ഗഗൻയാന് വിത്തുപാകി ശുഭാൻഷു ഭൂമിയിൽ തിരിച്ചിറങ്ങി
text_fields2025 ജൂലൈ 05: ബഹിരാകാശ നിലയത്തിൽ ശുഭാൻഷു ശുക്ലയുടെ 10ാം ദിവസമായിരുന്നു അന്ന്; ആകാശയാത്രയുടെ 11ാം നാളും. കേരള കാർഷിക സർവകലാശാലയിൽനിന്നടക്കം ശേഖരിച്ച ധാന്യവിത്തുകൾ ബഹിരാകാശ നിലയത്തിൽ പാകിയത് ആ ദിവസമാണ്. ഗുരുത്വാകർഷണരഹിത മേഖലയായ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ മുമ്പും ഇത്തരം വിത്ത് പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്; പക്ഷെ, ശുഭാൻഷുവിന്റെ സ്പ്രൗടസ് പ്രോജക്ട് അൽപംകൂടി അത്യാധുനികമായിരുന്നു. ഭാവിയിൽ, നിലയത്തിൽ വിത്തുമുളപ്പിച്ച് ശൂന്യാകാശത്തെ ആ അത്ഭുത കപ്പലിനെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കാൻ ശുഭാൻഷുവിന്റെ പരീക്ഷണങ്ങൾ ഉപകരിച്ചേക്കാം. അതിനെല്ലൊമുപരി, ശുഭാൻഷു വിത്തുപാകിയത്, മറ്റൊരു ദൗത്യത്തിനാണെന്നും പറയാം -ഗഗൻയാൻ. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ ദൗത്യമാണ് ഗഗൻയാൻ. ആക്സിയം 4 ദൗത്യത്തിലൂടെ ശുഭാൻഷു ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതോടെ ഗഗൻയാൻ പദ്ധതിക്ക് വേഗം വെക്കുമെന്ന് പ്രതീക്ഷിക്കാം.
ചെസ്റ്റ് നമ്പർ 634
ശൂന്യാകാശത്ത് ഭൂമിയെ വലംവെക്കുന്ന 634ാമത്തെ വ്യക്തിയാണ് ശുഭാൻഷു ശുക്ല. 25 വർഷം മുമ്പ് സ്ഥാപിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുതന്നെ (ഐ.എസ്.എസ്), 290 പേർ യാത്ര തിരിക്കുകയും അവിടെ ദിവസങ്ങളോളം താമസിക്കുകയും ചെയ്തിട്ടുണ്ട്. ശുഭാൻഷുവിന്റെ സഹയാത്രികയും കമാൻഡറുമായ പെഗ്ഗി വിറ്റ്സൺ തന്നെയും നേരത്തേ 675 ദിവസം അവിടെ തങ്ങി റെക്കോഡ് സൃഷ്ടിച്ച വനിതയാണ്; ഇന്ത്യൻ വംശജയായ സുനിത വില്യംസ് 608 ദിവസമാണ് ഐ.എസ്.എസിൽ ചെലവഴിച്ച് പരീക്ഷണങ്ങൾ നടത്തിയത്. ആ നിലയിൽ ശുഭാൻഷുവിന്റെ യാത്രയും സുരക്ഷിതമായി മടങ്ങിയെത്തിയതുമെല്ലാം ശാസ്ത്രലോകത്തെ സംബന്ധിച്ച് വലിയൊരു സംഭവമല്ല. ഒന്നര പതിറ്റാണ്ടിലേറെയായി ഐ.എസ്.എസ് യാത്ര ശാസ്ത്രലോകത്തിന് സാധാരണ സംഭവം മാത്രമാണ്. എന്നാൽ, ആക്സിയം 4 ദൗത്യത്തെ വ്യത്യസ്തമാക്കുന്നത് രണ്ട് ഘടകങ്ങളാണ്: ഒന്ന്, ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയുടെ വളർച്ച. രണ്ട്, ശുഭാൻഷുവിലൂടെ ഇന്ത്യയും ബഹിരാകാശ പര്യവേക്ഷണത്തിലേക്ക് കടക്കുന്നത്. തീർച്ചയായും, ഇന്ത്യയെ സംബന്ധിച്ച് ഇതു നിർണായക നിമിഷമാണ്.
നാല് അധിക ദിവസങ്ങൾ
ജൂൺ 25ന് പുറപ്പെടുമ്പോൾ രണ്ടാഴ്ചത്തെ ബഹിരാകാശ വാസമായിരുന്നു ആക്സിയം -4 ലക്ഷ്യമിട്ടിരുന്നത്. നിലയത്തിൽ ചെലവഴിക്കുന്ന 12 ദിവസത്തിനിടെ, എട്ട് മേഖലകളിലായി 60 പരീക്ഷണങ്ങളും ആസൂത്രണം ചെയ്തു. അതുപ്രകാരം, ജൂലൈ 10ന് മടങ്ങി 11ന് ഭൂമിയിൽ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ, ജൂലൈ എട്ടിന് മറ്റൊരു വാർത്ത വന്നു. ശുഭാൻഷുവിന്റെ സഹയാത്രികൻ ‘സുവേ’യുടെ ജീവിതപങ്കാളിയെ ഉദ്ധരിച്ച് പോളിഷ് മാധ്യമങ്ങളാണ് ആ വാർത്ത റിപ്പോർട്ട് ചെയ്തത്. നിലയത്തിൽനിന്ന് കുടുംബാംഗങ്ങളുമായി സംസാരിക്കവെ, അഞ്ചു ദിവസം കൂടി യാത്ര നീളാൻ സാധ്യതയുള്ളതായി സുവേ പറഞ്ഞുവത്രെ. തലേന്നാൾ യൂറോപ്യൻ സ്പേസ് ഏജൻസി അധികൃതരുമായി നടത്തിയ സംസാരത്തിലും അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരുന്നുവത്രെ. ഈ വാർത്ത കേട്ടപ്പോൾ, സുനിത വില്യംസിന്റെ ഗതിയായിരിക്കുമോ ശുഭാൻഷുവിന് എന്നാണ് ആദ്യം ധരിച്ചത്. എന്നാൽ, പരീക്ഷണ-നിരീക്ഷണങ്ങളിൽ വലിയ പുരോഗതിയുള്ളതിനാലാണ് ദൗത്യം നാലുനാൾകുടി നീട്ടുന്നതെന്ന ഔദ്യോഗിക അറിയിപ്പ് വന്നു. ചുരുക്കത്തിൽ, 14ദിവസത്തെ ഗഗനദൗത്യം 18 ദിവസമായി അധികരിച്ചു; അതിന്റെ ഫലവുമുണ്ടായി.
ഗഗൻ യാൻ എന്ന് കുതിച്ചുയരും?
ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരൻ രാകേഷ് ശർമയാണ്; 1984ൽ അദ്ദേഹം സോവിയറ്റ് യൂനിയന്റെ ഭാഗമായിട്ടായിരുന്നു യാത്ര പോയത്. എന്നാൽ, ശുഭാൻഷുവിന്റെ യാത്രതന്നെയും ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ ദൗത്യത്തിന്റെ റിഹേഴ്സൽ എന്നനിലയിലാണ്. കഴിഞ്ഞവർഷമാണ് മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ അടക്കം നാലുപേരെ ഗഗൻ യാൻ ദൗത്യത്തിനായി ഐ.എസ്.ആർ.ഒ തെരഞ്ഞെടുത്തത്. അതിൽ, ശുഭാൻഷുവിനെയും പ്രശാന്തിനെയും നാസയിലേക്ക് തുടർപരിശീലനത്തിനും അയച്ചു. അതിനിടയിലാണ് ഇരുവർക്കും ആക്സിയം -4 ദൗത്യത്തിൽ ഇടം ലഭിച്ചത്. പ്രശാന്ത് ദൗത്യത്തിന്റെ ബാക് അപ് പൈലറ്റ് ആയിരുന്നു. ശുഭാൻഷുവിന് ഏതെങ്കിലും സാഹചര്യത്തിൽ യാത്ര തിരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രശാന്തിന് അവസരം വന്നേനെ. ഇപ്പോഴും പ്രശാന്ത് ഫ്ലോറിഡയിലെ നാസയുടെ കേന്ദ്രത്തിൽ പരിശീലനത്തിലുമാണ്. ഗഗൻയാന്റെ ആദ്യ ദൗത്യത്തിൽ യാത്രികരുണ്ടാവില്ല. നേരത്തേ, 2026ലാണ് ആളില്ലാ ദൗത്യത്തിന്റെ വിക്ഷേപണം പ്രഖ്യാപിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ 2027ലേക്ക് മാറ്റി. അതുകഴിഞ്ഞ്, ഒരു വർഷത്തിനുള്ളിൽ നാലു യാത്രികരുമായുള്ള ദൗത്യവും നടക്കും.
ചുവടുപിഴക്കാതെ
ഐ.എസ്.ആർ.ഒക്കും ഇതു ചരിത്ര നിമിഷം. ഈ ദൗത്യത്തിന്റെ മുഖ്യപങ്കാളി എന്നതിനൊപ്പം, ഐ.എസ്.എസിലെ നിർണായക ഗവേഷണങ്ങളിൽ രാജ്യത്തെ വിവിധ ഏജൻസികളെ ചേർത്തുപിടിക്കാനും ഐ.എസ്.ആർ.ഒക്ക് കഴിഞ്ഞു. കഴിഞ്ഞ 25 വർഷമായി ഐ.എസ്.ആർ.ഒയുടെ ട്രാക് റെക്കോഡ് മികച്ചതാണ്. ചന്ദ്രയാൻ-2 ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാ ദൗത്യങ്ങളും വിജയിച്ചിട്ടുണ്ട്. ചന്ദ്രയാൻ-1 (2008), മംഗൾയാൻ (2014), അസ്ട്രോസാറ്റ് (2015) തുടങ്ങിയവയുടെ വിജയ വിക്ഷേപണങ്ങളോടെതന്നെ ഈ രംഗത്ത് നമ്മുടെ രാജ്യം ആർജിച്ച മികവ് ലോകം കണ്ടതാണ്. ചന്ദ്രയാൻ രണ്ടിന്റെ പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിച്ചപ്പോൾ ചന്ദ്രയാൻ -3 (2023) വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. അതിനുശേഷം ആദിത്യ -എൽ1 എന്ന സൗരദൗത്യവും വിജയിച്ചു. ‘എക്സ്പോ സാറ്റ്’, സ്പേഡ് എക്സ് തുടങ്ങിയ ഇന്ത്യൻ ദൗത്യങ്ങളും പ്രപഞ്ചപര്യവേക്ഷണത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഈ ദൗത്യങ്ങൾക്കിടയിൽതന്നെയാണ് ഗഗൻയാനും ഐ.എസ്.ആർ.ഒ പ്രഖ്യാപിച്ചത്. അതിന്റെ സുപ്രധാന ഘട്ടവും വിജയിച്ചിരിക്കുന്നു; മൂന്നു വർഷത്തിനുള്ളിൽ ശുഭാൻഷു ഒരിക്കൽക്കൂടി ആകാശയാത്ര നടത്തും. അപ്പോൾ സഹയാത്രികരായി ഉണ്ടാവുക മൂന്ന് ഇന്ത്യക്കാർതന്നെയാകും. അതിനുള്ള വിത്തുപാകിയാണ് ശുഭാൻഷു ഐ.എസ്.എസിൽനിന്ന് മടങ്ങിയിരിക്കുന്നത്.