സായിബാബ കേസ്; ജഡ്ജി പ്രോസിക്യൂട്ടറാകുമ്പോൾ
text_fieldsപ്രഫ. ജി.എൻ. സായിബാബ–
ഒരു അധ്യാപക കാല ചിത്രം
ഡൽഹി സർവകലാശാലയിൽ അധ്യാപകനായിരുന്ന പ്രഫ. ജി.എൻ. സായിബാബയെയും മറ്റു നാലുപേരെയും യു.എ.പി.എ പ്രകാരം ചുമത്തിയ കേസിൽ കുറ്റമുക്തരാക്കിയ ബോംബെ ഹൈകോടതി വിധി മരവിപ്പിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തെ കൊടിയ അനീതി എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ.
ഒക്ടോബർ 14ന് വൈകീട്ടാണ് ജസ്റ്റിസുമാരായ രോഹിത് ദേവ്, അനിൽ പൻസാരെ എന്നിവരടങ്ങുന്ന ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ചിന്റെ വിധി വന്നത്. അതിനെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീലിനെ സുപ്രീംകോടതി കൈകാര്യംചെയ്ത രീതി അത്രമാത്രം ഞെട്ടിപ്പിക്കുന്നതാണ്.
അഞ്ചു പേരെയും ഉടനടി ജയിൽമോചിതരാക്കണമെന്ന കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് 14ന് വൈകീട്ടുതന്നെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് യു. യു. ലളിതിന്റെ അഭാവത്തിൽ മുതിർന്ന ജഡ്ജിയായ വൈ.ബി. ചന്ദ്രചൂഡിനെ സമീപിച്ചിരുന്നു; എന്നാൽ, അതിനു കൂട്ടാക്കാതെ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ച് വിഷയം തിങ്കളാഴ്ച പരിഗണിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിന്നീട് സോളിസിറ്റർ ജനറൽ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെ സമീപിക്കുകയും ജസ്റ്റിസുമാരായ എം.ആർ. ഷാ, ബേലാ എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന് അദ്ദേഹം ഈ അപേക്ഷ കൈമാറുകയുമായിരുന്നു. അവർ അന്നേക്കന്ന് വിധി മരവിപ്പിക്കുകയും ചെയ്തു.
രാജ്യസുരക്ഷ, ഭരണത്തകർച്ച, പൗരജനങ്ങളുടെ ജീവനും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങൾ എന്നിവയെല്ലാം ഉടലെടുക്കുമ്പോൾ മാത്രമാണ് സുപ്രീംകോടതി പ്രത്യേക സിറ്റിങ് നടത്തുന്നത്. ഒരു ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാനായി ഇതിനുമുമ്പ് സുപ്രീംകോടതി ഇത്തരമൊരു സിറ്റിങ് നടത്തിയിട്ടില്ല. അതും അഞ്ചു പേരെ ജയിലിൽ പിടിച്ചുവെക്കുന്ന കാര്യത്തിനുവേണ്ടി.
ഹൈകോടതി കുറ്റമുക്തനാക്കിയ കേസിലെ പ്രധാന പ്രതി പ്രഫ. സായിബാബ വീൽചെയറിന്റെ സഹായം കൂടാതെ ഒരിഞ്ച് നീങ്ങാനാവാത്ത, 90 ശതമാനം ശാരീരിക വ്യതിയാനമുള്ളയാളാണ്. ഗുരുതരമായ മറ്റനവധി രോഗങ്ങളും അദ്ദേഹത്തെ ഗ്രസിച്ചിരിക്കുന്നു. എന്നിരിക്കെ ഈ വിധി മരവിപ്പിക്കാൻ കാണിച്ച വ്യഗ്രതയുടെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
കേസിന്റെ മെറിറ്റിലേക്ക് ഹൈകോടതി പോയില്ല എന്നൊരു അഭിപ്രായപ്രകടനം ജസ്റ്റിസ് ഷാ നടത്തുകയുണ്ടായി. സത്യത്തിൽ 101 പേജ് വരുന്ന ഹൈകോടതി വിധി സമഗ്രമാണ്, അതിലുപരി രാജ്യത്തെ നൂറുകണക്കിന് പൗരാവകാശപ്രവർത്തകരെ കെട്ടിച്ചമച്ച കേസുകളിൽ കുടുക്കി തുറുങ്കിലടക്കാൻ കാരണമായ സംവിധാനങ്ങളെ പരിഷ്കരിക്കുന്നതിൽ വലിയ പങ്ക് വഹിക്കാനുതകുന്നതുമാണ്.
പ്രോസിക്യൂഷൻ വാദത്തിന്റെ മാറ്റൊലിയെന്നോണം ഹൈകോടതി പ്രതികളെ കുറ്റമുക്തരാക്കുകയല്ല, മറിച്ച് വിടുതൽ ഉത്തരവ് പാസാക്കുകയായിരുന്നുവെന്നും വിചാരണ കോടതിയുടെ കണ്ടെത്തലുകളൊന്നും തിരുത്തിയില്ലെന്നും ജസ്റ്റിസ് ഷാ അഭിപ്രായപ്പെട്ടു.
വാദത്തിനിടെ ഒരു ഘട്ടത്തിൽ മുതിർന്ന അഭിഭാഷകൻ ആർ. ബസന്തിനോട് ഹൈകോടതിക്ക് പറ്റിയ പിഴവിന്റെ ആനുകൂല്യം കുറ്റാരോപിതർക്ക് ലഭിക്കേണ്ടതുണ്ടോ എന്നും ജസ്റ്റിസ് ഷാ ചോദിച്ചു.
യു.എ.പി.എ വകുപ്പുകളുടെ ഉപയോഗവും ദുരുപയോഗവും സംബന്ധിച്ച് വിധിയിൽ വിശദമായി പറയുന്ന സുപ്രധാന വിഷയങ്ങൾ വിശകലനം ചെയ്യുന്നതിന് മുമ്പുതന്നെ ഹൈകോടതിക്ക് തെറ്റുപറ്റി എന്ന നിഗമനത്തിലെത്തിയോ പരമോന്നത കോടതി?
സായിബാബയുടെ ആരോഗ്യസാഹചര്യങ്ങളെക്കുറിച്ച് മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് കോടതിയുടെ ശ്രദ്ധക്ഷണിച്ചെങ്കിലും മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ തലച്ചോറാണ് സവിശേഷമായ പങ്കുവഹിക്കുന്നത് എന്നതിനാൽ യാതൊരാനുകൂല്യവും നൽകാനാവില്ല എന്നായിരുന്നു മറുപടി.
കേസിൽ കുറ്റമുക്തമാക്കവെ ബോംബെ ഹൈകോടതി ചൂണ്ടിക്കാട്ടിയ ഒരു സുപ്രധാന കാര്യം വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചശേഷമാണ് സായിബാബക്കെതിരെ യു.എ.പി.എ ചുമത്താൻ ബന്ധപ്പെട്ട അതോറിറ്റി അനുമതി നൽകിയത് എന്നതാണ്.
ഇത് ചട്ടവിരുദ്ധമാകയാൽ വിചാരണ കോടതി നടപടികൾ പൂർണമായും അസാധുവാകുന്നു. ഒരാൾക്കെതിരെ നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് പ്രത്യേക സ്വതന്ത്ര അവലോകന സമിതി അന്വേഷണ ഏജൻസികൾ ശേഖരിച്ച തെളിവുകൾ പൂർണമായി പരിശോധിച്ചശേഷം ബന്ധപ്പെട്ട അതോറിറ്റി റിപ്പോർട്ട് നൽകേണ്ടതുണ്ട്.
അതിന്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്താൻ അനുമതി നൽകേണ്ടത്. ദേശസുരക്ഷക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഭീകരവാദത്തിനെതിരെ നിയമാനുസൃതമായ സകല ആയുധങ്ങളും വിന്യസിച്ച് ഇച്ഛാശക്തിയോടെ ഭരണകൂടം യുദ്ധംചെയ്യണമെന്ന് പറഞ്ഞ ഹൈകോടതി എന്നാൽ, ഭീകരവാദത്തിന്റെ പേരിൽ ജനാധിപത്യ സമൂഹത്തിന് നിയമം നൽകുന്ന പരിരക്ഷയെ ബലികഴിക്കാനാവില്ലെന്ന് ഊന്നിപ്പറഞ്ഞു.
പ്രതികൾക്ക് നിയമം നൽകുന്ന പരിരക്ഷ എത്ര ചെറുതാണെങ്കിലും ശരി അവ സംരക്ഷിക്കപ്പെടണമെന്നും കോടതി കൂട്ടിച്ചേർത്തു. 2014 ഫെബ്രുവരി 14നാണ് സായിബാബ അറസ്റ്റിലാവുന്നത്. കേസ് പരിഗണിച്ച കോടതി, 2015 ഫെബ്രുവരിയിൽ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുകയും 2015 ഏപ്രിലിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിനുമുമ്പ് ഒന്നാം സാക്ഷിയെ വിസ്തരിക്കുകയും ചെയ്തിരുന്നു.
ആകയാൽ ഹൈകോടതി പറഞ്ഞു: ബൈജ് നാഥ് പ്രസാദ് ത്രിപാഠി കേസിൽ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചെടുത്ത തീരുമാനത്തിന്റെ അധികാരത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ആവശ്യമായ അനുമതികൾ പാലിക്കാത്തപക്ഷം മുഴുവൻ വിചാരണയും വികലമാവും.
ഹൈകോടതി വിധിയനുസാരം സ്വതന്ത്രരാക്കപ്പെടേണ്ടിയിരുന്ന സായിബാബയും മറ്റു നാലുപേരും സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ഇപ്പോഴും തടവറക്കുള്ളിൽതന്നെയാണ്. അവർ ഇനിയുമങ്ങനെ എത്രനാൾ കഴിയണമെന്ന് കാലത്തിനു മാത്രമേ പറയാനാവൂ.
തന്റെ വിദ്യാർഥികൾക്കായി 2018ൽ ജയിലിലിരുന്ന് എഴുതിയ ഒരു കത്തിൽ സായിബാബ ഇങ്ങനെ കുറിച്ചിട്ടിരുന്നു: ''എന്നെ ഏകാന്ത തടവിന് പാർപ്പിച്ചിരിക്കുന്ന ഈ കുടുസ്സ് ജയിൽമുറിക്കുള്ളിൽ കാരിരുമ്പഴികൾക്കിപ്പുറം രാപ്പകലുകൾ തള്ളിനീക്കുമ്പോഴും ഞാൻ എന്റെ ക്ലാസ് മുറിയിൽ ഇരിക്കുന്നത് സ്വപ്നം കാണുന്നു.
നിങ്ങളിൽനിന്ന് അകന്നിരിക്കുമ്പോഴും, എന്റെ രക്തക്കുഴലുകളിലൂടെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം ഒഴുകുന്നിടത്തോളം ചങ്ങലയിൽ പൂട്ടിയിടപ്പെടാത്ത എന്റെ മനസ്സിന്റെ കൺകളാൽ ഞാൻ നിങ്ങളെ കാണുന്നു, സംസാരിക്കുന്നു, ദുർബലവും വെല്ലുവിളികൾ നിറഞ്ഞതുമായ ജീവിതത്തിന്റെ ശക്തിയാൽ ആലിംഗനം ചെയ്യുന്നു''. ആ സ്വപ്നം എത്രയും വേഗം സഫലമാവട്ടെ എന്ന് ആശിക്കാൻ മാത്രമേ നമുക്കാവൂ.