യു.ജി.സി പരിഷ്കാരങ്ങളുടെ അകവും പുറവും
text_fieldsഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്
പുതിയ യു.ജി.സി പരിഷ്കാരങ്ങളുടെ കരട് പ്രസിദ്ധീകരിക്കപ്പെട്ടത് അഖിലേന്ത്യാ തലത്തിലും, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തന്റെ നയങ്ങള്‍ ആരിഫ് മുഹമ്മദ്ഖാന് പിന്തുടര്ന്നതോ അതിലേറെ കടുപ്പമുള്ളതോ ആവും എന്ന് വെളിപ്പെടുത്തിയത് സവിശേഷമായി കേരളത്തിലും ഉന്നത വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.
രാജേന്ദ്ര ആര്‍ലേക്കര്‍ തന്റെ ചാന്‍സലര്‍ പദവി വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ ഉപയോഗിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ആരിഫ് മുഹമ്മദ്ഖാന് കാര്യങ്ങള്‍ ശരിയായി ഗ്രഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വളരെ നന്നായാണ് എല്ലാം കൈകാര്യം ചെയ്തതെന്നും മുഖ്യമന്ത്രിക്കുള്ള മറുപടിയെന്നോണം പുതിയ ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ആരിഫ് മുഹമ്മദ്ഖാന് ചെയ്ത കാര്യങ്ങളോട് ക്ഷിപ്രമായ രാഷ്ട്രീയ പ്രതികരണങ്ങളും ശക്തമായ തെരുവ് പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടായെങ്കിലും ആര്.എസ്.എസ് നേതാവുകൂടിയായ പുതിയ ഗവര്‍ണറുടെ പ്രസ്താവനയോട് പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായതായി കണ്ടില്ല.
പ്രതിഷേധങ്ങള്‍ പഴയനിലയില്‍ ഉണ്ടാവുമോ എന്നകാര്യത്തില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ഗവര്‍ണർ വിരുദ്ധസമരങ്ങളുടെ അധ്യായം അടഞ്ഞുവോ എന്നത് കണ്ടറിയാന്‍ പോകുന്നതേയുള്ളു. ഇതിനിടയിലാണ് പുതിയ യു.ജി.സി നയങ്ങളുടെ കരട് പ്രസിദ്ധീകരിക്കപ്പെട്ടത്. ബി.ജെ.പി സര്‍ക്കാറുകളുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അനുഭവം, ജനാധിപത്യ വിരുദ്ധതയുടെ കാര്യത്തില്‍, അവര്‍ ചര്ച്ചക്കുവെക്കുന്ന കരടിനേക്കാള്‍ കടുത്തതായിരിക്കും അന്തിമരേഖ എന്നതാണ്. സ്വീകരിക്കപ്പെടുന്ന നിർദേശങ്ങളിലധികവും പരിവാര്‍ വൃത്തങ്ങളില്നിന്നുള്ളവയാവും എന്നതു തന്നെ കാരണം.
ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ ഇനി തിരിച്ചറിയാന്‍ കഴിയാത്തവിധം മാറ്റിത്തീര്‍ക്കുന്ന നയങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് എന്നുപറഞ്ഞാല്‍ അതിശയോക്തിയല്ല. പുതിയ വിദ്യാഭ്യാസനയം 2020ന്റെ(എന്‍.ഇ.പി) തുടര്‍ച്ചയാണ് അവയെന്ന് യു.ജി.സി ചെയര്‍മാന്‍തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ചാന്‍സലര്‍ എന്ന സര്‍വാധികാരി
യഥാര്‍ഥത്തില്‍ ചാന്‍സലറുടെ അധികാരത്തെക്കുറിച്ചല്ല, ആരായിരിക്കണം ചാന്‍സലര്‍ എന്നതിനെക്കുറിച്ച് മാത്രമാണ് ബി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ തര്‍ക്കമുണ്ടാവുന്നത് എന്നത് നിര്‍ഭാഗ്യകരമാണ്. ചാന്‍സലര്‍ എന്ന നിലക്ക് ഗവര്‍ണര്‍ക്കുപകരം മുഖ്യമന്ത്രിമാര്‍ സര്‍വാധികാരികളായി ഇരുന്നാല്‍ കുഴപ്പമില്ല എന്ന നിലപാടല്ല ഇക്കാര്യത്തില്‍ എനിക്കുള്ളത്. പുതിയ യു.ജി.സി മാര്‍ഗരേഖ ചാൻസലര്‍ക്കുള്ള പരമാധികാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നതും ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍വകലാശാലകളുടെയും ഉപരാഷ്ട്രപതിയോ രാഷ്ട്രപതിയോ കേന്ദ്രസര്വകലാശാലകളുടെയും ചാന്‍സലര്‍ പദവി വഹിക്കണമെന്ന് നിർദേശിക്കുന്നതുമാണ്.
പുതിയ മാര്‍ഗനിർദേശങ്ങള്‍ വായിച്ചാല്‍ മനസ്സിലാവുന്ന ഒരുകാര്യം അവ കേരളം,ബംഗാള്‍,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാറുകളും ഗവര്‍ണര്‍മാരും തമ്മിലെ തര്‍ക്കങ്ങളില്‍ തീര്പ്പുകൽപിക്കാനും ഗവര്‍ണറുടെ അധികാരങ്ങള്‍ക്ക് ആത്യന്തികമായ സാധൂകരണം നൽകുന്നതിനും വേണ്ടിക്കൂടി അവതരിപ്പിച്ചിട്ടുള്ളവയാണ് എന്നാണ്.
ഇതോടെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള എല്ലാ അധികാരവും കൈയൊഴിയേണ്ടിവരുന്ന അവസ്ഥയാണ് സംജാതമാവുക. അതിഗുരുതരമാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍. സിലബസും അധ്യാപക നിയമനങ്ങളും അടക്കമുള്ള കാര്യങ്ങളില്‍ ഗവര്ണറുടെകൂടി നിലപാടിന് പ്രാമുഖ്യമുണ്ടാവുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. ഇക്കാര്യത്തിലുള്ള ശരിയായ നിലപാട് അധികാരം എല്ലാതലങ്ങളിലും വികേന്ദ്രീകരിക്കുക എന്നതാണ്.
ചാന്‍സലര്‍, മന്ത്രിമാര്‍ എന്നിവരേക്കാള്‍ അധികാരം വൈസ് ചാന്‍സലര്‍, വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഫാക്കല്റ്റികള് എന്നിവര്‍ക്ക് നല്കുന്ന പരിഷ്കാരങ്ങളാണ് ആവശ്യം. കാലാനുസൃതമായുള്ള സിലബസ് പരിഷ്കരണത്തിന്റെ ഉത്തരവാദിത്തം ഡിപ്പാര്‍ട്ട്മെന്റുകള്‍ ഏറ്റെടുത്ത് സര്‍വകലാശാലകളുടെ ഉന്നത ഭരണ-വിദ്യാഭ്യാസ സമിതികളുമായി ആലോചിച്ചു വിദഗ്ധരുടെ നേതൃത്വത്തില്‍ നടപ്പാക്കണം. ഫാക്കൽറ്റി നിയമനങ്ങൾ ഭരണഘടനാനുസൃതമായ മെറിറ്റ്-സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുവേണം.
ഇതിലൊക്കെ ഗവര്‍ണര്‍മാരും മന്ത്രിമാരും മറ്റു രാഷ്ട്രീയനേതാക്കളും ഇടപെടുന്ന സാഹചര്യം ഒഴിവാക്കുന്നതാണ് ശരിയായ സമീപനം. ഇത് പൊതുവേ സ്വീകാര്യതയുള്ള സമീപനമല്ല എന്നെനിക്കറിയാം. എന്നാല്‍ സ്വകാര്യ സര്‍വകലാശാലകള്‍, അവക്ക് മറ്റു പല സുതാര്യതക്കുറവുകള് ഉള്ളപ്പോള്‍പോലും, കൃത്യമായി പിന്തുടരുന്ന നയമാണിത്. ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാലകളിലേക്ക് പൊതുമേഖലയിലെ അധ്യാപകര്‍ പലരും ചേക്കേറാന്‍ ശ്രമിക്കുന്നതിന്റെ പ്രധാനകാരണം അവിടെ ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലമാണെങ്കിലും അക്കാദമിക് ഓട്ടോണമിയുടെ ചില സൗകര്യങ്ങളും സൗജന്യങ്ങളുംകൂടി അവരെ പ്രലോഭിപ്പിക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്.
വിദ്യാഭ്യാസ മേഖലയില്‍ നെഹ്റൂവിയന്‍ ലിബറലിസം പുനരാനയിക്കുക എന്നത് അടിയന്തരമായ ഒരു രാഷ്ട്രീയ കടമയാണ്. ഇതിന്റെ മുന്നുപാധിയാണ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വിദ്യാഭ്യാസ മേഖലയിലുള്ള അധികാരങ്ങള്‍ തിരിച്ചുനല്‍കുക എന്നത്. ലിബറലിസം എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമല്ലെങ്കിലും ഗവര്‍ണറാണോ മുഖ്യമന്ത്രിയാണോ ചാന്‍സലര്‍ ആവേണ്ടത് എന്ന തര്‍ക്കത്തേക്കാള്‍ പ്രാധാന്യം തീര്‍ച്ചയായും സര്‍വകലാശാലകളുടെ ആഭ്യന്തര അക്കാദമിക് സമിതികളുടെ സ്വയംഭരണ-സ്വയംനിര്ണയാവകാശങ്ങള്ക്കുണ്ട്. ഈ സമിതികള്‍ പൂര്‍ണമായും ആഭ്യന്തരമാവുക എന്നതാണ് പ്രധാനം.
ഒപ്പംതന്നെ ഈ സമിതികളുടെ ഘടനയില്‍ അതത് സര്‍വകലാശാലകളിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ഭൂരിപക്ഷ പ്രാതിനിധ്യം നല്‍കുന്നതും പ്രധാനമാണ്. ഭരണകക്ഷികളായാലും ഗവര്‍ണര്‍മാരായാലും സ്വന്തം നോമിനികളെ ഇത്തരം സമിതികള്‍ കുത്തിനിറക്കാന്‍ ഇടയാവുന്ന സാഹചര്യം ഉന്നതവിദ്യാഭ്യാസത്തിന് ഗുണകരമാണ് എന്ന് ദേശീയ-അന്തര്‍ദേശീയ തലങ്ങളിലുള്ള അധ്യാപന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ബോധ്യപ്പെടുന്നതല്ല. ജനാധിപത്യ വികേന്ദ്രീകരണം അർഥവത്താകുന്നത് ഏറ്റവും അടിസ്ഥാനതലത്തില്‍ ശക്തമായ പ്രയോഗസാധ്യത അതിനുണ്ടാവുമ്പോഴാണ്.
മറ്റു നിർദേശങ്ങളും അവയുടെ മറുപുറങ്ങളും
വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള തര്‍ക്കങ്ങളുടെ അടിസ്ഥാനം കൂടുതല്‍ സൂക്ഷ്മതയോടെ പരിശോധിക്കേണ്ടതാണ്. സൗകര്യം കിട്ടുമ്പോഴെല്ലാം ഐ.എ.എസ് ഉദ്യോഗസ്ഥരെ വൈസ് ചാന്‍സലര്‍മാരായി നിയോഗിച്ചിട്ടുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനുണ്ടാവില്ല.
ഉയർന്ന അക്കാദമിക് യോഗ്യതകളും ഭരണപരവും നേതൃപരവുമായ കഴിവുകളും, ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത, സാമൂഹിക പ്രതിബദ്ധത, ടീം വർക്കിലുള്ള വിശ്വാസം, ബഹുസ്വരത, വൈവിധ്യമാർന്ന ആളുകളുമായി പ്രവർത്തിക്കാനുള്ള കഴിവ്, നൂതനാശയങ്ങളോടുള്ള അഭിനിവേശം, ഉന്നത വിദ്യാഭ്യാസത്തിൽ ആഗോള വീക്ഷണം എന്നിവയുള്ള വ്യക്തിയായിരിക്കണം വി.സി എന്നാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. ഒപ്പം സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള കാഴ്ചപ്പാടും സങ്കീർണമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും, പ്രഫസർ എന്ന നിലയിലോ പ്രശസ്തമായ ഗവേഷണ-അക്കാദമിക് അഡ്മിനിസ്ട്രേറ്റിവ് സ്ഥാപനങ്ങളിലോ കുറഞ്ഞത് പത്തുവർഷത്തെ പരിചയമോ ഉള്ള വ്യക്തിയായിരിക്കണം.
വ്യവസായം, പൊതുഭരണം, പൊതുനയം, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിൽ ഉന്നതതലത്തിൽ പത്തുവർഷത്തെ പരിചയവും, ഗണ്യമായ അക്കാദമിക് അല്ലെങ്കിൽ പണ്ഡിതോചിത സംഭാവനകളുടെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോഡുമുള്ള വ്യക്തിക്കും വി.സി ആകാമെന്ന് കരടിലുണ്ട്. ഇതൊന്നുമില്ലാത്ത ഐ.എ.എസ് ഉദ്യോഗസ്ഥരെപ്പോലും വി.സിയായി പരിഗണിക്കുന്ന സമീപനത്തിന്റെ ഒരു വിപുലീകൃത രൂപമാണിത്. പൂര്‍ണമായും അക്കാദമിക്-ഭരണതല പരിചയത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തില്‍ വി.സി നിയമനങ്ങള്‍ നടത്തുക എന്ന മാതൃകയിലേക്ക് തിരിച്ചുപോവുകയാണ് ഇക്കാര്യത്തില്‍ ഏറ്റവും ഉചിതമായ നിലപാട്.
ഗവര്‍ണറുടെയോ ചാന്‍സലര്‍ ആകുന്ന വ്യക്തിയുടെയോ അധികാരത്തിന്റെ നിര്‍വചനം സ്വീകാര്യമല്ലെങ്കിലും ചില നിർദേശങ്ങള്‍ പ്രായോഗികവും അനിവാര്യവുമായവയാണ്. ഉദാഹരണത്തിന് പിഎച്ച്.ഡിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില സന്ദിഗ്ധതകള്‍ ഈ മാര്‍ഗനിർദേശങ്ങള്‍ നീക്കാന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം ബിരുദ-ബിരുദാനന്തര ബിരുദങ്ങള്‍ ഗവേഷണത്തിന് തിരഞ്ഞെടുത്ത വിഷയത്തില്‍നിന്നു വ്യത്യസ്തമാണെങ്കില്‍ ഗവേഷണബിരുദം അസിസ്റ്റന്റ് പ്രഫസര്‍ നിയമനങ്ങളില്‍ മാനദണ്ഡമായി സ്വീകരിക്കണം എന്നതാണ്. നെറ്റ്/സെറ്റ് പരീക്ഷകളുടെ കാര്യത്തിലും ഈ നിർദേശം ബാധകമാക്കിയിട്ടുണ്ട്.
പഠനവിഷയങ്ങളുടെ ബാഹുല്യവും ബഹുശാഖീകരണവും തീര്‍ച്ചയായും ഇത്തരമൊരു സമീപനത്തെ സാധൂകരിക്കുന്നു. അധികാര കേന്ദ്രീകരണത്തെ സംബന്ധിച്ച കര്‍ക്കശമായ നിലപാടും വൈസ് ചാന്‍സലര്‍ നിയമനത്തിന് സ്വീകരിച്ച മാനദണ്ഡങ്ങളിലെ സന്ദിഗ്ദ്ധതയും മാറ്റിനിര്‍ത്തിയാല്‍ നിലവിലെ ചില ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനുതകുന്ന നിർദേശങ്ങളും ഈ കരടുരേഖയിലുണ്ടെന്നതും ശ്രദ്ധേയമാണ്. ഓരോ ജോലിക്കും ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ള അടിസ്ഥാന യോഗ്യതകളുടെ കാര്യത്തില്‍ തീര്‍ച്ചയായും കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാനിപ്പോള്‍ കടക്കുന്നില്ല.