സ്വയം തിരുത്താൻ മടിക്കാത്ത മാഷ്
text_fieldsകേരളത്തിലെ കമ്യൂണിസ്റ്റ്പാർട്ടിയുടെ ഏറ്റവും പ്രമുഖനായ നേതാക്കളിലൊരാളായിരുന്നു സഖാവ് ടി. ശിവദാസമേനോൻ. എന്റെ വിദ്യാർഥി ജീവിതകാലത്ത് ഏറ്റവും ശക്തവും ആകർഷകവുമായ പ്രസംഗങ്ങൾ നടത്തുന്ന പാർട്ടിനേതാവ് എന്നായിരുന്നു സഖാവ് അറിയപ്പെട്ടിരുന്നത്.
പാർട്ടിക്ക് ഏറ്റവും സ്വാധീനമുള്ള ജില്ലകളിലൊന്നായ പാലക്കാട് ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീനിലകളിൽ വളരെയേറെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നയിച്ച അദ്ദേഹത്തിന് പാർട്ടി ക്ലാസുകളും രസകരമായി അവതരിപ്പിക്കാൻ കഴിഞ്ഞു. ചെറുപ്പത്തിൽതന്നെ ഹൈസ്കൂൾ ഹെഡ്മാസ്റ്ററും അധ്യാപകസംഘടനയുടെ സംസ്ഥാന നേതാവുമായി ഉയർന്ന അദ്ദേഹം അങ്ങനെയായില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ.
കരുത്തുറ്റ അധ്യാപകപ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവന മാഷിന്റേതായി ഓർമിക്കപ്പെടും. കോഴിക്കോട് സർവകലാശാലയുടെ വളർച്ചയിൽ ആർ.ആർ.സി യെന്ന ആർ. രാമചന്ദ്രൻനായർ, എച്ച്.കെ. പിഷാരടി എന്നിവരോടൊപ്പം മാഷ് വഹിച്ച നേതൃപരമായ പങ്കും മറക്കാവതല്ല.
ഇ.കെ. നായനാർ സർക്കാറിൽ ധനകാര്യം, എക്സൈസ്, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയിലായിരിക്കും ഒരുപക്ഷേ, അദ്ദേഹം ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടാനിടയുള്ളത്. എ.കെ. ആന്റണി പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ നായനാർ സർക്കാർ പുറത്തുനിന്ന് സംസ്ഥാന പദ്ധതികൾക്ക് വായ്പയെടുക്കാനുള്ള ഒരു നിർദേശം പരിഗണിച്ച കാര്യം അനുസ്മരിക്കയുണ്ടായി. ധനമന്ത്രിയെന്ന നിലയിൽ മാഷ്, പ്രതിപക്ഷ നേതാവുമായി അത് ചർച്ചചെയ്യുകയും ഒരുവിവാദവും കൂടാതെ ഭരണ - പ്രതിപക്ഷങ്ങൾ സഹകരിച്ചുകൊണ്ട് ആ തീരുമാനവുമായി മുന്നോട്ടുപോവുകയും ചെയ്ത അനുഭവം നമ്മുടെ മുന്നിലുണ്ട്.
സി.പി.എമ്മിന്റെ കേരളത്തിലെ പ്രമുഖ നേതാവായിരുന്ന എം.വി.ആറിന്റെ നേതൃത്വത്തിൽ തെറ്റായ ഒരു രാഷ്ട്രീയനയം, സംഘടനാപരമായി തെറ്റായ വഴിയിലൂടെ പാർട്ടിയിൽ അവതരിപ്പിച്ച് അംഗീകരിപ്പിക്കാൻ നടന്ന ശ്രമം കേരളത്തിലാകെ കോളിളക്കമുണ്ടാക്കിയ സംഭവമാണല്ലോ. പാർട്ടിയിലെ മറ്റുപല പ്രമുഖരെയും പോലെ ശിവദാസമേനോൻ മാഷും ആ കാഴ്ചപ്പാടിനൊപ്പമായിരുന്നു ഒരുഘട്ടം വരെ നിലകൊണ്ടത്.
പാർട്ടിയുടെ അഖിലേന്ത്യ നേതൃത്വത്തിന്റെ സഹായത്തോടെ തിരുത്തൽ പ്രക്രിയ നടന്നപ്പോൾ ആദ്യംതന്നെ ശരിയായ പാർട്ടിനിലപാടിനൊപ്പം അണിനിരന്ന് തെറ്റുതിരുത്തൽ പ്രക്രിയയിൽ സജീവമായി പങ്കെടുത്തത് മാഷായിരുന്നു. കൊൽക്കത്ത പാർട്ടികോൺഗ്രസിലെ പൊതുചർച്ചയിൽ പങ്കെടുത്തുകൊണ്ട് മാഷ് നടത്തിയ ഒരു പ്രയോഗം വെളിപ്പെടുത്തുന്നത് കമ്യൂണിസ്റ്റ് പാർട്ടി അച്ചടക്കം സംബന്ധിച്ച് വലിയൊരു പാഠമാണ്. മാഷ് പറഞ്ഞു: "പാർട്ടിയുടെ വളർച്ചയുടെ ഭാഗമായി പാർട്ടിസഖാക്കളും വളർന്ന് നേതാക്കളാകും. പക്ഷേ, ഒരാളും പാർട്ടിയുടെ ചെങ്കൊടിക്കു മുകളിൽ പറക്കാമെന്ന് കരുതരുത്. "
ആ വാക്കുകൾ കമ്യൂണിസ്റ്റ് പ്രവർത്തകരെ മാഷ് ഓർമിപ്പിച്ചത് സ്വയം വിമർശനത്തിന്റെ കൂടി സ്വരത്തിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. 1996 ലെ നായനാർ സർക്കാറിന്റെ കാലഘട്ടത്തിലാണ് 'മാനവീയം' എന്ന ബഹുമുഖ സാംസ്കാരിക മിഷൻ ആവിഷ്കരിക്കപ്പെട്ടത്.
1999 ൽ നിന്ന് ലോകം 2000 ലേക്ക് സഞ്ചരിക്കുമ്പോൾ കാലം രണ്ട് ശതാബ്ദങ്ങളുടെ മാത്രമല്ല സഹസ്രാബ്ദങ്ങളുടെ കൂടി ഹസ്തദാനത്തിനാണ് സാക്ഷിയാകുന്നത് എന്നചിന്തയാണ് മാനവീയം ഉണർത്തിയത്. ധനകാര്യമന്ത്രിയെന്ന നിലയിൽ മാഷിന്റെ പിന്തുണ അതിന്റെ സാക്ഷാത്കാരത്തിൽ വലിയപങ്കുവഹിച്ചു.