Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇല്ലാത്തവർക്കുവേണ്ടി...

ഇല്ലാത്തവർക്കുവേണ്ടി ഉരുകിത്തീർത്തൊരു ജീവിതം

text_fields
bookmark_border
ഇല്ലാത്തവർക്കുവേണ്ടി ഉരുകിത്തീർത്തൊരു ജീവിതം
cancel
camera_alt

2017ൽ മാധ്യമം സംഘടിപ്പിച്ച ലിറ്റററി ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിൽ ഹുംറ ഖുറൈശി

ക​ഴി​ഞ്ഞ ദി​വ​സം വി​ട​പ​റ​ഞ്ഞ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഹും​റ ഖു​റൈ​ശി​യെ, അ​വ​ർ കോ​ള​മി​സ്​​റ്റാ​യി​രു​ന്ന മാ​ധ്യ​മ​ത്തി​​ന്റെ​യും ക​ശ്മീ​ർ ടൈം​സി​​ന്റെ​യും എ​ഡി​റ്റ​ർ​മാ​ർ അ​നു​സ്​​മ​രി​ക്കു​ന്നു

എന്നു കാണുമ്പോഴും ഇല്ലാത്തവരുടെ ആധിയിൽനിന്നാകും ആ സംസാരം തുടങ്ങുന്നതും തീരുന്നതും. പതിതരോടുള്ള അനുതാപം അപ്പടി ആ മുഖത്ത് ചുവന്നു തുടുക്കും. ഇടക്കൊരാശ്വാസത്തിനെന്നവണ്ണം കേരളത്തിൽനിന്ന് സമാധാനത്തിന്‍റെ വല്ല വർത്തമാനവുമുണ്ടോ എന്നാരായും. നീണ്ടുപോകുന്ന ആ സങ്കടപ്പെയ്ത്ത് അവസാനിക്കുക ഒരു ആത്മഗതത്തോടെയാണ്- വേദനിക്കുമ്പോൾ എങ്ങനെ എഴുതാതിരിക്കും, ദുരിതക്കടലിൽ കണ്ണീരുപോലും വറ്റിപ്പോയവർക്കുവേണ്ടി മിണ്ടാതിരുന്നാൽ നമ്മൾ എങ്ങനെ മനുഷ്യരാകും?

അങ്ങനെ മറ്റുള്ളവരുടെ പങ്കപ്പാടുകളിൽ ഉള്ളുരുകിയുരുകിത്തീർന്നു ഹുംറ ഖുറൈശി എന്ന മനുഷ്യപ്പറ്റിന്‍റെ എഴുത്തുകാരി. നാളുകൾക്കു മുമ്പ് പക്ഷാഘാതം വന്ന് ആശുപത്രിയിലാകും വരെ അവർ നിർത്താതെ എഴുതി. പുതുവർഷപ്പിറ്റേന്ന് എഴുതിയ അവസാന പംക്തി സാഹിർ ലുധിയാനവിയുടെ കവിതയിലാണ് അവസാനിപ്പിച്ചത്:

‘എന്‍റെ പാട്ടുകളിൽ രോഷം കണ്ടെങ്കിൽ കാരണമിതാണ്/വിശന്ന കർഷകരെ, പട്ടിണിപ്പാവങ്ങളെ, പീഡിതരെ, നിരാലംബരെ, നിസ്സഹായരെ കാണുമ്പോൾ/എന്‍റെ ഹൃദയത്തിന് സന്തോഷക്കൂട്ടങ്ങളിൽ കൂടാനാവില്ല/കൊതിച്ചാൽപോലും പ്രണയത്തിന്‍റെ സ്വപ്നഗാനങ്ങൾ എനിക്ക് എഴുതാനാവില്ല’. എന്തുകൊണ്ട് ഈ കഥകളും എഴുത്തുമൊക്കെ കദനത്തിൽ മുങ്ങുന്നു എന്നു സംശയിച്ചിട്ടുണ്ട്. അതിനുള്ള മറുപടി പണ്ടു ‘സ്റ്റേറ്റ്സ്മാൻ’ പത്രത്തിലെ എഴുത്തുകൾ കണ്ട ഒരു സുഹൃത്തും ചോദിച്ചിരുന്നു, ഹുംറയുടെ സ്റ്റോറികളിലെന്താ ഇറ്റ് തമാശയും ഇല്ലാത്തത് എന്ന്. ‘തമാശ പറയാൻ ഞാൻ ജോക്കർ അല്ല’ എന്നായിരുന്നു അതിനുള്ള മറുപടി.

അനുഭവത്തിൽനിന്ന് അനുതാപത്തിലേക്ക്

ഉത്തർപ്രദേശിലെ ബറേലിക്കടുത്ത ആവോൻലയിലെ പ്രബലകുടുംബത്തിലായിരുന്നു ജനനം. സർക്കാർ എൻജിനീയറായിരുന്നു പിതാവ് ഇഖ്തിദാർ അലി ഖാൻ. ഷാജഹാൻപൂരിലെ ഉമ്മ വീട്ടുകാരും സർക്കാർ ജോലിക്കാരുടെ ഉന്നത മധ്യവർഗം. മുസ്‍ലിം പിന്നാക്ക പ്രദേശങ്ങളിൽ പൊലീസ് നടത്തുന്ന അതിക്രമങ്ങളുടെ കഥ പറയുന്ന പിതാമഹനിൽനിന്ന് കൊച്ചുന്നാളിൽ ‘കലാപം’ എന്ന വാക്ക് കേട്ടത് അവർ ഒരിക്കൽ എഴുതിയിട്ടുണ്ട്. മത ജാതി വിവേചനങ്ങളുടെയും പീഡനങ്ങളുടെയും കലാപങ്ങളുടെയും യു.പി അന്തരീക്ഷത്തിൽനിന്നാണ് മുസ്‍ലിം, ദലിത്, പിന്നാക്കജീവിതം എത്ര ദുരിതമയമാണ് എന്നവർ മനസ്സിലാക്കിയത്.

വിഭജനത്തിൽ പാകിസ്താനിൽ പെട്ടുപോയ ബന്ധുക്കളെ കാണാൻ യാത്രതിരിച്ച പിതാമഹൻ ലാഹോറിൽ മരണപ്പെട്ടു. വാർത്തയറിഞ്ഞ് ഝാൻസിയിൽ എൻജിനീയറായിരുന്ന പിതാവ് പുറപ്പെടാൻ തീരുമാനിച്ചപ്പോൾ കുടുംബക്കാർ വിലക്കി. സർക്കാർ ഉദ്യോഗസ്ഥൻ പാകിസ്താനിൽ പോയി കേസിൽ പെട്ടുപോകേണ്ട എന്നായിരുന്നു മുന്നറിയിപ്പ്. അങ്ങനെ മുസ്‍ലിം അപരവത്കരണത്തിന്‍റെയും കീഴ്ജാതിക്കാരോടും ദരിദ്രരോടുമുള്ള ജാതിവെറിയുടെയും കഥകൾ കണ്ടുവളർന്നതുകൊണ്ടാവാം വറ്റാത്ത അനുതാപത്തിന്റെ മഷി ആ പേനയിൽ നിറഞ്ഞത്.

പച്ചമനുഷ്യരുടെ കഥകളിലേക്ക്

ഉത്തരേന്ത്യയിലെ മുസ്‍ലിം ജീവിതം എത്രമേൽ ഭീകരമാണെന്ന് അവർ വിശദീകരിക്കും. ഒന്നും വായിച്ചല്ല, മാധ്യമപ്രവർത്തക എന്ന നിലയിൽ ഓരോ ദേശത്തും കറങ്ങി അവിടത്തെ സാധാരണക്കാരുടെ ജീവിതം കണ്ട്, അവരുമായി സംസാരിച്ച അനുഭവങ്ങളാണ് എഴുത്തെന്ന് ഹുംറ പറയും. സ്ത്രീ, അമ്മ, മുസ്‍ലിം എന്നീ സാധാരണത്വങ്ങളിൽ കഴിയുന്ന എഴുത്തുകാരിയാവാനായിരുന്നു ഇഷ്ടം. മക്കളെ നല്ല വിദ്യാഭ്യാസം നൽകി, മാതൃസ്നേഹത്തിൽ ഊട്ടിവളർത്തുകയാണ് അമ്മയുടെ പ്രാഥമികദൗത്യം എന്നതിനാലാണ് വർക്കിങ് ജേണലിസ്റ്റ് ആയി മാറാതെ ഫ്രീലാൻസ് മാധ്യമപ്രവർത്തനത്തിലേക്ക് തിരിഞ്ഞത് എന്നവർ പറഞ്ഞിട്ടുണ്ട്.

എഴുത്തിൽ ഒരു നിലയിലെത്തിയാൽ വന്നവഴി മറക്കുന്ന, സ്വന്തം മതജാതി സ്വത്വം തള്ളിക്കളയുന്ന നാട്യക്കാരോടുള്ള പുച്ഛം പ്രകടിപ്പിച്ചിട്ടുണ്ട്. കർഷകരുടെ വേഷമിട്ട് സിനിമയിൽ ആട്ടവും പാട്ടുമായി നടക്കുന്ന ബോളിവുഡ് താരങ്ങൾ കർഷകസമരത്തിൽ അണിനിരന്ന പാവങ്ങൾക്കുവേണ്ടി ഒന്നും പറയാത്തതിലെ രോഷമായിരുന്നു അവസാനമെഴുതിയ കോളത്തിലെ ഒരു വിഷയം. നാട്യങ്ങളില്ലാത്ത പച്ച മനുഷ്യരെയായിരുന്നു അവർക്ക് ഇഷ്ടം. പിതാവ് കഴിഞ്ഞാൽ പിതൃതുല്യം കണ്ടിരുന്ന ഖുശ്വന്ത് സിങ്ങിനോടുള്ള അടുപ്പത്തിന് കാരണവും അതായിരുന്നു. ഖുശ്വന്തുമായി ചേർന്ന് ‘അബ്സൊല്യൂട്ട് ഖുശ്വന്ത്’, ‘ഓൺ റിലീജ്യൻ’, ‘ദ ഗുഡ് ആൻഡ് ബാഡ് ആൻഡ് ദ റിഡിക്യുലസ്’ തുടങ്ങിയ കൃതികളെഴുതി.

കശ്മീരായിരുന്നു ഹുംറ ഖുറൈശിയുടെ മറ്റൊരു ഇഷ്ടവിഷയം. നിരവധി തവണ അവിടെ സന്ദർശിക്കുകയും ജനങ്ങളും ജനനേതാക്കളുമായി ഇടപഴകുകയും മൂന്നു കൃതികളും നിരവധി ലേഖനങ്ങളും എഴുതുകയും ചെയ്ത ഹുംറ കശ്മീരികൾ വിശ്വാസത്തിലെടുക്കുന്ന അപൂർവം എഴുത്തുകാരിലൊരാളാണ്. കശ്മീരികളോടുള്ള അവരുടെ സഹാനുഭൂതിയുടെ സാക്ഷ്യമാണ് വിയോഗത്തിൽ അനുശോചിച്ച് അനുരാധ ഭാസിൻ, ഇഫ്തിഖാർ ഗീലാനി തുടങ്ങിയവർ എഴുതിയ കുറിപ്പുകൾ. ഏറ്റവുമൊടുവിൽ എഴുതി ഓക്സ്ഫഡ് പ്രസിദ്ധീകരിച്ച കൃതി ‘ദ ഡയറി ഓഫ് ഗുൽ മുഹമ്മദ്’ എന്ന കൃതിയും കശ്മീരിയുടെ കഥയാണ്. ആശ്രയം തേടി ശ്രീനഗറിൽനിന്ന് ഡൽഹി വഴി കേരളത്തിൽ കോഴിക്കോട്ടെത്തുന്ന 14 കാരനായ കശ്മീരി അനാഥബാലന്‍റെ ഡയറിക്കുറിപ്പുകളായി എഴുതിയ ആ കൃതി വർത്തമാന ഇന്ത്യൻ മുസ്‍ലിം അവസ്ഥയാണ് പറയുന്നത്.

‘മാധ്യമ’വുമായുള്ള ബന്ധം

പ്രശസ്ത മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ യോഗിന്ദർ സികന്ദ് ഒരിക്കൽ കേരളസന്ദർശനത്തിനിടെ ‘മാധ്യമ’ത്തിലുമെത്തിയിരുന്നു. തിരിച്ചുപോയ അദ്ദേഹം കേരളത്തിലെ വിജയകരമായ മാധ്യമപരീക്ഷണത്തെക്കുറിച്ച് ചില ആനുകാലികങ്ങളിലെഴുതി. അതുവായിച്ച് ‘മാധ്യമ’വുമായി ബന്ധപ്പെട്ട ഹുംറ എഴുതാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. നേരക്കുറികൾ എന്ന പംക്തി 2009ൽ ആരംഭിക്കുന്നത് അങ്ങനെയാണ്. ബിനായക് സെന്നിന്‍റെ തടവറ ജീവിതമായിരുന്നു ആദ്യലേഖനം.

സമകാലിക വിഷയങ്ങൾക്കൊപ്പം പുസ്തകക്കുറിപ്പുകളും ഡൽഹിയിലെയും മറ്റും സാംസ്കാരികലോകത്തെ മിടിപ്പുകളും അനുഭവവിവരണങ്ങളുമായി ഹൃദ്യമായ പംക്തി വായനക്കാരിൽ മികച്ച പ്രതികരണമുളവാക്കി. പറയാനുള്ളത് കൂടുതൽ പേരെ അറിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് അവർ ഇടക്കിടെ പറയുമായിരുന്നു. ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും പ്രതിഫലത്തുക കശ്മീരിലെയും മറ്റും അനാഥശാലകൾക്ക് അയച്ചുകൊടുക്കുകയായിരുന്നു അവർ.

2017ൽ മാധ്യമം ലിറ്റററി ഫെസ്റ്റിനുള്ള ക്ഷണം സ്വീകരിച്ചെത്തുമ്പോൾ അവർ ഉപാധിവെച്ചു: എനിക്ക് കോഴിക്കോട് ജെ.ഡി.ടി അനാഥശാലയിലെ മക്കളെ കാണണം. പണ്ട് അവിടെ സന്ദർശിച്ചത് അവർ അനുസ്മരിച്ചു. ഫെസ്റ്റ് കഴിഞ്ഞു കോഴിക്കോട് ജെ.ഡി.ടിയിലെത്തുമ്പോൾ മിഠായിപ്പൊതികളും കൂടെ കരുതിയിരുന്നു. അത് എല്ലാ കുട്ടികളുടെയും കൈയിൽ കൊടുത്ത് ക്ഷേമവിവരങ്ങൾ തിരക്കിയശേഷമാണ് അവർ മടങ്ങിയത്. ഇന്ത്യൻ മദ്റസകളിലെയും യതീംഖാനകളിലെയും അനാഥബാല്യങ്ങളുടെ ദുഃസ്ഥിതിയായിരുന്നു അവരുടെ അവസാനകൃതിയുടെ പ്രമേയം. കശ്മീരിൽ തുടങ്ങി കേരളത്തിൽ അവസാനിക്കുന്ന പതിനാലുകാരന്‍റെ യാത്രയിൽ അവർ ഇന്ത്യയിൽ അങ്ങുനിന്നിങ്ങോളമുള്ള മുസ്‍ലിം ജീവിതത്തിന്‍റെ പ്രതിസന്ധി പറഞ്ഞുവെച്ചു.

ആരോരുമില്ലാത്തവർക്കുവേണ്ടി എല്ലാവരോടും പറഞ്ഞും കലഹിച്ചും ഹുംറ ഖുറൈശി യാത്രയായി, സ്വന്തം പ്രയാസങ്ങളും പരിഭവങ്ങളും ആരെയും അറിയിക്കാതെ. അടുത്തവർക്കെല്ലാം ആതിഥ്യപ്രിയയായ അരുമസുഹൃത്തായിരുന്നു അവർ. മനുഷ്യത്വത്തെ അത്രമേൽ അകത്തും എഴുത്തിലും ഉൾക്കൊണ്ട മാധ്യമപ്രവർത്തകയായ എഴുത്തുകാരിയായി അവർ എന്നും വേറിട്ടുനിൽക്കും.

Show Full Article
TAGS:Humra Quraishi Nerakkurikal column 
News Summary - Remembering senior Journalist Humra Quraishi who recently passsed away
Next Story