നേർവഴിയേകേണ്ട മസ്തിഷ്കം
text_fieldsഒരു ശരാശരി മലയാളി അഞ്ചും ആറും മണിക്കൂർ ഒരുദിവസം മൊബൈലിന് മുന്നിൽ ചെലവഴിക്കുന്നു. ആ കാണുന്നതും കേൾക്കുന്നതുമെല്ലാം നമ്മുടെ മസ്തിഷ്കത്തിലേക്കുള്ള ഇൻപുട്ടുകളാണ്. അത് ഏറ്റവും മികച്ചവയാക്കാനുള്ള വഴികൾ നാം ആലോചിക്കണം
ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് 2024 ന്റെ വാക്കായി തെരഞ്ഞെടുത്തിരിക്കുന്നത് ‘ബ്രെയിൻ റോട്ട്’ (brain rot) എന്ന പദമാണ്. മസ്തിഷ്കത്തിന്റെ അഴുകൽ, ചീയൽ എന്നൊക്കെയാണ് അതിന്റെ ഭാഷാർഥം. അർഥശൂന്യമായ സമൂഹമാധ്യമ ഉള്ളടക്കങ്ങൾ നിരന്തരം വിനിമയം ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ വിശകലനബുദ്ധിയിൽ ഉണ്ടാകുന്ന തകർച്ച (cognitive decline)യെയാണ് ഇത് കൊണ്ട് അർഥമാക്കുന്നത്. നാം ജീവിക്കുന്ന ലോകത്തിന് സംഭവിച്ച വലിയൊരു മാറ്റത്തെ കുറിക്കുന്ന ഈ വാക്ക് കേട്ടപ്പോൾ ഒട്ടേറെ കാഴ്ചകളാണ് മനസ്സിലൂടെ കടന്നുപോയത്.
ട്രെയിനിലോ ബസിലോ സഞ്ചരിക്കുമ്പോൾ ചുറ്റുമുള്ളവർ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിച്ചിട്ടുണ്ടോ? 90 ശതമാനം പേരും മൊബൈലിൽ കണ്ണുപൂഴ്ത്തിയിരിക്കുക ആയിരിക്കും. ഇക്കാലത്ത് എപ്പോഴും വേണ്ടുന്ന ഉപകരണമായ മൊബൈൽ ഫോണുപയോഗിച്ച് ജോലികൾ ചെയ്യുന്നവരും വായിക്കുന്നവരുമൊക്കെയുണ്ടാവും. ഉൽകൃഷ്ട കൃതികൾ വായിക്കാനും ലോക സിനിമകൾ കാണാനുമെല്ലാം അതീവ സൗകര്യപ്രദമായ സങ്കേതമാണ് ഇന്ന് മൊബൈൽ ഫോണുകൾ. ദൗർഭാഗ്യവശാൽ, സമൂഹമാധ്യമങ്ങളിലെ അർഥശൂന്യമായ പോസ്റ്റുകളും റീലുകളും നിലവാരമില്ലാത്തതും പ്രതിലോമകരവുമായ വിഡിയോകളും അതിവേഗം കണ്ണിലെത്തിക്കുന്നതും ഫോണുകളാണ്. എന്ത് വായിക്കണം/കാണണം എന്നത് ഓരോരുത്തരുടെയും അവകാശമാണ്. ആ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
തുടർച്ചയായി ഏറെനേരം ഇത്തരം വിഡിയോകളും മറ്റും കാണുന്ന ഒരാൾക്ക് കണ്ണിനും മനസ്സിനും ശരീരത്തിന് ആകെയും വലിയ തളർച്ച ഉണ്ടാകുമെന്ന് ഉറപ്പാണ്. ഒരു പുസ്തകം രണ്ട് മണിക്കൂർ തുടർച്ചയായി വായിച്ചാലും കണ്ണിന് വേദനയുണ്ടാകില്ലേ എന്ന് ചോദിച്ചേക്കാം. വില്യം ഷേക്സ്പിയറിന്റെ ഹാംലറ്റ് ആകട്ടെ, ഹോമറിന്റെ ഇലിയഡ് ആകട്ടെ ബഷീറിന്റെയോ എം.ടിയുടെയോ കെ.ആർ. മീരയുടെയോ ബെന്യാമിന്റെയോ കൃതികളാവട്ടെ-എത്ര മികച്ച പുസ്തകവും തുടർച്ചയായി വായിച്ചാൽ കണ്ണ് വേദനിക്കും.
എന്നാൽ, മികച്ച സാഹിത്യരചനകൾ വായിക്കുമ്പോൾ മനസ്സിന് ഒരുവിധ ക്ഷീണവും സംഭവിക്കില്ല. ഉൽകൃഷ്ട കൃതികളുടെ സാമീപ്യം മനസ്സിന് വലിയ ഉണർവാണ് നൽകുക. എന്നാൽ, അർഥശൂന്യമായ വിഡിയോകളും മറ്റു കണ്ടന്റുകളും ഒരു പരിധിക്കപ്പുറം കാണുകയോ കേൾക്കുകയോ ചെയ്യുന്നത് മനസ്സിന് വല്ലാത്ത ഇടിവും ഞെരുക്കവുമാണ് വരുത്തിവെക്കുക. അത് പെട്ടെന്ന് ഒരു ദിവസം കൊണ്ടുണ്ടാകണമെന്നില്ല. മനസ്സിന് അല്ലെങ്കിൽ തലച്ചോറിന് സംഭവിക്കുന്ന ഈ ഞെരുക്കത്തെക്കുറിച്ച് പലരും ആലോചിക്കാറില്ല.
മൊബൈൽ ആധിപത്യമുള്ള ഈ കാലം, മെച്ചപ്പെട്ട കാര്യങ്ങളും ചിന്തകളും മുന്നോട്ടുവെക്കാനുള്ള മനുഷ്യരുടെ കരുത്ത് ചോർത്തിക്കളയുന്നുണ്ടോ എന്ന സംശയം പലരും ഉയർത്താറുണ്ട്. അതിന്റെ കാരണം അന്വേഷിച്ച് ചെല്ലുമ്പോൾ നാം എത്തുക ഇത്തരം കെട്ടുകാഴ്ചകൾ സൃഷ്ടിക്കുന്ന ആലസ്യത്തിലേക്കും ആകുലതകളിലേക്കുമാണ്.
നമ്മുടെ തലച്ചോറിനെ ശരിയാംവണ്ണം പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന ഇന്ധനം നാം നൽകുന്ന മെച്ചപ്പെട്ട ഇൻപുട്ടുകളാണ്. ഇൻപുട്ട് മോശമായാൽ പ്രവർത്തനവും അതേവിധമാകുമെന്ന് പറയേണ്ടതില്ലല്ലോ.
കമ്പ്യൂട്ടറുകൾക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന സംശയം ഒരുകാലത്ത് പലരും ഉന്നയിച്ചിരുന്നു. നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യുകയും നമ്മെപ്പോലെ ചിന്തിക്കുകയും ചെയ്യുന്ന, തൊഴിൽ കവർന്നെടുക്കുന്ന യന്ത്രരാക്ഷസനായി കമ്പ്യൂട്ടറിനെ ചിത്രീകരിച്ച കാലവുമുണ്ടായിരുന്നു. എന്നാൽ, നമ്മൾ നൽകുന്ന മെച്ചപ്പെട്ട ഇൻപുട്ടുകൾക്ക് അനുസൃതമായ വിവരങ്ങൾ മാത്രമേ കമ്പ്യൂട്ടറിനായാലും നിർമിത ബുദ്ധിക്കായാലും നൽകാൻ കഴിയൂ എന്ന തിരിച്ചറിവിലേക്ക് നാം ഇന്നെത്തി.
കമ്പ്യൂട്ടർവത്കരണത്തിന്റെ ആരംഭനാളുകളിൽ സർക്കാർ-സ്വകാര്യ ഓഫിസുകൾ ഭേദമന്യെ ഉദ്യോഗസ്ഥരിൽ പലർക്കും കമ്പ്യൂട്ടറിനെക്കുറിച്ച് എമ്പാടും തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. ചില്ലറ കാര്യങ്ങൾ കമ്പ്യൂട്ടറിന് നൽകിയാൽ എല്ലാം ഏറ്റവും മികച്ച രീതിയിലാക്കി കമ്പ്യൂട്ടർ തിരിച്ചുതരും എന്നതായിരുന്നു അതിലൊന്ന്. എനിക്ക് പരിചയമുള്ള ഒരു ഓഫിസിൽ നടന്ന കാര്യം ഓർമയിൽ വരുന്നു. ഒരു ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥനോട് ചോദിച്ചു. ‘സാർ, ഈ ഡേറ്റ അപ്പടി കമ്പ്യൂട്ടറിലേക്ക് കൊടുക്കട്ടെ’. ‘ഡേറ്റയിലെ ശരിയും തെറ്റും താൻ വിലയിരുത്തിയോ’-മേലുദ്യോഗസ്ഥൻ തിരിച്ചുചോദിച്ചു. ‘അത് ഞാൻ വിലയിരുത്തേണ്ട കാര്യമില്ലല്ലോ, അതിനല്ലേ കമ്പ്യൂട്ടർ’-ഉദ്യോഗസ്ഥൻ പറഞ്ഞു.
മേലുദ്യോഗസ്ഥന് കമ്പ്യൂട്ടറിനെക്കുറിച്ച് വലിയ പിടിപാടില്ലാത്തതിനാൽ അദ്ദേഹം അപ്പറഞ്ഞത് അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ഉദ്യോഗസ്ഥൻ വികലമായ ആ ഡേറ്റ കമ്പ്യൂട്ടറിന് കൈമാറി. കമ്പ്യൂട്ടർ പ്രോസസ് ചെയ്ത് തിരികെ നൽകിയ ഔട്ട്പുട്ടിലാവട്ടെ അബദ്ധങ്ങളുടെ ഘോഷയാത്രയായിരുന്നു. ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥനും മൂക്കത്ത് വിരൽവെച്ചു. അവസാനം അവർ പഴിചാരിയത് കമ്പ്യൂട്ടറിന്റെയും അതിലുപയോഗിച്ചിരുന്ന സോഫ്റ്റ് വെയറിന്റെയും മേലായിരുന്നു. അക്കാലത്ത് നാട്ടിൽ ലഭ്യമായിരുന്നതിൽവെച്ച് ഏറ്റവും മികച്ചവയായിരുന്നു അതെന്ന് ഓർക്കണം.
സത്യത്തിൽ അവിടെ സംഭവിച്ചത് ഇതായിരുന്നു. ആ ഉദ്യോഗസ്ഥൻ തെറ്റായ സ്വഭാവത്തിലുള്ള കുറേ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ഇൻപുട്ട് ആയി നൽകി. അതിന് അനുസൃതമായ ഔട്ട്പുട്ട് കമ്പ്യൂട്ടറും നൽകി.
യഥാർഥത്തിൽ കമ്പ്യൂട്ടർപോലെയാണ് നമ്മുടെ മസ്തിഷ്കവും. നമ്മൾ ഉള്ളിലേക്ക് നൽകുന്നത് മെച്ചപ്പെട്ട ഇൻപുട്ടുകളാണെങ്കിൽ, സംശയം വേണ്ട നമ്മുടെ മസ്തിഷ്കം ഉൽപാദിപ്പിക്കുന്നത് അതിലേറെ ഉൽകൃഷ്ടമായ കാര്യങ്ങളായിരിക്കും. തിരിച്ചായാൽ അങ്ങനെയും. കമ്പ്യൂട്ടർ എന്ന യന്ത്രത്തെ നമ്മൾ കൈകാര്യം ചെയ്യുന്നപോലെ, അതിലേറെ സൂക്ഷമതയോടെ, അവധാനതയോടെ വേണം നമ്മുടെ ബുദ്ധിയെയും പരിചരിക്കാൻ.
ഒരു ശരാശരി മലയാളി അഞ്ചും ആറും മണിക്കൂർ ഒരുദിവസം മൊബൈലിന് മുന്നിൽ ചെലവഴിക്കുന്നു. ആ കാണുന്നതും കേൾക്കുന്നതുമെല്ലാം നമ്മുടെ മസ്തിഷ്കത്തിലേക്കുള്ള ഇൻപുട്ടുകളാണ്. അത് ഏറ്റവും മികച്ചവയാക്കാനുള്ള വഴികൾ നാം ആലോചിക്കണം. മൊബൈലിലൂടെ കാണുന്ന കാഴ്ചകൾ, നേടുന്ന അറിവുകൾ, ആസ്വദിക്കുന്ന വിനോദങ്ങൾ എന്നിവയെല്ലാം ഏറ്റവും മികച്ചത് ആവുക എന്നത് തന്നെയാണ് അതിനുള്ള വഴി. മൊബൈൽ സ്ക്രീനിൽ വരുന്ന സകല കാഴ്ചകൾക്കും നമ്മുടെ കണ്ണും കാതും മനസ്സും നീട്ടിക്കൊടുത്താൽ ആത്യന്തികമായി നമ്മുടെ മസ്തിഷ്കത്തിനും അതിന്റെതായ അഴുകൽ സംഭവിക്കും -അതാണ് ‘ബ്രെയിൻ റോട്ട്’.
നല്ലതും ചീത്തയും കൃത്യമായി വേർതിരിക്കാനും അതിൽനിന്ന് നല്ലത് മാത്രം തിരഞ്ഞെടുക്കാനുമുള്ള വിവേചനശേഷി നാം നേടണം. നമ്മൾ തിരഞ്ഞെടുക്കുന്ന കാഴ്ച, കേൾവി, വായന, നമ്മുടെ സൗഹൃദങ്ങൾ, ചുറ്റുപാടുകൾ എല്ലാം തെളിമയുള്ളതായാൽ അതിന് അനുസൃതമായാവും നമ്മുടെ മസ്തിഷ്കവും പ്രവർത്തിക്കുക. ചിന്ത, ബുദ്ധി, തീരുമാനങ്ങൾ എന്നിവയിലെല്ലാം ആ തെളിച്ചം പ്രകടമാവുകയും ചെയ്യും.
നല്ലൊരു ലോകത്തിന്റെ സൃഷ്ടിക്കായി ആദ്യം വേണ്ടത് നല്ല പാകതയും തെളിമയുള്ള മസ്തിഷ്കങ്ങളാണ്. അതിൽനിന്ന് ഉറവയെടുക്കുന്ന ചിന്തകളും കാഴ്ചകളും കേൾവികളും ഏറ്റവും മികച്ച ഒരു ലോക സൃഷ്ടിയിലേക്ക് നയിക്കും. അത്തരം തെളിമയുള്ള മസ്തിഷ്കങ്ങൾ ഒരായിരം ഗുകേഷുമാർക്ക് പിറവി നൽകും- ഉറപ്പ്.
‘മനുഷ്യനാവട്ടെ, കാക്കയാവട്ടെ-ഈ ലോകത്ത് നമുക്ക് സ്വന്തമായിട്ടുണ്ടാവേണ്ട മൂല്യവത്തായ ഒരേയൊരു കാര്യം തലച്ചോറാണ്’ എന്ന് പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ എൽ ഫ്രാങ്ക്ബോം കുറിച്ചിട്ടത് എന്തുമാത്രം കാലികപ്രസക്തമാണെന്ന് ചിന്തിക്കൂ!