Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപ്രതീക്ഷിക്കാം, നീതി...

പ്രതീക്ഷിക്കാം, നീതി പുലരുമെന്ന്

text_fields
bookmark_border
പ്രതീക്ഷിക്കാം, നീതി പുലരുമെന്ന്
cancel

പാർലമെന്റ് പാസാക്കുന്ന നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് വരുന്ന ഹരജികളിൽ സാധാരണ നിലയിൽ ഇടക്കാല ഉത്തരവ് കോടതികൾ പാസാക്കാറില്ല. പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമായിരിക്കും എന്ന അനുമാനമാണ് അതിനു കാരണം.

പക്ഷേ, ചില പ്രത്യേക സാഹചര്യങ്ങളിൽ കോടതി ഇടക്കാല ഉത്തരവ് നൽകാറുണ്ട്. അങ്ങനെയുള്ള ഒരു കേസാണ് വഖഫ് ബില്ലിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി. കഴിഞ്ഞ രണ്ടുദിവസമായി സുപ്രീംകോടതിയിൽ നടന്ന ഹിയറിങ്ങിനെ സംബന്ധിച്ച് ജനങ്ങൾക്ക് വ്യക്തത ലഭിക്കാനായി ചില കാര്യങ്ങൾ ഇവിടെ പങ്കുവെക്കാം. ബുധനാഴ്ച നടന്ന ഹിയറിങ്ങിൽ ഏതാണ്ട് ഒരു മണിക്കൂറോളം ഹരജിക്കാരുടെയും ശേഷം ഒരു മണിക്കൂറോളം കേന്ദ്രസർക്കാറിന്റെ വാദങ്ങൾ കേട്ട കോടതി അതിനുശേഷം ഒരു ഇടക്കാല ഉത്തരവ് പാസാക്കാൻ പോവുകയാണെന്ന് സൂചിപ്പിച്ചു; എന്താണ് തങ്ങളുടെ മനസ്സിലുള്ള ഇടക്കാല ഉത്തരവെന്നതും വാക്കാൽ സൂചിപ്പിച്ചു. ആദ്യദിവസംതന്നെ ഒരു ഇടക്കാല ഉത്തരവ് കോടതി പാസാക്കുകയെന്നത് കേന്ദ്രസർക്കാർ അഭിഭാഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഗതിയായിരുന്നു. ഫ്ലാഗ്ഷിപ് പ്രോജക്ട് എന്നു പറയുന്നതുപോലെ അവരെ സംബന്ധിച്ച് ഇതൊരു ഫ്ലാഗ്ഷിപ് രജിസ്ട്രേഷനാണ്.

കേന്ദ്രസർക്കാറിന്റെ വക്കീൽ തനിക്കും കക്ഷി ചേർന്ന സംസ്ഥാനങ്ങളുടെ അഭിഭാഷകർക്കും വാദിക്കാൻ സമയം കിട്ടിയിട്ടില്ല, ഞങ്ങളുടെ വാദം കേൾക്കാതെ ഉത്തരവ് പാസാക്കുന്നത് ശരിയല്ല എന്നറിയിച്ചു. അതോടെ കോടതി അതു വ്യാഴാഴ്ച രണ്ടിന് മാറ്റി വെച്ചു. അങ്ങനെയാണ് ഇന്നലെ രണ്ടിന് കേസെടുത്തത്. ഉടനെതന്നെ ഇടക്കാല ഉത്തരവ് പാസാക്കരുത്, പക്ഷേ, ചില കാര്യങ്ങൾ ഞങ്ങൾ സമ്മതിക്കാം എന്ന് കേന്ദ്രസർക്കാറിന്റെ വക്കീൽ നിലപാടെടുത്തു. ബുധനാഴ്ച നടന്ന ഹിയറിങ്ങിൽ ഹരജിക്കാർ ഉന്നയിച്ച വാദങ്ങൾക്കും കോടതി ചോദിച്ച പ്രസക്തമായ ഒരുപാട് ചോദ്യങ്ങൾക്കും സർക്കാറിന് മറുപടി ഇല്ല എന്ന കാര്യം അതോടെ വ്യക്തമായി. അതിൽനിന്ന് രക്ഷപ്പെടാൻവേണ്ടി കോടതിയുടെ ഉത്തരവ് വേണ്ട ഞങ്ങൾ തന്നെ സമ്മതിച്ചോളാം എന്ന് പറഞ്ഞപ്പോൾ കോടതി പറഞ്ഞു- ഞങ്ങൾക്ക് വേണ്ടത് രണ്ടുകാര്യങ്ങളിൽ ഉള്ള സംഗതിയാണ് വഖഫ് ബോർഡുകളിലും വഖഫ് കൗൺസിലിലും അമുസ് ലിം അംഗങ്ങളെ ഉൾക്കൊള്ളിക്കരുത്. വഖഫ് ബോർഡും വഖഫ് കൗൺസിലും കോടതിയുടെ ഉത്തരവ് വരാതെ പുനഃസംഘടിപ്പിക്കില്ല എന്നായി സർക്കാർ. കോടതി കേന്ദ്രസർക്കാറിന്റെ വക്കീലിന്റെ സ്റ്റേറ്റ്മെന്റ് റെക്കോഡ് ചെയ്ത് ഉത്തരവിന്റെ ഭാഗമാക്കി.

അതേപോലെ നിർണായകമായ ഒരു വിഷയമായിരുന്നു ഉപയോഗംകൊണ്ട് വഖഫ് ആയിരിക്കുന്ന വസ്തുക്കളും സ്ഥലങ്ങളും പള്ളികളുമെല്ലാം. അവയുടെ ഭാവി എന്തായിരിക്കുമെന്നതിൽ വലിയ ആശങ്കയുണ്ടായിരുന്നു. പുതിയ നിയമപ്രകാരം തർക്കം ഉന്നയിക്കപ്പെടുന്ന വഖഫ് സ്വത്തുക്കളുടെ പ്രകൃതം മാറ്റാൻ സർക്കാർ ഉദ്യോഗസ്ഥന് സാധിക്കും എന്നത് കോടതിയെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഈ പറയുന്ന വഖഫ് സ്ഥാപനങ്ങളുടെ സ്വഭാവം മാറ്റില്ല. അവ ഏതു രീതിയിലാണോ ഉള്ളത് ആ രീതിയിൽ തുടരാം എന്ന ഒരു സ്റ്റേറ്റ്മെന്റാണ് കേന്ദ്ര സർക്കാറിന്റെ വക്കീൽ കോടതിയിൽ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ കോടതി പറഞ്ഞു: അതേ, ഒരു വഖഫ് സ്ഥാപനത്തിന്റെയും ഇപ്പോൾ നിലവിലുള്ള കാരക്ടർ മാറ്റരുത്. തൽസ്ഥിതി തുടരണം. അങ്ങനെയാണ് രണ്ടു പ്രധാനപ്പെട്ട വകുപ്പുകളിൽ കേന്ദ്ര സർക്കാറിന്റെ സ്റ്റേറ്റ്മെന്റ് റെക്കോഡ് ചെയ്തുകൊണ്ടുള്ള കോടതിയുടെ ഉത്തരവ് പുറത്തുവന്നത്.

വഖഫ് എന്താണ് എന്ന് മനസ്സിലാക്കാതെയാണ് ഈ നിയമ നിർമാണം നടത്തിയിരിക്കുന്നത് എന്നതാണ് ഇതിന്റെയെല്ലാം അടിസ്ഥാനപരമായ പ്രശ്നം. ജോയന്റ് പാർലമെന്റ് കമ്മിറ്റിയുടെ ഹിയറിങ്ങിന് പോയ ഒരംഗം എന്ന നിലയിൽ ഏകദേശം രണ്ടു മണിക്കൂറോളം ജെ.പി.സിയുടെ മുന്നിൽ ഞാൻ വാദിച്ചു. വാദങ്ങളെല്ലാം കഴിഞ്ഞ ശേഷം ഒരു ബി.ജെ.പി അംഗം തുറന്നു പറഞ്ഞത്: ഇപ്പോഴാണ് വഖഫ് എന്താണ് എന്ന് എനിക്ക് മനസ്സിലായത് എന്നാണ്. ഈ ഒരു പ്രശ്നം പുതിയ വഖഫ് നിയമത്തിൽ നമുക്ക് കാണാൻ സാധിക്കും. വഖഫ് ഒരു വ്യക്തിയുടെ സ്വകാര്യ സ്വത്താണ്. ആ സ്വകാര്യ സ്വത്ത് അയാൾ ദൈവത്തിലേക്ക് സമർപ്പിക്കുകയാണ്. അല്ലാതെ ഗവൺമെന്റിന്റയോ മറ്റുള്ളവരുടെ ഭൂമിയോ പിടിക്കൽ അല്ല. 2013 ലെ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ അതിന്റെ പിന്നിൽ ഒരുപാട് ഹോം വർക്ക് നടന്നിരുന്നു.

സച്ചാർ കമ്മിറ്റി, റിപ്പോർട്ട് ജോയന്റ് പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട്, ഒരു ഹൈലെവൽ കമ്മിറ്റി റിപ്പോർട്ട്-ഇവ മൂന്നിന്റെയും അടിസ്ഥാനത്തിലാണ് 2013 ലെ ഭേദഗതികൾ കൊണ്ടുവന്നത്. അതിന്റെ കത്ത് സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ ഒരു അധ്യായം തന്നെ വഖഫിനെ കുറിച്ചും അന്യാധീനമായി കിടക്കുന്ന വഖഫ് ഭൂമികൾ തിരിച്ചു പിടിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അതിനുവേണ്ടി വഖഫ് നിയമങ്ങൾ ശക്തമാക്കണമെന്നുള്ള ഒരു ശിപാർശയായിരുന്നു. 1970കളിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സംസ്ഥാനങ്ങൾക്ക് അയച്ച ഒരു കത്തും അനുബന്ധമാക്കി വെച്ചിട്ടുണ്ടായിരുന്നു. അതിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പറയുന്നത് ഒരുപാട് വഖഫ് ഭൂമി സർക്കാറുകളോ സർക്കാർ സ്ഥാപനങ്ങളോ കൈവശം വെച്ചിട്ടുണ്ട്. അത് തിരിച്ച് വഖഫ് ബോർഡിന് കൊടുക്കണം. കൊടുക്കാൻ പറ്റാത്തതാണെങ്കിൽ അതിന്റെ മൂല്യം വഖഫിലേക്ക് അടക്കണം. ഇന്ത്യയുടെ പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞുവെങ്കിൽ അതിന്റെയർഥം ഒരുപാട് വഖഫ് സ്വത്തുക്കൾ കൈയേറപ്പെട്ടിട്ടുണ്ട് എന്നുതന്നെയാണ്. വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ വഖഫ് നിയമം പര്യാപ്തമല്ല അത് ശക്തമാക്കണമെന്നാണ് സച്ചാർ കമ്മിറ്റി പറഞ്ഞത്. നിയമം കൊണ്ടുവരുന്നതിന് മുമ്പ് ജോയന്റ് പാർലമെന്ററി കമ്മിറ്റി രൂപവത്കരിച്ച് എല്ലാ രാഷ്ട്രീയ പാർട്ടി അംഗങ്ങളെയും ഉൾപ്പെടുത്തി അവരുടെ റിപ്പോർട്ട്തേടി. ശേഷം ഒരു ഹൈപ്പവർ കമ്മിറ്റിയുണ്ടായിരുന്നു ഇതിൻറയെല്ലാം അടിസ്ഥാനത്തിലാണ് 2013 ൽ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നത്.

അത്ര കുറ്റമറ്റ രീതിയിൽ തയാറാക്കിയ നിയമം ആയതുകൊണ്ടു തന്നെ പാർലമെന്റിലാരും അതിനെ എതിർത്തുമില്ല. ഐകകണ്ഠ്യേന ബി.ജെ.പിയും മറ്റുള്ള രാഷ്ട്രീയ പാർട്ടികളെല്ലാം അതിനെ അനുകൂലിക്കുയും ചെയ്തു. അങ്ങനെയാണ് ആ നിയമം പാസായത്. ആ നിയമം കൈയേറിപ്പോയ വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാനായിരുന്നു. എന്നാൽ, ഇപ്പോൾ വന്ന പുതിയ നിയമം വഖഫ് ഭൂമികൾ ഒഴിപ്പിക്കാനുള്ള പ്രക്രിയ എന്ന മട്ടിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. വഖഫ് കൈയേറ്റത്തിൽനിന്ന് സർക്കാർ ഭൂമികളെയും മറ്റു വ്യക്തികളെയും രക്ഷിക്കാൻ കൊണ്ടുവന്നത് എന്നാണ് ഇപ്പോഴത്തെ നിയമത്തിന് അവർ ജനങ്ങളുടെ മുന്നിൽ പ്രൊജക്ട് ചെയ്യുന്നതും ആഖ്യാനങ്ങൾ ചമക്കുന്നതും. അതുതന്നെയാണ് മുനമ്പം വിഷയത്തിലുമൊക്കെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും. തങ്ങൾ േകന്ദ്രസർക്കാറിനാൽ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ഇപ്പോൾ മുനമ്പത്തുകാർക്ക് മനസ്സിലായിട്ടുണ്ട്.

ജെ.പി.സിയുടെ മുന്നിൽ 92 ലക്ഷത്തോളം വരുന്ന റെപ്രസന്റേഷനുകൾ കിട്ടി, ആകയാൽ അത്രമാത്രം ജനകീയ-ജനാധിപത്യ രീതിയിലാണ് നിയമം രൂപകൽപന ചെയ്തത് എന്നാണ് കേന്ദ്രസർക്കാർ അഭിഭാഷകർ വാദിച്ചത്. ഈ കിട്ടിയതിൽ 99ശതമാനവും ബില്ലിനെ എതിർകൊണ്ടുള്ള റെപ്രസന്റേഷനുകളായിരിക്കും. അവ അംഗീകരിച്ചില്ല. 44 ഭേദഗതികൾ പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ചിട്ട് അതിൽ നിന്ന് ഒന്നു പോലും അംഗീകരിച്ചില്ല. പിന്നെ എങ്ങനെയാണ് ഇതിനെ ജനാധിപത്യപരമായ നിയമനിർമാണം എന്ന് വിളിക്കാനാവുക?

പാർലമെന്റിെല അംഗബലം മുതലാക്കി ഏതു രീതിയിലുള്ള നിയമങ്ങളും പാസാക്കാൻ സാധിച്ചേക്കാം. പക്ഷേ, ആ നിയമങ്ങൾ ജനാധിപത്യമൂല്യങ്ങൾക്ക് വിരുദ്ധമാണോ അനുസൃതമാണോ എന്ന് സൂക്ഷ പരിശോധന നടത്തേണ്ടത് കോടതിയുടെ മുന്നിലാണ്. ആ പരിശോധനയാണ് ഇപ്പോൾ കോടതി നടത്തികൊണ്ടിരിക്കുന്നത്. നീതി പുലരും എന്ന ശുഭവിശ്വാസത്തിലാണ് ഇന്ത്യൻ ജനത.

Show Full Article
TAGS:Waqf Amendment Bill Parliament Bill 
News Summary - waqf bill
Next Story