Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightട്രംപിസത്തിലെ...

ട്രംപിസത്തിലെ കാറ്റുവീഴ്ചകൾ; ഇസ്രായേൽ മുതൽ പരാഗ്വേ വരെ

text_fields
bookmark_border
ട്രംപിസത്തിലെ കാറ്റുവീഴ്ചകൾ; ഇസ്രായേൽ മുതൽ പരാഗ്വേ വരെ
cancel

എന്തൊക്കെയായിരുന്നു.... നാക്കിൽ വിരിയാത്ത വീരവാദങ്ങളില്ല. സമൂഹമാധ്യമത്തിലും അല്ലാതെയും മുഴക്കാത്ത ഭീഷണികളില്ല. പ്രയോഗിക്കാത്ത ആയുധങ്ങളില്ല. ​ഏതെങ്കിലും തരത്തിൽ കൈവെക്കാത്ത രാഷ്ട്രങ്ങളില്ല... നിയന്ത്രണ​ങ്ങളേതുമില്ലാതെ ലോകത്തിനുമേൽ കടന്നാക്രമിച്ചും ആഗോള സമ്പദ്‍വ്യവസ്ഥയുടെ താളം തെറ്റിച്ചും 10 വർഷത്തിലേറെയായി യു.എസ് രാഷ്ട്രീയത്തിലെ അച്ചുതണ്ടായിരുന്നു ഡോണൾഡ് ട്രംപ്. ലോകം വെറുത്താലും സ്വന്തം ജനത തന്റെ വിടുവായത്തങ്ങളെ നെഞ്ചേറ്റുമെന്ന് പാർട്ടി വേദികളിലെ ആൾക്കൂട്ട ബഹളം കണ്ട് അയാൾ മോഹിച്ചു. എല്ലാ ഒത്തുതീർപ്പുകളെയും അട്ടിമറിച്ച് അയാൾ അതിനായി മിസൈലുകൾ വർഷിച്ചു. ലോകമൊന്നടങ്കം എതിർത്തപ്പോഴും വ്ലാദിമിർ പുടിനുവേണ്ടി അയാൾ ഉപരോധങ്ങൾ ഒഴിവാക്കി.

എന്നാൽ, എല്ലാം തകിടം മറിച്ചായിരുന്നു നവംബർ മൂന്നിന് അമേരിക്കൻ​ വോട്ടർമാർ ഇടക്കാല വിധി നൽകിയത്. രണ്ടു വർഷം മുമ്പ് വൻ മാർജിനിൽ തന്നെ ജയിപ്പിച്ച മേഖലകൾ വരെ ഡെമോക്രാറ്റുകൾ തൂത്തുവാരി. കണക്കുകൾ നോക്കിയാൽ 1974ലെ വാട്ടർഗേറ്റ് തെരഞ്ഞെടുപ്പിനു ശേഷം റിപ്പബ്ലിക്കൻ കക്ഷിയുടെ തന്നെ ഏറ്റവും കനത്ത തോൽവി. യു.എസ് കോൺഗ്രസിൽ സെനറ്റും പ്രതിനിധി സഭയും ഒരുപോലെ ട്രംപിനെ കൈവിട്ടു. പ്രതിനിധി സഭയിൽ മാത്രം 16 ശതമാനമാണ് ഡെമോക്രാറ്റുകൾക്ക് അനുകൂലമായി റിപ്പബ്ലിക്കൻ വോട്ടുചോർച്ച. 1974ൽ പോലും 11.2 ശതമാനമായിരുന്നു ഇതെന്നോർക്കണം.

സ്വപ്നത്തിൽ പോലും ജയം പ്രതീക്ഷിക്കാത്ത ഇടങ്ങളും ഡെമോക്രാറ്റുകൾ ആഘോഷപൂർവം വൻ മാർജിനിൽ പിടിച്ചെടുത്തു. സംസ്ഥാനങ്ങളിൽ ഒരിക്കലും വീഴില്ലെന്ന് കണക്കുകൂട്ടിയ ട്രംപിന്റെ ഇഷ്ടക്കാർ ഗവർണർ പദവികളിലും തോറ്റമ്പി. 1939നു ശേഷം ആദ്യമായി കാൻസാസിൽ ഒരു ഡെമോക്രാറ്റിക് സെനറ്റർ ജയിച്ചുകയറി. ടെക്സസിൽ ഓസ്റ്റിനടക്കം പട്ടണങ്ങളിലുടനീളം ഒരു സ്വേച്ഛാധിപതിയെ മറിച്ചിട്ട ആവേശവുമായി ജനം തെരുവുകളിൽ നിറഞ്ഞു.

ഇത് ഒറ്റ നാളിൽ സംഭവിച്ചുപോയതൊന്നുമല്ലെന്നുറപ്പ്. തന്റെ ഇഷ്ടക്കാർ ഓരോരുത്തരായി ലോക രാഷ്ട്രീയത്തിൽ പടിയിറങ്ങിയതിന്റെ അടുത്ത നിർണായക ചുവട് കൂടിയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഹംഗറിയിൽ വിക്ടർ ഓർബനായിരുന്നു ഒന്നാം വിക്കറ്റ്. യു.എസ് കോൺഗ്രസിൽ ട്രംപിനെ വീഴ്ത്തിയ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ മൂന്നിടത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ മൂന്നുപേരാണ് ട്രംപിനെ നിരാശപ്പെടുത്തിയത്. ബ്രസീലിൽ ഫ്ലാവിയോ ബൊൾസനാരോ, സെർബിയയിൽ അലക്സാണ്ടർ വൂസിച്, ഇസ്രായേലിൽ ബിന്യമിൻ നെതന്യാഹു എന്നിവരൊന്നും ഇങ്ങനെ വീഴുമെന്ന് ഒരു പ്രവചനവും നേരത്തെ പറഞ്ഞില്ല. എന്നാൽ, രാജ്യം തന്റേതു മാത്രമാക്കി മാറ്റിയ വൂസിച് പോലും വിദ്യാർഥി പ്രക്ഷോഭത്തിന്റെ ചൂടറഞ്ഞു. അതുകഴിഞ്ഞായിരുന്നു നവംബറിലെ ആദ്യ ചൊവ്വാഴ്ച യു.എസ് ജനത വോട്ടു ചെയ്തത്.

ട്രംപ് മാറിയില്ല; മാറി ചിന്തിച്ചത് വോട്ടർമാർ

ഇതെല്ലാം എങ്ങനെ സംഭവിച്ചു? 10 വർഷത്തിനിടെ അന്നും ഇന്നും ട്രംപിന് മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. തോന്നിയതെന്തും പറയുന്ന, ചെയ്യുന്ന വ്യവസായിയായ രാഷ്ട്രീയക്കാരൻ. രാജ്യ താൽപര്യത്തിന് ഹാനികരമാകിലും സ്വന്തം ഇഷ്ടങ്ങളെ ഒരു പണത്തൂക്കം മുന്നിൽനിർത്തുന്നവൻ. എന്നാൽ, സൂക്ഷ്മമായി വേറെ ചിലതുണ്ടായിരുന്നു.

ആദ്യ ഊഴത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ അത്രക്ക് കരുത്തനായിരുന്നില്ല ട്രംപ്. എതിരാളികൾക്ക് ഇടമേറെയുണ്ടായിരുന്നു. ഭരണത്തിൽ റിപ്പബ്ലിക്കൻ താപ്പാനകൾക്ക് ചെറുതായെങ്കിലും അവസരം ലഭിച്ചു. എന്നാൽ, 2020ൽ അയാൾ ബൈഡനു മുന്നിൽ കാലിടറിയത് ഒരർഥത്തിൽ അനുഗ്രഹമാകുകയായിരുന്നു. കോവിഡ് മഹാമാരി തീർത്ത വലിയ സാമ്പത്തിക ഭീഷണികളെ മറികടക്കേണ്ട കാലത്ത് ഭരിക്കുകയെന്ന ശാപം ട്രംപിനെ അലട്ടിയില്ല. മറുവശത്ത്, സമ്പൂർണമായി പിടിമുറുക്കി പാർട്ടിയിൽ താൻ മാത്രമെന്ന നിലയിലേക്ക് റിപ്പബ്ലിക്കൻ സംവിധാനത്തെ മാറ്റിയെടുക്കാൻ ഇടവേളക്കാലത്ത് ട്രംപിനായി. എന്നുവെച്ചാൽ, ശരിയായ അർഥത്തിലെ ട്രംപിസം തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ട്രംപിന്റെ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും മാത്രമേ പ്രസക്തിയുള്ള പുതിയ കാലം.

കമലാ ഹാരിസ് എതിരാളിയായപ്പോൾ എല്ലാം അനുകൂലമായി കിട്ടിയ ട്രംപ് പിന്നെ കാണിച്ചുകൂട്ടിയതൊന്നും ശരാശരി അമേരിക്കക്കാരന് സ്വീകരിക്കാവുന്നതായിരുന്നില്ല.

കുടിയേറ്റ ഉദ്യോഗസ്ഥ വൃന്ദത്തെ വെച്ച് അമേരിക്കയിലുടനീളം ഒരു വിഭാഗത്തെ അയാൾ വേട്ടയാടി. പലയിടത്തും വോട്ടുചോരി നടത്തി. സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ നില ഭദ്രമാക്കുംവിധം മണ്ഡലപുനർനിർണയത്തിന് നടപടികൾ തുടങ്ങി. സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ അതിനായി പരമാവധി കടന്നുകയറി. വേദികളിലും സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലും പിശുക്കി​ല്ലാതെ വംശവെറി വിളമ്പി. അമേരിക്ക കാലങ്ങളായി കാത്തുപോന്ന നാനാത്വത്തിൽ ഏകത്വത്തിനു പകരം ‘‘ഒരു ജന്മദേശം. ഒരു ജനത. ഒരു പൈതൃകം’ തുടങ്ങിയ പദാവലികൾ വന്നു. ​മിനിയപോളിസിൽ അതിർത്തി രക്ഷാസേന തലവൻ നാസി ഉടുപ്പിട്ട് നടന്നു. ഇതിലേറെയൊന്നും ആവശ്യമുണ്ടായിരുന്നില്ല.

2024ലെ തെരഞ്ഞെടുപ്പിൽ കറുത്ത വംശജർ പോലും കൂട്ടമായി ട്രംപിനെ വിശ്വസിക്കാമെന്നു വെച്ചതായിരുന്നു ശരിക്കും അയാൾക്ക് രണ്ടാം ഊഴം നൽകിയത്. എന്നാൽ, ചുരുങ്ങിയ കാലങ്ങൾക്കിടെ എല്ലാം ശരിക്കു മനസ്സിലായവർ കൂട്ടമായി പഴയ തട്ടകത്തിലേക്കു തിരികെപോന്നു. ഇറാൻ യുദ്ധത്തിന്റെപേരിൽ പശ്ചിമേഷ്യയിൽ സ്ഥിതി സങ്കീർണമാക്കുകവഴി രൂപപ്പെട്ട എണ്ണ പ്രതിസന്ധി ട്രംപിന്റെ സൃഷ്ടിയാണെന്നറിഞ്ഞവർ സ്വന്തം പാളയത്തിലും തിരിഞ്ഞുകുത്തി. അമേരിക്കൻ ജനതയിപ്പോൾ കടുത്ത വിലക്കയറ്റത്തിന്റെ കെടുതിയിലാണ്. ലോകത്തിനു മേൽ അടിച്ചേൽപിച്ച തീരുവക്കെണി ആദ്യം പിടിമുറുക്കുക സ്വന്തം രാജ്യത്തെ സാധാരണക്കാരനെയാണെന്ന് ട്രംപിന് അറിയാതിരിക്കേണ്ടതല്ല. കാനഡയും മെക്സിക്കോയും മുതൽ ലോകം മുഴുക്കെ പലപേരുകളിലാണ് ഘട്ടങ്ങളിലായി ട്രംപ് തീരുവ കെട്ടിയേൽപിച്ചത്. അവിടെനിന്ന് രാജ്യത്തെത്തുന്ന വസ്തുക്കൾക്ക് വൻതോതിൽ വില കൂടുക സ്വാഭാവികം. കപ്പലിലേറി നാടുകടക്കാനാകാതെ എണ്ണപ്പാടങ്ങളിൽ കുടുങ്ങിയ എണ്ണക്ക് പിന്നെയും പിന്നെയും വില കൂടിയത് അവശ്യ വസ്തുക്കളുടെ വിലയും കൂട്ടി.

അതിനിടെ, വെനിസ്വേലയിൽ പ്രസിഡന്റ് മദൂറോയെയും പത്നിയെയും ആളെവിട്ട് പിടികൂടി രാജ്യത്തെത്തിച്ച് ജയിലിലാക്കിയ ട്രംപ് ഗ്രീൻലൻഡിലും അവകാശവാദമുന്നയിച്ച് പച്ചക്ക് സാ​മ്രാജ്യത്വം നടപ്പാക്കാൻ തുടങ്ങി. അതിനിടെ, ലോകത്ത് വിപ്ലവം വിതച്ച എ.ഐ പോലും രാജ്യത്തെ ജനത്തെ ആധിയിലാക്കി. എന്നുവെച്ചാൽ, കാരണങ്ങൾ പലതായിരുന്നു.

അന്ന് ജോർജ് ഡബ്ല്യു ബുഷ്, ഇന്ന് ട്രംപ്

2004ൽ ജോർജ് ഡബ്ല്യു ബുഷ് ചെറിയ മാർജിനിൽ അധികാരമേറിയ സംഭവത്തിന് ഇവിടെ ചെറുതായി ചേർച്ചയുണ്ട്. ഇറാഖിൽ അധിനിവേശം നടത്തിയ തൊട്ടുടനായിരുന്നു തെരഞ്ഞെടുപ്പ്. എന്നാൽ, സദ്ദാമിനെ വധിച്ച 2006ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പ് എത്തുമ്പോഴേക്ക് ബുഷിനെയും പാർട്ടിയെയും ജനം കൈവിട്ടു. രണ്ടുവർഷം കഴിഞ്ഞ് ബറാക് ഒബാമക്ക് ജനം അവസരം നൽകുകയും ചെയ്തു. ഇതുതന്നെയാകില്ലേ രണ്ടുവർഷം കഴിഞ്ഞ് ട്രംപിനെയും കാത്തിരിക്കുന്നത്.

ഇത്തവണ ഡെമോക്രാറ്റ് ബാനറിൽ ജയിച്ചവരിൽ മലയാളിയായ നിത്യ രാമനടക്കം സോഷ്യലിസ്റ്റുകളുമുണ്ട്. ലോസ് ആഞ്ചൽസ് മേയർ പദവിയിലാണ് നിത്യ രാമൻ ജയം പിടിച്ചെടുത്തത്. വാഷിങ്ടൺ ഡി.സിയിൽ മേയറാകുന്ന ​ലൂയിസ് ജോർജും അതേ ലാബലുള്ളയാളാണ്.

രാജ്യം മാത്രമല്ല, ലോകം മുഴുക്കെയും ഉറ്റുനോക്കിയ മിഷിഗണിലെ പോരാട്ടം ജയിച്ച് അബ്ദുറഹ്മാൻ മുഹമ്മദ് അൽസഈദ് സെനറ്റിലെത്തിയത് പുതിയ ചരിത്രം കുറിച്ചായിരുന്നു. എതിരാളിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക് റോജേഴ്സിനായി രംഗത്തുണ്ടായിരുന്നത് പ്രസിഡന്റ് ട്രംപ് മാത്രമായിരന്നില്ല, സ്വന്തം പാളയത്തിലെ നേതാക്കൾ കൂടിയായിരുന്നു. പ്രസിഡന്റ് വക മുസ്‍ലിം വിരുദ്ധത വാരിക്കോരി വിതറിയിട്ടും ആദം ഹമാവി, ഫലസ്തീനി വംശജ അബീർ ഖവാസ്, ഇൽഹാൻ ഉമർ, റശീദ തുലൈബ്, ആൻഡ്രേ കാഴ്സൺ, ലത്വീഫ സൈമൺ, കീത് എല്ലിസൺ തുടങ്ങി ജയിച്ചവരുടെ പട്ടിക നീളും.

ട്രംപിസത്തിന് ഇത് അവസാനമല്ല

ഇടക്കാലം ജയിച്ച് എതിരാളികൾ യു.എസ് കോൺഗ്രസ് വരുതിലാക്കിയാലും ഉഗ്രപ്രതാപിയായി വൈറ്റ്ഹൗസിലിരിക്കുമെന്നു തന്നെയാണ് ട്രംപ് ഉറച്ചുവിശ്വസിക്കുന്നത്. എന്നല്ല, അടുത്ത രണ്ടു വർഷവും പ്രസിഡന്റും കോൺഗ്രസും ഇരുവശത്തും നിന്നുള്ള പോരിന് വേദി തെളിയുന്നത് കൂടിയാണ് ഈ ജനവിധി. 2029 ജനുവരി 20 വരെ ട്രംപ് തന്നെയാണ് അമേരിക്കൻ പ്രസിഡന്റ്. രാജ്യത്ത് പ്രസിഡൻഷ്യൽ ജനാധിപത്യമാണ് നിലനിൽക്കുന്നതും. അതിനാൽ,​ ലോകക്രമം ഇനിയും തീരമാനിക്കാനും മാറ്റാനും ട്രംപിനാകും. മറുവശത്ത്, ട്രംപിന്റെ തുറുപ്പുചീട്ടുകൾ വലിയ വില കൊടുക്കുന്നതും തുടരുമെന്നുറപ്പ്. പട്ടികയിലെ ഏറ്റവും അവസാനത്തേതാണ് പാരഗ്വയിൽ ട്രംപ് വിശ്വസ്തനായിരുന്ന സാന്റിയാഗോ പെനിയക്ക് അധികാരം നഷ്ടമാകുന്നതും വീട്ടുതടങ്കലിലാകുന്നതും... കാത്തിരിക്കാം, കൂടുതൽ ശുഭമായ ലോകത്തിനായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Donald Trump US midterm elections world politics Israel 
Next Story