കാലത്തോട് സംസാരിച്ച കവി
text_fieldsമാധ്യമം ലിറ്റററി ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മഹാകവി അക്കിത്തത്തെ ആദരിക്കുന്നു (ഫയൽ ചിത്രം)
''നിരുപാധികമാം സ്നേഹം
ബലമായി വരും ക്രമാൽ
അതാണഴ,കതേ സത്യം
അത് ശീലിക്കൽ ധർമവും' എന്നെഴുതിയ കവി, ദുഃഖത്തിനൊരൊറ്റ പ്രത്യൗഷധമേ ഉള്ളൂ; നിരുപാധിക സ്നേഹം എന്ന് വിശ്വസിച്ച കവി. നിരുപാധിക സ്നേഹമാണ് മനുഷ്യൻ എന്നു തറപ്പിച്ചുപറഞ്ഞ കവി.നമുക്ക് പറയാം, സ്നേഹമാണ് അക്കിത്തം.
മഹാകാവ്യം എഴുതാതെ മഹാകവിയായ അക്കിത്തം ഉള്ളിെൻറയുള്ളിൽ മനുഷ്യപക്ഷത്തായിരുന്നു എന്നു പറയാം. അതുകൊണ്ടാണ്
''എല്ലാവരും വേലചെയ്യുന്നതും കൈയിലും നാവിലും ചങ്ങല വീഴാത്തതും തലയും വയറും നിറയുന്നതുമായ ഒരു നവലോകം ഞാനും സ്വപ്നം കാണുന്നു'' എന്ന് ജ്ഞാനപീഠം പുരസ്കാരം സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തിൽ പറഞ്ഞത്. അഗാധമായ മനുഷ്യസ്നേഹം ഉള്ളിലുള്ളതുകൊണ്ടാണ്
''എെൻറ കാതിലലയ്ക്കുന്നു
നിത്യ മാനുഷരോദനം;
എെൻറ കാലിൽത്തറയ്ക്കുന്നു
മനുഷ്യത്തലയോടുകൾ'' എന്ന് ഇക്കാലത്തെ നോക്കി മഹാകവി പാടിയത്. 'മറ്റുള്ളവർക്കായി കണ്ണീർ പൊഴിക്കുന്ന സിദ്ധി'യാണ് ഒരു കവിയെ മനുഷ്യസ്നേഹിയായ വലിയൊരു കവിയാക്കി മാറ്റുന്നത്.
അക്കിത്തത്തിെൻറ ഓരോ കവിതയും ഓരോ സൂര്യോദയമാണെന്ന നിരീക്ഷണം നൂറു ശതമാനവും ശരിയാണ്. അവനവനോടുള്ള ആത്മാർഥതയാണ് ഏറ്റവും വലിയ സത്യം എന്ന് അക്കിത്തം വിശ്വസിച്ചു.
'തോക്കിനും വാളിനും വേണ്ടി
ചെലവിട്ടോരിരുമ്പുകൾ
ഉരുക്കി വാർത്തെടുക്കാവൂ
ബലമുള്ള കലപ്പകൾ' എന്ന് ഇരുപതാം നൂറ്റാണ്ടിെൻറ ഇതിഹാസം രചിക്കുന്നതിനെത്രയോ മുമ്പുതന്നെ എഴുതിയ അക്കിത്തം എഴുത്തുകാരടക്കം ഭീഷണിയിലായ കാലത്ത് ''എഴുത്തിന് ശക്തിയുള്ളതുകൊണ്ടാണ് എഴുത്തുകാർ കൊല്ലപ്പെടുന്നത്'' എന്നു ഒരഭിമുഖസംഭാഷണത്തിൽ പറയാൻ മടികാണിച്ചില്ല.
'മാധ്യമം' പത്രം നടത്തിയ ലിറ്റററി ഫെസ്റ്റിവലിനോടനുബന്ധിച്ച് എക്സിക്യൂട്ടീവ് എഡിറ്റർ വി.എം. ഇബ്രാഹീമും ഞാനുമടങ്ങുന്ന സംഘം അദ്ദേഹത്തെ വീട്ടിൽ പോയി ആദരിച്ചതോർക്കുന്നു. അന്ന് അവിടെ പത്നി ശ്രീദേവി അന്തർജനവും ഉണ്ടായിരുന്നു അതിന് സാക്ഷ്യം വഹിക്കാൻ.
ആദരിക്കൽ ചടങ്ങ് കഴിഞ്ഞും ഒരുപാട് സംസാരിച്ചാണ് ഞങ്ങൾ മടങ്ങിയത്. ചോദിക്കുമ്പോഴൊക്കെ അദ്ദേഹം 'മാധ്യമം' ആഴ്ചപ്പതിപ്പിന് കവിതകൾ തന്നു. കെ.എ. കൊടുങ്ങല്ലൂരുമായുള്ള ആത്മബന്ധം കൊണ്ടുകൂടിയാവാം എന്നോട് അദ്ദേഹം പ്രത്യേകം വാത്സല്യം കാണിച്ചിരുന്നു. കൊടുങ്ങല്ലൂർ മലയാള സാഹിത്യത്തിലെ ജഡഭരിതനായിരുന്നു എന്ന് കൊടുങ്ങല്ലൂർ മരിച്ചപ്പോൾ അദ്ദേഹം എഴുതി. കോഴിക്കോട്ടെ അവരുടെ ആകാശവാണിക്കാലം ''അക്കി തിക്കു കൊടു കക്കനെന്നാൽ'' (അക്കിത്തം, തിക്കോടിയൻ, കൊടുങ്ങല്ലൂർ, കക്കാട്) എന്ന് തുടങ്ങുന്ന ശ്ലോകത്താൽ ഏറെ പ്രചാരം നേടിയിരുന്നു. ''യഥാർഥ കവിത കാലാതിവർത്തിയാണ്. എന്നുവെച്ച് കാലികാംശം ഉണ്ടായിക്കൂടെന്നില്ല. ഒരു തരത്തിൽ നോക്കിയാൽ കവിതയിലെ കാലികാംശമാണ് കവിതയെ അനുവാചകഹൃദയത്തിലേക്ക് പൊടുന്നനേ കടത്തിവിടുന്നത്. കാലികാംശം മാത്രം എന്നില്ല താനും. സ്ഥലികാംശവും അതിൽ ഉൾച്ചേരുന്നു. സ്വന്തം കാലഘട്ടത്തോട് സംസാരിക്കാത്ത കവി അംഗീകരിക്കപ്പെടുന്നില്ല എന്ന് പറയാറുള്ളത് ഈ അർഥത്തിലാണ്'' -മഹാകവി അക്കിത്തത്തിെൻറ അവസാനത്തെ പ്രസംഗത്തിലെ വാക്കുകളാണിത്.
നമുക്ക് കാണാം, അക്കിത്തം കാലത്തോട് സംസാരിച്ച കവിയാണ്.