അവർ ഉറക്കെക്കരയാത്തത് ഇതുകൊണ്ടാണ് സർ!
text_fieldsഭയാനകദുരന്തത്തിന്റെ ശേഷിപ്പുകൾ കണ്ടും അതിജീവിതരെ കേട്ടും ആ വഴികളിലൂടെ വീണ്ടും നടക്കുമ്പോൾ പൂർണബോധ്യമായ കാര്യം പറയാതിരുന്നുകൂടാ. ജീവിതം തകർത്തുകളഞ്ഞ മഹാദുരന്തത്തിന് ഒരു വർഷമായശേഷവും പെരുമഴയത്തുനിൽക്കുന്നവർക്ക് ഒരുപാട് പരിഭവങ്ങളും പരാതികളുമുണ്ട്. അവരിൽ മിക്കവരും ജീവിക്കുന്നത് അത്രയും പരിതാപകരമായ അവസ്ഥയിലാണ്. ഒരുവർഷം മുമ്പുവരെ കളിചിരികളുമായി കൂടെയുണ്ടായിരുന്നവർ ഇനിയൊരുകാലത്തും ഒപ്പമുണ്ടാകില്ലെന്ന ഉള്ളുപൊള്ളിക്കുന്ന സത്യത്തിനൊപ്പം... കെട്ടിപ്പടുത്ത ചുമരുകളും കൂട്ടുകളും ഒറ്റരാത്രിയിൽ ഒലിച്ചുപോയ തീരാനൊമ്പരങ്ങൾക്കൊപ്പം... നിമിഷങ്ങളുടെ മാത്രം വ്യത്യാസത്തിൽ ദാരിദ്ര്യത്തിന്റെയും അനാഥത്വത്തിന്റെയും പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ട നെഞ്ചുലയ്ക്കുന്ന യാഥാർഥ്യത്തിനൊപ്പം...
ഇവരാരും ഉറക്കെക്കരഞ്ഞ് രംഗത്തുവരാത്തത് അവർക്ക് പരാതിയോ പ്രതിഷേധമോ ഇല്ലാത്തതുകൊണ്ടല്ല. എല്ലാം നഷ്ടമായ അവർ ഇനി പ്രതീക്ഷയർപ്പിക്കുന്നത് ഭരണകൂടങ്ങളിൽ മാത്രമാണ്. വേച്ചുപോയ ജീവിതത്തിൽ ഒന്നെണീറ്റ് നിൽക്കാൻ അധികൃതരുടെ താങ്ങും തുണയും അനിവാര്യം. തങ്ങളുടെ പേരിൽ പൊതുജനം നൽകിയ കോടികൾ വിഷമഘട്ടങ്ങളിൽ അധികാരികൾ തങ്ങൾക്കേകുമെന്ന പ്രത്യാശകളിലാണ് അവരിപ്പോഴും. അത്രയും സഹിച്ച് അവരീ ദുർഘടസന്ധികളിൽ പൊരുതിനിൽക്കുന്നതും സാറന്മാരെ പിണക്കേണ്ടെന്ന് കരുതിയാണ്. കിട്ടാവുന്ന സഹായങ്ങൾക്ക് അത് വിലങ്ങുതടിയാകരുതെന്ന് കരുതി മാത്രം. അതുകൊണ്ടുതന്നെയാണ് അവരുടെ നിലവിളികൾ നമ്മൾ ഉറക്കെ കേൾക്കാത്തത്.
പേര് എഴുതരുതെന്ന് പറഞ്ഞ് ദുരിതങ്ങൾ എണ്ണിപ്പറഞ്ഞവർ ഒരുപാടുണ്ട്. ശീതീകരിച്ച മുറികളിലിരുന്ന് ഉദ്യോഗസ്ഥ വൃന്ദങ്ങൾ കൊട്ടിപ്പാടുന്നതിനുമപ്പുറത്താണ് അതിജീവിതർ നേരിടുന്ന ദുരിത യാഥാർഥ്യങ്ങളുടെ കണ്ണീർമഴ. അത് കാണാൻ കണ്ണുണ്ടാവണമെന്ന് മാത്രം. മരണം സംഹാരതാണ്ഡവമാടിയ മണ്ണിൽ ബാക്കിയായ ഹതഭാഗ്യരെ കേൾക്കാൻ തയാറാവണം.
ദയയില്ലാതെ കേന്ദ്രം
ലോകത്തെതന്നെ ഞെട്ടിച്ച മഹാദുരന്തത്തിന്റെ ഇരകളോട് ഒട്ടും മനസ്സലിവ് കാട്ടാത്ത കേന്ദ്ര സർക്കാർ നിലപാട് കടുത്ത വിമർശനത്തിന് കാരണമായി. ദുരിതാശ്വാസത്തിന് കേരളം ആവശ്യപ്പെട്ട തുക നൽകാൻ തുടക്കംമുതൽ സൗമനസ്യം കാട്ടാതിരുന്ന കേന്ദ്ര സർക്കാർ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻപോലും തയാറായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലം സന്ദർശിക്കുകയും അതിജീവിതരെ സന്ദർശിക്കുകയും ചെയ്തത് സംസ്ഥാനം പ്രതീക്ഷയോടെ നോക്കിക്കണ്ടെങ്കിലും സഹായധനത്തിന്റെ കാര്യത്തിൽ സഹാനുഭൂതിയൊന്നും ഉണ്ടായില്ല.
സംസ്ഥാന, ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാർഗനിർദേശമനുസരിച്ച് പ്രകൃതി ദുരന്തങ്ങളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്ന വാദമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേത്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ കടുത്ത ദുരന്ത സ്വഭാവത്തിലുള്ളതാണെന്ന് കേന്ദ്ര മന്ത്രിതല സംഘം വിലയിരുത്തിയിട്ടും കേന്ദ്രം ഔദ്യോഗികമായി അത് പ്രഖ്യാപിക്കാൻ തയാറായില്ല. വയനാട് ഉരുൾപൊട്ടൽ കടുത്ത ദുരന്തസ്വഭാവത്തിലുള്ളതാണെന്ന് കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ എം.പി ഫണ്ടിൽനിന്ന് തുക വിനിയോഗിക്കാൻ എം.പിമാർക്കുപോലും സാധിക്കാത്ത അവസ്ഥയാണ്.
ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് പ്രകാരം ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്നുള്ള കേരളത്തിന്റെ ആവശ്യം പരിഗണിക്കാനും കേന്ദ്രം തയാറായില്ല. മറ്റു സംസ്ഥാനങ്ങളിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടായപ്പോൾ ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് അടിയന്തര സഹായം നൽകി എന്നതും ഇതോടൊപ്പം ചേർത്തുവായിക്കണം.
തള്ളൽ മാത്രം, കടം എഴുതിത്തള്ളിയില്ല
കേരളത്തിന് ദുരന്തസഹായം നൽകാൻ ദയ കാണിച്ചില്ലെങ്കിലും വായ്പകൾ എഴുതിത്തള്ളാനുള്ള സൗമനസ്യമെങ്കിലും കേന്ദ്രസർക്കാർ കാട്ടുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ദേശസാൽകൃത ബാങ്കുകളിലെ വായ്പകളുടെ കാര്യത്തിലാണ് കേന്ദ്രസർക്കാർ തീരുമാനമെടുക്കേണ്ടത്. എന്നാൽ, ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 13 ഭേദഗതിയിലൂടെ ഒഴിവാക്കിയതിനാൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകില്ലെന്ന് 2025 ജൂൺ 13ന് കേന്ദ്രസർക്കാർ ഹൈകോടതിയെ അറിയിച്ചതോടെ ആ പ്രതീക്ഷ ഇല്ലാതായി. വകുപ്പ് 13 ഒഴിവാക്കി ദുരന്തനിവാരണ നിയമം ഭേദഗതിചെയ്ത് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത് മാർച്ച് 29നാണ്. വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ നടപടികളിലെ ദുരൂഹത തുടക്കം മുതലേ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
12 ബാങ്കുകളിലെ 3220 അക്കൗണ്ടുകളിലായി മുണ്ടക്കൈ-ചൂരൽമല മേഖലകളിൽ ആകെ വായ്പയായുള്ളത് 35.30 കോടി രൂപയാണ്. ഏറ്റവും കൂടുതൽ തുക വായ്പനൽകിയത് കേരള ഗ്രാമീൺ ബാങ്കാണ് -15.44 കോടി രൂപ. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന നിർദേശം ഹൈകോടതി മുന്നോട്ടുവെച്ചിരുന്നു. ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 13 പ്രകാരം വായ്പകൾ എഴുതിത്തള്ളണമെന്ന ആവശ്യവുമായി കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും രംഗത്തെത്തി.
അഞ്ച് വർഷത്തിനിടയിൽ കോർപറേറ്റുകളുടെ 10.09 ലക്ഷം കോടി രൂപ ബാങ്കുകൾ എഴുതിത്തള്ളിയ രാജ്യത്താണ് ഈ പാവപ്പെട്ട ജനങ്ങളെ കടപ്പെരുക്കത്തിന്റെ പെരുമഴയിൽ നിർത്തിയിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കോവിഡ് കാലത്തുപോലും വായ്പ എഴുതിത്തള്ളിയിട്ടില്ലെന്നും ഒരുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാമെന്നുമുള്ള നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. തുടർന്ന്, വകുപ്പ് 13 പ്രകാരം വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കാൻ കേന്ദ്രസർക്കാറിനോടും ദേശീയ ദുരന്തനിവാരണ അതോറിറ്റിയോടും നിർദേശിച്ച് ഹൈകോടതി കഴിഞ്ഞ ഏപ്രിൽ 10ന് ഉത്തരവിട്ടെങ്കിലും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനമറിയിക്കാൻ വൈകി. തുടർന്ന് ജൂൺ 11ന് മുമ്പ് അറിയിക്കാൻ ഹൈകോടതി കേന്ദ്രസർക്കാറിന് അന്ത്യശാസനം നൽകി. ഇതേത്തുടർന്ന് ഫയൽചെയ്ത സത്യവാങ്മൂലത്തിലാണ് ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 13 തന്നെ നിയമഭേദഗതിയിലൂടെ ഒഴിവാക്കിയെന്നും ഇനിയൊന്നും ചെയ്യാനാകില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചത്.
‘ആ 772 കോടിയുടെ പലിശ പോരേ ഞങ്ങളുടെ കടം എഴുതിത്തള്ളാൻ?’
‘ഇപ്പോൾ സർക്കാറിന്റെ കൈവശമുള്ള 772 കോടിയുടെ പലിശ എത്രയുണ്ടാകും? അതിന്റെ ചെറിയൊരു ഭാഗം പോരേ ഞങ്ങളുടെ മുഴുവൻ കടവും അടച്ചുതീർക്കാൻ?’ - പേര് വെളിപ്പെടുത്തരുതെന്ന നിർദേശത്തോടെ ഒരു അതിജീവിതന്റെ ചോദ്യമാണിത്. ‘30 കോടിയോളം കോടി രൂപയുണ്ടെങ്കിൽ മുഴുവൻ ദുരന്തബാധിതരുടെയും കടം വീടാൻ കഴിയും. അതും ബജാജ് ഫിനാൻസിൽ ഉൾപ്പെടെയുള്ളവ. സർക്കാർ ആ കടം ഏറ്റെടുക്കണം. എഴുതിത്തള്ളിയാൽ സിബിൽ സ്കോറും മറ്റുമായി പിന്നീടും ഒരുപാട് കാലം അതുകാരണം ആളുകൾ ബുദ്ധിമുട്ടും.
കടങ്ങൾ എഴുതിത്തള്ളാനുള്ള തീരുമാനം മുകളിൽനിന്ന് വന്നിട്ടില്ലെന്നാണ് ബാങ്കുകൾ പറയുന്നത്. ജീവൻ മാത്രം ബാക്കിയായ ഞങ്ങളെങ്ങനെ ഈ കടം വീട്ടും? ചൂരൽമലയിലും മുണ്ടക്കൈയിലും വായ്പയെടുത്ത ഒരുപാട് പേരുണ്ട്. ജീവിതം തന്നെ വലിയ ചോദ്യചിഹ്നമാണ് ഞങ്ങൾക്ക്. അവിടേക്കാണ് ഈ ബാങ്കുകൾ കടങ്ങളുടെ കണക്കുമായി കടന്നുവരുന്നത് -കടക്കാരിലൊരാൾ പറയുന്നു. ഞങ്ങളുടെ ആവശ്യം ബാങ്കുകൾ ഞങ്ങളുടെ കടം പൂർണമായും എഴുതിത്തള്ളുക എന്നതാണ്. ഒരു രീതിയിലും തിരിച്ചടവ് സാധ്യമല്ലാത്ത അവസ്ഥയിലാണ് ഞങ്ങൾ. വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടു. ജോലിക്ക് പോകാൻ പറ്റുന്നില്ല’.
വീട്ടിലുണ്ട് പരിഭവങ്ങൾ
എല്ലാം തകർന്നുപോയവർക്ക് ആദ്യത്തെ ആവശ്യമാണ് അടച്ചുറപ്പുള്ളൊരു വീട്. ഒരു വർഷമാകുമ്പോഴും ഗുണഭോക്തൃ ലിസ്റ്റിന് അന്തിമരൂപമായിട്ടില്ല. ഉരുൾദുരന്തം ഭാവിയിലേക്കും ജനജീവിതം അസാധ്യമാക്കിയ മുണ്ടക്കൈ-ചൂരൽമല മേഖലയിലെ 586 കുടുംബങ്ങൾ വീട് കാത്തുകഴിയുന്നുണ്ട്. എന്നാൽ, 402 പേർക്കാണ് (68.6 ശതമാനം) ഇതുവരെ സർക്കാർ ലിസ്റ്റിൽ വീട് പാസായത്. അർഹരായ 184 കുടുംബങ്ങൾ (31.4 ശതമാനം) ഇപ്പോഴും പടിക്ക് പുറത്താണ്.
ലിസ്റ്റിൽ ഉൾപ്പെടാത്ത നിരവധി കുടുംബങ്ങൾ
സർവകക്ഷി തീരുമാനപ്രകാരം മേപ്പാടി പഞ്ചായത്തിൽ ഗ്രാമസഭ വിളിച്ച് എല്ലാവരാലും അംഗീകരിക്കപ്പെട്ട 137 ഗുണഭോക്താക്കളുണ്ട്. അതിൽ 30 ഗുണഭോക്താക്കൾ പടവെട്ടിക്കുന്നിലേതാണ്. പടവെട്ടിക്കുന്നിൽ ഒന്നും പറ്റിയിട്ടില്ലെങ്കിലും അവർക്ക് ഇനി തങ്ങളുടെ പ്രദേശത്തേക്ക് കടക്കാനാവില്ല. നീലിക്കാപ്പിൽകൂടി പോകാനാവുന്ന ഒരു വഴി മാത്രമാണ് അവർക്കുണ്ടായിരുന്നത്. ദുരന്തം ബാധിച്ച, എന്നാൽ സർക്കാർ ലിസ്റ്റിൽ ഇടം പിടിച്ചിട്ടില്ലാത്തവർ വീടിനായി കലക്ടറേറ്റ് പടികൾ കയറിയിറങ്ങുകയാണ്.
ജനകീയ സമിതി, പഞ്ചായത്ത് ഭരണ സമിതി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗം ചേർന്ന് 516 പേരുടെ ലിസ്റ്റാണ് തയാറാക്കിയത്. 10, 11, 12 വാർഡുകളിലെ ദുരന്തബാധിതരായ മുഴുവൻ ആളുകളെയും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പടവെട്ടിക്കുന്നും റാട്ടപ്പാടിയും ഉൾപ്പെടെ ഇപ്പോൾ പുറത്തുനിൽക്കുന്നവരെ കൂടി പരിഗണിച്ചുള്ളതാണ് ആ ലിസ്റ്റ്. സർവകക്ഷി യോഗവും ഭരണ സമിതിയും അംഗീകരിച്ച ലിസ്റ്റ് സർക്കാർ പരിഗണിച്ചിട്ടില്ലെന്നതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം.
ഉരുൾപൊട്ടിയ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തെ 17 കുടുംബങ്ങൾ ലിസ്റ്റിൽപെട്ടിട്ടില്ലെന്നതാണ് വലിയ വിമർശനങ്ങളിലൊന്ന്. ജോൺ മത്തായി ലൈനിന്റെ പുറത്തായതാണ് കാരണം. അതുപോലെ പാടിയിലെ ഒരുപാടുപേരെ പരിഗണിച്ചിട്ടില്ല. പാടി ലൈനിലുള്ളവരെ പരിഗണിക്കേണ്ടതായിരുന്നു. ആകെ രണ്ടു ചെറിയ മുറിയിൽ ജീവിതം തള്ളിനീക്കുന്നവരാണവർ.
പ്രളയം നടന്നതിന്റെ 50 മീറ്റർ വിട്ടുള്ള ലിസ്റ്റാണ് ഗ്രാമ പഞ്ചായത്ത് തയാറാക്കിയതെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. നാസർ പറയുന്നു. ‘516 ആളുകളുടെ ലിസ്റ്റാണ് ഉണ്ടാക്കിയത്. മൂന്നു വാർഡുകളിലെ സർവകക്ഷി യോഗം വിളിച്ചു. ഓരോ വാർഡിൽനിന്നും സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ്, സി.പി.ഐ, ബി.ജെ.പി കക്ഷികളിൽനിന്നായി അഞ്ചു പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റിയുണ്ടാക്കി. അവർ ഉണ്ടാക്കിത്തന്നതാണ് 516 ആളുകളുടെ ലിസ്റ്റ്. പടവെട്ടിക്കുന്നിലെ 37 പേർ, അട്ടമല അമ്പലത്തിനരികെ താമസിക്കുന്ന 25 പേർ, ഗോപിമൂല ഭാഗത്തുള്ള ആളുകൾ എന്നിവരെയും സെക്കൻഡ് ഓപ്ഷനായി കൊടുക്കാമെന്നും പറഞ്ഞു.
516 പേരുടെ ലിസ്റ്റ് ഞങ്ങൾ കലക്ടറേറ്റിൽ അയച്ചു. ബാക്കിയുള്ളവരുടേതും അയക്കാനിരിക്കേയാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. ‘ലിസ്റ്റ് ഉണ്ടാക്കാനുള്ള ചുമതല സബ് കലക്ടർക്ക് നൽകിയിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കും’ എന്നായിരുന്നു അത്. അതോടെ ഞങ്ങളുടെ ലിസ്റ്റ് ഒന്നുമല്ലാതായി. എന്നിട്ടോ, ഇപ്പോഴും അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല’.
എൽസ്റ്റണിലൊരുങ്ങുന്ന ടൗൺഷിപ്
ദുരന്ത ബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ തയാറാകുന്ന ടൗൺഷിപ്പിൽ മാതൃകാ വീടിന്റെ നിർമാണമാണ് ആദ്യം പൂർത്തിയാക്കുക. നേരത്തേ ജൂലൈ പത്തിന് പൂർത്തിയാകുമെന്നറിയിച്ച മാതൃകാ വീട് ഒടുവിൽ ജൂലൈ 30ന് പൂർത്തിയാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല. ഏഴു സെന്റിൽ 1000 ചതുരശ്ര അടിയിലുള്ള ഒറ്റ നില വീടാണ് ഒരു കുടുംബത്തിന് നിർമിക്കുക. സിറ്റൗട്ട്, ലിവിങ്-ഡൈനിങ് ഏരിയ, സ്റ്റഡി റൂം, ബാത്ത് അറ്റാച്ച്ഡ് മാസ്റ്റർ ബെഡ്റൂം, കോമൺ ബാത്ത് റൂം, സെക്കൻഡ് ബെഡ് റൂം, കിച്ചൻ, വർക്ക് ഏരിയ എന്നിവ ഉൾപ്പെടുന്നതാണ് മാതൃകാ വീട്. 100 വീടുകൾക്കായുള്ള പ്ലോട്ട് ഒരുക്കിയിട്ടുണ്ട്.
എൽസ്റ്റൺ എസ്റ്റേറ്റിൽ തയാറാകുന്ന ടൗൺഷിപ്പിൽ മാതൃകാ വീടിന്റെ നിർമാണം പുരോഗമിക്കുന്നു
വീടിന്റെ പട്ടയം 12 വര്ഷത്തേക്ക് കൈമാറ്റം പാടില്ല. പാരമ്പര്യ കൈമാറ്റമാകാം. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലായിരിക്കും ഉടമസ്ഥത. കുട്ടികളാണെങ്കില് പ്രായപൂര്ത്തിയായ ശേഷം ഉടമസ്ഥാവകാശം സ്വന്തം പേരിലാകും. പുനരധിവാസത്തിനുള്ള അന്തിമ ഗുണഭോക്തൃ പട്ടികയിൽ 402 കുടുംബങ്ങളാണുള്ളത്. ആദ്യ പട്ടികയിലെ 242 പേരിൽ 170 പേരാണ് ടൗൺഷിപ്പിൽ വീടിന് സമ്മതപത്രം നൽകിയത്.
സഹവർത്തിത്വത്തിന്റെ തുടർച്ച
ഒരു സ്ഥലത്ത് സഹവർത്തിത്വത്തോടെ കഴിഞ്ഞവരെ മറ്റൊരിടത്തേക്ക് കൂട്ടമായി പറിച്ചുനടുന്നത് ന്യായമാണോ? ഇതേക്കുറിച്ചുള്ള സംവാദം ഇപ്പോഴും സജീവമാണ്. ടൗൺഷിപ്പിനുപകരം ഓരോ കുടുംബത്തിനും ന്യായമായ തുക നൽകണമെന്നും അവർ ഇഷ്ടമുള്ള സ്ഥലത്തുപോയി താമസിക്കട്ടേ എന്നും പറയുന്നവരും ഏറെയുണ്ട്. എന്നാൽ, കൽപറ്റ മേഖലയിൽ പലയിടങ്ങളിലായി വാടകക്ക് താമസിക്കുന്ന ദുരിതബാധിതരിൽ 83.9 ശതമാനം പേരും (354) മുണ്ടക്കൈ-ചൂരൽമല പ്രദേശത്തെ തങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി ദുരന്തത്തിനുശേഷവും നിരന്തര ബന്ധം തുടരുന്നതായി പീപ്ൾസ് ഫൗണ്ടേഷൻ നടത്തിയ സർവേയിൽ പ്രതികരിച്ചു.
65.2 ശതമാനം ആളുകൾ (275) ബന്ധുക്കളുമായി ഇപ്പോഴും അടുത്ത ബന്ധം പുലർത്തുന്നു. 70.1 ശതമാനം ആളുകൾ (296) അയൽവാസികളുമായി ബന്ധം പുലർത്തുന്നവരാണ്. 18.5 ശതമാനം ആളുകൾ (78) കുടുംബശ്രീ, മഹല്ല് കമ്മിറ്റി പോലുള്ള കൂട്ടായ്മകളുമായി ആശയവിനിമയം പുലർത്തുന്നുണ്ട്. 3.3 ശതമാനം പേർ മാത്രമേ ആളുകളുമായി ബന്ധം പുലർത്തുന്നില്ലെന്ന് പ്രതികരിച്ചുള്ളൂ.
വിപിന് റേഷൻ കാർഡുണ്ട്, ഷുക്കൂറിന് ഇല്ല; രണ്ടാൾക്കും വീടില്ല
വീട് അനുവദിക്കപ്പെടണമെങ്കിൽ സ്വന്തമായി റേഷൻ കാർഡ് വേണമെന്ന നിബന്ധന ഒരുവശത്ത്. റേഷൻ കാർഡ് ഉണ്ടായിട്ടും വീട് ഇല്ലാത്തവർ മറുവശത്ത്. ചൂരൽമലയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്ന വിപിൻ വിജയൻ വീടിനടുത്തുതന്നെ മറ്റൊരു വീടെടുത്ത് താമസം മാറിയതായിരുന്നു. ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം. ഭാര്യ വീണ്ടും ഗർഭിണിയായതോടെ വീട് താൽക്കാലികമായി വാടകക്ക് കൊടുത്ത് വിപിനും കുടുംബവും അച്ഛനും അമ്മക്കുമൊപ്പം തറവാട്ടിലായി താമസം. അതിനിടയിലാണ് മഹാദുരന്തമുണ്ടായത്. എന്നാൽ, സ്വന്തം വീടും സ്വത്തും നഷ്ടമായ വിപിന് പുതിയ വീടിന് അർഹതയില്ലെന്നാണ് അധികൃതരുടെ അവകാശവാദം.
അതേസമയം, വിപിന്റെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്നവർക്ക് പുതിയ വീട് പാസായിട്ടുണ്ട്. അവരുടെ വീടുസംബന്ധമായ വിശദവിവരങ്ങളെല്ലാം വരുന്നത് വിപിന്റെ ഫോൺനമ്പറിലും. സ്വന്തം പേരിൽ വിപിന് റേഷൻ കാർഡുമുണ്ട്. എല്ലാം കൊണ്ടും വീടിന് അർഹനായ വിപിൻ മുട്ടാത്ത വാതിലുകളില്ല. പറക്കമുറ്റാത്ത മൂന്ന് പെൺമക്കളുമായി താൻ എങ്ങോട്ടുപോകുമെന്നാണ് വിപിന്റെ ചോദ്യം. മുഖ്യമന്ത്രിക്ക് പരാതി നൽകി. കലക്ടറേറ്റിൽ രണ്ടുമൂന്നു തവണ ഹിയറിങ്ങിന് വിളിച്ചു. അതിനൊന്നും ഒരു മറുപടിയും ഇതുവരെ കിട്ടിയിട്ടില്ലെന്ന് വിപിൻ പറയുന്നു.
*** *** ***
മുണ്ടക്കൈ മദ്റസയുടെ എതിർവശത്താണ് കോന്നാടൻ ഷുക്കൂറിന്റെ വീട്. ഒന്നര പതിറ്റാണ്ടിലേറെയായി ദുബൈയിൽ കുടുംബസമേതം താമസം. അതുകൊണ്ടുതന്നെ റേഷൻ കാർഡ് സ്വന്തമായെടുത്തിട്ടില്ല. തറവാട്ടിലെ റേഷൻ കാർഡിലാണ് പേരൊക്കെ. നാടു മുഴുവൻ ദുരന്തത്തിലകപ്പെട്ടതോടെ നാട്ടിലേക്ക് പറന്നതാണ് ഷുക്കൂറും ഭാര്യയും നാലുമക്കളും.
എന്നാൽ, നാട്ടിലെത്തിയപ്പോൾ ദുരന്തത്തിനുപുറമെ കാത്തിരുന്നത് ഞെട്ടിക്കുന്ന ചോദ്യങ്ങൾ. താൻ മുണ്ടക്കൈക്കാരനാണെന്ന് തെളിയിക്കേണ്ട ബാധ്യതയാണ് ഇപ്പോൾ. ക്യാമ്പിലൊന്നും പോകാത്തതിനാൽ ആനൂകൂല്യങ്ങളിൽനിന്നകന്നു. പുതിയ വീട് പാസായിട്ടില്ല. വീട്ടുവാടകയില്ല, പ്രതിദിന ആശ്വാസധനമില്ല. ഉള്ള സമ്പാദ്യം മുഴുവൻ മുണ്ടക്കൈയിൽ റിസോർട്ട് നിർമാണത്തിന് ചെലവിട്ട താൻ എന്തുചെയ്യുമെന്ന് ചോദിക്കുന്നു ഷുക്കൂർ. ജീവിക്കാൻ ഭാര്യ മുഅ്മിന ബന്ധുക്കൾക്കൊപ്പം കൽപറ്റയിൽ ഡേ കെയർ തുടങ്ങിയിരിക്കുകയാണ്.
പുതിയ വീട് അനുവദിക്കാൻ സ്വന്തമായി റേഷൻ കാർഡ് വേണമെന്നാണ് ഷുക്കൂറിനോടുള്ള അധികൃതരുടെ വിശദീകരണം. സ്വന്തമായി റേഷൻ കാർഡുള്ള വിപിൻ വിജയനും പൂക്കാട്ടിൽ മുനീറിനും അപ്പോൾ വീടില്ലാത്തതെന്തുകൊണ്ടാണെന്ന് ചോദിക്കരുത്.
വാടക പോലും തികച്ച് കിട്ടുന്നില്ല
മാസം 6000 രൂപയാണ് ദുരന്തബാധിതർക്ക് പ്തിമാസ വീട്ടുവാടകയായി സർക്കാർ നൽകുന്നത്. എന്നാൽ, ഈ തുക പകുതിയിലധികം പേർക്കും തികയുന്നില്ലെന്നാണ് പീപ്ൾസ് ഫൗണ്ടേഷൻ സർവേയിലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 56 ശതമാനം ആളുകൾ ഇതിനേക്കാൾ കൂടുതൽ വാടക നൽകേണ്ടി വരുന്നുണ്ട്. താരതമ്യേന കൂടുതൽ വാടകയുള്ള കൽപറ്റ, മേപ്പാടി ഭാഗങ്ങളിൽ താമസിക്കുന്നവർ ഏറെയാണ്. 6000ത്തിലേറെ രൂപ ഇവരിൽ മിക്കവരും നൽകുന്നുണ്ട്. അതിജീവിതരിൽ ആറു ശതമാനം സർക്കാർ അനുവദിച്ചതിന്റെ ഇരട്ടിയിലേറെ രൂപ വാടക നൽകേണ്ടി വരുന്നുവെന്നും സർവേ പറയുന്നു.