ഭരണഘടനയെ വെല്ലുവിളിക്കുന്ന വഖഫ് ഭേദഗതി ബിൽ
text_fieldsഏതൊരു മതവും അനുഷ്ഠിക്കാനും വിശ്വസിക്കാനും പ്രചരിപ്പിക്കാനും നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന വിലപ്പെട്ട അവകാശത്തിന്മേൽ കടന്നുകയറുന്ന വ്യവസ്ഥകൾ നിറഞ്ഞ 2025ലെ വഖഫ് ഭേദഗതി ബില്ലിന്മേൽ പാർലമെൻറിൽ ചർച്ചയാരംഭിച്ചിരിക്കുകയാണ്. മതാചരണത്തോട് ബന്ധപ്പെടാവുന്ന സാമ്പത്തികമോ ധനപരമോ രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രവർത്തനത്തെയോ മതേതരമായ മറ്റ് ഏതെങ്കിലും പ്രവർത്തനത്തെയോ ക്രമപ്പെടുത്തുന്നതോ നിയന്ത്രിക്കുന്നതോ ആയ നിയമ നിർമാണം നടത്താനുള്ള സർക്കാറിന്റെ പരിമിതമായ അധികാരബലത്തിലാണ് ഈ നിയമവുമായി കേന്ദ്രസർക്കാർ മുന്നോട്ടുവന്നിരിക്കുന്നത്.
ഭരണഘടനയുടെ 3ാം ഖണ്ഡത്തിൽ വിവരിക്കുന്ന മൗലികാവകാശങ്ങൾ എടുത്തുകളയുകയോ കുറക്കുകയോ ചെയ്യുന്ന ഒരു നിയമവും രാഷ്ട്രം നിർമിക്കാൻ പാടില്ലാത്തതും അവകാശങ്ങൾ ലംഘിച്ചുകൊണ്ട് നിർമിക്കുന്ന ഏത് നിയമവും ആ ലംഘനത്തിന്റെ വ്യാപ്തിയോളം അസാധുവായിരിക്കുന്നതുമാണെന്ന് ഭരണഘടനയുടെ അനുച്ഛേദം 13(2) വ്യക്തമാക്കുന്നുണ്ട്.
വഖഫിന്റെ ചരിത്രം
ഉമർ ബിൻ ഖത്താബ്(പിൽക്കാലത്ത് ഖലീഫയായ ഉമർ) ഖൈബർ തീരത്ത് തനിക്ക് സ്വന്തമായി ലഭിച്ച ഭൂമിയുടെ ഉപയോഗം എപ്രകാരമായിരിക്കണം എന്ന് തിരക്കി സമീപിച്ചപ്പോൾ മുഹമ്മദ് നബി നൽകിയ ഉപദേശം സുപ്രസിദ്ധമാണ്. മറ്റാർക്കും കൈമാറാനോ വിൽപന നടത്താനോ സാധിക്കാത്ത വിധം ആ വസ്തു ധർമത്തിനായി അർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് അല്ലാഹുവിൽ സമർപ്പിച്ച് അതിങ്കൽ നിന്നുള്ള ആദായം പാവപ്പെട്ടവരും ദരിദ്രരുമായ ആവശ്യക്കാർക്ക് എന്നന്നേക്കുമായി വിനിയോഗിക്കുക എന്നതായിരുന്നു നബിയുപദേശം. വസ്തു അല്ലാഹുവിങ്കൽ സമർപ്പിക്കപ്പെടുന്നതോടുകൂടി നിലവിലെ ഉടമസ്ഥന് (വാഖിഫ്) അതിന്മേലുള്ള മുഴുവൻ ക്രയവിക്രയാധികാരങ്ങളും ഇല്ലാതാവും. വസ്തുവിന്റെ നോക്കി നടത്തിപ്പിനായി നിയമിക്കപ്പെടുന്നവരെ മുതവല്ലിയെന്നാണ് വിളിക്കുക. ഇതിനെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ വഖഫ് സംബന്ധിച്ചുള്ള നിലവിലുള്ള എല്ലാ നിയമങ്ങളും.
വഖഫ് സംബന്ധിച്ച് രാജ്യത്തുണ്ടായ ആദ്യത്തെ നിയമം 1913ലെ മുസൽമാൻ വഖഫ് വാലിഡേറ്റിങ് ആക്ടാണ്. ഇസ്‍ലാം മതവിശ്വാസികൾ വഖഫ് വഴി സമർപ്പിച്ച വസ്തുക്കൾക്ക് നിയമ പ്രാബല്യം നൽകുകയെന്നതായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികൾ നടപ്പിലാക്കിയ പ്രസ്തുത നിയമത്തിന്റെ ഉദ്ദേശ്യം. പിന്നീട് 1930ലെ വഖഫ് വാലിഡേറ്റിങ് ആക്ട് അനുസരിച്ച് 1913ലെ വഖഫ് വാലിഡേറ്റിങ് ആക്ട് നിലവിൽ വരുന്നതിനുമുമ്പുണ്ടായിരുന്ന എല്ലാ വഖഫ് ഇടപാടുകൾക്കും നിയമ പ്രാബല്യം കൈവന്നു. 1954ലെയും 1959ലെയും 1964ലെയും വഖഫ് നിയമങ്ങൾ വഖഫ് ഇടപാടുകളിലെ എല്ലാ ന്യൂനതകളും പരിഹരിച്ചുകൊണ്ടുള്ള നിയമ നിർമാണങ്ങളായിരുന്നു. മേൽ വിവരിച്ച എല്ലാ നിയമങ്ങളിലും ഏതെങ്കിലും ഇളകുന്നതും ഇളകാത്തതുമായ വസ്തു വഖഫ് ചെയ്യാനർഹതപ്പെട്ട വ്യക്തികളെ സംബന്ധിച്ചും വഖഫ് ചെയ്യപ്പെട്ട വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചും ഏകോപിച്ച വ്യവസ്ഥകളാണുണ്ടായിരുന്നത്.
തകിടംമറിക്കുന്ന ഭേദഗതി
2024ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന് സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടതിനുശേഷമുള്ള പുതുക്കിയ 2025ലെ വഖഫ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പലതും ഭരണഘടനാ വിരുദ്ധവും അടിസ്ഥാനപരമായ വഖഫ് വ്യവസ്ഥകൾക്കെതിരുമാണ്. നിർദിഷ്ട ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി നിയമമായാൽ പോലും ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല. പക്ഷേ, വഖഫിനെ മാത്രമല്ല, ഭരണഘടനയെത്തന്നെ അട്ടിമറിക്കാൻ ഉത്സുകരായി നടക്കുന്ന ഒരു ഭരണകൂടമാണ് രാജ്യത്ത് അധികാരത്തിലുള്ളത് എന്നതിനാൽ കാര്യങ്ങൾ സങ്കീർണമാണ്.
ഭേദഗതി നിയമത്തിലെ 2 എ വകുപ്പനുസരിച്ച് വഖഫിന് സമാനമായ ഉദ്ദേശ്യംവെച്ച് പൊതു ധർമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുസ്‍ലിം ധർമസ്ഥാപന ട്രസ്റ്റുകൾക്ക് വഖഫ് നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്നത് രാജ്യത്തെ നിരവധി വഖഫ് ട്രസ്റ്റുകളുടെ പ്രവർത്തനം അവതാളത്തിലാക്കും. ധർമ സ്ഥാപനങ്ങൾക്ക് വഖഫ് പരിരക്ഷ ലഭിക്കുന്നതിനുള്ള മാനദണ്ഡം ട്രസ്റ്റ് എന്നോ സംഘമെന്നോ അല്ല. മറിച്ച് വസ്തുക്കളുടെ കൈമാറ്റ വ്യവസ്ഥകൾ വഖഫിന്റെ നിർവചനത്തിൽപ്പെടുമോയെന്നതാണ്.
ഭേദഗതി നിയമത്തിലെ 3 (ആർ) വകുപ്പനുസരിച്ച് അഞ്ചുവർഷം തുടർച്ചയായി ഇസ്‍ലാം മതാനുഷ്ഠാനം പൂർത്തിയാക്കിയ വ്യക്തി സമർപ്പിക്കുന്ന വസ്തുക്കൾക്ക് മാത്രമേ വഖഫിന്റെ പരിരക്ഷ ലഭിക്കുകയുള്ളൂവെന്ന വ്യവസ്ഥ വഖഫിന് ഖുർആൻ വിവക്ഷിക്കുന്ന ആശയത്തിനെതിരാണ്. വഖഫിന്റെ നിർവചനം ഖുർആൻ വ്യവസ്ഥകൾക്കെതിരായി മാറ്റിയെഴുതുന്ന ഭേദഗതി ഭരണഘടനാ വിരുദ്ധവുമാണ്.
നാളിത് വരെയുള്ള വഖഫ് നിയമങ്ങളനുസരിച്ച് വഖഫ് ചെയ്യുന്നയാളുടെ (വാഖിഫ്) ഭാവിയിലെ പിന്തുടർച്ചക്കാരുടെ അവകാശങ്ങൾ നഷ്ടമാവും വിധം പാടില്ലെന്ന ഭേദഗതി നിയമത്തിലെ 3(എ)(2) വകുപ്പും ഭരണഘടന നൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്. വഖഫ്–ഉൽ–ഔലാദ് എന്ന നൂറ്റാണ്ടുകളായി മുസ് ലിംകൾ പിന്തുടർന്നുവരുന്ന വ്യവസ്ഥപ്രകാരം ഏതൊരു മുസ്‍ലിമിനും തനിക്കവകാശപ്പെട്ട വസ്തുക്കൾ തന്റെ മരണശേഷം പിന്തുടർച്ചക്കാരിൽ ആരും ജീവിച്ചിരിപ്പില്ലാത്തഘട്ടത്തിൽ മുസ്‍ലിം നിയമമനുസരിച്ചുള്ള വിദ്യാഭ്യാസ മത, ക്ഷേമ വികസന ആവശ്യങ്ങൾക്കായി വഖഫ് ചെയ്യാനാവും. നിർദിഷ്ട ഭേദഗതിയനുസരിച്ച് ഭാവിയിലെ വിദൂര ബന്ധുക്കൾക്കോ അവകാശികൾക്കോ വസ്തു സിദ്ധിക്കുന്നത് ഇല്ലാതാക്കും വിധം വഖഫു–ൽ–ഔലാദ് പാടില്ല. ഇതും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്.
ഏതെങ്കിലും വഖഫ് വസ്തു സർക്കാർ വസ്തുവാണെന്ന് പരാതി ലഭിച്ചാൽ സർക്കാർ നിയമിക്കുന്ന ഓഫിസർ, പരാതിയിലെ തർക്കം സംബന്ധിച്ച് തീർപ്പുകൽപിക്കുന്നതുവരെ വഖഫ് വസ്തുവായി പരിഗണിക്കാൻ പാടില്ലായെന്ന ഭേദഗതി നിയമത്തിലെ 3(2) ഉപവകുപ്പിലെ വ്യവസ്ഥ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഉദാഹരണമായി പള്ളിയും ഖബർസ്ഥാനും ഉൾപ്പെട്ട വസ്തു സർക്കാർ വസ്തുവാണെന്ന് ആരോപിച്ച് ആരെങ്കിലും പരാതി നൽകിയാൽ തീർപ്പുണ്ടാവുന്നതുവരെ അവിടെ ആരാധനകളും മയ്യിത്ത് സംസ്കരണവും തടയാൻ അധികാരികൾക്ക് സാധിക്കും. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വസ്തുവിന്മേൽ അവകാശമുന്നയിച്ച് തീർപ്പുണ്ടാവുന്നതുവരെ കൈവശക്കാരനെ ഉപയോഗത്തിൽനിന്ന് വിലക്കിക്കൊണ്ടുള്ള അത്യപൂർവ നിയമനിർമാണമെന്ന നിലയിൽ ചരിത്രം 2025ലെ വഖഫ് ഭേദഗതി നിയമത്തെ രേഖപ്പെടുത്തും.
കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും അമുസ്‍ലിം പ്രാതിനിധ്യം ഏർപ്പെടുത്താനുള്ള കേന്ദ്രനീക്കവും തികച്ചും ദുരുപദിഷ്ടിതമാണ്. ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിലും ദേവസ്വം സമിതികളിലും സിക്കുകാരല്ലാത്തതും അഹിന്ദു വിശ്വാസികളും ഉണ്ടാവണമെന്ന വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിൽനിന്ന് അത്തരം സമിതികളുടെ പ്രവർത്തന സ്വഭാവം മാത്രം കണക്കിലെടുത്താവണമെന്ന് വേണം കരുതാൻ.
രാഷ്ട്രീയ ദുഷ്ടലാക്കോടെ നടത്തുന്ന നിയമനിർമാണം ഒരു മതേതര ഭരണഘടനയുടെ പരിരക്ഷയിൽ നിലനിൽക്കില്ല. ആയതുകൊണ്ടുതന്നെ 2025ലെ വഖഫ് ഭേദഗതി നിയമത്തിലെ പല വ്യവസ്ഥകളും ഭരണഘടനാ കോടതികളുടെ സൂക്ഷ്മ പരിശോധനയെ അതിജീവിക്കാൻ സാധ്യമാവില്ലെന്നതാണ് യാഥാർഥ്യം. വ്യവഹാരത്തിൽപെട്ട് കിടക്കുന്ന വഖഫ് വസ്തുക്കൾക്ക് ഉപയോഗം കൊണ്ടുള്ള വഖഫ് എന്ന പരിരക്ഷ നൽകില്ലയെന്ന വ്യവസ്ഥയും നിയമപരമായി നിലനിൽക്കില്ല. നിർദിഷ്ട ബില്ലിലെ പല വകുപ്പുകളും പരസ്പര വിരുദ്ധമാണെന്നും കാണാവുന്നതാണ്.
(മുൻ കേരള പ്രോസിക്യൂഷൻ ഡയറക്ടർ ജനറലാണ് ലേഖകൻ)