പുതുയുഗ യാത്ര-നമ്മുടെ നാടിന്‍റെ വീണ്ടെടുപ്പിന്
text_fieldsപത്തുവര്‍ഷത്തെ ദുര്‍ഭരണത്തിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞ കേരളത്തെ വീണ്ടെടുക്കുന്നതിനു വേണ്ടിയാണ് ഐക്യജനാധിപത്യ മുന്നണി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ‘പുതുയുഗ യാത്ര’ സംഘടിപ്പിക്കുന്നത്. ഈ സര്‍ക്കാറിനെ തുറന്നുകാട്ടുന്നതിനൊപ്പം യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ കടക്കെണിയില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്നത് ഉള്‍പ്പെടെ ആരോഗ്യ, വിദ്യാഭ്യാസ, വികസന മേഖലകളില്‍ വരുത്തുന്ന മാറ്റങ്ങളും പുതുയുഗ യാത്രയുടെ ഭാഗമായി ഓരോ പ്രദേശങ്ങളിലെ ജനങ്ങളുമായി ചര്‍ച്ച ചെയ്യും. ശബരിമല ധർമശാസ്താവിന്റെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും വാതിൽപടിയും ദ്വാരപാലക ശില്‍പങ്ങളും മോഷ്ടിച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയും സര്‍ക്കാറും സി.പി.എം നേതൃത്വവുമാണ്.
അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും നടത്തി കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോൾ അതിന്റെ ഇരകളാവുന്നത് സാധാരണക്കാരാണ്. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. വെള്ളക്കരം 300 ശതമാനം കൂട്ടി. 2021 മേയ് മുതല്‍ നാല് തവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും കുത്തനെ വര്‍ധിപ്പിച്ചു. ഈ സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കടം ആറ് ലക്ഷം കോടിയാകും. തുച്ഛമായ വേതന വര്‍ധനവിനുവേണ്ടി തെരുവിലിറങ്ങിയ ആശ പ്രവര്‍ത്തകരെയും അംഗൻവാടി ജീവനക്കാരെയും അപമാനിച്ചതും ഇടതുപക്ഷ സര്‍ക്കാറിലെ മന്ത്രിമാരാണ്. അവര്‍ അനുഭവിച്ച അവഗണനക്കും അപമാനത്തിനും അടുത്ത യു.ഡി.എഫ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കും.
കാലങ്ങള്‍ കൊണ്ട് കേരളം വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ ആര്‍ജിച്ചെടുത്ത നേട്ടങ്ങളൊക്കെ ഈ സര്‍ക്കാര്‍ പത്തു വര്‍ഷം കൊണ്ട് ഇല്ലാതാക്കി. സർവകലാശാലകളിലെയും കോളജുകളിലെയും അക്കാദമിക് അന്തരീക്ഷം തകര്‍ത്ത് തരിപ്പണമാക്കി. നമ്മുടെ കുട്ടികള്‍ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലക്ക് ചേക്കേറുകയാണ്. കാലഘട്ടത്തിന് അനുയോജ്യമായ കോഴ്‌സുകള്‍ ആരംഭിച്ചും തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കുന്ന പ്രോഗ്രാമുകള്‍ തുടങ്ങിയും നമ്മുടെ കുട്ടികളെ നാട്ടിൽ പിടിച്ചുനിര്‍ത്തേണ്ടതുണ്ട്. ആരോഗ്യ മേഖല വെന്റിലേറ്ററിലാണ്. ചികിത്സാ പിഴവില്‍ നാലാം ക്ലാസുകാരിയായ ഒരു കുഞ്ഞിന്റെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നതുൾപ്പെടെ ആശുപത്രികളിലെ ശ്രദ്ധയില്ലായ്മയും കൈപ്പിഴകളും നിരന്തരമായി വര്‍ധിക്കുകയാണ്. കോവിഡിന്റെ മറവില്‍ പി.ആര്‍ കമ്പനികളെ ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ അടിച്ചു മാറ്റിയതും കേരളം മറന്നിട്ടില്ല.
ഉദ്യോഗസ്ഥ- രാഷ്ട്രീയ അഴിമതിയുടെ ഏറ്റവും വലിയ സ്മാരകമായി ദേശീയപാത മാറിയിരിക്കുന്നു. 150തോളം സ്ഥലത്ത് ദേശീയപാത നിർമാണത്തിൽ പാളിച്ചകളുണ്ടായിട്ടും പിണറായി സര്‍ക്കാറിന് ഒരു പരാതിയും ഇല്ല. മോദിയും അമിത് ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ ഒപ്പിടും പിണറായി വിജയന്‍. അതാണ് പി.എം ശ്രീയിലും തൊഴില്‍ നിയമ ഭേദഗതിയിലും കണ്ടത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടാന്‍ തൃശൂര്‍ പാര്‍ലമെന്റ് സീറ്റാണ് സി.പി.എം ബി.ജെ.പിക്ക് തീറെഴുതിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സി.പി.എം നേതാക്കള്‍ക്കും എതിരായ എത്രയെത്ര അഴിമതിക്കേസുകളാണ് ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടില്‍ ഒത്തുതീര്‍പ്പായത്. മൈക്കിനുമുന്നില്‍ വര്‍ഗീയതക്കെതിരായ പോരാട്ടവും സ്‌റ്റേജിനുപിന്നില്‍ വര്‍ഗീയ വാദികളെ ആശ്ലേഷിക്കുന്ന കാപട്യവും കേരള ജനത തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്.
സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നടിഞ്ഞ നമ്മുടെ നാടിനെ വീണ്ടെടുക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ച് മത നിരപേക്ഷതക്ക് അല്‍പംപോലും പോറലേല്‍ക്കാതെ ആ ദൗത്യം യു.ഡി.എഫ് നിറവേറ്റും. സംഘ്പരിവാറിനെ പോലെ വര്‍ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സി.പി.എമ്മും ശ്രമിക്കുന്നത്. പിണറായി വിജയനും വി.ഡി. സതീശനുമൊക്കെ കുറെനാള്‍ കഴിയുമ്പോള്‍ ഇല്ലാതാകും. പക്ഷേ കേരളം അപ്പോഴും ഉണ്ടാകുമെന്നത് മറക്കരുത്. കേരളത്തിന്റെ മതേതര അടിത്തറക്ക് തീ കൊളുത്തുന്ന പരിപാടി വരാനിരിക്കുന്ന തലമുറയോടുള്ള കടുത്ത അനീതിയാണ്. കേരളത്തെ തകര്‍ക്കാനും ഭിന്നിപ്പിക്കാനും ആര് വന്നാലും ചെറുത്തുതോൽപിക്കുക തന്നെ ചെയ്യും.
ക്ഷേമ പെന്‍ഷന്‍ 2500 ആക്കുമെന്ന് കബളിപ്പിച്ചാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ ഭരണം നേടിയത്. ഭരണത്തിലെത്തി നാലരവര്‍ഷമായിട്ടും നയാപൈസ കൂട്ടാത്തവര്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലേ ആഴ്ചയാണ് 400 രൂപ വര്‍ധിപ്പിച്ചത്. റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് വാഗ്ദാനം നല്‍കിയവര്‍ പത്തുവര്‍ഷംകൊണ്ട് കൂട്ടിയത് 50 രൂപ മാത്രം. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കിയിട്ട് 18 മാസമായി. പാവങ്ങള്‍ക്ക് ആശ്വാസമായിരുന്ന കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1200 കോടിയാണ് കുടിശ്ശിക. എസ്.സി-എസ്.ടി വിഭാഗങ്ങളെയും ഈ സര്‍ക്കാര്‍ അവഗണിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ലക്ഷം കോടിയോളം രൂപയാണ് കുടിശ്ശിക. നെല്ലും നാളികേരവും ഉള്‍പ്പെടെ വിവിധ കാര്‍ഷിക മേഖലകളെയും കര്‍ഷകരെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. 30 ലക്ഷം ജനങ്ങൾ ജീവിക്കുന്ന മലയോര മേഖലയിലെ വന്യജീവി ആക്രമണം നേരിടാന്‍ സര്‍ക്കാറിന് ഒരു പദ്ധതികളുമില്ല. മത്സ്യത്തൊഴിലാളികളെയും ഇവര്‍ വറുതിയിലാക്കി. ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിയിട്ടും വയനാട് ദുരന്തബാധിതര്‍ക്ക് ചികിത്സാ സഹായമോ വീട്ടുവാടകയോ കൃത്യമായി നല്‍കാതെ കബളിപ്പിക്കുന്ന സര്‍ക്കാറാണിത്.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള പതിവ് രാഷ്ട്രീയ ജാഥ എന്നതിനും അപ്പുറം ജനങ്ങളെ കേട്ടും അവരുടെ നിർദേശങ്ങള്‍ സ്വീകരിച്ചും തകര്‍ന്നടിഞ്ഞ നമ്മുടെ നാടിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ ജനകീയ മുന്നേറ്റമായിരിക്കും പുതുയുഗ യാത്ര.


