വഖഫ് ബില്‍: പോരാട്ടം തുടരുകതന്നെ ചെയ്യും
text_fieldsവഖഫ് നിയമ ഭേദഗതി ബില്‍ ‘ഉമീദ്’ ബില്‍ (യൂനിഫൈഡ് വഖഫ് മാനേജ്‌മെന്റ് എംപവര്‍മെന്റ് എഫിഷ്യന്‍സി ആൻഡ് ഡെവലപ്‌മെന്റ് ബില്‍)എന്ന പേരില്‍ അറിയപ്പെടുമെന്നാണ് അതവതരിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അവകാശപ്പെട്ടത്. ഉമീദ് എന്നാൽ പ്രതീക്ഷ എന്നാണ് വാക്കർഥം. ശരിയാണ് മുസ്‍ലിം വിദ്വേഷത്തിന്റെ പരകോടിയില്‍ നിർമിച്ചെടുത്ത അപരവത്കരണ നിയമത്തിന്റെ പാചകത്തിനിടയിലും വലിയൊരു പ്രതീക്ഷ ഉരുത്തിരിഞ്ഞിരിക്കുന്നു. ഇത്തരമൊരു ബില്‍ ലോക്സഭയിൽ വിജയിപ്പിച്ചെടുത്തു എന്നത് സാങ്കേതികമായി ശരിയാണ്. എന്നാല്‍, ഈ വിപരീത സാഹചര്യത്തിലും പ്രതിപക്ഷം പാര്‍ലമെന്റില്‍ നടത്തിയ സംഘടിത പ്രതിരോധം പകരുന്ന പ്രതീക്ഷ ഏറെ വലുതാണ്.
ബി.ജെ.പി അധികാരത്തിലേറിയ ശേഷം പ്രതിപക്ഷം ഇതുപോലെ യോജിച്ചുനിന്ന് ശക്തി പ്രകടിപ്പിച്ച സന്ദർഭങ്ങൾ വിരളമാണ്. ഈ ബിൽ മുഖേന സങ്കടപ്പെടാന്‍വേണ്ടി പോകുന്ന ജനലക്ഷങ്ങളോടും വഖഫ് സ്വത്തുക്കള്‍ നല്ല ഉദ്ദേശ്യത്തോടെ നല്‍കി മരണപ്പെട്ടുപോയവരുടെ ആത്മാക്കളോടും ചേര്‍ന്നുനിന്ന പ്രതിപക്ഷ നേതാക്കളെ കണ്ട് ആ സങ്കടക്കടലിലും മനസ്സിൽ പ്രത്യാശയുടെ തോണിയൂന്നി.
എന്റെ 15 വര്‍ഷത്തെ പാര്‍ലമെന്റ് ജീവിതത്തില്‍ ഇത്രയും മുള്‍മുനയില്‍ നിന്ന ഒരു സംഭവം ഉണ്ടായില്ലെന്ന് തോന്നുന്നു. അമിത് ഷായുടെയും കിരണ്‍ റിജിജുവിന്റെയും മറ്റും നേതൃത്വത്തില്‍ വലിയ പടയൊരുക്കവുമായാണ് ഭരണപക്ഷം പാര്‍ലമെന്റില്‍ എത്തിയത്. പ്രതിപക്ഷം യോജിച്ചുനില്‍ക്കില്ലെന്നും കാര്യമായി എതിര്‍പ്പൊന്നും ഉണ്ടാവില്ലെന്നുമുള്ള ചിന്ത അവരുടെ മനോവീര്യം കൂട്ടി. ബി.ജെ.പി നേതാക്കള്‍ ഒന്നിനു പിറകെ ഒന്നായി ശ്രമിച്ചത് ഇന്ത്യ രാജ്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും സാംസ്‌കാരിക മുന്നേറ്റത്തിനും രാഷ്ട്ര പുനര്‍നിര്‍മാണത്തിനുമെല്ലാം ഹൃദയം മറന്ന് സഹകരിച്ച ജനവിഭാഗത്തിനുനേരെ കള്ളക്കഥകള്‍ തൊടുക്കാനായിരുന്നു.
പ്രതിപക്ഷ നിരയില്‍ സംസാരിച്ച നേതാക്കളെല്ലാം കൃത്യവും വ്യക്തവുമായി കാര്യങ്ങള്‍ അവതരിപ്പിച്ചു. 1995 ലെ വഖഫ് നിയമ പ്രകാരം ആരുടെയെങ്കിലും ഒരു തുണ്ട് ഭൂമി പിടിച്ചെടുത്തിട്ടുണ്ടോ, ആര്‍ക്കെങ്കിലും ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടോ, രേഖകളില്‍ തര്‍ക്കം ഉന്നയിച്ച് ആയിരക്കണക്കിന് ഏക്കര്‍ വഖഫ് ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ മാത്രമല്ലെ ഈ പുതിയ നിയമം തുടങ്ങിയ ചോദ്യങ്ങളോടൊന്നും ഭരണപക്ഷത്തിനോ ബിൽ അവതരിപ്പിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോ അമിത് ഷാക്കോ മറുപടിയില്ലായിരുന്നു. ഇങ്ങനെ പ്രതിപക്ഷ നേതാക്കൾ സംസാരിക്കവെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളെ പ്രതിനിധാനംചെയ്യുന്ന ഇവരെല്ലാം കൊച്ചുകൊച്ചു പ്രവാഹങ്ങളായി ഒഴുകിഒഴുകിവന്ന് ഒരു മഹാസാഗരമായി പരിണമിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. രാജ്യത്തിന്റെ യഥാർഥ നയ രീതികളിലേക്ക് നാം തിരിച്ചുവരും എന്നതിന്റെ ശുഭസൂചന വഖഫ് ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ഉടനീളമുണ്ടായി.
ഏതുവിധേനയും നമ്മുടെ നാവരിയാന്‍ തക്കം പാര്‍ത്തു നില്‍ക്കുന്ന ജനാധിപത്യവിരുദ്ധ ശക്തിക്കെതിരെ എല്ലാ അഭിപ്രായ ഭിന്നതകളും മറന്നുകൊണ്ട് ഒന്നിച്ചു പോരാടാനും നമ്മുടെ അവകാശങ്ങള്‍ വാങ്ങിയെടുക്കാനും നാം അതിശക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട്.
വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചത് മുതല്‍ ഈ ബില്ലിലെ ജനാധിപത്യവിരുദ്ധവും മതസ്വാതന്ത്ര്യവിരുദ്ധവുമായ നിരവധി നിർദേശങ്ങള്‍ക്കെതിരെ മുസ്‍ലിം ലീഗ് പാര്‍ലമെന്റിലും പുറത്തും ശക്തമായ വിയോജിപ്പ് പ്രകടമാക്കിയിരുന്നു. പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിനും ഇടപെടലിനും വഴങ്ങി ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ജോയന്റ് പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി റിപ്പോര്‍ട്ട് നല്‍കാനുള്ള ഉപാധി മാത്രമായി ജെ.പി.സി നിലകൊണ്ടു.
ഒരു സമൂഹത്തെ നിരാകരിക്കാനും അവരുടെ സ്വത്വത്തെ തകര്‍ക്കാനുമുള്ള ആസൂത്രിത നീക്കത്തിനെതിരെ ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ പിന്തുണയും ശക്തമായ ഇടപെടലുകളും വഖഫ് ബിൽ ചര്‍ച്ചയില്‍ മുഴങ്ങിക്കേള്‍ക്കാമായിരുന്നു. ഭരണസ്വാധീനം ഉപയോഗപ്പെടുത്തി പവിത്രമായ ഇന്ത്യ മഹാരാജ്യത്തെ കെട്ട കാലത്തിലേക്കും നയവ്യതിയാനങ്ങളിലേക്കും കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം രാത്രി വൈകിയും അതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു പ്രതിരോധത്തിന്റെ പത്മവ്യൂഹം തീര്‍ക്കുകയായിരുന്നു. അതിന് ഇനിയും തുടർച്ചകൾവേണം. നന്മയുടെ മാര്‍ഗത്തില്‍ ഒരുമിച്ചുനിന്ന് പവിത്രമായ കടമകള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവാന്‍ നമുക്ക് സാധിക്കണം.
രാജ്യസഭ കൂടി കടന്നാല്‍ ബില്‍ നിയമമാകും. നിര്‍ദിഷ്ട നിയമനിര്‍മാണം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിലവില്‍ വരും. ദൈവപ്രീതിക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഭൂമിയും വസ്തുവകകളും പിന്നീട് ഒരിക്കലും മുസ്‍ലിം സമുദായത്തിലെ അംഗങ്ങള്‍ക്ക് ഇടപെടാന്‍ കഴിയാത്ത വിധം വിലക്ക് ഏര്‍പ്പെടുത്താന്‍ ഈ പുതിയ നിയമ നിർമാണം ലക്ഷ്യം വെക്കുന്നെന്ന വേദന ഹൃദയത്തെ കീറിമുറിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സുപ്രീംകോടതിയെ സമീപിച്ച് നീതിക്കായുള്ള പോരാട്ടങ്ങള്‍ നാം തുടരുകതന്നെ ചെയ്യും.