്യമൊട്ടാകെ കെങ്കേമമായി ആഘോഷിക്കാനൊരുങ്ങുന്ന രാഷ്ട്രീയ സ്വയം സേവക സംഘ (ആർ.എസ്.എസ്)ത്തിന് പക്ഷേ, കർണാടകയിൽ കാര്യങ്ങൾ അത്ര എളുപ്പമാവുന്നില്ല.
നാട്ടിലെ നിയമങ്ങളെ വെല്ലുവിളിച്ചുള്ള ആർ.എസ്.എസിന്റെ കുറുവടി കറക്കത്തിന് തടയിടാനുള്ള തീരുമാനത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും ഉൾപ്പടെയുള്ള നേതാക്കളുടെ പിന്തുണയുണ്ടെങ്കിലും അതിന് ചുക്കാൻ പിടിക്കുന്നത് സംസ്ഥാന ഐ.ടി മന്ത്രിയും കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെയാണ്.
കുഞ്ഞുമനസ്സുകളിൽ വരെ വിഷം കുത്തിവെക്കുന്ന, ജനാധിപത്യസമൂഹത്തിനു വിരുദ്ധമായ ആർ.എസ്.എസിനെ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിരോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്തുതന്നെ പ്രഖ്യാപിച്ച അംബേദ്കറൈറ്റ് കൂടിയായ പ്രിയങ്ക് ഇക്കുറി ചോദ്യംചെയ്യുന്നത് സംഘടനയുടെ അസ്തിത്വത്തെയാണ്. പൊതുയിടങ്ങളിലെ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന പ്രിയങ്ക് ഖാർഗെയുടെ ആവശ്യം സംഘ്പാളയങ്ങളെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചിട്ടുള്ളത്.
ഫാഷിസ വിരുദ്ധത പറയുമ്പോഴും പല നേതാക്കളും ചോദിക്കാൻ താൽപര്യപ്പെടാത്ത ചില ചോദ്യങ്ങൾ ആർ.എസ്.എസിനോട് ഉറക്കെ ചോദിച്ചു അദ്ദേഹം: ശരിക്കും നിങ്ങളാരാണ്? രജിസ്റ്റേഡ് സംഘടനയാണോ? എങ്കിൽ പകർപ്പ് കാണിക്കൂ, നിങ്ങൾക്ക് ഫണ്ട് വരുന്നതെങ്ങനെ? സാംസ്കാരിക സംഘടനയാണെങ്കിൽ റോഡിൽ കുറുവടിയുമായി മാർച്ച് നടത്തുന്നതിനുപിന്നിലെ യുക്തിയെന്താണ്? ഈ ചോദ്യങ്ങൾക്കൊന്നിനും ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾക്ക് വ്യക്തമായ മറുപടിയില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആർ.എസ്.എസിനെ നിരോധിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ഒക്ടോബർ നാലിന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പ്രിയങ്ക് ആദ്യ കത്തെഴുതിയത്. കത്തിനു പിന്നാലെ ആർ.എസ്.എസ് നിയന്ത്രണത്തിന് തമിഴ്നാട് എന്താണ് ചെയ്യുന്നതെന്നു പഠിക്കാൻ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഒരു സംഘടനയെന്ന നിലയിൽ സംസ്ഥാനത്തിന് പൂർണനിരോധനം സാധ്യമല്ലെന്നിരിക്കെ, നിയന്ത്രണമാണ് തമിഴ്നാട് നടപ്പിൽ വരുത്തിയത്. സംഘടനകൾക്കോ കൂട്ടായ്മകൾക്കോ പൊതുപരിപാടി നടത്താൻ മുൻകൂർ അനുമതി വേണം തമിഴ്നാട്ടിൽ. ഈ നിയന്ത്രണം വഴി ആർ.എസ്.എസ് പരിപാടികൾക്ക് അനുമതി നിഷേധിക്കുകയായിരുന്നു ചെയ്തുവന്നിരുന്നത്. ഉത്തരവിൽ ഒരു സംഘടനയുടെയും പേരെടുത്തുപറയാതെ ഈ വഴിയാണ് കർണാടകയും സ്വീകരിച്ചത്. യഥാർഥത്തിൽ ഇതൊരു പുതിയ നിയമമായിരുന്നില്ല. ആർ.എസ്.എസുകാരനായ 2013ൽ ജഗദീഷ് ഷെട്ടാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013ൽ ബി.ജെ.പി സർക്കാർ പുറത്തിറക്കിയ സർക്കുലർ പൊടി തട്ടിയെടുത്താണ് പുതിയ ഉത്തരവിറക്കിയത്. എതിർത്തവർക്ക് മുന്നിലേക്ക് ബി.ജെ.പിയുടെ പഴയ സർക്കുലറും നീക്കിവെച്ചുനൽകി.
ആദ്യ കത്തിന്റെ ആഘാതമടങ്ങും മുമ്പേ പ്രിയങ്കിന്റെ രണ്ടാമത്തെ കത്ത് പുറത്തുവന്നു. സർക്കാർ ജീവനക്കാർ ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുക്കുന്നത് വിലക്കണമെന്നായിരുന്നു ആവശ്യം. അതും നടപ്പായി. ആർ.എസ്.എസ് ഗണവേഷം ധരിച്ച് റൂട്ട് മാർച്ചിൽ പങ്കെടുത്ത പഞ്ചായത്ത് വികസന ഓഫിസറെ സസ്പെൻഡ് ചെയ്യുകയും സർക്കാർ സ്കൂളിലെ പാചകക്കാരനെ പിരിച്ചുവിടുകയും ചെയ്തു. രോഷാകുലരായ ആർ.എസ്.എസ് പ്രവർത്തകർ വധഭീഷണിയും അവഹേളനവുമായി രംഗത്തുണ്ടെങ്കിലും ഇതുകൊണ്ടൊന്നും തീർന്നിട്ടില്ലെന്നും താൻ തുടങ്ങിയിട്ടേയുള്ളൂ എന്നുമാണ് പ്രിയങ്കിന്റെ മറുപടി. പുതിയ നിയമം ആർ.എസ്.എസിനുമേൽ ആദ്യം പ്രയോഗിച്ചത് പ്രിയങ്കിന്റെ മണ്ഡലമായ ചിറ്റാപൂരിൽ തന്നെയായതും യാദൃച്ഛികം. പൊതുപരിപാടികൾക്ക് മൂന്നുദിവസം മുമ്പ് മുൻകൂർ അനുമതി വാങ്ങണമെന്ന് ഉത്തരവിറങ്ങിയതിന്റെ പിറ്റേന്നായിരുന്നു ചിറ്റാപൂർ നഗരത്തിൽ ആർ.എസ്.എസ് ശതാബ്ദി-വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി റൂട്ട് മാർച്ച് തീരുമാനിച്ചിരുന്നത്. ക്രമസമാധാനപ്രശ്നവും പുതിയ ഉത്തരവും ചൂണ്ടിക്കാട്ടി ചിറ്റാപൂർ തഹസിൽദാർ മാർച്ചിന് അനുമതി നിഷേധിച്ചു. തുടർന്ന്, കോടതിയിൽ പോയെങ്കിലും മറ്റൊരു ദിവസം തീരുമാനിച്ച് പുതിയ അപേക്ഷ നൽകാനായിരുന്നു നിർദേശം. കോടതി ഇടപെടൽ വിജയമായി ബി.ജെ.പി നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ആർ.എസ്.എസ് ഹരജി പരിഗണിച്ച കോടതി ഒരു കാര്യം കൂടി വ്യക്തമാക്കിയിരുന്നു: കൂട്ടംകൂടാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെങ്കിലും അതെല്ലാം സംസ്ഥാനത്തിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി ആകണമെന്നും ക്രമസമാധാനം സംസ്ഥാന ഭരണനേതൃത്വത്തിന്റെ ചുമതലയാണെന്നും. റൂട്ട് മാർച്ചിൽ അന്തിമ ഉത്തരവ് വരാനിരിക്കെ, അസ്പൃശ്യമെന്നുപറഞ്ഞ് മാറ്റിനിർത്തപ്പെട്ട ഭരണഘടനയും കോടതിയും നിയമവും തന്നെയാണ് ആർ.എസ്.എസിനും അവസാന ആശ്രയമെന്ന വൈരുധ്യം കാണാതിരിക്കാനാവില്ല.
ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് കർണാടക നിയമസഭ തെരഞ്ഞെടുപ്പ് കാലത്തു നടത്തിയ പ്രഖ്യാപനം സമാധാന കാംക്ഷികളും മതനിരപേക്ഷതാ വാദികളുമായ വോട്ടർമാർക്കും ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിലും വലിയ സ്വീകാര്യത നേടിക്കൊടുത്തിരുന്നു. വാഗ്ദാനം പാലിക്കാനായിട്ടില്ലെങ്കിലും ബി.ജെ.പി ഭരണകാലത്ത് വിദ്വേഷ പ്രസംഗകരും ബജ് രംഗ്ദൾ ഉൾപ്പെടെയുള്ള സംഘ്പരിവാർ സംഘടനകളും സംസ്ഥാനത്ത് നടത്തിയ അഴിഞ്ഞാട്ടങ്ങളെ ചെറിയ അളവിൽ തടയിടാൻ ശ്രമിക്കുന്നുണ്ട് സിദ്ധരാമയ്യ സർക്കാർ. എന്നിട്ടും വർഗീയ കൊലപാതകങ്ങളെയും വിദ്വേഷ അജണ്ടകളെയും വേണ്ടവിധം നിയന്ത്രിക്കാൻ അവർക്കായിട്ടില്ല.
നിയന്ത്രണങ്ങളെ മറികടക്കാനും നിയമങ്ങളെ അട്ടിമറിക്കാനുമുള്ള അടവുകൾ ആർ.എസ്.എസിനോളം വശമുള്ള മറ്റൊരു സംഘടന രാജ്യത്തില്ല എന്നുതന്നെ പറയാം. അടിയന്തരാവസ്ഥക്കാലത്തു പോലും പദ്ധതികളും പ്രചാരണങ്ങളും മുടക്കമില്ലാതെ നടത്തിയിട്ടുണ്ട് അവർ. അതുകൊണ്ടുതന്നെ കർണാടകയിലെ നിയന്ത്രണങ്ങൾ എത്രത്തോളം, എത്ര കാലം മുന്നോട്ടുപോകുമെന്ന് പറയാനാവില്ല. എന്നിരിക്കിലും ഗാന്ധി വധത്തെത്തുടർന്നുള്ള നിരോധത്തിനു ശേഷം ആർ.എസ്.എസ് ഇത്രത്തോളം വിരണ്ടുപോയ സാഹചര്യം മുമ്പുണ്ടായിട്ടില്ല; അതും രാജ്യം ഞങ്ങളുടെ കാൽചുവട്ടിലാണെന്ന് സംഘമിത്രങ്ങൾ വീമ്പുപറഞ്ഞുനടക്കുന്ന കാലത്ത്!.


