Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമാലിന്യ വെല്ലുവിളികളും...

മാലിന്യ വെല്ലുവിളികളും പരിഹാര ക്രിയകളും

text_fields
bookmark_border
മാലിന്യ വെല്ലുവിളികളും പരിഹാര ക്രിയകളും
cancel
camera_alt

ഹരിതകർമ സേന ജോലിയിൽ

സംസ്ഥാനത്ത് വർഷകാലം ആരംഭിച്ചതിനൊപ്പം പതിവുപോലെ പകർച്ചവ്യാധികളും വ്യാപകമായിരിക്കുന്നു. മഴയല്ല, വീടുകളിലും തെരുവുകളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ശരിയാംവിധം സംസ്കരിക്കുന്നതിൽ നാം പുലർത്തുന്ന വിമുഖതയാണ് മനുഷ്യജീവനുകൾ തന്നെ നഷ്ടപ്പെടുത്തുന്ന പകർച്ചവ്യാധികളുടെ വ്യാപനത്തിന് പ്രധാന കാരണം. ജനസാന്ദ്രത വളരെ കൂടുതലുള്ള കേരളത്തിൽ ഭൂലഭ്യതയുടെ കുറവ്, ജനങ്ങളുടെ മാറിയ ഉപഭോഗശീലം, അണുകുടുംബങ്ങളുടെ വ്യാപനം എന്നിവയെല്ലാം മാലിന്യനിർമാർജനത്തെ സങ്കീർണമാക്കുന്നു.

വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം നൽകുന്ന നമ്മൾ, സാമൂഹിക ശുചിത്വത്തിന് മതിയായ പരിഗണന നൽകാറില്ല. മാലിന്യങ്ങൾ അന്യരുടെ പറമ്പുകളിലേക്ക് വലിച്ചെറിയുന്ന, പൊതുഇടങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്ന പ്രവണത പലരിലുമുണ്ട്. വിവിധ സ്ഥാപനങ്ങളിൽനിന്നും പാർപ്പിട സമുച്ചയങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ ജനവാസമില്ലാത്ത പ്രദേശങ്ങളിലും റോഡരികുകളിലും തടാകതീരങ്ങളിലും തള്ളുന്നതും പതിവാണ്. നമ്മുടെ മനോഗതിയിലും കാഴ്ചപ്പാടിലും വലിയൊരു പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു.

നാം ഉൽപാദിപ്പിക്കുന്ന മാലിന്യങ്ങളിൽ 70 ശതമാനവും അഴുകുന്ന ജൈവമാലിന്യങ്ങളാണ്. ഇവയെ നമ്മുടെ വീടുകളിലോ, സ്ഥലപരിമിതിയുള്ള ഫ്ലാറ്റുകളിലോ പോലും ശാസ്ത്രീയമായി സംസ്കരിച്ച് വളമോ ഊർജമോ ആക്കി മാറ്റാൻ സാധിക്കുന്ന ലളിതമായ സാങ്കേതിക വിദ്യകൾ ഇന്ന് ലഭ്യമാണ്. ബാക്കിവരുന്ന 30 ശതമാനം അജൈവ മാലിന്യങ്ങളിൽ ഭൂരിഭാഗവും പ്ലാസ്റ്റിക്കുകളാണ്. ഇതിൽ 50 മൈക്രോണിന് താഴെയുള്ള, പുനരുപയോഗം സാധ്യമല്ലാത്ത നേരിയ കാരിബാഗ് പോലുള്ള പ്ലാസ്റ്റിക്കുകൾ സർക്കാർ നിരോധിച്ചതാണ്. മറ്റ് പ്ലാസ്റ്റിക്കുകൾ വൃത്തിയായി ഉണക്കി വേർതിരിച്ച് വെക്കുകയാണെങ്കിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയോഗിച്ച ഹരിത കർമസേന കൃത്യമായ ഇടവേളകളിൽ വന്ന് അവ ശേഖരിക്കും.

മൊബൈൽ, കമ്പ്യൂട്ടർ, ബൾബുകൾ തുടങ്ങിയ ‘ഇ-വേസ്റ്റ്’ അഥവാ ഇലക്ട്രോണിക് മാലിന്യങ്ങളാണ് മറ്റൊരു തലവേദന. ഇവയിൽ ഉപയോഗപ്രദമായ ഉപകരണങ്ങൾ ‘സ്വാപ്പ് ഷോപ്പുകൾ’ വഴി ചെറിയ തുകക്ക് വിൽക്കാൻ സാധിക്കും. ഉപയോഗശൂന്യമായ ഇ-വേസ്റ്റുകൾ തദ്ദേശ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തിയ ഏജൻസികൾ ശേഖരിക്കുന്നുമുണ്ട്. ആശുപത്രികളിൽനിന്നുള്ള ജൈവ-മെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി ഐ.എം.എയുടെ നേതൃത്വത്തിൽ ‘ഇമേജ്’ എന്ന സംവിധാനം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, മാലിന്യങ്ങൾ നിലവിലുള്ള സംസ്കരണ സംവിധാനത്തിന്റെ പരിധികൾക്കപ്പുറമാകുന്നതോടെ കാര്യങ്ങൾ താളം തെറ്റുന്നു.

ദ്രവമാലിന്യങ്ങളുടെ കാര്യത്തിൽ, നാമോരോരുത്തരും സ്വന്തം വീട്ടുപറമ്പിലോ ഫ്ലാറ്റുകളിലെ പൊതുസ്ഥലങ്ങളിലോ ‘സോക് പിറ്റുകൾ’ നിർമിച്ച്, അടുക്കളയിൽനിന്നും ശുചിമുറികളിൽനിന്നും വരുന്ന ജലം (Grey water) സംസ്കരിക്കുകയോ, റീസൈക്കിൾ ചെയ്ത് പുനരുപയോഗിക്കുകയോ ചെയ്യേണ്ടതാണ്. ടോയ്‌ലറ്റുകളിൽനിന്നുള്ള മലിനജലം ഉൾപ്പെടുന്ന സെപ്റ്റേജ്, കുറഞ്ഞത് രണ്ട് വർഷത്തിലൊരിക്കലെങ്കിലും സെപ്റ്റിക് ടാങ്കുകളിൽ നിന്ന് ‘സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാൻറുകളിലേക്ക്’ നീക്കം ചെയ്യേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കേന്ദ്രീകൃതമായ മേൽനോട്ടത്തിൽ ഇതിനുള്ള സംവിധാനങ്ങൾ ഉണ്ടാകേണ്ടതാണ്.

മഴവെള്ളം ശുദ്ധീകരിച്ച് കിണറുകൾ റീചാർജ് ചെയ്യുകയും വീട്ടുപറമ്പിൽ വീഴുന്ന മഴവെള്ളം സുരക്ഷിതമായി ഡ്രെയിനേജുകളിലേക്ക് ഒഴുക്കിവിടുകയും വേണം. ഇതിനെല്ലാം വ്യക്തമായ നിയമങ്ങളും നിർദേശങ്ങളുമുണ്ടെങ്കിലും നമ്മളാരും അത് പാലിക്കാൻ ശുഷ്കാന്തി കാണിക്കാറില്ല. ഒരു വലിയ വിഭാഗം ആളുകൾ വീട്ടിലെ ‘ഗ്രേ വാട്ടർ’ പൊതുഡ്രെയിനേജിലേക്കും അതുവഴി റോഡുകളിലേക്കും ഒഴുക്കിവിടുന്നു. ഇത് എത്രമാത്രം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അറിഞ്ഞിട്ടും നമ്മൾ ഈ തെറ്റ് തുടരുകയാണ്. വീടുകളിലെ കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ കുറഞ്ഞത് 11 മീറ്ററെങ്കിലും അകലം ഉണ്ടായിരിക്കണമെന്ന് നിയമമുണ്ട്; എന്നാൽ എത്രപേർ ഇത് പാലിക്കുന്നുണ്ട്? കിണർ വെള്ളത്തിലും മറ്റ് ജലാശയങ്ങളിലും ‘കോളിഫോം ബാക്ടീരിയയുടെ’ സാന്നിധ്യം വർധിക്കുന്നത് ഈ വിഷയത്തിൽ നമ്മൾ വരുത്തുന്ന വലിയ വീഴ്ചയുടെ തെളിവാണ്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് ഓടകളിൽ തടസ്സം സൃഷ്ടിക്കുന്നത് മഴ പെയ്യുമ്പോൾ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകാൻ വഴിവെക്കുന്നു.

ശാസ്ത്രീയമല്ലാത്ത നിർമാണ-വികസന പ്രവർത്തനങ്ങളാണ് മറ്റൊരു പ്രധാന കുറ്റകൃത്യം. നീർത്തട സംരക്ഷണ നിയമം, കെട്ടിട നിർമാണ ചട്ടങ്ങൾ, ടൗൺ ആൻഡ് കൺട്രി പ്ലാനിങ് നിയമങ്ങൾ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ്, പൊല്യൂഷൻ കൺട്രോൾ ബോർഡ് തുടങ്ങിയവയുടെ നിയമങ്ങൾ എല്ലാം തെറ്റിച്ചാണ് പല പദ്ധതികളും വരുന്നത്, കൂറ്റൻ കെട്ടിടങ്ങൾ ഉയരുന്നത്. ഫ്ലാറ്റ്, മാർക്കറ്റ്, ആശുപത്രി, മാൾ, അറവുശാല തുടങ്ങിയ സ്ഥാപനങ്ങൾ ഇവ ലംഘിച്ച് നിർമിക്കുന്നതോടെ ഓരോ നഗരവും മാലിന്യക്കുഴികളായി മാറുന്നു.

ജലത്തിന്റെ പ്രകൃതിദത്തമായ ഒഴുക്കിനെ തടസ്സപ്പെടുത്തിയും, ജലാശയങ്ങളെ വാണിജ്യാവശ്യങ്ങൾക്കായി നികത്തിയുമുള്ള ഓരോ നിർമാണവും അശാസ്ത്രീയവും നിയമവിരുദ്ധവുമാണ്. ഓടകൾ, കനാലുകൾ തുടങ്ങിയവ നീർത്തടാധിഷ്ഠിതമല്ലാതെ പണിയുന്നത് അവിടങ്ങളിൽ മാലിന്യങ്ങൾ നിറയാനും വെള്ളപ്പൊക്കത്തിനും കാരണമാവുന്നു. മാലിന്യങ്ങൾ, പ്രത്യേകിച്ച് ജൈവമാലിന്യങ്ങൾ അവയുടെ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക എന്ന ‘വികേന്ദ്രീകൃത മാലിന്യ സംസ്കരണ’ തന്ത്രമാണ് നമ്മുടെ നാടിന് ഏറ്റവും അനുയോജ്യം. ഈ വിഷയത്തിൽ വലിയ തോതിലുള്ള പൗരബോധവും ബോധവത്കരണവും അനിവാര്യമാണ്. സർക്കാറും തദ്ദേശ സ്ഥാപനങ്ങളും പൊതുജനങ്ങളും ഒന്നിച്ച് പരിശ്രമിച്ചാൽ മാത്രമേ നാം അകപ്പെട്ടിരിക്കുന്ന മാലിന്യക്കെടുതിയിൽനിന്ന് രക്ഷ സാധ്യമാവൂ.

(സംസ്ഥാന ശുചിത്വ മിഷൻ മുൻ ഡയറക്ടറും റിട്ട. അഡീഷനൽ ഡവലപ്‌മെന്റ് കമീഷണറുമാണ് ലേഖകൻ)

Show Full Article
TAGS:Plastic Waste Crisis Waste Management Haritha Karma Sena Government of Kerala Local body Department 
News Summary - Waste challenges and solutions
Next Story