ആശാ ഭോസ്ലെ ആലാപനത്തിലെ വൈവിധ്യം
text_fieldsവര: വിനീത് എസ്. പിള്ള
ഹിന്ദി പിന്നണി ഗാനരംഗത്ത് ആശാ ഭോസ്ലേ ലത മങ്കേഷ്കർക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് നിൽക്കേണ്ടി വന്നപ്പോഴും ആലാപന വൈവിധ്യത്തിൽ ലതക്ക് ഒപ്പമോ അതിനു മുകളിലോ നിൽക്കാൻ അവർക്ക് സാധിച്ചിരുന്നു. ലത മങ്കേഷ്കർ തന്റെ സ്വരമാധുരികൊണ്ട് ഹിന്ദി പിന്നണി സംഗീത രംഗത്ത് തേരോട്ടം നടത്തിയപ്പോൾ ആശ സഹോദരിയെ അനുകരിക്കാൻ ഒരിക്കലും ശ്രമിച്ചിരുന്നില്ല. അങ്ങനെ ചെയ്തു തുടങ്ങിയവർ എല്ലാവരും വിസ്മൃതിയിൽ ആയിരുന്നു. വളരെ വ്യത്യസ്തമായ ശബ്ദവും ആലാപന രീതിയുമാണ് ആശയെ ഒരു ഗായിക എന്ന രീതിയിൽ ബോളിവുഡിൽ പിടിച്ചുനിർത്തിയത്. ക്ലാസിക്കലും ഗസലും വെസ്റ്റേണും കാബറെ പാട്ടുകളുമെല്ലാം പാടാൻ ആശക്ക് അനായാസം സാധിച്ചിരുന്നു. ഈ വൈവിധ്യം ബോളിവുഡിൽ അവരുടെ സമകാലികരായ മറ്റൊരു ഗായികക്കും അവകാശപ്പെടാൻ ഉണ്ടായിരുന്നില്ല. ആ സവിശേഷതയാണ് പിന്നണി സംഗീത ചരിത്രത്തിൽ അവരുടെ സ്ഥാനത്തെ കൃത്യമായി അടയാളപ്പെടുത്തിയതും.
ആദ്യ പ്രണയവും ഒളിച്ചോട്ടവും ആശയിൽ ഉണ്ടാക്കിയത് ദുരിതവും നിരാശയും മാത്രമായിരുന്നു. തന്നെക്കാൾ പ്രായം കൂടിയ ഗണപത് റാവു ഭോസ്ലെയുടെ ഒപ്പമുള്ള ജീവിതത്തിൽ ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നിരന്തര പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അത് തന്റെ സംഗീത ജീവിതത്തിന് അന്ത്യം കുറിക്കുമെന്ന് ഉറപ്പായപ്പോൾ രണ്ടു കുട്ടികളോടൊപ്പം അവിടം വിട്ടിറങ്ങി. കുടുംബത്തിന്റെ ബന്ധനത്തിൽ നിന്ന് മോചനം നേടിയ ആശക്ക് അനുഗ്രഹമായത് ഒ.പി നയ്യാർ എന്ന സംഗീത സംവിധായകന്റെ പിന്തുണയായിരുന്നു. പ്രണയമോ സൗഹൃദമോ എന്ന് വ്യക്തമായി നിർവചിക്കാൻ പറ്റാത്തതായിരുന്നു അവരുടെ ബന്ധം. ലതാ മങ്കേഷ്കറെ കൊണ്ട് തന്റെ ചിത്രങ്ങളിൽ പഠിക്കില്ലെന്നു ശഠിച്ച സംഗീത സംവിധായകനായിരുന്നു ഒ.പി നയ്യാർ. ജായിയെ ആപ് കഹാം ജായേഗി, അംഖോസെ ജോ ഉത്തരി, ആജ് കോയി പ്യാർ സെ, മുഹബത്ത് ചീസ് ഹി ക്യാ എന്നീ മികച്ച ഗാനങ്ങൾ ഒ.പി നയ്യാർ ആശക്ക് നൽകി.
ഒ.പി നയ്യാരെ പോലെ സച്ചിൻ ദേവ് ബർമന്റെ പാട്ടുകളും ആശക്ക് തന്റെ കരിയർ ഉറപ്പിക്കാൻ സാധിച്ചു. ടാക്സി ഡ്രൈവറിലെ ജീനോ ദോ ഓർ ജിയോ എന്ന ഗാനം നന്നായി ശ്രദ്ധിക്കപ്പെട്ടു. ആശയുടെ ക്ലബ് സോങ്ങിലേക്കുള്ള തുടക്കം കുറിച്ചത് 1954ൽ പുറത്തുവന്ന ഈ ഗാനമായിരുന്നു എന്ന് കരുതാം. കിഷോറിന്റെ സംഗീത ജീവിതത്തിലെയും അഭിനയ ജീവിതത്തിലെയും ഏറ്റവും വലിയ ഹിറ്റായ ചൽത്തി ക നാം ഘാഡി (1958)യിലെ യുഗ്മഗാനം ഹാല് ജൈസ ഹേ ക ജനാബ് കാ ആശക്ക് വലിയ ജനപ്രീതിയാണ് നൽകിയത്. സച്ചിൻദേവ് ബർമന്റെ മകൻ രാഹുൽ ദേവ് ബർമൻ സംഗീത സംവിധാന രംഗത്ത് വന്നപ്പോൾ തീസ്രി മൻസിൽ എന്ന സിനിമയിലെ പാട്ടുകൾ ആശക്ക് നൽകി. അവിടെ തുടങ്ങിയ ബന്ധം ഒടുവിൽ വിവാഹത്തിലാണ് കലാശിച്ചത്. ആർ.ഡി ബർമന്റെ കൂടെയുള്ള വിവാഹ ജീവിതത്തിൽ അദ്ദേഹത്തിന്റെ സംഗീത വൈവിധ്യത്തിനൊപ്പം സഞ്ചരിക്കാനും ആശക്ക് കഴിഞ്ഞു. ക്ലാസിക്കലും ഗസലും, റോക്കും ഡിസ്ക്കോയും കാബറെയും എല്ലാം ആശ പാടി. സംഗീതം എന്നത് വൈവിധ്യമാണെന്ന പ്രഖാപനമായിരുന്നു ആശാ ഭോസ്ലേയുടെ സംഗീത ജീവിതം കൊണ്ട് അവർ തെളിയിച്ചത്.
ഗസൽ പ്രേമികളായ മലയാളികളെ സംബന്ധിച്ച് എത്രയോ മികച്ച ഗസലുകൾ പാടിയ ഗായികയാണ് ആശാ ഭോസ്ലെ. ഖയാം സംഗീതം നൽകിയ എക്കാലത്തെയും വലിയ മ്യൂസിക്കൽ ഹിറ്റായ ഉമ്രഹോ ജാൻ (1981) ലെ ഗസലുകളായ ഇൻ ആംഖോം കി മസ്തി, ദിൽ ചീസ് ക്യാഹെ ആപ് മേരീ, ജുസ്ത് ജൂ ജിസ്കി, യേ ക്യാ ജഗഹ് ദോസ്തോ എന്നിവ ആശയുടെ ശബ്ദത്തിലോട്ട് ആസ്വദിച്ചവരാണ് മലയാളികൾ. ഗസലുകളോട് എന്നും അവർക്ക് വലിയ പ്രതിപത്തിയുണ്ട് എന്നതിന്റെ മികച്ച ഉദാഹരണമാണ് ആശ എന്ന പേരിൽ പുറത്തിറക്കിയ ഗസൽ ആൽബം. ഫരീദ ഖാനും അനശ്വരമാക്കിയ ആജ് ജാനേ കി സിതനാ കരോ, ജഗജിത് സിംഗ് പാടിയ ആഹിസ്താ ആഹിസ്താ ഗുലാം അലിയുടെ ഏറ്റവും പ്രശസ്തമായ ചുപ്കേ ചുപ്കേ, യെ ദിൽ പാഗൽ ദിൽ മേരാ, മെഹ്ദി ഹസ്സന്റെ രഫ് ത്ത രഫ് ത്ത, മുജേ തും നസർ തൊ എന്നീ ഗസലുകൾ വളരെ ആവേശത്തോടെയാണ് ആശ ഭോസ്ലെ പാടി റെക്കോർഡ് ചെയ്തത്.
എഴുപതുകളിൽ ഇന്ത്യ മുഴുവൻ തരംഗം ഉണ്ടാക്കിയ ആശയുടെ പാട്ട് ദം മാരോ ദം ആകാശവാണിയിൽ നിരോധിക്കുകയും ദൂരദർശനിൽ സെൻസർ ചെയ്യുകയും ചെയ്തിരുന്നു. ഹിപ്പി സംസ്കാരത്തിനും മയക്ക് മരുന്ന് ഉപയോഗത്തിനും പ്രചോദനമാകും എന്നായിരുന്നു ഈ പാട്ടിനെ പറ്റിയുള്ള ആരോപണം. ഹാല് ജൈസ ഹേ ക ജനാബ് കാ എന്ന അമ്പതുകളിലെ പാട്ടിൽ നിന്നും തൊണ്ണൂറുകളിലെ രംഗീല (1995)യിലെ പാട്ടുകളിൽ എത്തുമ്പോൾ തന്റെ ശബ്ദത്തിന്റെയും ഭാവത്തിന്റെയും രണ്ടു ധ്രുവങ്ങളിലെ റേഞ്ച് ആസ്വാദകന് കാണിച്ച് കൊടുക്കാൻ ആശക്ക് സാധിക്കുന്നു. ബോളിവുഡിലെ മറ്റൊരു ഗായികക്കും ഇങ്ങനെ സാധിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.


