യു.എസ്-ഇറാൻ യുദ്ധ വിരാമം; ട്രംപിന്റെ വാക്കിൽ ഗൾഫിന് ആശ്വസിക്കാമോ?
text_fieldsഇറാനുമായി മാസങ്ങൾ നീണ്ടുനിന്ന സൈനിക നടപടികൾ അവസാനിച്ചതായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കിൽ ആശ്വാസം അർപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെ ആക്രമിച്ചതു മുതൽ മേഖലയിൽ രൂപപ്പെട്ട സംഘർഷാവസ്ഥയും അനിശ്ചിതത്വവും പശ്ചിമേഷ്യയെ മൊത്തത്തിൽ നിശ്ചലാവസ്ഥയിലും ആശങ്കയിലുമാഴ്ത്തിയിരുന്നു.
മേഖലയിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതോടെ സംഘർഷം രാജ്യാതിർത്തികൾക്കപ്പുറത്തേക്കു വളർന്നു. ഗൾഫ് രാജ്യങ്ങളാണ് ഇതിന് വലിയ വില നൽകേണ്ടിവന്നത്. കുവൈത്തും, ബഹ്റൈനും, ഖത്തറും, യു.എ.ഇയും, സൗദി അറേബ്യയും, ഒമാനും വലിയ ആക്രമണങ്ങൾ നേരിടേണ്ടിവന്നു. യു.എസ് താവളങ്ങളും വിമാനത്താവളങ്ങളും ഊർജ്ജകേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇറാൻ ലക്ഷ്യമിട്ടതോടെ ഈ രാജ്യങ്ങൾക്ക് ഭീതിത ദിവസങ്ങളാണ് കടന്നുപോയത്. വിമാനപാതകളും ഹൂർമുസും അടഞ്ഞുകിടന്നതോടെ വലിയ പ്രതിസന്ധിയും നേരിടേണ്ടിവന്നു.
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫലത്തിലെ തിരിച്ചടി മാറി ചിന്തിക്കാൻ ഇടയാക്കിയെന്നാണ് സൂചനകൾ.
ഇറാനെതിരെ വൻ സൈനിക നീക്കങ്ങളുടെ ആവശ്യമില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും വ്യക്തമാക്കിയതോടെ ആക്രമണ വഴിയിൽ നിന്ന് ട്രംപ് ക്യാമ്പ് പിറകോട്ടു പോകുന്നതായി തന്നെയാണ് വിലയിരുത്തൽ.
അപ്പോഴും വാക്കുകൾ എപ്പോൾ വേണമെങ്കിലും മാറ്റുന്ന ട്രംപിന്റെ ചരിത്രം ചെറിയ ആശങ്കകളും ബാക്കി നിർത്തുന്നുണ്ട്. ആക്രമണങ്ങൾ പുനരാരംഭിക്കണമെന്ന് നെതന്യാഹു, ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ പ്രധാന ആവശ്യങ്ങൾ ഇറാൻ തള്ളിക്കളയുകയും, അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഇപ്പോഴും തുടരുന്നതും കാരണം സംഘർഷാവസ്ഥയ്ക്ക് പൂർണ പരിഹാരമായി എന്ന് പറയാനുമായിട്ടില്ല.
എങ്കിലും, സമാധാനത്തിനായുള്ള നയതന്ത്രനീക്കങ്ങൾക്ക് അല്പം ആശ്വാസം ലഭിച്ചിരിക്കുന്നു എന്നുതന്നെയാണ് പുതിയ പശ്ചാത്തലത്തിൽ നിന്ന് വായിക്കാനാകുന്നത്.
ഹുർമുസ് ഉപരോധം തുടരുന്നു
ജി.സി.സിയുടെ ജീവനാഡിയായ പേർഷ്യൻ ഗൾഫിലെ അസ്ഥിരത പൂർണമായും നീങ്ങിയാലേ ഗൾഫ് രാജ്യങ്ങൾക്ക് ആശ്വാസമാകുകയുള്ളൂ. ഹുർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ, ചരക്കു നീക്കത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എട്ടുമാസമായി തുടരുന്ന ഹുർമുസ് ഉപരോധം വിലകയറ്റത്തിലേക്കും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കുമാണ് ഗൾഫ് രാജ്യങ്ങളെ നയിച്ചത്.
സൈനിക ആക്രമണ പാതയിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിക്കുന്നതിൽ വിജയിച്ചതോടെ ഹുർമുസ് ഉപരോധം അവസാനിപ്പിക്കുന്ന നടപടികളിലേക്ക് ചർച്ച കൊണ്ടുവരാൻ നയതന്ത്ര ശ്രമങ്ങൾ നടന്നുവരികയാണ്.
സെപ്റ്റംബറിൽ ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഇടക്കാല കരാർ ആവിഷ്കരിക്കാനാണ് ശ്രമം.
അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം നീക്കുക, എണ്ണ കയറ്റുമതിക്ക് അനുമതി നൽകുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. ഇതിന് പകരമായി ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ തയ്യാറാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഇരു വിഭാഗത്തെയും രമ്യതയിലെത്തിച്ചാൽ ഹൂർമുസിലെ തടസ്സങ്ങൾ നീങ്ങും.
ഗൾഫിന്റെ നയതന്ത്ര നീക്കങ്ങൾ
സംഘർഷം എത്രയും പെട്ടെന്ന് അവസാനിക്കേണ്ടത്, അതിന്റെ കെടുതികൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ ഗൾഫ് രാജ്യങ്ങളുടെ അനിവാര്യതയായിരുന്നു. തുടക്കം മധ്യസ്ഥ ശ്രമങ്ങളുമായി ജി.സി.സി രാജ്യങ്ങൾ രംഗത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഖത്തർ നടത്തിയ നിരന്തര ചർച്ചകളാണ് പുതിയ തീരുമാനത്തിലേക്ക് ട്രംപിനെ നയിച്ചത്. യു.എ.ഇയും സൗദി അറേബ്യയും നയതന്ത്ര നീക്കങ്ങൾ നടത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, തുർക്കിയ പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ എന്നിവർ ട്രംപുമായി സംസാരിച്ചു. ആക്രമണം നടത്തുന്നതിന് പകരം ചർച്ചകൾക്ക് മുൻഗണന നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഇടക്കാല തെരഞ്ഞെടുപ്പിന് പിറകെ അമേരിക്ക വീണ്ടും ആക്രമണങ്ങൾ നടത്തിയാൽ, ഗൾഫ് രാജ്യങ്ങൾക്കും മേഖലയിലെ സുപ്രധാന കേന്ദ്രങ്ങൾക്കും നേരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതു തടഞ്ഞു നിർത്താനും താൽക്കാലിക പരിഹാരത്തിനും നയതന്ത്ര നീക്കങ്ങൾകൊണ്ടു കഴിഞ്ഞു.
യുദ്ധം അവസാനിച്ചോ?
ഇറാനെതിരെ സൈനിക നടപടി അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചെങ്കിലും യുദ്ധം ശരിക്കും അവസാനിച്ചോ എന്ന സംശയം ബാക്കിനിൽക്കുന്നു. ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ് പറയുന്നു. കരമാർഗവും കാസ്പിയൻ കടൽ വഴിയുമുള്ള വ്യാപാരം തടയുന്നതിനായി രൂപീകരിച്ച ‘ടാസ്ക് ഫോഴ്സ് അയേൺ ഗേറ്റ്’ ഉൾപ്പെടെയുള്ള നടപടികളും തുടരുന്നുണ്ട്.
ഇറാന് മേൽ സാമ്പത്തിക ഉപരോധം ശക്തമാക്കി ഞെരുക്കാനാണ് പുതിയ തന്ത്രം. ഇത് മറ്റൊരു യുദ്ധമായി തന്നെ കണക്കാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.രാജ്യത്ത് നിലവിലുള്ളത് ‘യുദ്ധവുമില്ല സമാധാനവുമില്ല’ എന്ന അവസ്ഥയാണെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇതിന് മറുപടി പറഞ്ഞത്. ബലപ്രയോഗത്തിനും ഭീഷണിക്കും മുന്നിൽ കീഴടങ്ങില്ലെന്നും ഉപാധികളോടെയുള്ള ചർച്ചകൾക്ക് രാജ്യം തയ്യാറാണെന്നും പെസെഷ്കിയൻ വ്യക്തമാക്കിയിട്ടുണ്ട്.
വൻ തോതിൽ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും വിക്ഷേപണ സംവിധാനങ്ങളും ഉൾപ്പെടുന്ന ഭൂഗർഭ സൈനിക കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സൈനിക കരുത്ത് പ്രകടിപ്പിക്കുകയും ചെയ്തു.
അമേരിക്കൻ ഉപരോധങ്ങൾക്ക് ഇറാന്റെ മറുപടി ആയാണ് ഇതിനെ വിലയിരുത്തുന്നത്. ഇരുരാജ്യങ്ങളും ഉപരോധങ്ങളും സൈനിക ശക്തിപ്രകടനങ്ങളും വാക്പോരുകളും തുടരുന്ന പക്ഷം ശാശ്വത സമാധാനം അകന്നുതന്നെ നിൽക്കും.



