സൗഹാർദ സന്യാസി
text_fieldsതിരുവിതാംകൂറിലോ കൊച്ചിയിലോ ബ്രിട്ടീഷ് മലബാറിലോ വ്യാപക ഹിന്ദു മുസ്ലിം സംഘർഷങ്ങളോ ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങളോ നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത 1888ൽ, ശ്രീനാരായണഗുരു തന്റെ ആശ്രമത്തെ, ‘മതദ്വേഷമില്ലാതെ ഏവരും സോദരത്വേന വാഴുന്ന ഇട’മെന്ന് പ്രഖ്യാപിച്ചത്, വരാനിരിക്കുന്ന ഒരു കാലത്തെ ദീർഘദർശനം ചെയ്തുകൊണ്ടുതന്നെയാണ്. ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ ഗുരുവെന്ന മതേതര സന്യാസിയുടെ സൗഹാർദ ജീവിതത്തിലൂടെ...
‘‘പൊരുതുജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതലൊടുങ്ങുവീല
പരമതവാദിയിതോര്ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന
ബുദ്ധിവേണം ’’
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ (1897) നാരായണഗുരു, തന്റെ ദർശനങ്ങൾ വിശദീകരിച്ച പ്രധാനകൃതിയായ ആത്മോപദേശ ശതകത്തിൽ ഇങ്ങനെ എഴുതുമ്പോൾ ഇന്ത്യ ഇരുപതാം നൂറ്റാണ്ടിലേതു പോലെ വലിയ മതവൈരത്തിലേക്കോ വർഗീയ സംഘർഷങ്ങളിലേക്കോ കടന്നിരുന്നില്ല. അതിനും ഒരു പതിറ്റാണ്ട് മുമ്പ് അരുവിപ്പുറത്തെ തന്റെ ആശ്രമത്തിൽ എഴുതിവെച്ച ആപ്തവാക്യത്തിൽ, ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ’ എന്ന് ഗുരു രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൽ ‘ജാതിഭേദം’ എന്നതിൽ, അക്കാലത്ത് കേരളത്തിൽ നടമാടിയിരുന്ന ജാതിവ്യവസ്ഥയുടെ കാഠിന്യം അറിയുന്നവർക്കാർക്കും സംശയമുണ്ടാകാൻ ഇടയില്ല.
എന്നാൽ, തൊട്ടടുത്ത് മതദ്വേഷം എന്ന് അതേ ആയത്തിൽ പറഞ്ഞിരിക്കുന്നു. തിരുവിതാംകൂറിൽ അന്നേക്ക് ചാന്നാർ ലഹള സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ചാന്നാർ സ്ത്രീകളെ മാറുമറക്കാൻ പ്രേരിപ്പിച്ച ക്രിസ്ത്യൻ മിഷനറിമാർക്ക് നേരെയാണ് രാജഭരണകൂടത്തിന്റെ പിന്തുണയോടെ സവർണ മാടമ്പിമാർ അക്രമം അഴിച്ചുവിട്ടത്. എങ്കിലും തിരുവിതാംകൂറിലോ കൊച്ചിയിലോ ബ്രിട്ടീഷ് മലബാറിലോ വ്യാപക ഹിന്ദു മുസ്ലിം സംഘർഷങ്ങളോ ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങളോ നടന്നതായി കാണുന്നില്ല. എന്നിട്ടും നാരായണഗുരു 1888ൽ തന്റെ ആശ്രമത്തെ മതദ്വേഷമില്ലാതെ ഏവരും സോദരത്വേന വാഴുന്ന ഇടമായി പ്രഖ്യാപിച്ചത് എന്തു കാരണത്താലാകും ?
സഹവർത്തിത്വത്തിൽ ദീർഘദൃഷ്ടി
ഗുരുവിന്, അരുവിപ്പുറത്ത് താമസമാകുന്നതിനുമുമ്പ് ഏറെ വർഷങ്ങൾ നീണ്ട അവധൂത കാലഘട്ടമുണ്ടായിരുന്നു. നാണുവാശാനെ നാരായണഗുരുവിലേക്ക് പരിണമിപ്പിച്ച കാലം. അക്കാലത്ത് ദക്ഷിണേന്ത്യയിൽ ആ കാലടികൾ പതിയാത്ത വഴികൾ കുറവായിരുന്നു. വെറുതേ ഇങ്ങനെ നടക്കും. കിട്ടുന്നത് ഭക്ഷിക്കും, എവിടെയെങ്കിലും കിടക്കും എന്നിങ്ങനെ ഗുരു തന്നെ പറഞ്ഞ വർഷങ്ങൾ.
അക്കാലത്ത് മത്സ്യത്തൊഴിലാളികളുടെ കുടിലുകളും മുസ്ലിം ഭവനങ്ങളും പതിവായി സന്ദർശിച്ചിരുന്നതിനെക്കുറിച്ചും അവിടങ്ങളിൽനിന്ന് മത്സ്യമടക്കം ഭക്ഷിച്ചിരുന്നതിനെക്കുറിച്ചും, സസ്യാസിയായി തീർന്നതിനുശേഷവും ഗുരു പലവട്ടം ആവർത്തിച്ചിട്ടുമുണ്ട്. പുറമേക്ക് വിഷപ്പല്ലുകൾ പ്രദർശിപ്പിച്ച് തുടങ്ങിയിരുന്നില്ലെങ്കിലും പലർക്കിടയിലും ഉറഞ്ഞുകിടന്ന മതദ്വേഷം തിരിച്ചറിഞ്ഞതാകാം ഗുരുവിനെ അത്തരമൊരു പ്രസ്താവനക്ക് അന്നേതന്നെ പ്രേരിപ്പിച്ചത്.
ഇന്നത്തെ സാഹചര്യങ്ങളെ വെച്ചല്ല ഒന്നര നൂറ്റാണ്ടു മുമ്പത്തെ വാക്കുകളെയും പ്രവൃത്തികളെയും അളക്കേണ്ടത്. അരുവിപ്പുറം പ്രതിഷ്ഠയുമായി യുവാവായ നാരായണൻ തന്റെ പ്രവൃത്തിപഥത്തിലേക്ക് കാലൂന്നുമ്പോൾ ബ്രിട്ടീഷ് ഇന്ത്യയിൽ മതേതരത്വം, ജനാധിപത്യം തുടങ്ങിയ ആശയങ്ങൾ ചർച്ചയിലേ ഉണ്ടായിരുന്നില്ല എന്നതോർക്കണം. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പിറവികൊള്ളുകയോ സ്വാതന്ത്ര്യസമര പോരാട്ടത്തിന് രൂപഭാവങ്ങൾ കൈവരുകയോ ചെയ്തിരുന്നില്ല.
ആ കാലഘട്ടത്തിലും വിദ്വേഷമൊഴിഞ്ഞ മത സഹവർത്തിത്വം എന്ന വിപുലമായ ആശയപ്രപഞ്ചം സൃഷ്ടിക്കാൻ തയാറായി എന്നതാണ് നാരായണഗുരുവിനെ വ്യത്യസ്തനാക്കുന്നതും കേരള നവോത്ഥാനത്തിന്റെ സ്രഷ്ടാവാക്കുന്നതും. അരുവിപ്പുറത്ത് താമസമാക്കുന്ന കാലത്തുതന്നെ ഗുരുവിന്റെ ദർശനമണ്ഡലം സമ്പൂർണമായിരുന്നുവെന്ന് പി.കെ. ബാലകൃഷ്ണൻ നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളത്രയും സമൂഹത്തെ തന്റെ ദർശനതുല്യതയിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്നതിനായിരുന്നുവെന്നും.
മതനിരാസമല്ല...
‘ഒരു ജാതി ഒരു മതം ഒരു ദൈവം...’ എന്ന് പറയുമ്പോഴും നാരായണഗുരു ഒരിക്കലും മതനിരാസകൻ ആയിരുന്നില്ല. ഏതെങ്കിലും മതം വിശ്വാസികളുടെ ഉയർച്ച അല്ലാതെ അധോഗമനം നിഷ്കർഷിക്കുമോ എന്ന് ഗുരു ചോദിച്ചിട്ടുണ്ട്. ‘എന്താണ് ഇക്കാലത്ത് ഇന്ത്യയുടെ ആവശ്യം.’, ജാതികളും മതങ്ങളും തമ്മിലെ സമാധാനപരമായ സഹവർത്തിത്വം എന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു.
ഏതൊരാൾക്കും താൻ ആയിരിക്കുന്ന മതത്തിൽനിന്ന് മറ്റൊന്നിലേക്ക് സ്വതന്ത്രമായി മാറാൻ അവസരമുണ്ടാകണമെന്നും സംശയമേതുമില്ലാതെ പറഞ്ഞ ശ്രീനാരായണനെ ഇന്ന് ഹിന്ദുമതം സംരക്ഷിച്ച സന്യാസിയായി വിശേഷിപ്പിക്കുന്നവരുണ്ട് എന്നതും കാണണം. ഇസ്ലാം, ക്രൈസ്തവ ദർശനങ്ങളോട് എക്കാലവും വലിയ ബഹുമാനമായിരുന്നു ഗുരുവിന്. ‘കരുണാവാൻ നബി മുത്തുരത്ന’മെന്ന് മുഹമ്മദ് നബിയെ വിശേഷിപ്പിച്ച ഗുരു സഹോദരൻ അയ്യപ്പന് നൽകുന്ന ഉപദേശം, ‘ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം’ എന്നാണ്.
ബുദ്ധനോടും ബുദ്ധമതത്തോടുമുള്ള പ്രതിബദ്ധത അദ്ദേഹം ഒരിക്കലും മറച്ചുവെച്ചിട്ടില്ല. സന്യാസസമൂഹത്തെ സൃഷ്ടിച്ചപ്പോൾ ബുദ്ധമത പ്രകാരമുള്ള സന്യാസവും അതിൽപ്പെടുത്തി. അങ്ങനെയാണ് ശിഷ്യപരമ്പരയിൽപ്പെട്ടവർക്ക് ആനന്ദ വിശേഷണം പേരിനൊപ്പം ചേർക്കപ്പെട്ടത്. ഹിന്ദുക്കൾക്കായി ക്ഷേത്രങ്ങൾ സ്ഥാപിച്ചതുപോലെ ആവശ്യപ്പെട്ടാൽ മുസ്ലിം, ക്രൈസ്തവ വിശ്വാസികൾക്കായി പള്ളികൾ സ്ഥാപിക്കാനും താൻ ഒരുക്കമാണെന്ന ഗുരുവിന്റെ വാക്കുകൾ അന്നുതന്നെ ശ്രദ്ധ നേടിയിരുന്നു.
ഒന്നിനെയും തെറ്റെന്നു പറഞ്ഞില്ല
ഏതെങ്കിലും മതം തെറ്റാണെന്ന് സ്ഥാപിക്കാൻ ഗുരു ഒരിക്കലും ശ്രമിച്ചതായി കാണുന്നില്ല. എല്ലാ മതഗ്രന്ഥങ്ങളും ത്യാജഗ്രാഹ്യ വിവേകത്തോടെ പഠിക്കുക. അവയിലെ നല്ല വശങ്ങളെല്ലാം ഉൾക്കൊള്ളുക എന്ന സർവമത സമന്വയ ദർശനമാണ് എല്ലാ കാലത്തും അദ്ദേഹത്തിന്റേത്. ഇസ്ലാമിലെ സാഹോദര്യവും ക്രൈസ്തവികതയിലെ സ്നേഹവും എങ്ങനെ പരസ്പരപൂരകമായിരിക്കുന്നു എന്ന് ഗുരു ഉദാഹരിക്കുന്നു, സ്നേഹമില്ലാത്തിടത്ത് സാഹോദര്യവും സാഹോദര്യമില്ലാത്തിടത്ത് സ്നേഹവും ഉണ്ടാകുമോയെന്ന ലളിത ചോദ്യത്തിലൂടെ.
നാരായണഗുരു ഉയർത്തിയ വിമർശനങ്ങളത്രയും ഹിന്ദു മതത്തെക്കുറിച്ചായിരുന്നു എന്നതും പ്രത്യേകം ശ്രദ്ധിക്കണം. ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ എന്ന് പറയാൻ ഒരു മടിയും ഉണ്ടായതുമില്ല. ഹിന്ദുമതം മോക്ഷപ്രാപ്തിക്ക് ഉതകുന്നതല്ലേ എന്ന് ചോദിച്ച മഹാത്മാഗാന്ധിയോട് മറ്റു മതങ്ങളിലും മോക്ഷമാർഗങ്ങൾ ഉണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഗുരു ചെയ്തത്.
‘വാദിക്കാനും ജയിക്കാനുമല്ല’
എല്ലാ മതങ്ങളും സോദരത്വേന വസിക്കുന്ന ഇടം എന്ന നിലപാടുതറ ഉറപ്പിക്കുന്നതായിരുന്നു സമൂഹമധ്യേ ദൃശ്യമായിത്തുടങ്ങിയ ശേഷമുള്ള ഗുരുവിന്റെ ഓരോ പ്രവൃത്തിയും. അതിന്റെ ഏറ്റവും ഉയർന്ന നിലയായിരുന്നു, 1924 മാർച്ചിൽ ആലുവയിൽ നടന്ന സർവമത സമ്മേളനം. സമ്മേളന നഗരിയുടെ കവാടത്തിൽ ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ എന്ന മുദ്രാവാക്യം സഹോദരൻ അയ്യപ്പൻ എഴുതിവെച്ചത് ഗുരുവിന്റെ നിർദേശപ്രകാരമായിരുന്നു.
അപ്പോഴേക്കും പലയിടത്തും മതദ്വേഷവും പരസ്പരം അവിശ്വാസവും തലെപാക്കിത്തുടങ്ങിയിരുന്നു. ഈ സാഹചര്യമാകാം, വലിയ യോഗങ്ങളോടും റെയിലിന്റെ ശബ്ദം കേട്ടാൽ പെട്ടിയും എടുത്തോടുന്ന പ്രസംഗകരോടും ഒരു പ്രതിപത്തിയും ഇല്ലാതിരുന്നിട്ടും ഒരു സമ്മേളന സംഘാടനത്തിന് ഗുരു മുതിർന്നത്. ഈഴവ സമുദായത്തിൽ മതംമാറ്റത്തെക്കുറിച്ച വലിയ സംവാദങ്ങൾ നടക്കുന്ന സമയമായിരുന്നു എന്നതും ശ്രദ്ധിക്കണം.
സ്വാമി സത്യവ്രതൻ മുഖ്യ സംഘാടകൻ ആയിരുന്ന രാജ്യത്തെതന്നെ ആദ്യ സർവമത സമ്മേളനം വലിയ വിജയം ആയിരുന്നു എന്നാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാൽ, 1888ൽ തന്നെ താൻ എത്തിച്ചേർന്ന ദർശനത്തിന്റെ അങ്ങേയറ്റം ഭീതിദമായ നിരാസത്തിന് സാക്ഷിയാകേണ്ടിവന്നതിൽ നിന്നുണ്ടായ നിരാശയാലാകാം, ആദ്യാവസാനം ആ സമ്മേളനത്തിൽ സന്നിഹിതനായിരുന്നെങ്കിലും നാരായണഗുരു മഹാമൗനിയായി തുടർന്നത്.
സ്വയം സ്വീകരിച്ച സന്യാസവുമായി തുടർന്ന ഗുരുവിന് തന്റെ ജീവിത കാലത്തുതന്നെ താൻ പ്രത്യേക ജാതിയിലോ മതത്തിലോ പെടുന്നില്ല എന്ന് പരസ്യം ചെയ്യേണ്ട അവസ്ഥയുണ്ടായി എന്നതും കാണണം. എല്ലാ മതങ്ങളോടും ഒന്നുപോലെ മമതയുള്ള മതേതര സന്യാസി എന്നേ നാരായണഗുരുവിനെ അടയാളപ്പെടുത്താനാകൂ. ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ അതിന്റെ അർഥവ്യാപ്തിയും മൂല്യവും വളരെ വലുതുമാണ്.